മലയാള സിനിമയെ ക്യാമറ കൊണ്ട് അത്ഭുതപ്പെടുത്തിയ ആ മാന്ത്രികന്‍ ഇതാ ഇവിടെ

കവിയായിരുന്നു മെല്ലി ഇറാനി. ക്യാമറ കൊണ്ട് ഫ്രെയിമുകളില്‍ കവിതയുടെ സൗന്ദര്യം നിറച്ച കലാകാരന്‍. ഇറാനിയുടെ ക്യാമറക്കണ്ണുകളിലൂടെ മലയാളികള്‍ വിസ്മയത്തോടെ കണ്ടുനിന്ന അനശ്വര കഥാപാത്രങ്ങള്‍ എത്രയെത്ര. ഒന്ന് വിരല്‍ ഞൊടിച്ചാല്‍ മതി, ഓര്‍മയുടെ വാനവീഥിയില്‍ വന്നു നിരന്നുനില്‍ക്കും അവര്‍: 'അനുഭവങ്ങള്‍ പാളിച്ചക'ളിലെ ചെല്ലപ്പന്‍, 'വാഴ്വേമായ'ത്തിലെ സുധി, 'യക്ഷി'യിലെ പ്രൊഫസര്‍ ശ്രീനിവാസന്‍, 'അടിമക'ളിലെ രാഘവന്‍, 'അരനാഴികനേര'ത്തിലെ കുഞ്ഞോനാച്ചന്‍, 'ഒരു പെണ്ണിന്റെ കഥ'യിലെ ഗായത്രീദേവി, 'പണി തീരാത്ത വീടി'ലെ ജോസ്, 'ശരപഞ്ജര'ത്തിലെ സൗദാമിനി, 'ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച'യിലെ രോഹിണി, 'കടല്‍പ്പാല'ത്തിലെ നാരായണക്കൈമള്‍....
ചെന്നൈ ചെട്ട്‌പേട്ടിലെ വീട്ടില്‍ ഇറാനിയെ ചെന്നു കണ്ടതിന്റെ ആവേശത്തില്‍ വിളിച്ചതായിരുന്നു സംവിധായകന്‍ ഹരിഹരന്‍. 'ഫോണില്‍ സംസാരിക്കാറുണ്ടെങ്കിലും നേരില്‍ കണ്ടിട്ട് കുറച്ചുകാലമായിരുന്നു.'- ഹരിഹരന്‍ പറഞ്ഞു. 'ഇറാനിക്ക് മുന്നില്‍ ചെന്നിരുന്നപ്പോള്‍ വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് അറിയാതെ തിരിച്ചുപോയി എന്റെ മനസ്സ്. മലയാള സിനിമക്ക് മറക്കാനാവാത്ത ഒരു കാലം. കറുപ്പും വെളുപ്പും വര്‍ണ്ണഭംഗിയും നിറഞ്ഞ ഫ്രെയിമുകള്‍ കൊണ്ട് നമ്മെ കരയിക്കുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്ത ആ മഹാപ്രതിഭയെ ആരോര്‍ക്കുന്നു ഇന്ന്? ഛായാഗ്രഹണകല യഥാര്‍ത്ഥത്തില്‍ എന്താണെന്ന് എന്റെ തലമുറയെ പഠിപ്പിച്ചത് വിന്‍സന്റ് മാഷും മെല്ലി ഇറാനിയുമൊക്കെയാണ്. അക്ഷരാര്‍ത്ഥത്തില്‍ ലജന്‍ഡുകള്‍. അവരെ മറന്നുകൊണ്ട് നമുക്കൊരു സിനിമാചരിത്രമില്ല...'
Content Highlights: Melly Irani Malayalam Cinema Cinematographer Indian Cinema KS Sethumadhavan Hariharan