ലോകേഷ് കനകരാജിന്റെ ആ ചോദ്യം ഗാനരചയിതാവാക്കി, വിഷ്ണു എടവൻ ഇനി നയൻതാര ചിത്രത്തിന്റെ സംവിധായകൻ

#ഇ.വി.ജയകൃഷ്ണൻ
വിഷ്ണു എടവൻ, ഹായ് എന്ന ചിത്രത്തിന്റെ സെറ്റിൽ നയൻതാരയ്ക്കൊപ്പം | ഫോട്ടോ: Instagram, Arranged
വിഷ്ണു എടവൻ, ഹായ് എന്ന ചിത്രത്തിന്റെ സെറ്റിൽ നയൻതാരയ്ക്കൊപ്പം | ഫോട്ടോ: Instagram, Arranged

കണ്ണൂർ കടമ്പേരിക്കാരൻ വിഷ്ണു എടവൻ തമിഴ് സിനിമയിലെ പാട്ടെഴുത്തുകാരനായിരുന്നു ഇതുവരെ. ആ വിലാസം മാറുന്നു. കഥയും തിരക്കഥയും സംഭാഷണവും സംവിധാനവുമൊരുക്കി വിഷ്ണു തന്റെ ആദ്യ സിനിമയെ തിയേറ്ററിലെത്തിക്കുന്നു. നയൻതാരയും കവിനും ഒന്നിക്കുന്ന തമിഴ് ചിത്രം 'ഹായ്' ഈ മാസം 28-ന് റീലീസ് ആകും. സിനിമയുടെ നിർമാണവുമായും നയൻതാര സഹകരിക്കുന്നു. പ്രണയവും തമാശയുമൊക്കെയുൾപ്പെടുന്ന കുടുംബചിത്രമായാണ് ഹായ് എത്തുന്നത്.

ഭാഗ്യരാജ് അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിതെന്ന് വിഷ്ണു പറഞ്ഞു. മലയാളത്തിൽ നിന്ന് രഞ്ജി പണിക്കർ മുഖ്യ റോളിലുണ്ട്. 2024 ലാണ് ഷൂട്ടിങ് തുടങ്ങിയത്. ചെന്നൈയിലായിരുന്നു ചിത്രീകരണം. പ്രഭു, രാധിക തുടങ്ങി വലിയ താര നിരതന്നെ സിനിമയിലുണ്ട്. ബോളിവുഡ് ക്യാമറമാൻ രാജേഷ് ശുക്ലയാണ് ഛായഗ്രഹണം. സിനിമയിൽ ആകെയുള്ള ഏഴു പാട്ടുകളുമെഴുതിയത് വിഷ്ണുവാണ്. ജെൻമാർട്ടിൻ ആണ് മ്യൂസിക് ഡയറക്ടർ. എഡിറ്റർ ഫിലോമിൻ രാജ്.

76 പാട്ടുകൾ; സൂപ്പർ ഹിറ്റുകൾ

കണ്ണൂർ ജില്ലയിൽ വലിയ ശ്രേണിയുള്ള ഇടത്തിൽ എടവൻ തറവാട്ടിലെ അംഗമാണ് വിഷ്ണു. ജനിച്ചത് കടമ്പേരിയിൽ. പഠിച്ചതും വളർന്നതും കൊയമ്പത്തൂരിൽ. കടമ്പേരിയിലെ പരേതനായ കെ.വി.ജനാർദനൻ നമ്പ്യാരുടെയും യശോദാമ്മയുടെയും കൊച്ചുമകനും കൊയമ്പത്തൂരിലെ വ്യാപാരി എസ്.ഹരിനാരായണന്റെയും ഇ.വി.സുശീല നമ്പ്യാരുടെയും മകനുമാണ്. മെക്കാനിക്കൽ എൻജിനിയറിങ് ബിരുദം കഴിഞ്ഞാണ് സിനിമ മോഹവുമായി ചെന്നൈയിലെത്തുന്നത്.

2016 ൽ ലോകേഷ് കനകരാജിന്റെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് തുടക്കം. പിന്നീട് അസോസിയേറ്റ് ഡയറക്ടറായി. ലോകേഷിന്റെ കൈതി, മാസ്റ്റർ, വിക്രം എന്നീ സിനിമികളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു. 'മാസ്റ്റർ' സിനിമയുടെ ചർച്ച നടക്കുന്ന സമയത്ത്, 'ഹ്രസ്വചിത്രങ്ങളിലും മറ്റും പാട്ടെഴുതിയ ആളല്ലേ. സിനിമയിലേക്കു കൂടി ശ്രമിക്കരുതോ' ലോകേഷിന്റെ ഈ ചോദ്യത്തിൽ നിന്നാണ് സിനിമാ പാട്ടെഴുത്തിന് തുടക്കം. 'മാസ്റ്റർ' ചിത്രത്തിലെ ഹിറ്റായ 'പോണാ പോകട്ടും' എന്നു തുടങ്ങുന്നതും 'പൊളക്കട്ടും പറ പറ' എന്ന് തുടങ്ങുന്നതുമായ രണ്ടു പാട്ടുകളായിരുന്നു ആദ്യമെഴുതിയത്. രണ്ടും ഹിറ്റായതോടെ തുടരെ പാട്ടെഴുത്തുകളായി.

രജനികാന്തിന്റെ 'കൂലി'യിൽ പിറന്ന സൂപ്പർഹിറ്റ് പാട്ട് 'മോണിക്കാ ബല്ലൂചി… ഇറങ്ങി വന്താച്ച്...' 'ലിയോ'യിലെ 'നാ റെഡിതാൻ വരവാ' തുടങ്ങി സിനിമയിൽ മാത്രം 76 ലധികം പാട്ടെഴുതി. വേട്ടയൻ, വിക്രം, കറുപ്പ് ഇങ്ങനെ നീളുന്നു വിഷ്ണുവിന്റെ ഹിറ്റ് പാട്ടുകൾ നിറഞ്ഞ മറ്റു സിനിമകൾ. രജനീകാന്തും കമൽഹാസനും വിജയിയും അജിത്തും സൂര്യയും തുടങ്ങി തമിഴ് മെഗാസൂപ്പർ സ്റ്റാറുകൾ മിക്കവരും വിഷ്ണുവിന്റെ വരികൾക്ക് ചുവട്വച്ചു.

Content Highlights: Renowned Kollywood lyricist Vishnu Edavan, who penned chartbusters for superstars like Rajinikanth and Vijay after starting as Lokesh Kanagaraj's assistant, is making his directorial debut with the Nayanthara and Kavin starrer family entertainer 'Hi'.