കഥാപാത്രത്തിന്റെ പര്യായമായി അഭിനേതാവ് മാറുന്ന അത്യപൂർവ സന്ദർഭം; മമ്മൂട്ടിയുടെ 'അംബേദ്കർ'

ദാദാസാഹിബ്'. മമ്മൂട്ടി ഇരട്ടവേഷത്തിലെത്തിയ വിനയൻ സിനിമയാണിത്. 2000 ഡിസംബറിൽ തിയേറ്ററുകളിലെത്തിയ ആ ചിത്രം തിയേറ്ററുകളെ പൂരപ്പറമ്പാക്കി. അതേമാസംതന്നെ മമ്മൂട്ടിയുടെ മറ്റൊരു ചിത്രംകൂടി റിലീസ് ചെയ്യേണ്ടതായിരുന്നു, 'ഡോ. ബാബാസാഹേബ് അംബേദ്‌കർ', മമ്മൂട്ടി അഭിനയിച്ച ഏക ഇംഗ്ലീഷ് ചിത്രം എന്ന സവിശേഷത കൂടിയുണ്ട് അതിന്. മഹാനടന് രാജ്യം മുഴുവൻ സ്വീകാര്യത നേടിക്കൊടുക്കുമായിരുന്ന 'ബാബാ സാഹേബ്', പക്ഷേ ഇന്നും തിയേറ്ററുകളിലെത്തിയിട്ടില്ല. വെള്ളിത്തിര കണ്ടില്ലെങ്കിലും മമ്മൂക്കയുടെ ഏറ്റവും മികച്ച പത്ത് ചിത്രങ്ങളുടെ കണക്കെടുത്താൽ അതിലൊന്ന് 'ഡോ. ബാബാസാഹേബ് അംബേദ്‌കർ' ആകുമെന്ന കാര്യം ഉറപ്പ്.
1998-ലാണ് അംബേദ്‌കറുടെ ജീവിതകഥ സിനി മയാക്കാൻ മറാത്തി സംവിധായകൻ ജബ്ബാർ പട്ടേൽ തീരുമാനിച്ചത്. മഹാരാഷ്ട്ര സർക്കാറും കേന്ദ്രസാമൂഹികനീതി ശാക്തീകരണ മന്ത്രാലയവും പണം മുടക്കാൻ തയ്യാറായതോടെ പ്രൊജക്ടിന് ജീവൻ വച്ചു. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനായിരുന്നു നിർമാണച്ചുമതല.
അംബേദ്കറായി ആരെ അഭിനയിപ്പിക്കും എന്നതായിരുന്നു സംവിധായകന് മുമ്പിലുള്ള വലിയ വെല്ലുവിളി. അംബേദ്‌കറിനെക്കുറിച്ച് നേരത്തെ ഒരു ഡോക്യുമെന്ററി ചെയ്തതിനാൽ അദ്ദേഹത്തിന്റെ രൂപത്തെപ്പറ്റി ഏകദേശധാരണ ജബ്ബാർ പട്ടേലിനുണ്ട്. വിരിഞ്ഞ തോളുകളുള്ള വലിയ ശരീരപ്രകൃതമായിരുന്നു അംബേദ്കറിന്. വെളുത്ത നിറക്കാരനായിരുന്ന അംബേദ്‌കർ ചിരിക്കുമ്പോൾ കവിളുകൾ കാശ്മീരി ആപ്പിൾ പോലെ ചുവന്നുതുടുക്കുമായിരുന്നു എന്ന് അദ്ദേഹത്തെ പരിചയമുള്ളവർ ജബ്ബാർ പട്ടേലിനോട് പറഞ്ഞിട്ടുണ്ട്. മറ്റൊരു പ്രത്യേകത സംഭാഷണശൈലിയാണ്. ഏറെക്കാലം ബ്രിട്ടനിൽ താമസിച്ചു പഠിച്ചതിനാൽ കൃത്യമായ ഓക്സ്‌ഫഡ് ഉച്ചാരണരീതിയാണ് അംബേദ്‌കറിന്. രൂപവും സംഭാഷണശൈലിയും ഒത്തിണങ്ങുന്ന ഒരാളെ കണ്ടെത്തുക എന്നതായിരുന്നു പ്രയാസം. ബെൻ കിങ്സ്ലിയെ പോലുളള വിദേശ നടൻമാർ ഇന്ത്യൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച പതിവുണ്ടല്ലോ. ആ വഴി പിന്തുടർന്ന് അമേരിക്കയിലും ബ്രിട്ടനിലുമൊക്കെ അന്വേഷിച്ചു. അമേരിക്കയിലെ കാസ്‌റ്റിങ് ഡയറക്ടർ പ്രിസില്ല്യ ജോൺ നൂറിലേറെ ഇന്ത്യൻ-അമേരിക്കൻ, ലാറ്റിൻ-അമേരിക്കൻ നടൻമാരുടെ ഫോട്ടോകളും വീഡിയോകളും ജബ്ബാറിനെ കാണിച്ചെങ്കിലും അതിലൊന്നും അദ്ദേഹത്തിന് തൃപ്തി വന്നില്ല.
