പ്രതിയോഗിയായി നിന്നയാൾ മനുഷ്യത്വത്തിന്റെ പ്രതീകമായി മാറിയ കഥ; ‘സന്മനസ്സുള്ളവർക്ക് സമാധാന’ത്തിന്റെ 40 വർഷം

സമൂഹ മനസ്സിന് ചില പ്രാപ്തികൾ ഉണ്ടാക്കുന്നതിൽ സിനിമ പോലുള്ള മാധ്യമത്തിന് വലിയ പങ്കുവഹിക്കാൻ ഉണ്ട്. സമൂഹത്തിൽ നിലനിന്നുപോരുന്ന അനിഷ്ടകരവും അശാസ്ത്രീയവുമായ കാര്യങ്ങൾ സിനിമകളിൽ ചിത്രീകരിക്കാറുണ്ട്. എന്നാൽ യുക്തിസഹവും നീതിയുക്തവുമായ പരിവർത്തനങ്ങളുടെ സാധ്യത വളരെ പരിമിതമായ സിനിമകൾ മാത്രമേ അവതരിപ്പിച്ചു കാണുന്നുള്ളൂ. സമൂഹം നേരിടുന്ന ഗൗരവതരമായ മാനസികാരോഗ്യ വെല്ലുവിളികളെ സംബന്ധിച്ചുള്ള ചിത്രീകരണങ്ങളും ഇതിൽ നിന്നും വ്യത്യസ്തമല്ല.
മാനസികരോഗം ഉള്ളവരെ അക്രമവാസനയുള്ളവരായോ വിഡ്ഢികളായോ ഒക്കെയാണ് മിക്കവാറും സിനിമകളിൽ കാണപ്പെടുക. മാനസിക രോഗങ്ങളിൽ അപൂർവ്വമായോ ഇടവിട്ടോ അവസ്ഥകളിൽ കാണാറുള്ള പെരുമാറ്റങ്ങളെ അതിശയോക്തിയോടെയും ഹാസ്യവത്കരിച്ചും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ദുർവിധിയായും മറ്റും അവതരിപ്പിക്കുന്നു. രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ കൂകി വിളിക്കുക, കല്ലെറിയുക, ചങ്ങലക്കിടുക, ഇരുട്ടുമുറിയിൽ ഒറ്റപ്പെടുത്തുക, അടിച്ചു ശരിയാക്കുക മുതലായ പെരുമാറ്റ ദൂഷ്യങ്ങളെ സമൂഹ മനസ്സാക്ഷിക്കു മുൻപിൽ ചോദ്യചിഹ്നമായി ഉയർത്താൻ ചില സിനിമകൾക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ മാനസികരോഗം മൂലം നേരിടുന്ന കഷ്ടതകളുടെ ഏകവും അനിവാര്യവുമായ പരിണതിയെന്ന മട്ടിൽ മലയാളി മനസ്സിൽ എക്കാലത്തേക്കും ദുരന്തവൽക്കരിച്ച് പതിപ്പിക്കുകയായിരുന്നു ഇരുട്ടിന്റെ ആത്മാവ് മുതൽ തനിയാവർത്തനം വരെയുള്ള സിനിമകൾ.
രോഗമുള്ള വ്യക്തിയെയും അവരോടൊപ്പം ഉള്ള ജീവിതത്തെയും ഏറ്റവും ശോചനീയമായ വിധത്തിലാണ് ഇന്നോളം ഉള്ള സിനിമകൾ ചിത്രീകരിച്ചിട്ടുള്ളത്. രോഗത്തിന്റെയും ചികിത്സയുടെയും വിവിധതരത്തിലുള്ള സമ്മർദ്ദങ്ങളെ നേരിട്ട്, ജോലിയും കുടുംബവും നോക്കി നടത്തുന്ന എത്രയോ വ്യക്തിത്വങ്ങൾ നമ്മുടെ സമൂഹത്തിൽ ജീവിച്ചിരിക്കുമ്പോഴാണ് ഇത്തരം അർദ്ധസത്യങ്ങളുടെ അതിപ്രസരം. മാനസിക രോഗങ്ങളെ അതിജീവിച്ച് അധ്യാപകരായും എൻജിനീയറായും ഡോക്ടർ ആയും ജനനായകരായും മറ്റു വിവിധ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച് ജീവിതം നയിക്കുന്നവർ വേണ്ടുവോളം ഉണ്ട് നമുക്കിടയിൽ.
