ഒരു രാഷ്ട്രീയനിലപാട് പറയാൻവേണ്ടിമാത്രം കോടികൾ മുടക്കി സിനിമ ചെയ്യുന്ന ആളല്ല ഞാൻ- പൃഥ്വിരാജ്

'ഇവിടെ നോട്ടുനിരോധിക്കും, വേണ്ടിവന്നാൽ വോട്ടുനിരോധിക്കും. ഒരുത്തനും ചോദിക്കില്ല. കാരണം, ഇത് ഇന്ത്യയല്ലേ...’ -ജനഗണമന എന്ന സിനിമയുടെ ട്രെയിലറിൽ കേട്ട സൂപ്പർ ഡയലോഗ് ആലോചിച്ചിരിക്കുമ്പോഴാണ് മുന്നിലേക്ക് പൃഥ്വിരാജ് വന്നിരുന്നത്. ‘ആടുജീവിത’ത്തിനായി നീട്ടിവളർത്തിയ താടിയിൽ തലോടി സംസാരിക്കുമ്പോൾ പൃഥ്വിരാജ് ആദ്യം പറഞ്ഞതും ‘ജനഗണമന’യെ കൃത്യമായി അടയാളപ്പെടുത്തുന്ന വാചകങ്ങൾതന്നെയായിരുന്നു: ‘‘ഈ സിനിമ ഒരു എന്റർടെയ്‌നർതന്നെയായിട്ടാണ് ഞങ്ങൾ എടുത്തിരിക്കുന്നത്. പക്ഷേ, ഈ സിനിമ കുറെ ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. അതിനെല്ലാം ഈ സിനിമ ഉത്തരം തരുന്നുമില്ല.’’ പൃഥ്വിരാജ് പറയുമ്പോൾ ‘ജനഗണമന’ എന്ന സിനിമയുടെ രൂപം തെളിഞ്ഞുതുടങ്ങിയിരുന്നു. ‘ഡ്രൈവിങ് ലൈസൻസ്’ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്കുശേഷം സുരാജ് വെഞ്ഞാറമ്മൂടുമായി ഒന്നിക്കുന്ന പുതിയ സിനിമയായ ജനഗണമനയുടെ വിശേഷങ്ങൾ പങ്കിട്ട് പൃഥ്വിരാജ് സംസാരിക്കുന്നു.
ഡയലോഗല്ല രാഷ്ട്രീയം
ജനഗണമനയുടെ ട്രെയിലറിൽക്കണ്ട ഡയലോഗിനെപ്പറ്റിയാണ് പൃഥ്വിയോട് ആദ്യം ചോദിച്ചത്. പ്രതീക്ഷിച്ചിരുന്ന ചോദ്യംപോലെയായിരുന്നു അതിന് പൃഥ്വിയുടെ മറുപടിയും. ‘‘സാധാരണ സിനിമകളിൽ കാണുന്നതുപോലെ അതിലെ പ്രധാന ഭാഗങ്ങൾ ചേർത്തുവെച്ച ട്രെയിലറല്ല ഇത്. സംവിധായകൻ ഡിജോയും രചയിതാവ് ഷാരിസും പറഞ്ഞ ആശയത്തിൽനിന്നാണ് ഇങ്ങനെയൊരു ട്രെയിലർ വരുന്നത്. ട്രെയിലറിൽക്കണ്ട സീൻ സിനിമയിൽ നിങ്ങൾ കാണില്ല. ഇത് ആ കഥയുടെ തുടർച്ചയായിട്ടുവരുന്ന സീനാണ്. സിനിമയുടെ ഷെഡ്യൂൾ കഴിഞ്ഞ് പ്രത്യേകം എടുത്തതാണ് ഈ സീനുകൾ. ഇതൊരു വലിയ പുതുമയായി എനിക്കുതോന്നി. പിന്നെ ട്രെയിലറിലെ ഡയലോഗിനെപ്പറ്റിയാണെങ്കിൽ, ഒരു രാഷ്ട്രീയനിലപാട് പറയാൻവേണ്ടിമാത്രം കോടികൾ മുടക്കി സിനിമചെയ്യുന്ന ആളല്ല ഞാൻ. കഥാപാത്രം പറയുന്ന ഡയലോഗുകളെ സിനിമയുടെ രാഷ്ട്രീയമായി ഒരിക്കലും നിങ്ങൾ തെറ്റിദ്ധരിക്കരുത്. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പൊളിറ്റിക്കൽ സിനിമയല്ല. പക്ഷേ, ഇതൊരു സാമൂഹികസിനിമയാണെന്ന് ഞാൻ കരുതുന്നുണ്ട്’’ -പൃഥ്വി പറഞ്ഞു.
