‘മേങ്ങാതെ മോങ്ങീറ്റ് മടങ്ങാൻ ഷേണായി ബേറെ ജനിക്കണം’; മമ്മൂട്ടി കഥാപാത്രങ്ങളിലെ ഭാഷാവ്യതിയാനങ്ങളിലൂടെ

#മൂവി ഡെസ്ക്
മമ്മൂട്ടിയുടെ വിവിധ കഥാപാത്രങ്ങൾ | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്
മമ്മൂട്ടിയുടെ വിവിധ കഥാപാത്രങ്ങൾ | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

ഭംഗിയായി മലയാളം പറയുന്ന മലയാളിയെ നമ്മൾ മമ്മൂട്ടി എന്നുവിളിക്കും. വടക്കൻ കേരളത്തിന്റെ അറ്റത്തെ തുളുനാടൻ മലയാളം മുതൽ തെക്കൻ കേരളത്തിന്റെ അറ്റത്തെ തമിഴ് കലർന്ന മലയാളംവരെയുള്ള കേരളത്തിന്റെ 14 ജില്ലകളിലെ ഭാഷകളും തന്റെ കൈകളിൽ ഭദ്രമാണെന്ന് അഭ്രപാളിയിൽ പലവട്ടം ആ മഹാനടൻ കാണിച്ചുതന്നു. ഓരോ നാടിനും അതുകൊണ്ടുതന്നെ മമ്മൂട്ടി അവരുടെ നാട്ടുകാരനായി മാറുന്നു.

ഭാഷയുടെ വാമൊഴിവഴക്കങ്ങളെ അതിസൂക്ഷ്മതയോടെ നിരീക്ഷിക്കുകയും അത് സ്വായത്തമാക്കുകയും ചെയ്യുന്നതിൽ മമ്മൂട്ടി കാണിക്കുന്ന അസാമാന്യപാടവത്തെക്കുറിച്ച് സിനിമാപഠനങ്ങൾ ഒരുപാട് ഇതിനോടകം നടന്നിട്ടുണ്ട്. ഭാഷയുടെ ഇടവഴികളെപ്പോലും ഇത് കൃത്യമായി അടയാളപ്പെടുത്തിയ മറ്റൊരു നടൻ ലോകസിനിമയിലുണ്ടാവില്ല. 14 ജില്ലകളുള്ള കേരളത്തിൽനിന്ന് 17-ലധികം മലയാള ഭാഷയുടെ വകഭേദങ്ങളെ മമ്മൂട്ടി കഥാപാത്രങ്ങളിലൂടെ നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. അതിൽ അടിയാളനായ മാടമുതൽ ഭൂപ്രഭുവായ ഭാസ്‌കര പട്ടേലർവരെ നീളുന്ന വൈവിധ്യങ്ങൾ. ഭാഷാവഴക്കത്തിലുള്ള അസാമാന്യപാടവം കൊണ്ട് വിമർശകരെപ്പോലും മമ്മൂട്ടി പലതവണ അതിശയിപ്പിച്ചു. ഭാഷയെയും ദേശത്തെയും അവിടത്തെ ജീവിതങ്ങളെയും സ്വന്തം ശരീരത്തിലേക്ക് ആവേശിപ്പിച്ചെടുത്ത് മമ്മൂട്ടി കാണിച്ച 17 മലയാളങ്ങളെ പരിചയപ്പെടുത്തുന്നു.

1921 (1988)

മലബാർ കലാപത്തെ ആസ്‌പദമാക്കി ഐ.വി. ശശി സംവിധാനംചെയ്ത 1921-ൽ ഏറനാട്ടുകാരൻ ഖാദർ എന്ന മുസ്‌ലിം കഥാപാത്രത്തെ ഏറനാടിന്റെ വാമൊഴിവഴക്കത്തിൽ പാകപ്പെടുത്തിയാണ് മമ്മൂട്ടി അനശ്വരമാക്കിയത്. ഏറനാടിന്റെ ഭാഷയെയും ജീവിതത്തെയും സൂക്ഷ്‌മമായി തുറന്നുകാട്ടാൻ ഈ സിനിമയ്ക്ക് കഴിഞ്ഞു.

ഒരു വടക്കൻ വീരഗാഥ (1989)

എം.ടി. വാസുദേവൻ നായർ വടക്കൻ വീരഗാഥ എഴുതിത്തീർത്തത് മമ്മൂട്ടിയെ മാത്രം മുന്നിൽ കണ്ടായിരുന്നു. വാൾത്തലപ്പുപോലെ മൂർച്ചയുള്ള ചന്തുവിന്റെ ഭാഷയെ കരുത്തോടെ അവതരിപ്പിച്ച് മമ്മൂട്ടി ആ വിശ്വാസത്തെ കാത്തു. സംഭാഷണത്തിലെ ഉയർച്ച താഴ്‌ചകളിലെ ക്യത്യത പ്രകടനത്തിന് മുതൽക്കൂട്ടായി.

