ഉയിരും നീയേ ഉടലും നീയേ- ഉണ്ണികൃഷ്ണന് പിറന്നാൾ മംഗളം

ആയിരക്കണക്കിന് ചലച്ചിത്ര ഗാനങ്ങളുടെ പിന്നണിയിൽ വീണ മീട്ടിയിട്ടുണ്ടാകും പാർത്ഥസാരഥി എന്ന പാച്ച. അവയിൽ നിന്ന് ഏറ്റവും പ്രിയപ്പെട്ട ഒന്ന് തിരഞ്ഞെടുക്കാൻ പറഞ്ഞാൽ? ബുദ്ധിമുട്ടാണ് -- പാച്ച പറഞ്ഞു. "ഇന്ന് കേൾക്കുമ്പോഴും അറിയാതെ കണ്ണ് നിറഞ്ഞുപോകുന്ന പാട്ട് ഏതെന്ന് ചോദിച്ചാൽ നിസ്സംശയം പറയാം: ഉയിരും നീയേ ഉടലും നീയേ ഉറവും നീയേ തായേ....." വരികളും ഈണവും ആലാപനവും ചേർന്ന് സൃഷ്ടിക്കുന്ന മാന്ത്രികമായ ഒരു അന്തരീക്ഷമുണ്ട് ആ പാട്ടിൽ. ആ അന്തരീക്ഷത്തോട് നീതി പുലർത്തുകയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഇന്ന് കേൾക്കുമ്പോൾ പൂർണ്ണതയാർന്ന ഒരു ശില്പമായി തോന്നും പവിത്രയിലെ ആ ഗാനം. എഴുതിയ വൈരമൂർത്തിക്കും സ്വരപ്പെടുത്തിയ എ.ആർ. റഹ്‌മാനും പാടിയ ഉണ്ണികൃഷ്ണനും നന്ദി പറഞ്ഞേ പറ്റൂ.."
ഉണ്ണികൃഷ്ണന്റേയും ഏറ്റവും പ്രിയപ്പെട്ട സ്വന്തം ഗാനങ്ങളിൽ മുൻനിരയിൽ തന്നെയുണ്ട് ഉയിരും നീയേ. 1994 ലെ ഏറ്റവും മികച്ച ഗായകനുള്ള ദേശീയ അവാർഡ് ഉണ്ണിക്ക് നേടിക്കൊടുത്ത ഗാനങ്ങളിലൊന്നാണത്; "കാതല"നിലെ എന്നവളേ അടി എന്നവളേ എന്ന ഗാനത്തിനൊപ്പം. "അത്യന്തം വികാരഭരിതമായ ഓർമ്മയാണ് ഉയിരും നീയേയുടെ റെക്കോർഡിംഗ്. അമ്മയെക്കുറിച്ചുള്ള വരികളായതിനാൽ സ്റ്റുഡിയോയിൽ ഉണ്ടായിരുന്ന സകല ആളുകൾക്കും ആ ഗാനവുമായി ഹൃദയബന്ധം തോന്നിയത് സ്വാഭാവികം. പാടുമ്പോൾ എന്നിലേക്കും പകർന്നു അതേ വികാരം. സ്വയം മറന്നു പാടിയ പാട്ടുകളിൽ ഒന്നാണത്." -ഉണ്ണികൃഷ്ണന്റെ ഓർമ്മ.
