മലയാളത്തിന്റെ നീലക്കുയിലിന് 70, പരീക്കുട്ടി സ്മരണയിൽ കൊച്ചി

തോപ്പുംപടി: മലയാളത്തിന്റെ മണമുള്ള ആദ്യ ചലച്ചിത്രം എന്നറിയപ്പെട്ട നീലക്കുയിൽ പുറത്തിറങ്ങിയിട്ട് എഴുപത് വർഷം പൂർത്തിയാകുന്നു. നീലക്കുയിലിന്റെ എഴുപതാം വാർഷികം തിങ്കളാഴ്ച കൊച്ചിയിൽ ആഘോഷിക്കും. സിനിമയുടെ നിർമാതാവായിരുന്ന ടി.കെ. പരീക്കുട്ടിയുടെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ചേർന്നാണ് ആഘോഷം സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് 5.30-ന് ആർട്ട് ആൻഡ് ആക്ടിന്റെ നേതൃത്വത്തിൽ മട്ടാഞ്ചേരിയിലെ ഷാദി മഹലിലാണ് ആഘോഷം.
കൊച്ചി തുറമുഖത്തെ ആദ്യകാല വ്യവസായിയായിരുന്നു പരീക്കുട്ടി. തുറമുഖത്ത് ചരക്കുകൾ കൈകാര്യം ചെയ്തിരുന്ന തോണികളുടെ മുതലാളി, നീലക്കുയിലിലൂടെ മലയാള സിനിമയിലെ അതികായനായി മാറുകയായിരുന്നു. 1954 ലാണ് നീലക്കുയിൽ പുറത്തിറങ്ങിയത്. മലയാളത്തിന്റെ സുഗന്ധമുള്ള സിനിമ എന്ന ആശയവുമായി പി. ഭാസ്‌കരനും, രാമു കാര്യാട്ടും ടി.കെ. പരീക്കുട്ടിയെ കാണുന്നതോടെയാണ് സിനിമയ്ക്കു വഴി തെളിഞ്ഞത്. ഉറൂബിന്റെ കഥയാണ് തിരഞ്ഞെടുത്തത്. സാമൂഹിക പ്രശ്‌നമായ ജാതീയതയായിരുന്നു വിഷയം.
മലയാളിത്തമുള്ള പാട്ടുകൾ വേണമെന്ന് പരീക്കുട്ടി നിർദേശിച്ചു. ആകാശവാണിയിൽ പ്രോഗ്രാമൊക്കെ ചെയ്തിരുന്ന രാഘവനെ സംഗീതച്ചുമതല ഏല്പിച്ചു. പാട്ടുകൾ ഭാസ്‌കരൻ മാഷ് എഴുതി. കായലരികത്ത് വലയെറിഞ്ഞപ്പോൾ എന്ന പാട്ട് രാഘവൻ തന്നെ പാടണമെന്ന് നിർദേശിച്ചതും പരീക്കുട്ടിയാണ്. മാനെന്നും വിളിക്കില്ല എന്ന ഗാനം കൊച്ചിക്കാരനായ എച്ച്. മെഹ്ബൂബിനെ കൊണ്ടാണ് പാടിച്ചത്. എല്ലാരും ചൊല്ലണ് എന്ന പാട്ട് പാടുന്നതിന് ജാനമ്മ ഡേവിഡിനെയും നിയോഗിച്ചു. പാട്ടുകൾ സിനിമാ കൊട്ടകകളെ ഇളക്കിമറിച്ചു. സിനിമ രണ്ട് പേരും ചേർന്ന് സംവിധാനം ചെയ്യാൻ നിർദേശിച്ചതും പരീക്കുട്ടിയാണ്. ഇരട്ട സംവിധായകരും മലയാളത്തിൽ ആദ്യ സംഭവമായിരുന്നു.
മലയാളത്തിന്റെ പരീക്ഷണ സിനിമയായിരുന്നു നീലക്കുയിൽ. മലയാളത്തിന് ആദ്യമായി രാഷ്ട്രപതിയുടെ മെഡൽ നേടിത്തന്ന സിനിമ ചരിത്രമായി.
Content Highlights: President's Silver Medal for Best Feature Film in Malayalam, Neelakuyil Cinema, Sathyan, Miss Kumari