കോട്ടയം കുഞ്ഞച്ചൻ (1990)

പട്ടമ്പിത്തരവും ഉള്ളിൽ നന്മയും നിറച്ച അസ്സൽ കോട്ടയം അച്ചായൻ. ഒരു പ്രദേശത്തെ എങ്ങനെ കഥാപാത്രമാക്കാം എന്ന് മലയാളി പഠിച്ചത് കുഞ്ഞ ച്ചന്റെ കോട്ടയം ശൈലി സംസാരം കേട്ടാണ്. മമ്മൂട്ടി തന്നെ ഒരുപാട് കോ ട്ടയം അച്ചായൻ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും കുഞ്ഞച്ചനെ വെല്ലുന്ന മറ്റൊരു കോട്ടയംകാരൻ ഇന്നുവരെ മലയാള സിനിമയിലുണ്ടായിട്ടില്ല. ടി.എസ് സുരേഷ് ബാബുവാണ് സിനിമ സംവിധാനംചെയ്തത്.

അമരം (1991)

കടലോര ജീവിതത്തിന്റെ നൊമ്പരക്കാഴ്ച്‌ചകൾ അവതരിപ്പിച്ച അമരം എന്ന ചിത്രത്തിലെ അച്ചൂട്ടിയായപ്പോൾ അരയന്റെ ഭാഷയുടെ അമരത്തിരുന്നു മമ്മൂട്ടി. അരയന്റെ നൊമ്പരവും ജീവിതവുമെല്ലാം വികാരനൗകയായി പ്രേക്ഷകന്റെ ഹൃദയത്തിലേക്ക് മമ്മൂട്ടി ഒഴുക്കിവിട്ടു. വികാരതീവ്രരംഗങ്ങളിൽപ്പോലും ഭാഷയുടെ ഉൾക്കാമ്പിനെ പോറലേൽക്കാതെ അവതരിപ്പിച്ചു.

വാത്സല്യം (1993)

സ്നേഹവും കരുതലും നൊമ്പരവും ഒളിപ്പിച്ച വള്ളുവനാടൻ മലയാളം മേലേടത്ത് രാഘവൻ നായർ എന്ന കഥാപാത്രത്തിലൂടെ മമ്മൂട്ടി പ്രേ ക്ഷകർക്ക് വാത്സല്യമാക്കി മാറ്റി. കൊച്ചിൻ ഹനീഫ സംവിധാനം ചെയ്തത് 1993-ൽ പുറത്തിറങ്ങിയ വാത്സല്യം എന്ന ചിത്രം വള്ളുവനാടിന്റെ ജീവിതഭൂപടത്തിന്റെ അടയാളപ്പെടുത്തൽ കൂടിയായിരുന്നു. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ചിത്രം മമ്മൂട്ടിക്ക് സമ്മാനിച്ചു.

വിധേയൻ (1994)

മമ്മൂട്ടിയെ ദേശീയപുരസ്കാരത്തിനർഹനാക്കിയ വിധേയനിലെ ഭാസ്‌കര പട്ടേലർ എന്ന കഥാപാത്രം സംസാരിച്ച് തുളുകലർന്ന മലയാളത്തിലാണ്. സക്കറിയയുടെ ഭാസ്‌കര പട്ടേലറും എന്റെ ജീവിതവും എന്ന നോവലിനെ അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണണൻ സംവിധാനം ചെയ്‌ത ചിത്രം മലയാളത്തിലെ മികച്ച സിനിമകളിലൊന്നാണ്.

ഡാനി (2001)

ഡാനിയുടെ ജീവിതം മമ്മൂട്ടി അനശ്വരമാക്കിയത് കൊച്ചിയുടെ മലയാളം സംഭാഷണത്തിൽ അലിയിച്ചുചേർത്താണ്. ഫോർട്ട്കൊച്ചിയുടെ തനത് ഭാഷയിലേക്ക് പരകായപ്രവേശം നടത്തിയ മമ്മൂട്ടി ഏറെ പ്രശംസ നേടി. ഡാനിയുടെ ജീവിതത്തിലൂടെ കൊച്ചിയുടെ ഭാഷയും ജീവിതവുംകൂടി അടയാളപ്പെടുത്തിയ ടി.വി ചന്ദ്രൻ ചിത്രം നിരവധി പുരസ്കാരങ്ങളാണ് നേടിയത്.