നിരാശനായി നാട്ടിലേക്ക് മടങ്ങിയ ജബ്ബാർ പട്ടേൽ അവിചാരിതമായാണ് ആ ലക്കം ഫിലിം ഫെയർ മാസിക കണ്ടത്, വട്ടക്കണ്ണടയണിഞ്ഞ മമ്മൂട്ടിയായിരുന്നു കവർ ചിത്രം. ആ ചിത്രത്തിന് തന്റെ കൈയിലുണ്ടായിരുന്ന അംബേദ്കറിന്റെ ചിത്രവുമായി അതിശയകരമായ സാമ്യം തോന്നി ജബ്ബാറിന്. ഉടൻ തന്നെ പുണെയിലെ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിലേക്ക് (സി-ഡാക്) പോവുകയാണ് ജബ്ബാർ ചെയ്തത്. പുണെ സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന സി-ഡാക്കിലെ കംപ്യൂട്ടർ വിദഗ്ധർക്ക് അംബേദ്കറിന്റെയും മമ്മൂട്ടിയുടെയും പടങ്ങൾ നൽകി. മമ്മൂട്ടിയുടെ മുഖത്തെ മീശ മാറ്റി, കവിളുകൾ അല്പം വലുതാക്കിയപ്പോൾ സ്ക്രീ നിൽ അംബേദ്‌കറിൻ്റെ മുഖം തെളിഞ്ഞു. അതുക ണ്ട് അദ്ഭുതപ്പെട്ടുപോയി ജബ്ബാർ പട്ടേൽ.
സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ വഴി മമ്മൂട്ടിയുമായി ഒരു കൂടിക്കാഴ്‌ച തരപ്പെടു ത്തുകയാണ് ജബ്ബാർ പട്ടേൽ പിന്നെ ചെയ്തത്. പ്രൊജക്ടിനെക്കുറിച്ച് കേട്ടയുടൻ തന്നെ മമ്മൂട്ടി 'നോ' പറഞ്ഞുവെന്ന് സഞ്ജിത് സിദ്ധാർഥന് നൽ കിയ അഭിമുഖത്തിൽ ജബ്ബാർ പട്ടേൽ ഓർക്കുന്നു. "ഞങ്ങളുടെ ജീവിതരീതിയും ശരീരഭാഷയുമൊക്കെ നിങ്ങളിൽ നിന്ന് വ്യത്യസ്‌തമാണ്. മുണ്ടുടുക്കുന്നത് പോലും വേറെ വിധത്തിൽ. അംബേദ്കറും ഞാനും അഭിഭാഷകരാണ് എന്നത് മാത്രമാണ് ഏക സാമ്യം"-മമ്മൂട്ടി തൻ്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി. അപ്പോഴാണ് കൈയിലുളള നാല് ചിത്രങ്ങൾ ജബ്ബാർ പട്ടേൽ കാണിച്ചത്. മമ്മൂട്ടിയുടെ മുഖം അംബേദ്‌കറിൻ്റേതായി മാറുന്ന ഘട്ടങ്ങൾ വിശദമാക്കുന്ന പടങ്ങളായിരുന്നു അവ. അവസാനത്തേതിൽ മമ്മൂട്ടി പൂർണമായും അംബേദ്കറായി. അത് കണ്ടയുടൻ ആശ്ചര്യപ്പെട്ട മമ്മൂട്ടി ഭാര്യയെ വിളിച്ച് അവ കാണിച്ചുകൊടുത്തു. എന്നിട്ടും അം ബേദ്കറിന്റെ വേഷം സ്വീകരിക്കാൻ മമ്മൂട്ടി തയ്യാറായില്ല. വീണ്ടും അടൂർ ഗോപാലകൃഷ്‌ണൻ വിളിച്ചു സംസാരിച്ചതിനെ തുടർന്ന് പത്തുദിവസത്തിന് ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്.
