നിർമിച്ചത് 50 അടി ആഴമുള്ള ഗുഹ, ഒറിജിനലിനെ വെല്ലുന്ന ഗുണാകേവ് ഒരുക്കി അജയൻ ചാലിശ്ശേരി

നിഗൂഢതകൾ നിറഞ്ഞ ഗുണാകേവിന്റെ ഇരുട്ടറയിലകപ്പെട്ട യുവാക്കളുടെ കഥപറഞ്ഞ മഞ്ഞുമ്മൽ ബോയ്‌സ്‌കണ്ട് ഗുണാകേവ് കാണാൻ നിരവധിപേരാണ് കൊടൈക്കനാലിലേക്ക് വണ്ടികയറിയത്. എന്നാൽ, ഒന്നര ദശാബ്ദമായി സഞ്ചാരികളെ വിലക്കിയിരിക്കുന്ന ഗുഹയുടെ ഇരുമ്പുകൈവരികൾ മാത്രമാണ് അവിടെയെത്തിയ സഞ്ചാരികൾക്ക് ദർശിക്കാനായത്. വിലക്കുള്ള ഗുഹയിൽ ഇവരെങ്ങനെ സിനിമ ഷൂട്ട് ചെയ്‌തെന്ന് ജനം വണ്ടറടിച്ച് നിന്നപ്പോഴാണ് സിനിമയ്ക്കായി ഗുണാകേവ് എറണാകുളം പെരുമ്പാവൂരിൽ സെറ്റിട്ടതാണെന്ന രഹസ്യം സിനിമയുടെ അണിയറ പ്രവർത്തകർ പരസ്യമാക്കിയത്.
ഒറിജനൽ ഗുണാകേവിനെ വെല്ലുന്ന ആ സെറ്റൊരുക്കിയ പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശ്ശേരിക്ക് മികച്ച കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കുമ്പോൾ അത് കലാമികവിനുള്ള കിരീടധാരണമാകുന്നു. ഏറെ പണിപ്പെട്ട് പ്രത്യേക അനുമതിയെടുത്ത് ഗുണാകേവ് നേരിൽക്കണ്ട ശേഷമാണ് അജയൻ ചാലിശ്ശേരി അതിനെവെല്ലുന്ന ഗുണാകേവ് പെരുമ്പാവൂരിൽ പണിതീർത്തത്. പെരുമ്പാവൂരിലെ ഗോഡൗണിൽ ഫൈബറുപയോഗിച്ചാണ് ഗുഹയുടെ സെറ്റിട്ടത്.
കൊടൈക്കനാലിലെ പാറകളുടെയും മറ്റും മോൾഡെടുത്തുകൊണ്ടുവന്ന് സമാന സാധനങ്ങൾ നിർമിച്ചു. ചെറിയകല്ലുകൾ കൊടൈക്കനാലിൽനിന്നുതന്നെ കൊണ്ടുവന്നു. 50 അടി ആഴമുള്ള ഗുഹയാണ് നിർമിച്ചത്. മഴ, മഞ്ഞ് അങ്ങനെ സിനിമയിൽവരുന്ന ഓരോ കാര്യവും കൃത്യമായി അതിനുള്ളിൽ ക്രമീകരിച്ചു. ’കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സിനിമകളിലൊന്നായിരുന്നു മഞ്ഞുമ്മൽ ബോയ്‌സ്. വർഷങ്ങളായി അടച്ചിട്ട ഗുണാകേവ് സന്ദർശിച്ച് ഓരോ കാര്യവും നിരീക്ഷിച്ചശേഷമാണ് സെറ്റ് പണിതത്. മികച്ച ടീം അതിനുപിന്നിൽ പ്രവർത്തിച്ചു. ഇതുവരെ പല സിനിമയും ചെയ്തിട്ടുണ്ടെങ്കിലും പ്രൊഡക്ഷൻ ഡിസൈൻ എന്ന വർക്ക് സാധാരണക്കാരായ പ്രേക്ഷകർ തിരിച്ചറിഞ്ഞു എന്നതാണ് മഞ്ഞുമ്മൽ ബോയ്‌സിന്റെ വലിയ പ്ലസ്സായി ഞാൻ കാണുന്നത്. സിനിമകണ്ട ആൾക്കാർ പലയിടത്തുനിന്നും വിളിച്ച് അഭിനന്ദിക്കയും ഓരോന്നും എങ്ങനെ ചെയ്തെന്ന് കൗതുകത്തോടെ ചോദിക്കയും ചെയ്തു. ആ സിനിമയ്ക്കുതന്നെ സംസ്ഥാന പുരസ്‌കാരം ലഭിച്ചു എന്നതിൽ സന്തോഷം’- അജയൻ ചാലിശ്ശേരി പറഞ്ഞു.
