പ്രേക്ഷകർ വെറുക്കുമോ എന്നൊരു ഭയം അന്നെനിക്കുണ്ടായിരുന്നു; കള്ളിച്ചെല്ലമ്മയ്ക്കുശേഷം നസീർ പറഞ്ഞു

ആകാശത്ത് നക്ഷത്രങ്ങൾ മിന്നിയുറങ്ങുന്ന സന്ധ്യ. തൃശൂരിലെ 'ശോഭന' സ്റ്റുഡിയോയുടെ വരാന്തയിൽ, തണുത്ത കാറ്റേറ്റുകൊണ്ട് വർത്തമാനങ്ങളിൽ മുഴുകിയിരിക്കുകയായിരുന്നു അവർ. മലയാള സിനിമയുടെ സുവർണകാലഘട്ടത്തിന് അടിത്തറ പാകിയ കുറേ മനുഷ്യർ. ചിറയിൻകീഴിന്റെ മണ്ണിൽ നിന്ന് സിനിമയുടെ കളിത്തോഴരായി വളർന്ന നിർമാതാവ് ശോഭന പരമേശ്വരൻ നായർ, മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട പ്രേംനസീർ, മലയാള സാഹിത്യത്തിലും ചലച്ചിത്രരംഗത്തും ഏറെ ശ്രദ്ധേയനായ എഴുത്തുകാരൻ ജി.വിവേകാനന്ദൻ, കൂടെ എന്റെ അച്ഛൻ-ചിറയിൻകീഴ് രാമകൃഷ്ണൻ നായരും. മലയാള സിനിമയുടെ ഒരു വലിയ കാലം അന്നവരുടെ ആ സംഭാഷണത്തിൽ, വലിച്ചുകെട്ടിയ ഒരു വലിയ തിരശ്ശീലയിൽ എന്നവണ്ണം തെളിഞ്ഞുവന്നു. മലയാളത്തിലെ ഒരു നിത്യഹരിത ചിത്രത്തിന്റെ അറിഞ്ഞതും അറിയാത്തതുമായ കുറേ കഥകൾ ആ വെള്ളിത്തിരയിൽ അന്നങ്ങനെ മിന്നിമാഞ്ഞു. ആ കഥകളൊക്കെ പണ്ടേ കുറിച്ചിട്ടിട്ടുണ്ട് അച്ഛൻ. കടലാസിലും എന്റെ മനസ്സിലും. ചിറയിൻകീഴ് എന്ന നാട് മനസിലേയ്ക്ക് ഓടിയെത്തുമ്പോഴെല്ലാം ഈ കഥകൾ അവയ്ക്ക് അകമ്പടി സേവിക്കും. അങ്ങനെ ഈ ഓർമകൾക്കൊപ്പം കയറിവന്നതാണ് 'കള്ളിച്ചെല്ലമ്മ.' ഷീലയുടെയെന്നല്ല, മലയാളത്തിലെ തന്നെ നായികാപ്രാധാന്യമുള്ള ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന്.
നോവലായ 'കള്ളിച്ചെല്ലമ്മ' സിനിമയാക്കണമെന്ന ആശയം ആദ്യം മുന്നോട്ടുവെച്ചത് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ ഭാസ്കരൻ മാഷാണെന്ന് അച്ഛൻ പണ്ട് കുറിച്ചിട്ടുണ്ട്. ജി. വിവേകാനന്ദന്റെ നോവൽ പുറത്തുവന്നപ്പോൾ അതിന്റെ ഗ്രാമീണ തനിമയും കഥാപാത്രങ്ങളുടെ ശക്തമായ മാനസിക സംഘർഷങ്ങളും ഭാസ്കരൻ മാഷിനെ വല്ലാതെ ആകർഷിച്ചിരുന്നു. തിരുവനന്തപുരത്തെ നാടൻ പശ്ചാത്തലത്തിലുള്ള ആ കഥ സിനിമയാക്കിയാൽ മലയാള സിനിമയ്ക്ക് അതൊരു പുതിയ വഴിമാറ്റമായിരിക്കുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. തുടർന്ന്, നിർമാതാവ് ശോഭന പരമേശ്വരൻ നായരുമായും മറ്റ് അണിയറപ്രവർത്തകരുമായും ആ ആശയം ചർച്ച ചെയ്യുകയും സിനിമ യാഥാർഥ്യമാക്കാൻ മുൻകൈയെടുക്കുകയും ചെയ്തു.