കാഴ്‌ച (2004)

കുട്ടനാട്ടുകാരനായ മാധവൻ എന്ന സിനിമാ ഓപ്പറേറ്ററായ മമ്മൂട്ടി വെള്ളിത്തിരയിലേക്ക് കൊണ്ടുവന്നു. കുട്ടനാടൻ ശൈലിയിൽ മമ്മൂട്ടി മാധവന്റെ ജീവിതത്തിലേക്ക് വാതിൽ തുറന്നപ്പോൾ പ്രേക്ഷകന്റെ ഹൃദയത്തിൽ ഒരു മായാത്ത നൊമ്പരക്കാഴ്ചയായി അത് മാറി ബ്ലെസ്സിയുടെ ആദ്യചിത്രമായ കാഴ്‌ചയിലെ അഭിനയം മമ്മൂട്ടിക്ക് സംസ്ഥാനപുരസ്‌കാരം നേടിക്കൊടുത്തു.

രാജമാണിക്യം (2005)

ഹാസ്യരൂപേണമാത്രം അവതരിപ്പിച്ചുകൊണ്ടിരുന്ന ഒരു ഭാഷയ്ക്ക് ‌സ്നേഹത്തിന്റെയും നൊമ്പരത്തിന്റെയും കാതലുണ്ടെന്ന് മലയാളിക്ക് കാണിച്ചുതന്ന മമ്മൂട്ടി ചിത്രമാണ് രാജമാണിക്യം മമ്മൂട്ടി തിരുവനന്തപുരം ഭാഷ പറയുന്ന ബെല്ലാരി രാജയെന്ന രാജമാണിക്യമായി അടിമുടി മുങ്ങി എഴുന്നേറ്റപ്പോൾ മലയാള സിനിമയുടെ ബോക്സോഫീസിന്റെ ചരിത്രംപോലും മാറ്റിയെഴുതപ്പെട്ടു. അൻവർ റഷീദായിരുന്നു. സംവിധാനം.

ബസ്‌ കണ്ടക്ടർ (2005)

മലപ്പുറത്തെ മുസ്ലിം ജീവിതത്തെയും ഭാഷയെയും മമ്മൂട്ടി പല സിനിമകളിൽ വ്യത്യസ്ത വേഷങ്ങളിലൂടെ അടയാളപ്പെടുത്തിയിട്ടുണ്ട്. വി.എം. വിനു സംവിധാനംചെയ്ത ബസ് കണ്ടക്ടർ എന്ന ചിത്രത്തിൽ കുഞ്ഞാക്ക എന്ന കഥാപാത്രമായി തനി മലപ്പുറത്തുകാരനായി മമ്മൂട്ടി മാറി. ഇശലിന്റെ ഇമ്പം നിറയുന്ന ഭാഷ മമ്മൂട്ടിയുടെ കൈകളിലെത്തിയപ്പോൾ അതിന്റെ എല്ലാ സൗന്ദര്യവും പുറത്തുകാട്ടി.

കറുത്തപക്ഷികൾ (2006)

കറുത്തപക്ഷികളിൽ തമിഴ്‌നാട്ടുകാരനായ തേപ്പുകാരൻ മുരുകനായി മമ്മൂട്ടി മാറിയപ്പോൾ കഥാപാത്ര ഭാഷ തമിഴ്- മലയാളമായിരുന്നു. ജോലിതേ ടിവരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ അരികുജീവിതങ്ങളുടെ അടയാളപ്പെടുത്തലായി കമൽ ചിത്രമായ കറുത്തപക്ഷികൾ മാറി. കഥാപാത്രത്തിന് ഇത്തരമൊരു ഭാഷ ഉപയോഗിക്കാമെന്ന നിർദേശം വെച്ചതും മമ്മൂട്ടി തന്നെ.

ലൗഡ്‌സ്‌പീക്കർ (2009)

വലിയവായിൽ സംസാരിക്കുന്ന തോപ്രാംകുടിക്കാരനായി മമ്മൂട്ടി ലൗഡ്സ്പീക്കറിൽ നിറഞ്ഞപ്പോൾ ഇടുക്കിയിലെ മലയോരജീവിതത്തിന്റെ മലയാളം, പ്രേക്ഷകൻ കേട്ടു. ഫിലിപ്പോസ് എന്ന മൈക്കായി ആദ്യവസാനം നിഷ്കളങ്കത നിറഞ്ഞ കഥാപാത്രത്തെ മമ്മൂട്ടി വാർത്തെടുത്തത് ഇടുക്കിയുടെ വാമൊഴിക്കരുത്തിലാണ്. 2009-ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്‌തത് ജയരാജാണ്.

