ഏറ്റവും ഹൃദയഭേദകമായ ആ രംഗം; സത്യജിത് റായ് ഇന്ത്യയെ കരയിച്ചതെങ്ങനെ?

പഥേർ പാഞ്ചാലിയിൽ നിന്നുള്ള രംഗം
പഥേർ പാഞ്ചാലിയിൽ നിന്നുള്ള രംഗം

നീണ്ട അലച്ചിലിനൊടുവില്‍ വീട്ടില്‍ വന്നു കയറിയ ഭര്‍ത്താവിനെ, മകളുടെ അകാലമരണവാര്‍ത്ത എങ്ങനെ അറിയിക്കുമെന്നോര്‍ത്ത് പകച്ചു നില്‍ക്കുന്ന സര്‍ബജയ റോയ്. 'പഥേര്‍ പാഞ്ചലി'യിലെ ഏറ്റവും ഹൃദയഭേദകമായ രംഗമാണത്. നിശബ്ദമായ ഒരു വിങ്ങലായി ഇന്നും മനസ്സിനെ പിന്തുടരുന്ന കഥാസന്ദര്‍ഭം.

ഇക്കാലമത്രയും തീരാദുരിതത്തിന്റേയും മുഴുപ്പട്ടിണിയുടേയും പിടിയിലായിരുന്നു സ്വന്തം കുടുംബം എന്നറിയില്ല ഹരിഹര്‍ റോയിക്ക്. നഗര ജീവിത വിശേഷങ്ങള്‍ ഉത്സാഹത്തോടെ പങ്കുവെക്കുന്നതിനിടെ, മകള്‍ക്ക് വേണ്ടി കൊണ്ടുവന്ന പുടവ ഹരിഹര്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍വ നിയന്ത്രണങ്ങളും വിട്ടു പൊട്ടിക്കരഞ്ഞു പോകുന്നു സര്‍ബജയ. ഒന്നും മനസ്സിലാകാതെ തരിച്ചിരിക്കുന്ന ഭര്‍ത്താവിന്റെ മടിയിലേക്ക് അവര്‍ തളര്‍ന്നു വീഴുമ്പോള്‍ പശ്ചാത്തലത്തില്‍ കേള്‍ക്കുക താര്‍ ഷഹനായി എന്ന സംഗീതോപകരണത്തിന്റെ വിഷദാര്‍ദ്ര നാദം. 'എന്നെ ഏറ്റവും കരയിച്ചിട്ടുള്ള ശബ്ദമാണത്. വേര്‍പാടിന്റെ വേദന ഇത്ര ആഴത്തില്‍ അനുഭവിപ്പിക്കുന്ന മറ്റൊരു സംഗീത ശകലം ലോക സിനിമയില്‍ തന്നെ കേട്ടിട്ടില്ല.'' വിഖ്യാത ചലച്ചിത്രകാരന്‍ റിച്ചാര്‍ഡ് അറ്റന്‍ബറോ ഒരിക്കല്‍ പറഞ്ഞു. അറ്റന്‍ബറോയുടെ വീക്ഷണം പങ്കുവെക്കുന്ന പ്രമുഖര്‍ വേറെയുമുണ്ട്: വയലിന്‍ ഇതിഹാസം യഹൂദി മെനൂഹിന്‍, തബല മാന്ത്രികന്‍ അല്ലാ രഖ, ഹോളിവുഡ് സംഗീതസംവിധായകന്‍ എനിയോ മൊറീക്കോണെ, എഴുത്തുകാരനായ ആര്‍തര്‍ സി ക്ലര്‍ക്ക്, വിഖ്യാത ചലച്ചിത്രശില്‍പ്പികളായ ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള, ബിമല്‍ റോയ്, ഗുല്‍സാര്‍, ഗോവിന്ദ് നിഹലാനി.. അങ്ങനെ പലരും; ഏറ്റവുമൊടുവില്‍ സല്‍മാന്‍ റുഷ്ദി വരെ.  

Content Highlights: seventy years of Pather Panchali

Continue reading