ഭാസ്കരൻ മാഷിന്റെ ആശയത്തിന് നിർമാതാവ് ശോഭന പരമേശ്വരൻ നായർ പൂർണ പിന്തുണ നൽകിയതോടെ സിനിമയുടെ നിർമാണപവൃത്തികൾ ആരംഭിച്ചു. തിരുവനന്തപുരത്തെ ഗ്രാമീണ സൗന്ദര്യവും വെള്ളായണി കായലിന്റെ പച്ചപ്പും സിനിമയുടെ പ്രധാന ലൊക്കേഷനായി മാറി. നായകസങ്കൽപ്പങ്ങൾക്കപ്പുറം നിൽക്കുന്ന കുഞ്ചാച്ചൻ എന്ന വില്ലൻ കഥാപാത്രമായി പ്രേംനസീറും തന്റേടമുള്ള ചെല്ലമ്മയായി ഷീലയും വേഷമിട്ടപ്പോൾ മലയാള സിനിമയിൽ അതൊരു ചരിത്രമായി മാറി.
അച്ഛന്റെ പഴയ ഡയറിക്കുറിപ്പുകളിൽ തെളിയുന്നതുപോലെ, ആ സിനിമയുടെ വിജയം ഒരു കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും കൂടി വിജയമായിരുന്നു. ഈ ചർച്ചകളിലത്രയും അച്ഛനും ഒപ്പമുണ്ടായിരുന്നു. ആ സായാഹ്നത്തിലെ സംഭാഷണങ്ങൾ ഇന്നും ജീവനുള്ളതുപോലെ തോന്നും. അന്നവർ സംസാരിച്ചത് 'കള്ളിച്ചെല്ലമ്മ'യിലെ നസീർ അങ്കിളിന്റെ അസാധാരണമായ വേഷത്തെക്കുറിച്ചായിരുന്നു.
ശോഭന പരമേശ്വരൻ നായർ പറഞ്ഞുതുടങ്ങി:
'നസീറേ... ചിറയിൻകീഴിൽ നിന്ന് തൃശൂരിലേക്കും മദ്രാസിലേക്കുമൊക്കെ വണ്ടി കയറുമ്പോൾ ആരും കരുതിയിട്ടുണ്ടാവില്ല നമ്മൾ മലയാള സിനിമയുടെ ഭാവി തന്നെ മാറ്റിപ്പണിയുമെന്ന്. അതിൽ എനിക്ക് ഏറ്റവും കൗതുകം തോന്നിയത് 'കള്ളിച്ചെല്ലമ്മ'യിൽ നിങ്ങൾ ചെയ്ത ആ കഥാപാത്രമാണ്. പ്രണയം നടിച്ച് ചതിക്കുന്ന ഒരു വില്ലൻ കാമുകൻ! നായകന്റെ തിളക്കമുള്ള മുഖത്തുനിന്നും മാറി, ഇങ്ങനെയൊരു വില്ലൻ കാമുകന്റെ മുഖം മലയാളികൾ എങ്ങനെ സ്വീകരിക്കുമെന്ന് ഞാൻ ആദ്യം ഭയന്നിരുന്നു.'
ഒന്ന് ചിരിച്ചു കൊണ്ട് നസീർ അങ്കിൾ മറുപടി നൽകി: 'പരമേശ്വരൻ നായർ, ആ ഭയം എനിക്കുണ്ടായിരുന്നു. എന്നും നായകന്റെ മരംചുറ്റിയുള്ള പ്രണയങ്ങളും നിത്യകാമുകന്റെ മുഖങ്ങളും കണ്ടുശീലിച്ച പ്രേക്ഷകർ എന്നെ വെറുത്തുപോകുമോ എന്ന് ഞാനും ഭയന്നിരുന്നു. പക്ഷേ, ഭാസ്കരൻ മാഷിന്റെ സംവിധാനമികവും ആ കഥാപാത്രത്തിന്റെ യഥാർത്ഥ ഭാവവും എന്നെക്കൊണ്ട് ആ വേഷം ചെയ്യിപ്പിച്ചു.'
ഇവരുടെ സംഭാഷണങ്ങൾ കേട്ട ജി. വിവേകാനന്ദൻ പറഞ്ഞു: 'അതാണ് സുഹൃത്തുക്കളേ എന്റെ നോവലിന്റെ വിജയം. ചെല്ലമ്മ വെറുമൊരു കഥാപാത്രമല്ല, നമ്മുടെ ഗ്രാമീണതനിമയുടെ പ്രതീകമാണ്. ഭാസ്കരൻ മാഷ് അതിനെ വെള്ളിത്തിരയിലേക്ക് മാറ്റിയപ്പോൾ എന്റെ വരികൾക്ക് ജീവൻവച്ചു. ആ കുളക്കടവുകളും പച്ചപ്പും നിറഞ്ഞ ലൊക്കേഷനുകൾ... അതൊരു കാവ്യമായിരുന്നു.'