1998-ലാണ് ചിത്രത്തിൻ്റെ ഷൂട്ടിങ് ആരംഭിച്ചത്. സൊനാലി കുൽക്കർണി, പ്രിയ ബാപ്പട്ട്, മൃണാൽ കുൽക്കർണി എന്നിവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മറാത്തി നാടക-സിനിമാ അഭിനേതാവ് മോഹൻ ഗോഖലെ, ഗാന്ധിയുടെ വേഷത്തിലെത്തി. പിൽക്കാലത്ത് ബോളിവുഡിലെ എണ്ണം പറഞ്ഞ നടനായി മാറിയ നവാസുദ്ദീൻ സിദ്ദിഖിയും സിനിമയിൽ ഒരു ചെറുവേഷം ചെയ്‌തിട്ടുണ്ട്. പുണെ ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. അമേരിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിലും ചില രംഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്.
ഷൂട്ടിങ്ങിന്റെ ആദ്യദിനം തൊട്ടേ മമ്മൂട്ടി പൂർണമായും അംബേദ്കറായി മാറിയിരുന്നു. കോട്ടും സ്യൂട്ടും, അംബേദ്കറിന്റേത് പോലെ വട്ടക്കണ്ണടയുമണിഞ്ഞ് മമ്മൂട്ടി സെറ്റിലെത്തിയപ്പോൾ കണ്ടുനിന്നവരെല്ലാം ആവേശഭരിതരായി. സാക്ഷാൽ അംബേദ്കറിനെ നേരിട്ടുകണ്ട പലരും ഷൂട്ടിങ് കാണാനെത്തിയിരുന്നു. ആദ്യകാഴ്‌ചയിലേ അവരും വിധിയെഴുതി, ഇത് അംബേദ്കർ തന്നെ. മമ്മൂട്ടിയുടെ ഓക്സ്‌ഫഡ് ഉച്ചാരണം കൃത്യമാക്കാൻവേണ്ടി പ്രത്യേക അധ്യാപകനെയും സംവിധായകൻ നിയോഗിച്ചിരുന്നു. ഇംഗ്ലീഷ് ഭാഷയിലായിരുന്നു സിനിമ പൂർണമായും ചിത്രീകരിച്ചത്. അംബേദ്കറിന്റെ ഇംഗ്ലീഷ് ഡയലോഗുകൾക്ക് അതിമനോഹരമായി മമ്മൂട്ടി ശബ്ദം നൽകി. ഷൂട്ടിങ്ങിനുശേഷം ഹിന്ദി, തമിഴ്, മറാത്തി എന്നിവയുൾപ്പെടെ എട്ട് ഭാഷകളിലേക്ക് സിനിമ ഡബ്ബ് ചെയ്യപ്പെട്ടു. പക്ഷേ അതിനൊരു മലയാളം പതിപ്പ് ഉണ്ടായില്ല. "കേരളത്തിലെ ജനങ്ങൾ അംബേദ്കർ തന്റെ യഥാർഥ ഭാഷയിൽ സംസാരിക്കുന്നത് കേൾക്കണം, അല്ലാതെ മലയാളത്തിലല്ല" എന്ന നായകനടന്റെ നിർദേശത്തെ സംവിധായകൻ സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു.