ജോർദാനിൽ കേട്ട കഥ
‘ജനഗണമന’യിലെ കഥാപാത്രമായി പൃഥ്വി മനസ്സുകൊണ്ട് ചേക്കേറുന്നത് ജോർദാനിൽവെച്ചായിരുന്നു. ‘ആടുജീവിതം’ എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ജോർദാനിൽ കഴിയുമ്പോഴാണ് ഡിജോ ഈ കഥ പറയാൻ പൃഥ്വിയെ വിളിക്കുന്നത്. ‘‘ജോർദാനിൽവെച്ച് ഡിജോ ഫോണിലൂടെ പറഞ്ഞ കഥ കേട്ടപ്പോൾത്തന്നെ ത്രില്ലടിച്ചിരുന്നു. നാട്ടിൽ തിരിച്ചെത്തിയശേഷമാണ് തിരക്കഥ കേട്ടത്. എന്നാൽ, കോവിഡിനുശേഷം മലയാളസിനിമ പതുക്കെ തിരിച്ചുവരുന്ന സമയത്താണ് ഈ സിനിമ എന്റെ മുന്നിലേക്കുവരുന്നത്. ചെറിയ രീതിയിൽ ഒരിക്കലും എടുക്കാൻ പറ്റാത്ത സിനിമയായിരുന്നു ഇത്. ആടുജീവിതത്തിന്റെ രണ്ടാം ഷെഡ്യൂളിന് പോകുന്നതിനുമുമ്പ് ഈ സിനിമ തീർക്കണമെന്നായിരുന്നു വിചാരിച്ചത്. അതിനിടയിലും ചില തടസ്സങ്ങളുണ്ടായി. എന്നാൽ, ഒടുവിൽ സിനിമ റിലീസാകുന്നത് കോവിഡെല്ലാം മാറി മലയാളസിനിമ ശക്തമായി തിരിച്ചുവരുന്ന കാലത്താണെന്നത് വലിയ സന്തോഷവും പ്രതീക്ഷയും നൽകുന്ന കാര്യമാണ്’’ -പൃഥ്വി പറഞ്ഞു.
