ഇല്ലായ്മക്കാലത്ത് തുടങ്ങിയ നിർമാണക്കമ്പനി, പേര് 'ഇല്ലായ്മ മൂവീസ്'; ടി.വി. ചന്ദ്രന്റെ സിനിമായാത്ര

‘സിനിമയ്ക്ക് ജീവിതം അർപ്പിച്ചയാളാണ് ഞാൻ. ജീവിതം നിരർഥകമായില്ല. പുരസ്‌കാരം വൈകി എന്നു പറയാനാവില്ല. സമയമല്ലല്ലോ പ്രശ്നം. എന്നോടൊപ്പം പ്രവർത്തിച്ചവർക്കുകൂടി അവകാശപ്പെട്ടതാണ് ഈ പുരസ്‌കാരം. ഇതൊരു അംഗീകാരമാണ്. വലിയ സന്തോഷം’ -സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി.ദാനിയേൽ പുരസ്കാരം നേടിയ ടി.വി.ചന്ദ്രൻ പറഞ്ഞു.
‘ഇല്ലായ്മ മൂവീസ്’ ആയിരുന്നു ടി.വി.ചന്ദ്രന്റെ ആദ്യ സിനിമാക്കമ്പനി. ആ പേരിന്, ജീവിതവുമായി ചേർത്തുവെച്ചൊരു ചെറിയ ചരിത്രമുണ്ട്. ആദ്യ സിനിമ ‘കൃഷ്ണൻകുട്ടി’ ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്യാൻ മദിരാശിയിൽ പോയത് പവിത്രനൊപ്പമാണ്. സിനിമാ കമ്പനിയുടെ പേരുകൂടി രജിസ്റ്റർ ചെയ്യണമെന്ന് അവിടെയെത്തിയപ്പോഴാണറിഞ്ഞത്. പേരൊന്നും മനസ്സിൽ ഇല്ലായിരുന്നു. മൊത്തത്തിൽ ഇല്ലായ്മയുടെ കാലമായിരുന്നു അത്. എന്നാൽപ്പിന്നെ ‘ഇല്ലായ്മ മൂവീസ്’ എന്നാകട്ടെയെന്ന് ചന്ദ്രനും പവിത്രനും തീരുമാനിച്ചു.
ഇല്ലായ്മക്കാരനായിരുന്നു സിനിമയിലെ കൃഷ്ണൻകുട്ടിയും. അങ്ങനെ ഇല്ലായ്മയിൽ, ഇല്ലായ്മ മൂവീസിൽ തുടങ്ങിയ സിനിമായാത്രയാണ് ടി.വി.ചന്ദ്രന്റേത്.
തലശ്ശേരിക്കാരനായ ചന്ദ്രന് ബെംഗളൂരുവിലെ ചിട്ടിക്കമ്പനിയിലായിരുന്നു ആദ്യം ജോലി കിട്ടിയത്. അവിെടനിന്ന് ചെന്നൈക്കു മാറി. പിന്നീടാണ് റിസർവ് ബാങ്കിൽ ജോലികിട്ടുന്നത്. ഭാര്യ രേവതിക്കും റിസർവ് ബാങ്കിലായിരുന്നു ജോലി. ‘എനിക്കു ജോലിയുണ്ടെന്നേയുള്ളൂ. മിക്കപ്പോഴും പോകാറില്ല. ഭാര്യയുടെ ശമ്പളംകൊണ്ടാണ് തിരുവനന്തപുരം വേട്ടമുക്ക് ഉദയഗിരി നഗറിലെ ‘വസതി’യെന്ന വീടു പണിതത്. എന്റെ സിനിമ എനിക്കു കാശൊന്നും തന്നിട്ടില്ല. മണി ഓറിയന്റഡ് ആയിരുന്നില്ല ഞാനെടുത്ത സിനിമകൾ. രേവതിയുടെ പെൻഷനാണ് ആശ്രയം -‘വസതി’യിലിരുന്ന് ചന്ദ്രൻ പറഞ്ഞു.
പുതിയ സിനിമയുടെ തിരക്കഥ ഒരുക്കുകയാണ് അദ്ദേഹം. വളരെ സൂക്ഷിച്ച് സിനിമയെടുക്കേണ്ട കാലമാണിപ്പോഴെന്ന് സംവിധായകനു നന്നായറിയാം. എന്നാലും പ്രേക്ഷകരുമായി നേരിട്ടു സംവദിക്കുന്ന സിനിമയാണ് മനസ്സിൽ. അടുത്ത വർഷമുണ്ടാകും. ചിലപ്പോൾ തമിഴിലായിരിക്കും. കാരണം തമിഴ് ഇഷ്ടമാണ് ചന്ദ്രന്. ഏറെക്കാലം തമിഴ്‌നാട്ടിലായിരുന്നല്ലോ വാസം. ശിവാജി ഗണേശന്റെ ആരാധകനായ അദ്ദേഹത്തിന്, തമിഴിലെ നിരവധി എഴുത്തുകാർ സുഹൃത്തുക്കളായുണ്ട്. ഇതൊക്കെ തമിഴിനോടുള്ള ഇഷ്ടം കൂട്ടി.
രണ്ടാമതെടുത്ത സിനിമ തമിഴിലായിരുന്നു. പിന്നീട് തമിഴിൽത്തന്നെ ‘ആടുംകൂത്ത്’ വന്നു. തമിഴ് നന്നായറിയാം. ഭാര്യ തമിഴ്‌നാട്ടുകാരിയാണ്. ‘എന്റെ രീതിയിൽനിന്നു മാറിനിൽക്കുന്നതാകില്ല പുതിയ സിനിമയും’ -ചന്ദ്രൻ പറഞ്ഞു. ഏക മകൻ യാദവൻ സിനിമ, നാടക പ്രവർത്തകനാണ്. അച്ഛന്റെ ഒരു സിനിമ എഡിറ്റ് ചെയ്ത യാദവൻ ചീഫ് അസോസിയേറ്റായും പ്രവർത്തിച്ചിട്ടുണ്ട്.
Content Highlights: movie journey of director tv chandran, illayma movies, jc daniel award 2022