1998-ൽ സെൻസറിങ് പൂർത്തിയാക്കിയ 'ഡോ. ബാബാസാഹേബ് അംബേദ്‌കർ' ആ വർഷത്തെ മികച്ച ചലച്ചിത്ര അഭിനേതാവിനുള്ള ദേശീയ പുര സ്കാരം മമ്മൂട്ടിക്ക് നേടിക്കൊടുത്തു. ചിത്രത്തിന്റെ കലാസംവിധായകൻ നിതിൻ ചന്ദ്രകാന്ത് ദേശായി ക്കും ദേശീയ അവാർഡ് ലഭിച്ചു. അവാർഡുകൾ കുടി ലഭിച്ചതോടെ ചിത്രം എത്രയും പെട്ടെന്ന് തിയേറ്ററുകളിലെത്തിക്കാനുളള ഒരുക്കത്തിലായി അണിയറപ്രവർത്തകർ. സർക്കാർ നിർമിച്ച സിനിമയായതിനാൽ വകുപ്പുതല നൂലാമാലകൾ ഒരുപാടുണ്ടായിരുന്നു. എല്ലാം ഒന്നൊന്നായി പരിഹരിച്ച് 2000 ഡിസംബറിൽ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിക്കപ്പെട്ടു. പക്ഷേ ആർക്കുമറിയാത്ത കാരണങ്ങൾ കൊണ്ട് റിലീസ് നടന്നില്ല. ആ ഡിസംബറിൽ എന്നല്ല പിന്നീടൊരിക്കലും ചിത്രം തിയേറ്ററുകളിൽ എത്തിയതേയില്ല.
ഗാന്ധിയെയും കോൺഗ്രസിനെയും വിമർശിക്കുന്നതാണ് ചിത്രത്തിന് വിനയായതെന്ന് ഊഹാപോഹങ്ങളുയർന്നു. മനുസ്‌മൃതി കത്തിക്കുന്ന രംഗങ്ങളുള്ളതിനാൽ സിനിമ തിയേറ്ററുകളിലെത്തിയാൽ കലാപമുണ്ടാകുമെന്ന പ്രചാരണവുമുണ്ടായി. പക്ഷേ യഥാർഥ കാരണം ഇതൊന്നുമല്ലെന്ന് ദളിത് സംഘടനകളും അംബേദ്‌കറിനെ സ്നേഹിക്കുന്നവരും അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. ദളിത് ശാക്തീകരണത്തിൽ അംബേദ്കറിൻ്റെ പങ്ക് വ്യക്തമാക്കുന്ന സിനിമ തിയേറ്ററുകളിലെത്തിയാൽ ദളിത്-ബഹുജൻ സംഘടനകൾക്ക് വലിയ ഊർജം പകരുമെന്നും അതുവഴി നിലവിലുളള ജാതി-രാഷ്ട്രീയ സമവാക്യങ്ങൾ മാറി മറിയുമെന്നുമുളള ഭയം കാരണമാണ് മുഖ്യധാരാ രാഷ്ട്രീയകക്ഷികൾ അതിനെ തടയുന്നതെന്ന് അവർ ആരോപിക്കുന്നു. പണം മുടക്കിയ സർക്കാർ തന്നെ പടം റിലീസ് ചെയ്യാൻ വിമുഖത പ്രകടിപ്പിച്ചതോടെ 'ഡോ. ബാബാ സാഹേബ് അംബേദ്‌കർ പെട്ടിയിലുറങ്ങി. ദൂരദർശനിലൂടെയെങ്കിലും സിനിമ പ്രേക്ഷകരിലേക്കെത്തിക്കാനായി ജബ്ബാർ പട്ടേലിന്റെ പിന്നീടുള്ള ശ്രമം. പക്ഷേ അതും നടന്നില്ല. 12 വർഷങ്ങൾക്ക് ശേഷം 2012 ഡിസംബർ ആറിന് ദൂരദർശന്റെ തമിഴ് ചാനലായ ഡി.ഡി. 5 പൊതിഗൈയിൽ ആദ്യമായി ഈ ചിത്രം പ്രദർശിപ്പിച്ചു. പിന്നീട് ഈ സിനിമയെക്കുറിച്ച് ഒന്നും കേട്ടിട്ടേയില്ല. രവി മണിത് എന്നയാൾ 2016-ൽ സിനിമയുടെ ഹിന്ദി പതിപ്പ് യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. സിനികറി ക്ലാസിക്‌സ് എന്ന യൂട്യൂബ് ചാനലിൽ ചിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പും ലഭ്യമാണ്. ഇതിനിടയിലെപ്പോഴോ സിനിമയുടെ പകർപ്പവകാശം എൻ.എഫ്.ഡി.സി.യിൽ നിന്ന് ഒരു സ്വകാര്യവ്യ ക്തി സ്വന്തമാക്കുകയും ചെയ്തു.