അഭിനേതാക്കളുടെ രസതന്ത്രം
‘ഡ്രൈവിങ് ലൈസൻസ്’ എന്ന സിനിമയ്ക്കുശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും ഒരുമിക്കുന്ന സിനിമയിൽ നിങ്ങൾ തമ്മിലുള്ള രസതന്ത്രം എത്രത്തോളം പ്രതീക്ഷിക്കാം
= ഒരു സിനിമയിലെ അഭിനേതാക്കൾ തമ്മിൽ സൃഷ്ടിക്കപ്പെടുന്ന രസതന്ത്രത്തിന്റെ ക്രെഡിറ്റ് മുഴുവൻ തിരക്കഥാകൃത്തിനും സംവിധായകനും അവകാശപ്പെട്ടതാണ്. തിരക്കഥയിൽ എഴുതിവെച്ചിരിക്കുന്നത് വായിക്കുമ്പോൾത്തന്നെ അത് നമ്മുടെ മനസ്സിൽ രൂപപ്പെടും. സുരാജും ഞാനും ‘ഡ്രൈവിങ് ലൈസൻസി’ൽ ചെയ്തതുപോലെയല്ല ‘ജനഗണമന’യിൽ ചെയ്തിരിക്കുന്നത്. സുരാജ് വളരെ വ്യത്യസ്തമായി ചെയ്തിരിക്കുന്ന കഥാപാത്രമാണ് ഈ സിനിമയിലെ എ.സി.പി. സാജൻ കുമാർ. ഈ സിനിമയുടെ കഥ കേട്ടപ്പോൾ ഇതിൽ പൃഥ്വിരാജ് ഞാനാണോ സുരാജാണോ എന്ന് ഞാൻ സുരാജിനോട് തമാശയായി ചോദിച്ചിരുന്നു. കാരണം, കുറച്ചുകാലം മുമ്പായിരുന്നെങ്കിൽ എന്നെയായിരുന്നേനെ ഒരുപക്ഷേ, ഇത്തരം പോലീസ് കഥാപാത്രത്തിലേക്ക് ആദ്യം വിളിക്കുന്നത്..
താരം നിർമാതാവാകുമ്പോൾ
പൃഥ്വിരാജ് എന്ന നടൻ നിർമാതാവാകുമ്പോൾ അനുഭവിക്കുന്ന മാറ്റം എന്താണ്.
= നടനിൽനിന്ന് നിർമാതാവായി മാറുമ്പോൾ ഞാൻ അനുഭവിക്കുന്ന മാറ്റങ്ങൾ ഏറെയാണ്. ഒരു നടനായിമാത്രം നിൽക്കുമ്പോൾ ആ സിനിമയുടെ നിർമാണത്തിൽ എനിക്ക് ഒരുപാട് പരിമിതികളുണ്ട്. പക്ഷേ, ഞാൻ നിർമാതാവാകുന്ന സിനിമയിൽ ഞാൻ അഭിനയിക്കുമ്പോൾ നടനെന്നനിലയിൽ എനിക്ക് പരമാവധി നൽകാൻ കഴിയും. കുട്ടികൾ ഓടിവരുന്ന ഒരു സീനിൽ അമ്പതോ നൂറോ കുട്ടികളെവെച്ച് കുറഞ്ഞചെലവിൽ അതെടുക്കാം. അഞ്ഞൂറോ ആയിരമോ കുട്ടികളെവെച്ച് സമൃദ്ധിയായും അതെടുക്കാം. ഞാൻ നിർമാതാവാകുമ്പോൾ എന്നിലെ നടന് രണ്ടാമത്തെ ഓപ്ഷനിലേക്ക് എളുപ്പത്തിൽ പോകാനാകും. സിനിമാനിർമാതാവ് എന്ന വേഷം പണമുണ്ടാക്കാനുള്ള ഒന്നായി ഞാൻ കണ്ടിട്ടില്ല. എന്നിലെ നടൻ ആവശ്യത്തിന് പണം സമ്പാദിക്കുന്ന ഒരാളാണ്. എന്നാൽ, നിർമാതാവാകുമ്പോൾ നല്ല സിനിമകളുടെ സൃഷ്ടിമാത്രമാണ് മനസ്സിലുള്ളത്. അവിടെ നഷ്ടം വരരുതെന്ന മിനിമം ചിന്തയ്ക്കപ്പുറം അതിലൂടെ കോടികൾ സമ്പാദിക്കണമെന്ന് ഒരിക്കലും
വിചാരിച്ചിട്ടില്ല.
