എന്നാൽ അങ്ങനെയൊരു സിനിമ വേണ്ടാ; ഇന്നസെന്റിന്റെ മറുപടിയില്‍ പതറിയ സിദ്ദിഖ്‌-ലാല്‍

റാംജിറാവു സ്പീക്കിങ്ങില്‍ ഇന്നസെന്റ്, ലാല്‍ ജീന്‍ പോള്‍ ലാലിനൊപ്പം
റാംജിറാവു സ്പീക്കിങ്ങില്‍ ഇന്നസെന്റ്, ലാല്‍ ജീന്‍ പോള്‍ ലാലിനൊപ്പം

വർഷങ്ങൾക്കുമുമ്പ് ഗോഡ്ഫാദർ സിനിമയുടെ സെറ്റിൽവെച്ച്  ഇന്നസെന്റ് പറഞ്ഞ ഒരു തമാശക്കഥയിൽനിന്നാണ് ‘സുനാമി’ എന്ന സിനിമ ജനിക്കുന്നത്. ലാൽ കഥയും തിരക്കഥയും രചിച്ച ചിത്രത്തിന്റെ  സംവിധാനം ലാലും മകൻ ജീൻപോൾ ലാലും (ജൂനിയർ ലാൽ) ചേർന്നാണ്. 

ഇന്നസെന്റിനെ പ്രധാന കഥാപാത്രമാക്കിയൊരുക്കിയ റാംജിറാവ് സ്പീക്കിങ്ങിലൂടെയാണ് ലാലും സിദ്ധിക്കും (സിദ്ധിക്ക്‌-ലാൽ ടീം) ബിഗ് സ്‌ക്രീനിലേക്ക് പ്രവേശിക്കുന്നത്. ഇന്നസന്റിന്റെ രൂപവും സംസാരശൈലിയും മുന്നിൽക്കണ്ട് എഴുതിയ സിനിമയായിരുന്നു റാംജിറാവ്. തിരക്കഥ പൂർത്തിയായപ്പോൾ കഥപറയാൻ ഇരുവരും ഇന്നസന്റിനടുത്തെത്തി. എന്നാൽ, ഇന്നസന്റ് ഒഴിഞ്ഞുമാറി. ഡേറ്റില്ല എന്നതാണ് പ്രശ്നം. ആദ്യസിനിമ വെളിച്ചംകാണാതെവരുമോയെന്ന ആശങ്ക യുവസംവിധായകരെ തളർത്തി.

ഇന്ന​െസന്റിന്റെ പിന്മാറൽവിവരം ഇരുവരും തങ്ങളുടെ ഗുരുവും റാംജിറാവുവിന്റെ നിർമാതാവുമായ ഫാസിലിനെ ധരിപ്പിച്ചു. ഇന്ന​െസന്റിനെക്കൊണ്ട് സമ്മതിപ്പിക്കാമെന്നു വാക്കുനൽകിയ ഫാസിൽ, അടുത്തൊരുദിവസം ഭക്ഷണം കഴിക്കാൻ ഇന്നസെന്റിനെയും ലാലിനെയും സിദ്ധിക്കിനെയും വീട്ടിലേക്ക് ക്ഷണിച്ചു.ഭക്ഷണമെല്ലാം കഴിഞ്ഞ് വിശ്രമിക്കുന്ന അവസരത്തിൽ ഫാസിൽ തന്ത്രപൂർവം കരുക്കൾനീക്കി. യുവസംവിധായകരെ ചൂണ്ടി ഫാസിൽ പറഞ്ഞു: 

‘‘ഇവരുടെ കൈയിൽ നല്ലൊരു കഥയുണ്ട്. ചിരിയിൽ പൊതിഞ്ഞാണ് അവരത് അവതരിപ്പിക്കാൻ പോകുന്നത്. നിങ്ങളെ കേന്ദ്രകഥാപാത്രമാക്കി എഴുതിയ തിരക്കഥയാണ്. ഇന്നസെൻറ് നോ പറഞ്ഞാൽ ആ കഥ സിനിമയാവില്ല. പ്രേക്ഷകർ ആവേശത്തോടെ സ്വീകരിക്കുമെന്നുറപ്പുള്ള ഒരു സിനിമ അവസാനിക്കും. കഴിവുള്ള രണ്ടു സംവിധായകരുടെ കടന്നുവരവ് പ്രതിസന്ധിയിലാകും. ഇനി എന്തുവേണമെന്ന് ഇന്നസെന്റിന് തീരുമാനിക്കാം...’’ ഫാസിൽ പന്ത് ഇന്നസെന്റിന്റെ കോർട്ടിലേക്കു തട്ടി. സൈക്കോളജിക്കലായുള്ള നീക്കം..!
നിമിഷങ്ങൾക്കകം ഇന്ന​െസന്റ് തിരിച്ചടിച്ചു: 
 ‘‘എന്നാൽ അങ്ങനെയൊരു സിനിമ വേണ്ടാ. ഇവരുടെ സിനിമ ഇറങ്ങാത്തതാണ് നല്ലത്’’
ഇന്ന​െസന്റിന്റെ മറുപടിയിൽ അവിടെയുണ്ടായിരുന്നവരെല്ലാം പതറി. കള്ളച്ചിരിയോടെ ഇന്നസെന്റ് തുടർന്നു:
‘‘ഈ സിനിമ നടക്കാത്തതാണ് നല്ലത്.’’
അങ്ങനെയായാൽ എന്റെ കുട്ടികൾക്ക് വലുതാവുമ്പോൾ അപ്പനെക്കുറിച്ചു പറയാനൊരു കാര്യമാകുമല്ലോ... 
അപ്പൻ അഭിനയിക്കാത്തതുകൊണ്ട് ഒരു സിനിമതന്നെ നടക്കാതെപോയിട്ടുണ്ട്, 
രണ്ടു സംവിധായകർ ജനിക്കാതെപോയി എന്നൊക്കെ! 
അവർക്കതൊരു അഭിമാനമായിരിക്കും...’’ -ഫാസിൽ ഉൾപ്പെടെ കേട്ടുനിന്നവരെല്ലാം കുറച്ചുനേരം എന്തുപറയണമെന്നറിയാതെ തരിച്ചുനിന്നു. 