മമ്മൂട്ടിയുടെ കരിയർ ബെസ്‌റ്റ് പെർഫോർമൻസ് തിയേറ്ററിൽ കാണാൻ പ്രേക്ഷകർക്ക് ഭാഗ്യമുണ്ടായില്ല എന്നത് മാത്രമല്ല ചിത്രത്തിൻ്റെ റിലീസ് മുടങ്ങിയതുകൊണ്ട് സംഭവിച്ചത്. പടമിറങ്ങിയിരുന്നെങ്കിൽ മമ്മൂട്ടി എന്ന നടൻ ഭാഷാതിർത്തികൾ ഭേദിച്ചുകൊണ്ട് ഒരു പാൻ-ഇന്ത്യൻ ആക്ടർ ആയി പറന്നുയരുന്നത് കൂടി നമുക്ക് കാണാൻ സാധിക്കുമായിരുന്നു. ചിത്രം മലയാളത്തിൽ ഡബ്ബ് ചെയ്‌തിറക്കണമെന്നാവശ്യപ്പെട്ട് കേരള ദളിത് പാന്തേഴ്‌സ് പ്രസീഡിയം അംഗം കെ. അംബുജാക്ഷൻ 2018-ൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് എൻ.എഫ്.ഡി.സി., സംവിധായകൻ ജബ്ബാർ പട്ടേൽ എന്നിവരോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്.
“ലോകമെങ്ങുമുള്ള സർവകലാശാലകളിലെ സോഷ്യോളജി ഡിപ്പാർട്ട്‌മെൻ്റുകളിൽ ഈ സിനിമയുടെ ഒരു കോപ്പിയുണ്ടാകും. ചിത്രം കണ്ട എല്ലാവർക്കും മമ്മൂട്ടിയെ ഇഷ്ടപ്പെട്ടു. കഥാപാത്രത്തിന്റെ പര്യായമായി അഭിനേതാവ് മാറുന്ന അത്യപൂർവ സന്ദർഭത്തിന്റെ ഉദാഹരണമാണിത്"-സംവിധായകൻ ജബ്ബാർ പട്ടേലിന്റെ വാക്കുകൾ. ചിത്രം തിയേറ്ററിലെത്താത്തതിനാൽ മമ്മൂട്ടി ആരാധകർക്ക് മാത്രമല്ല നഷ്ടം, സിനിമ ഗൗരവമായി കാണുന്ന എല്ലാ പ്രേക്ഷകർക്കുമാണ്.
(പുനഃപ്രസിദ്ധീകരണം. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ 2021 സെപ്റ്റംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)
Content Highlights: The film "Dr. Babasaheb Ambedkar," featuring Mammootty in the titular role, remains one of the actor's most acclaimed performances, despite never being released in theaters. Directed by Marathi filmmaker Jabbar Patel, the project was initiated in 1998 with support from the Maharashtra government and the National Film Development Corporation. Patel faced the challenge of casting an actor who could embody Ambedkar's physical and vocal characteristics. After an extensive search, Patel discovered Mammootty through a magazine cover, noting his resemblance to Ambedkar. Despite initial reluctance, Mammootty accepted the role after seeing digitally altered images of himself as Ambedkar. The film, shot primarily in Pune with scenes in the US and UK, featured a cast including Sonali Kulkarni and Nawazuddin Siddiqui. Mammootty's transformation into Ambedkar was so convincing that it impressed those who had met the real Ambedkar. The film was completed in 1998 and earned Mammootty a National Award for Best Actor. However, due to bureaucratic hurdles and political concerns, the film was never released in theaters. Speculations arose that its critical portrayal of Gandhi and Congress, along with scenes like the burning of Manusmriti, led to fears of unrest. Despite efforts to broadcast it on Doordarshan, the film first aired on DD Podhigai in 2012. It later appeared on YouTube, but its theatrical release remains elusive. The film's absence from theaters deprived audiences of witnessing Mammootty's pan-Indian potential. In 2018, a plea was made to dub the film in Malayalam, highlighting its significance. Director Patel emphasized the film's impact, noting its presence in sociology departments worldwide.