മമ്മൂട്ടിയും മോഹൻലാലും
ലൂസിഫർ, ബ്രോ ഡാഡി... പൃഥ്വിരാജ് സംവിധായകനായ സിനിമകളിലെല്ലാം മോഹൻലാലാണല്ലോ നായകൻ. മമ്മൂട്ടിയെവെച്ച് ഒരു സിനിമ ചെയ്യേണ്ടേ
= ലൂസിഫർ എന്ന സിനിമചെയ്യുമ്പോൾ ആ കഥാപാത്രം ലാലേട്ടനാണ് എന്നുറപ്പിച്ചാണ് ചെയ്തിരുന്നത്. മുരളി ഗോപി അതെഴുതുമ്പോഴും സ്റ്റീഫൻ നെടുമ്പിള്ളിയായി ലാലേട്ടനെത്തന്നെയാണ് കണ്ടിരുന്നത്. ബ്രോ ഡാഡിയിലേക്കുവരുമ്പോൾ ലാലേട്ടനും ഞാനുംതന്നെയാണ് ജോൺ കാറ്റാടിയും ഈശോ കാറ്റാടിയുമായി മനസ്സിലുണ്ടായത്. ശരിക്കും ഞാനും ലാലേട്ടനും തമ്മിലുള്ള പ്രായവ്യത്യാസത്തിൽത്തന്നെയാണ് ആ സിനിമയിലെ കഥാപാത്രങ്ങളും രൂപപ്പെട്ടത്. മമ്മൂക്കയെവെച്ച് ഒരു പടം ഞങ്ങൾ ആലോചിച്ചതാണ്. അതന്ന് നടന്നില്ല. ഇനി എന്നുവേണമെങ്കിലും അത് സംഭവിക്കാനും സാധ്യതയുണ്ട്.’’
ഇനിയില്ലൊരു ആടുജീവിതം ഇപ്പോഴത്തെ ഈ ലുക്ക്
= ആടുജീവിതം സിനിമയ്ക്കായി വളർത്തിയ താടിയാണിത്. അതിന്റെ അടുത്ത ഷെഡ്യൂളിനായി ഞാൻ വീണ്ടും യാത്രതിരിക്കുകയാണ്. എന്റെ കരിയറിൽ ഇത്രയും നീണ്ടകാലത്തെ ഒരു സിനിമയോ കഥാപാത്രമോ ചെയ്തിട്ടില്ല. 2009-ൽ ‘പോക്കിരിരാജ’യുടെ സെറ്റിൽവെച്ചാണ് സംവിധായകൻ ബ്ലെസി ‘ആടുജീവിത’ത്തെക്കുറിച്ച് പറയുന്നത്. 13 വർഷത്തിലേറെയായി ഞാൻ കൊണ്ടുനടക്കുന്ന കഥാപാത്രമാണ് ആടുജീവിതത്തിലെ നജീബ്. ആ കഥാപാത്രമാകാൻ മനസ്സിനൊപ്പം എന്റെ ശരീരത്തെയും ഞാൻ ഒരുപാട് വിട്ടുകൊടുത്തിരുന്നു. എന്റെ ശരീരം ഇത്രയേറെ കഷ്ടപ്പെടുത്തി ഒരു കഥാപാത്രം ഇതുവരെ ചെയ്തിട്ടില്ല. ഇത്രയും വലിയ അധ്വാനം ഇനിയൊരിക്കലും ഒരു കഥാപാത്രത്തിനുംവേണ്ടി ഞാൻ ചെയ്യുകയുമില്ല. ജീവിതത്തിൽ ഒരിക്കൽമാത്രം ചെയ്യാൻ പറ്റുന്നതാണ് ഇത്തരമൊരു കഥാപാത്രവും ഇത്ര വലിയ അധ്വാനവും സംസാരം അല്പം നേരം നിർത്തി പൃഥ്വി ഒരു ഡയലോഗുകൂടി പറഞ്ഞു: ‘ഇനിയില്ലൊരു ആടുജീവിതം’
Content Highlights: Prithviraj Sukumaran Interview, Jana Gana Mana movie, Suraj Venjaramoodu, Dijo Jose Antony