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിൽ തുടങ്ങി മഹേഷിന്റെ പ്രതികാരം, ട്രാൻസ്, പത്തൊമ്പതാം നൂറ്റാണ്ട്, പറവ, വരത്തൻ, ഇടുക്കി ഗോൾഡ്, റൈഫിൾ ക്ലബ് അങ്ങനെ പത്തുവർഷം കൊണ്ട് അജയന്റെ കൈയൊപ്പ് പതിഞ്ഞത് മികച്ച സിനിമകളിലാണ്.
ഇത് ചാലിശ്ശേരി ഗ്രാമത്തിനുള്ള സമ്മാനം -അജയൻ ചാലിശ്ശേരി
പട്ടാമ്പി: “ഇതെന്റെ ചാലിശ്ശേരിഗ്രാമത്തിനുള്ള സമ്മാനമാണ്. എന്റെയൊപ്പം ഒരുപാട് ചാലിശ്ശേരിക്കാർ കഠിനപ്രയത്നം ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിന് ഈ അംഗീകാരം നേടിയെടുക്കാനായത്. പുരസ്‌കാരം എന്റെ ഗ്രാമത്തിന് സമർപ്പിക്കുന്നു”. മികച്ച കലാസംവിധാനത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മഞ്ഞുമ്മൽ ബോയ്‌സിന് നേടിയശേഷം ‘മാതൃഭൂമി’യോട് പ്രതികരിക്കയായിരുന്നു കലാസംവിധായകനായ അജയൻ ചാലിശ്ശേരി.
മംഗലാപുരത്ത് പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങളിലിരിക്കുമ്പോഴാണ് അവാർഡ് വിവരം അറിയുന്നത്. നാട്ടുകാരനായ നന്ദനാണ് വിവരമറിയിച്ചത്. കൂട്ടായ അധ്വാനത്തിന്റെ ഫലമാണ് ഇപ്പോൾ ലഭിച്ചത്. പുരസ്‌കാരത്തിന് വേണ്ടിയല്ല ജോലിയെടുക്കുന്നത്. എന്നാൽ, പുരസ്‌കാരം തേടിവരുമ്പോൾ അതിൽ അഭിമാനിക്കുന്നെന്നും അജയൻ ചാലിശ്ശേരി പറയുന്നു.
പുരസ്‌കാരവിവരം അറിഞ്ഞയുടൻ ഭാര്യ സബിതയും മക്കളായ ദയയും യുവാനും വിളിച്ചിരുന്നു. അജയന്റെ നേട്ടത്തിൽ ഏറെ സന്തോഷത്തിലാണ് നാട്ടുകാരും. ചിദംബരത്തിന്റെ പുതിയചിത്രമായ ‘ബാലന്റെ’ സെറ്റിലാണ് അജയൻ ചാലിശ്ശേരിയുള്ളത്.
കുഴിയിൽവീഴുന്നു, രക്ഷിക്കുന്നു; അതിനിടയിലാണ് എഴുത്ത്
മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥാകൃത്ത് തുടങ്ങി പത്തുനേട്ടങ്ങളുമായി തിളങ്ങി മഞ്ഞുമ്മൽ ബോയ്‌സ്. ഒരു യഥാർഥസംഭവത്തെ ആസ്പദമാക്കിയുള്ള സർവൈവൽ ത്രില്ലറിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ച് പുരസ്കാരം കരസ്ഥമാക്കിയ ചിദംബരം എസ്. പൊതുവാൾ തിരക്കഥയിൽ നടത്തുന്ന പരീക്ഷണങ്ങളെക്കുറിച്ച് സംസാരിക്കുന്നു.
യഥാർഥ മഞ്ഞുമ്മൽ ബോയ്സ് തന്നെയാണ് ആ സിനിമ ആദ്യം കണ്ടത്. കാരണം അവരുടെ അനുഭവത്തോട് നമ്മൾ നീതിപുലർത്തണം. കൂടാതെ പ്രേക്ഷകർക്കായി സിനിമാറ്റിക് അനുഭവവും നൽകണം. അത് ബാലൻസ് ചെയ്യുന്നതായിരുന്നു വെല്ലുവിളി. ഒരാൾ കുഴിയിൽ വീഴുന്നു, അയാളെ രക്ഷിക്കുന്നു എന്നതായിരുന്നു സിനിമയുടെ ആശയം. ഈ രണ്ട് സംഭവങ്ങൾക്കിടയിൽ എന്തൊക്കെ മുഹൂർത്തങ്ങൾ കൊണ്ടുവരാമെന്നാണ് ആലോചിച്ചത്.
Content Highlights: Discover how the `Manjummel Boys` recreated the treacherous Guna Caves in Perumbavoor, Kerala. Learn about the award-winning production design and the challenges involved