ഷീലയുടെ അതിമനോഹരമായ വേഷമാണ് ചെല്ലമ്മ. സാമൂഹികമായ വിലക്കുകളെയും അപവാദങ്ങളെയും ധീരമായി നേരിടുന്ന, തന്റേടമുള്ള ചെല്ലമ്മ എന്ന കഥാപാത്രത്തെ ഷീല അത്രയധികം ആഴത്തിലാണ് അവതരിപ്പിച്ചത്. ജീവിതത്തിന്റെ കടുത്ത പ്രതിസന്ധികളിൽ പതറാതെ നിൽക്കുന്ന ആ കഥാപാത്രത്തിന് ജീവൻ നൽകിയത്. അതാണല്ലോ ഷീലയ്ക്ക് ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചതും':അച്ഛൻ നസീർ അങ്കിളിനോട് പറഞ്ഞു.
എക്കാലത്തെയും പ്രണയനായകനായി അറിയപ്പെട്ട സാർ തന്റെ പതിവ് ഇമേജ് മാറ്റിപ്പിടിച്ച് വില്ലൻ ഛായയുള്ള 'കുഞ്ചാച്ചൻ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു എന്നതും ഷീല പുരുഷമേധാവിത്വത്തിനെതിരെ പൊരുതുന്ന ശക്തയായ ഒരു സ്ത്രീയായി നിറഞ്ഞാടി എന്നതും മലയാള സിനിമയിലെ ധീരമായ പരീക്ഷണങ്ങൾ തന്നെയാണ്.
അവരുടെ സംഭാഷണങ്ങൾ പിന്നീട് അതിലെ ഗാനങ്ങളിലേയ്ക്ക് തിരിഞ്ഞു.അച്ഛന്റെ കുറിപ്പുകളിൽ പ്രത്യേകിച്ചു എടുത്തു പറയുന്ന വരികൾ ആയിരുന്നു....
'തങ്കം നിനക്കുള്ള പിച്ചകമാലയുമായ്
സംക്രമപ്പൂനിലാവിറങ്ങി വന്നു,
നിൻ കിളിവാതിലിൽ പതുങ്ങി നിന്നു...'
വെണ്ണിലവിനെ മെരുങ്ങാത്ത കാമുകിയെ അണിയിക്കുവാനായി പിച്ചകമാലയുമായി വന്നുനിൽക്കുന്ന ഒരു കാമുകനായി കവി ചിത്രീകരിച്ചിരിക്കുന്നു. കിളിവാതിലിൽ പതുങ്ങി നിൽക്കുന്ന നിലാവിന്റെ ചിത്രം കേൾവിക്കാരുടെ മനസ്സിൽ ഒരു കവിത പോലെയാണ് പതിഞ്ഞു നിൽക്കുന്നത്.. ലളിതമായ പദങ്ങളിലൂടെ മനുഷ്യന്റെ വികാരങ്ങളെയും പ്രകൃതിയുടെ സൗന്ദര്യത്തെയും ഒപ്പിയെടുക്കുന്നതിൽ ഭാസ്കരൻ മാഷ് എത്രമാത്രം വിദഗ്ദ്ധനായിരുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ വരികൾ.
മലയാള സംഗീതത്തിലേയ്ക്ക് നാടൻ തനിമയുടെ വേരുകൾ ആഴത്തിൽ ഇറക്കിയ സംഗീതസംവിധായകനാണ് രാഘവൻ മാഷ്. 'കള്ളിച്ചെല്ലമ്മ'യിലെ ഈണങ്ങൾ കേൾക്കുമ്പോൾ തന്നെ വെള്ളായണി കായലിന്റെ കുളിർമയും അവിടുത്തെ നാടൻ വഴികളും നമ്മുടെ കണ്ണുകൾക്ക് മുന്നിൽ തെളിയും. ലളിതമായ സംഗീതത്തിലൂടെ ഗ്രാമീണ ചന്തം ചോർന്നുപോകാതെയാണ് അദ്ദേഹം ഓരോ പാട്ടും ചിട്ടപ്പെടുത്തിയത്.
ബ്രഹ്മാനന്ദന്റെ ശബ്ദം ആ ഗാനത്തിന് വേറിട്ടൊരു ഭംഗിയാണ് നൽകിയത്. വരികളിലെ വികാരം ഒട്ടും ചോർന്നുപോകാതെ, എന്നാൽ അതിമനോഹരമായി ശ്രോതാക്കളുടെ ഉള്ളിലേക്ക് എത്തിക്കാൻ ആദ്യ ചലച്ചിത്രഗാനത്തിലൂടെ തന്നെ അദ്ദേഹത്തിന് കഴിഞ്ഞു.