"റോജ"ക്കാലത്തിനും മുൻപേ തുടങ്ങിയതാണ് എ.ആർ. റഹ്മാനുയുള്ള പാർത്ഥസാരഥിയുടെ ബന്ധം-- കൃത്യമായി പറഞ്ഞാൽ ലിയോ കോഫിയുടെ പ്രശസ്തമായ പരസ്യത്തിൽ നിന്ന്. റഹ്‍മാന് ആദ്യമായി ഒരു അന്താരാഷ്‌ട്ര അംഗീകാരം നേടിക്കൊടുത്ത പരസ്യമാണത്. "പരസ്യത്തിന്‍റെ അന്തരീക്ഷത്തെ കുറിച്ച് ഒരു സൂചന തരുക മാത്രമേ ചെയ്തുള്ളൂ റഹ്‌മാൻ. പ്രഭാതത്തിന്റെ ഫീൽ വേണം; പൊടിപ്പും തൊങ്ങലും ഇല്ലാതെ സാധാരണ മട്ടിൽ വായിച്ചാൽ മതി. മൂന്നു വ്യത്യസ്ത വെർഷനുകളാണ് വീണയിൽ ഞാൻ വായിച്ചത്. അതിൽ ദൃശ്യങ്ങൾക്ക് ഇണങ്ങുന്നതെന്ന് തോന്നിയത് അദ്ദേഹം തിരഞ്ഞെടുക്കുകയും ചെയ്തു. 30 സെക്കന്റ് പരസ്യം പിന്നീട് സ്ക്രീനിൽ കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോയി. റഹ്‌മാന്റെ പ്രതിഭയ്ക്ക് മുന്നിൽ മനസ്സ് കൊണ്ട് നമിച്ചുപോയ സന്ദർഭം. അരവിന്ദ് സ്വാമി അഭിനയിച്ച ആ പരസ്യം വിദേശത്തു നിന്ന് അംഗീകാരം നേടിയപ്പോൾ അതാഘോഷിക്കാൻ റഹ്‌മാൻ ഞങ്ങളെ ചോള ഷെറാട്ടണിൽ ഡിന്നറിനു കൊണ്ടുപോയത് ഓർമ്മയുണ്ട് .'' ഓസ്ക്കാർ വേദി വരെ എത്തിയ ജൈത്രയാത്രയുടെ തുടക്കം മാത്രമായിരുന്നു അത്.
റോജ ഉൾപ്പെടെ റഹ്മാന്റെ നിരവധി സിനിമകളുടെ പശ്ചാത്തലത്തിൽ പിന്നീട് പാർത്ഥസാരഥിയുടെ വീണാനാദം കേട്ടു . "ഓരോ ആർട്ടിസ്റ്റിന്റെയും കഴിവുകളെ കുറിച്ചും പരിമിതികളെ കുറിച്ചും പൂർണ ബോധ്യമുണ്ട് റഹ്‌മാന്. പലരും കരുതും പോലെ ടെക്നോളജിയെ മാത്രം ആശ്രയിക്കുന്ന വ്യക്തിയല്ല റഹ്‌മാൻ. ലൈവ് അനുഭവം വേണ്ടിടത്ത് ലൈവ് ഉപകരണം തന്നെ വായിച്ചിരിക്കണം എന്ന് നിർബന്ധമുണ്ട് അദ്ദേഹത്തിന്. മാത്രമല്ല, വായനയിൽ പൂർണ സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യും. ഉയിരും നീയേ എന്ന പാട്ടിന്റെ പശ്ചാത്തലത്തിൽ വായിച്ച വീണാ പീസ് എനിക്ക് നേടിത്തന്ന അഭിനന്ദനങ്ങൾക്ക് കണക്കില്ല;- ഗായകന്റേതുൾപ്പെടെ. ആ ഗാനം ഉണ്ണികൃഷ്ണന് ദേശീയ അവാർഡ് നേടിക്കൊടുത്തു എന്നറിഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി.''പാർത്ഥസാരഥി. അതേ വർഷം വൈരമുത്തുവിന് മികച്ച ഗാനരചയിതാവിനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തതും ഈ ഗാനം തന്നെ. (കറുത്തമ്മയിലെ പാട്ടിനൊപ്പം).
Content Highlights: On the occasion of singer Unnikrishnan's birthday, veteran music journalist Ravi Menon shares the nostalgic and emotional behind-the-scenes journey of the iconic song "Uyirum Neeye" from the movie Pavithra, highlighting the contributions of AR Rahman, lyricist Vairamuthu, and veteran veena player Parthasarathy.