മാനസിക രോഗത്തിന് ഫലപ്രദമായ ചികിത്സയുണ്ടെന്നും രോഗമുക്തിക്ക് ശേഷവും അവർ ആജീവനാന്തരോഗികളായി മുദ്രകുത്തപ്പെടരുതെന്നും അവരും സ്നേഹം ക്ഷമ ആത്മാർത്ഥത ഇവ സ്വാംശീകരിക്കാനും ആത്മബന്ധങ്ങൾ സ്ഥാപിക്കാനും നിലനിർത്താനും ജീവിതം ആസ്വദിക്കാനും നയിക്കാനും കഴിയുന്നവരാണ് എന്നുമൊക്കെയുള്ള യാഥാർത്ഥ്യങ്ങൾ ചിത്രീകരിക്കുന്ന സിനിമകൾ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.
ഇത്തരത്തിൽ പരിശോധിച്ചാൽ മലയാള സിനിമാ ചരിത്രത്തിൽ മാനസികാരോഗ്യ പ്രധാനമായി ചിത്രീകരിക്കപ്പെട്ടതെന്ന് വിശേഷിപ്പിക്കാവുന്ന ഒരു സിനിമയാണ് 1986 ഒക്ടോബർ 31ന് റിലീസ് ചെയ്ത സത്യൻ അന്തിക്കാട് - ശ്രീനിവാസൻ ജോഡിയുടെ ബുദ്ധിയിൽ പിറന്ന 'സന്മനസ്സുള്ളവർക്ക് സമാധാനം'. സിയാദ് കോക്കർ നിർമ്മിച്ച് മോഹൻലാൽ - കാർത്തിക ജോഡി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ഹാസ്യ കുടുംബചിത്രം ഇന്ന് നാല്പതാം വാർഷികം പിന്നിടുമ്പോൾ മാനസികാരോഗ്യദിനത്തോടനുബന്ധിച്ച് ഒരു ഓർമ്മ പുതുക്കൽ അവസരോചിതം ആയിരിക്കും.
കുടുംബസ്നേഹിയും പ്രാരാബ്ധക്കാരനും പഴഞ്ചനും ആയ ഗോപാലകൃഷ്ണൻ എന്ന നാട്ടിൻപുറത്തുകാരൻ, സ്വന്തം പ്രശ്നങ്ങളിൽ മാത്രം ഒഴുകി കഴിയുന്ന ഒരാൾ. നഗരജീവിതത്തിന്റെ സമ്മർദ്ദങ്ങളും കുടുംബഭാരവും പേറി അത്യധ്വാനം ചെയ്തു ജീവിക്കുന്ന മീര. സ്നേഹം, സൗഹൃദം, കാര്യക്ഷമത എന്നീ ഗുണങ്ങൾ രണ്ടുപേർക്കും ഉണ്ട്. എങ്കിലും കടക്കെണിയുടെ അരക്ഷിതാവസ്ഥ ഗോപാലകൃഷ്ണന്റെയും കുടിയിറക്കപ്പെടുന്നതിന്റെ അരക്ഷിതാവസ്ഥ മീരയുടെയും പെരുമാറ്റപരമായ പരിമിതികൾ പുറത്തുകൊണ്ടുവരുന്നു.
ഒറ്റനോട്ടത്തിൽ വിരുദ്ധ താല്പര്യങ്ങളുമായി നിൽക്കുന്നതിനാൽ പരസ്പരം പ്രതിയോഗികളായി അപരന്റെ ഏറ്റവും അപക്വമായ ഭാവങ്ങളെ അനാവരണം ചെയ്യുന്നു. ഇവർക്കിടയിലുള്ള മര്യാദാലംഘനങ്ങൾക്കിടയിലേക്ക് ഗോപാലകൃഷ്ണന്റെ ബാല്യകാല സുഹൃത്ത് ഇൻസ്പെക്ടർ രാജേന്ദ്രൻ രംഗപ്രവേശം ചെയ്യുന്നു. പ്രശ്നപരിഹാരത്തിന് എത്തുന്ന രാജേന്ദ്രൻ മീരയിൽ അനുരക്തനാവുകയും വിവാഹാലോചനയിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്യുന്നു. ഗോപാലകൃഷ്ണനും ഈ അറേഞ്ച്മെന്റിൽ പൂർണ്ണ സംതൃപ്തിയാണ്. രാജേന്ദ്രന് ഇഷ്ടവിവാഹം, മീരയ്ക്ക് വീടില്ലായ്മയിൽ നിന്ന് മോചനം, ഗോപാലകൃഷ്ണന് വീട് ഒഴിപ്പിച്ചു കിട്ടുകയും ചെയ്യുന്നു. എല്ലാവരും വിജയിക്കുന്ന ഈ നിമിഷത്തോടെ സിനിമ അവസാനിക്കേണ്ടതാണ്. എന്നാൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ജീവിതത്തെ സങ്കീർണ്ണം ആക്കുന്ന നിമിഷങ്ങളാണ് പിന്നീട് നാം കാണുന്നത്.