കമുകറ പുരുഷോത്തമന്റെയും ബി. വസന്തയുടെയും ശബ്ദത്തിൽ പിറന്ന, 'അശോക വനത്തിലെ സീതമ്മ' എന്ന ഗാനം മലയാളികളുടെ ഉള്ളുതൊട്ട ഒന്നാണ്. ചിത്രത്തിന്റെ പശ്ചാത്തലത്തോടും ചെല്ലമ്മയുടെ ജീവിതത്തോടും ഇഴുകിച്ചേർന്നുനിൽക്കുന്നതായിരുന്നു ഈ പാട്ടുകൾ ഓരോന്നും... കരിമേഘങ്ങൾ നിറഞ്ഞ ആകാശവും പച്ചപ്പ് നിറഞ്ഞ പ്രകൃതിയും പശ്ചാത്തലമാക്കി ഒരുക്കിയ ഈ ഗാനങ്ങൾ, പ്രണയത്തിന്റെ തീവ്രതയും വിരഹത്തിന്റെ നൊമ്പരവും ഒരുപോലെ ഒപ്പിയെടുത്തു. മലയാള സിനിമ ഉള്ളിടത്തോളം കാലം പി. ഭാസ്കരൻ-കെ. രാഘവൻ കൂട്ടുകെട്ട് തീർത്ത ഈ മാന്ത്രികഗാനങ്ങൾ ഓർമിക്കപ്പെടും എന്നത് അവരുടെ ചർച്ചകളിലെ ഒരു ആത്മവിശ്വാസം തന്നെയായിരുന്നു.
തിരുവനന്തപുരത്തെ വെള്ളായണി കായലും അതിന്റെ ചുറ്റുമുള്ള ഗ്രാമീണ വഴികളും കുളക്കടവുകളുമായിരുന്നു 'കള്ളിച്ചെല്ലമ്മ'യുടെ പ്രധാന ലൊക്കേഷൻ. വെറും സ്റ്റുഡിയോ സെറ്റിൽ ഒതുങ്ങാതെ, കേരളത്തിന്റെ തനിനാടൻ ഗ്രാമീണ സൗന്ദര്യത്തെ ക്യാമറയിലോട്ട് പകർത്തുകയായിരുന്നു ഭാസ്കരൻ മാഷ്. ആ കായൽക്കരയിലെ തണുത്ത കാറ്റും പച്ചപ്പും ഒക്കെയായിരുന്നു ഷൂട്ടിംഗ് ദിവസങ്ങളിലെ പ്രധാന ആകർഷണം.
ചെല്ലമ്മയായി ജീവിക്കുകയായിരുന്നു ഷീല. ആ കാലഘട്ടത്തിൽ. പുരുഷമേധാവിത്വത്തിനെതിരെ പൊരുതുന്ന ഒരു പെണ്ണായി ക്യാമറയ്ക്ക് മുന്നിൽ ഷീല തകർത്തഭിനയിച്ച രംഗങ്ങൾ ലൊക്കേഷനിലുണ്ടായിരുന്ന എല്ലാവരെയും വിസ്മയിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച്, സിനിമയുടെ ക്ലൈമാക്സിൽ 'ഞാൻ കള്ളിയല്ല' എന്ന് പറഞ്ഞ് മയങ്ങി വീണു മരിക്കുന്ന ആ രംഗം ഷൂട്ട് ചെയ്തപ്പോൾ ലൊക്കേഷനിൽ നിശബ്ദതയായിരുന്നുവെന്നും, അത്രയും തീവ്രമായാണ് ആ രംഗം അവർ ചെയ്തതെന്നും അച്ഛന്റെ ഓർമ്മകളിൽ പറയുന്നുണ്ട്.
എക്കാലത്തെയും പ്രണയനായകനായി മാത്രം ആളുകൾ കണ്ട പ്രേംനസീർ സാർ പ്രണയം നടിച്ചു ചതിക്കുന്ന വില്ലൻ കാമുകനായ 'കുഞ്ചാച്ചൻ' ആയി വേഷമിട്ടപ്പോൾ ലൊക്കേഷനിലെ അന്തരീക്ഷം തന്നെ ആവേശഭരിതമായിരുന്നു. മലയാളികൾ ഇത് എങ്ങനെ സ്വീകരിക്കും എന്നൊരു ചെറിയ ആശങ്ക നസീർ അങ്കിളിന് ഉണ്ടായിരുന്നെങ്കിലും, പി. ഭാസ്കരൻ മാഷിന്റെ നിർദ്ദേശപ്രകാരം അദ്ദേഹം ആ കഥാപാത്രത്തെ അങ്ങേയറ്റം സ്വാഭാവികമായി ഫലിപ്പിച്ചു.