ചട്ടമ്പിനാട് (2009)

ചട്ടമ്പിനാട് എന്ന സിനിമയിലാണ് കന്നഡ കലർന്ന മലയാളഭാഷ സംസാരിക്കുന്ന കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞാടിയത്. വീരേന്ദ്ര മല്ലയ്യ എന്ന കഥാപാത്രത്തെ തന്റെ അസാമാന്യ മാനറിസങ്ങളും കന്നഡ കലർന്ന മലയാളഭാഷയും കൊണ്ട് മമ്മൂട്ടി മികവുറ്റതാക്കി. ഹാസ്യത്തിനും ആക്ഷനും പ്രാധാന്യം നൽകി ഷാഫി സംവിധാനം ചെയ്ത് 2001-ലാണ് ചിത്രം പുറത്തിറങ്ങിയത്.

പാലേരി മാണിക്യം (2009)

മുരിക്കിൻകുന്നത്ത് അഹമ്മദ് ഹാജിയെപ്പോലെ കോഴിക്കോട്ടിന്റെ ഉൾനാടൻ ഭാഷയെ ഇത്ര കൃത്യമായി അടയാളപ്പെടുത്തിയ മറ്റൊരു കഥാപാത്രം മലയാള സിനിമയിലില്ല. പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന രഞ്ജിത് ചിത്രത്തിലൂടെ ഭാഷയെയും ദേശത്തെയും മമ്മൂട്ടി എടുത്ത് ഉടുക്കുകയായിരുന്നു.

പ്രാഞ്ചിയേട്ടൻ & ദ സെയ്ന്റ് (2010)

മലയാളിയുടെ പൊങ്ങച്ചത്തിനു മുകളിൽ അസ്സൽ തൃശ്ശൂർ ഭാഷയിൽ പ്രാഞ്ചിയേട്ടനിലൂടെ രഞ്ജിത്ത് നൽകിയ അടിയായിരുന്നു പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയ്ന്റ്. ചിറമ്മൽ ഈനാശു ഫ്രാൻസിസ് എന്ന പ്രാഞ്ചിയേട്ടനായി അനായാസമായി തൃശ്ശൂർ ഭാഷ പറഞ്ഞപ്പോൾ അത് മലയാളം കണ്ട മികച്ച ചിത്രമായി മാറി.

കമ്മത്ത് & കമ്മത്ത് (2013)

മമ്മൂട്ടിയും ദിലീപും ഒന്നിച്ച കമ്മത്ത് ആൻഡ് കമ്മത്ത് എന്ന ഉത്സവകാല ചിത്രത്തിന്റെ പ്രധാന ആകർഷണം മമ്മൂട്ടിയുടെ കൊങ്കിണി മലയാളം തന്നെയായിരുന്നു. വർഷങ്ങളായി കേരളത്തിൽ വിവിധ ജില്ലകളിൽ ജീവിക്കുന്ന കൊങ്കിണി സമൂഹത്തിന്റെ അടയാളപ്പെടുത്തലായി മമ്മൂട്ടി കഥാപാത്രം മാറി.

പുത്തൻപണം (2017)

മലയാള സിനിമയിൽ അന്നുവരെ ആരും പരീക്ഷിക്കാത്ത കാസർകോട് ജില്ലയുടെ വടക്കേയറ്റത്ത് സംസാരിക്കുന്ന കാസർകോടൻ മലയാളം സം സാരിച്ച മമ്മൂട്ടികഥാപാത്രമായിരുന്നു പുത്തൻപണത്തിലെ നിത്യാനന്ദ ഷേണായി. നിത്യാനന്ദ ഷേണായിയായി മമ്മൂട്ടി തനി കാസ്രോടൻഭാഷ സംസാരിച്ചപ്പോൾ അത് ആ ദേശത്തെ ഭാഷയ്ക്കുള്ള വെള്ളിത്തിരയിലെ ആദരമായി മാറി രഞ്‌ജിത്താണ് പുത്തൻപണം സംവിധാനം ചെയ്ത‌ത്.

(പുനഃപ്രസിദ്ധീകരണം. 2019 ജൂൺലക്കം സ്റ്റാർ ആൻഡ് സ്റ്റൈലിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Mammootty, a celebrated actor in Malayalam cinema, is renowned for his exceptional ability to portray characters from various regions of Kerala, each with its distinct dialect. His mastery over language and dialects has been a subject of extensive study in film academia. Mammootty has convincingly depicted over 17 dialects from Kerala's 14 districts, showcasing his unparalleled skill in capturing the nuances of regional speech.