മീര മുൻപ് മാനസികരോഗ ചികിത്സയ്ക്ക് വിധേയയായിട്ടുള്ളതായി വിവാഹാലോചനകൾക്കിടയിൽ രാജേന്ദ്രൻ അറിയാനിടയാകുന്നു. അതുവരെ ഉണ്ടായിരുന്ന നായക പരിവേഷത്തിൽ നിന്ന്, ഹീറോയിൽ നിന്ന് സീറോ ആകുന്നത് പ്രേക്ഷകർ കാണുന്നു. തന്റെ ഇഷ്ട വിവാഹത്തിന് വിഘാതമായി വന്ന വെല്ലുവിളിയെ നേരിടാൻ വിദ്യാസമ്പന്നനും പരിഷ്ക്കാരിയും സർവോപരി സർക്കാർ ഉദ്യോഗസ്ഥനുമായ അയാൾ പ്രാപ്തൻ അല്ലായിരുന്നു. ഒരു വ്യക്തിയെ ഇഷ്ടപ്പെടുന്നതും വിവാഹമാലോചിക്കുന്നതും ചില ഉത്തരവാദിത്വങ്ങൾ നമ്മെ ഏൽപ്പിക്കുന്നുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ വിവേകമതികളിൽ നിന്നും നാം പ്രതീക്ഷിക്കുന്നത് എന്തെല്ലാമാണ്? ഒന്നാമത്, അയാൾ മീരയുമായി നേരിട്ട് സംവദിക്കും. സാഹചര്യങ്ങളുടെ വരുംവരായ്കകളെ വിദഗ്ധരുമായി ചർച്ച ചെയ്യും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ തീരുമാനമെടുക്കും. ഇവിടെ ഇൻസ്പെക്ടർ രാജേന്ദ്രൻ പരാജിതനായി ഒഴിഞ്ഞുമാറുകയാണ് മീരയുടെ രോഗവിവരം ചട്ടവിരുദ്ധമായി മറ്റൊരാൾക്ക് പങ്കുവെച്ച് ഗുരുതരമായ വൈദ്യ പെരുമാറ്റ ചട്ടലംഘനം നടത്തുന്ന സൈക്യാട്രിസ്റ്റ് രാജേന്ദ്രന്റെ ധാർമിക പതനത്തിന് ആക്കം കുറയ്ക്കുന്നില്ല. (ഒരു റീ റിലീസിംഗ് ഉണ്ടായാൽ ഈ ചട്ടലംഘനം ഒഴിവാക്കുന്നതാണ് ഉചിതം)
അതേസമയം, അതുവരെ പ്രതിയോഗിയുടെ വേഷത്തിൽ നിന്ന ഗോപാലകൃഷ്ണൻ, മാനസികരോഗവും വിവാഹവും സംബന്ധിച്ചുള്ള അപക്വമായ സാമൂഹ്യ ധാരണകളെയും മുൻവിധികളെയും പുറന്തള്ളി, ഹൃദയസ്പർശിയായ, സഹവർത്തിത്വത്തിലും സഹാനുഭൂതിയിലുമൂന്നിയ, തീരുമാനം എടുക്കാൻ കഴിവുള്ള മനുഷ്യത്വത്തിൻ്റെ പ്രതീകമായി, ഈ കഥയിലെ നായകനായി മാറുന്നു. വിവേകമതിയായ അയാൾക്കറിയാം കടബാധ്യതയെക്കാൾ വലിയ ക്ലേശ ഭൂമിയിലാണ് അവളുടെ നിലയെന്ന്. ആ കുടുംബത്തിന്റെ അവസ്ഥ എല്ലാ വശങ്ങളിലും അയാൾ മനസ്സിലാക്കി. അയാളുടെ സഹഭാവവും മനുഷ്യത്വവും സ്നേഹവും ഉണർന്നു. പരാജിതയായി മടങ്ങുന്ന ഒരാളോടല്ല, മറിച്ച് ജീവിതത്തിൽ കടുത്ത വെല്ലുവിളി നേരിട്ട ഒരു ധീര വനിതയോടുള്ള എല്ലാ ആദരവോടും കൂടെ അവളെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു. പ്രേക്ഷക മനസ്സിൽ യുക്തിയുക്തവും മനുഷ്യത്വപരവുമായ പ്രകമ്പനങ്ങൾ സൃഷ്ടിച്ചുകൊണ്ട്.
(ഉണ്ണിത്താൻ'സ് ആയുർവേദ ഹോസ്പിറ്റൽ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്,
ചങ്ങനാശ്ശേരിയിലെ മെന്റൽ ഹെൽത്ത് പ്രാക്ടീഷണറാണ് ലേഖിക)