അച്ഛന്റെ കുറിപ്പുകളിലൂടെ കടന്നുപോകുമ്പോൾ പി. ഭാസ്കരൻ മാഷും അച്ഛനും തമ്മിലുണ്ടായിരുന്ന ആഴത്തിലുള്ള സൗഹൃദത്തിന്റെ നേർക്കാഴ്ചകൾ കാണാം. പി. ഭാസ്കരൻ മാഷ് അച്ഛന് ഗുരുതുല്യനായ ഒരു വ്യക്തിയായിരുന്നു. അച്ഛൻ പലപ്പോഴും മാഷിന്റെ വീട്ടിൽ പോയി സിനിമയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും ദീർഘമായി ചർച്ചകൾ ചെയ്യുമായിരുന്നു. മാഷാകട്ടെ, ഇടയ്ക്ക് ഞങ്ങളുടെ വീട്ടിൽ വരും.
സിനിമയുടെ വിജയത്തിൽ ശോഭനാ പരമേശ്വരൻ നായരുടെ പങ്ക് എടുത്തുപറയണം. തിരുവനന്തപുരത്ത് ചിറയിൻകീഴിൽ ജനിച്ച അദ്ദേഹം, ഫോട്ടോഗ്രാഫിയിലുള്ള താല്പര്യംകൊണ്ട് തൃശൂരിൽ 'ശോഭന' എന്ന പേരിൽ ഒരു സ്റ്റുഡിയോ ആരംഭിച്ചു. അവിടെവെച്ചാണ് രാമു കാര്യാട്ട്, പി. ഭാസ്കരൻ, എം.ടി. വാസുദേവൻ നായർ തുടങ്ങിയ പ്രതിഭകളുമായി സൗഹൃദത്തിലാകുന്നത്. മലയാള സിനിമയിലെ നാഴികക്കല്ലായ 'നീലക്കുയിൽ' എന്ന ചിത്രത്തിന്റെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശോഭന പരമേശ്വരൻ നായരായിരുന്നു. ആ ബന്ധമാണ് പിന്നീട് അദ്ദേഹത്തെ ചലച്ചിത്ര നിർമാണത്തിലേക്ക് നയിച്ചത്.
പാരമ്പര്യവും മൂല്യങ്ങളും ചോർന്നുപോകാതെ ഒട്ടനവധി സിനിമകൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു. വാണിജ്യ വിജയങ്ങൾക്കപ്പുറം നല്ല സിനിമകൾ ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആവേശം. മലയാള ചലച്ചിത്ര തറവാട്ടിലെ കാരണവർ എന്ന് വിശേഷിപ്പിക്കാവുന്ന ശോഭന പരമേശ്വരൻ നായർ, മലയാള സിനിമ ഉള്ളിടത്തോളം കാലം തന്റെ ഉത്തമ കൃതികളിലൂടെയും സിനിമയോടുള്ള സമർപ്പണത്തിലൂടെയും ഓർമ്മിക്കപ്പെടും.
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 'ഓർവോ കളർ' ദൃശ്യത്തികവിൽ ഒരുങ്ങിയ ചിത്രമെന്ന പ്രത്യേകത 'കള്ളിച്ചെല്ലമ്മയ്ക്ക്' ഉണ്ട്. ചിത്രത്തിന്റെ പ്രധാന ഔട്ട്ഡോർ ലൊക്കേഷനുകൾ എല്ലാം തന്നെ തിരുവനന്തപുരത്തെ പ്രശസ്തമായ വെള്ളായണി കായലിന്റെയും പരിസര പ്രദേശങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു ചിത്രീകരിച്ചത്. മലയാളസിനിമ ചില നാഴികക്കല്ലുകൾ പിന്നിടുമ്പോൾ അതിന്റെ വെളിച്ചം വീട്ടിലേയ്ക്ക് കൂടി കടന്നുവരുന്നത് വല്ലാത്തൊരു അനുഭവമാണ്. ഒപ്പം അഭിമാനവും.
Content Highlights: In a nostalgic personal memoir, Sindhu Rajeev reveals how legendary actor Prem Nazir feared audience backlash for breaking his romantic hero image to play the manipulative villain 'Kunchachan' in P. Bhaskaran's classic film Kallichellamma.