ഇന്ന​െസന്റുമായുള്ള ഒരുകൂട്ടം ഓർമകൾ പങ്കുവെച്ചുകൊണ്ടാണ് കാക്കനാട് പടമുകളിലെ വീട്ടിലിരുന്ന് ലാൽ പുതിയ ചിത്രം സുനാമിയുടെ വിശേഷങ്ങൾ പറഞ്ഞുതുടങ്ങിയത്. അഭിമുഖത്തിനായി ഒപ്പമിരുന്ന ജീൻപോളും അപ്പന്റെ  ഓർമകളിൽ  ചിരിച്ചുമറിഞ്ഞു.

എന്താണ് സുനാമി

ലാൽ: വർഷങ്ങൾക്കുമുമ്പ് ഇന്ന​െസന്റേട്ടൻ പറഞ്ഞ ഒരു തമാശക്കഥയിൽനിന്ന് വികസിപ്പിച്ചെടുത്ത സിനിമയാണ് സുനാമി. തമാശ അവതരിപ്പിക്കാൻ അദ്ദേഹത്തെക്കഴിഞ്ഞേ മറ്റൊരാളുള്ളൂ. പറയുന്ന എല്ലാ കഥയ്ക്കും കൃത്യമായ കഥാപാത്രങ്ങളും വഴിത്തിരിവുകളുമുണ്ടാകും. അതിൽ എത്ര വാസ്തവമുണ്ട്, കൂട്ടിച്ചേർക്കലുകളുണ്ട് എന്നൊക്കെ മനസ്സിലാക്കാൻ പ്രയാസമാണ്. കഥപറഞ്ഞ് എന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച വ്യക്തി ഇന്ന​െസന്റേട്ടനാണ്. അദ്ദേഹത്തിന്റെ ജീവിതത്തിൽ നടന്നെന്നു പറഞ്ഞ കഥയാണിത്. അന്നുമുതൽ ആ കഥ സിനിമയാക്കിയാലോ എന്ന് ആലോചിച്ചു. എന്നാൽ, ഒരുരീതിയിലും സിനിമയാക്കാൻ പറ്റില്ലെന്ന ബോധ്യത്തിൽ പലവട്ടം പിന്മാറി.  ഉള്ളിലെവിടെയോ കിടന്ന ആ ചിരിക്കഥ വർഷങ്ങൾക്കിപ്പുറം ഒരു സിനിമയായെത്തുന്നു.

ജീൻപോൾ: രണ്ടു കുടുംബങ്ങൾക്കിടയിൽ നടക്കുന്ന കഥ, തമാശയിൽ പൊതിഞ്ഞ് അവതരിപ്പിക്കുകയാണ്. മലയാളികളെ ഏറെ ചിരിപ്പിച്ച  ഇന്നസന്റേട്ടന്റെയും മുകേഷേട്ടന്റെയുമെല്ലാം തിരിച്ചുവരവാണ് സുനാമിയിലൂടെ സംഭവിക്കുന്നത്. ഇന്ന​െസന്റേട്ടന്റെ ഭാര്യ സിനിമയുടെ പ്രിവ്യുഷോ കണ്ട് അദ്ദേഹത്തോടു ചോദിച്ചത്, ഇതിൽ നിങ്ങൾ ഭയങ്കര ഉഷാറായിട്ടുണ്ടല്ലോ, എന്തൊരു കളിയും ചിരിയുമാണ്, വീട്ടിലിരിക്കുമ്പോൾ ഇതിന്റെ പകുതി സ്മാർട്ട്‌നസ് പോലുമില്ലല്ലോ എന്നാണ്.

ലാൽ: ഭാര്യയുടെ ചോദ്യത്തിന് ഇന്ന​െസന്റേട്ടൻ അപ്പോൾത്തന്നെ മറുപടിനൽകി, എല്ലാദിവസവും വൈകീട്ട് ഇവര് തരുംപോലെ നീ ഓരോ ലക്ഷത്തിന്റെ ചെക്കെഴുതിത്തന്നേക്ക്, ഞാൻ വീട്ടിൽ കളിച്ചുചിരിച്ച് ഹാപ്പിയായിരിക്കാം എന്ന്.അദ്ദേഹത്തിന്റെ കൗണ്ടർ ഡയലോഗുകൾ അങ്ങനെ പെട്ടെന്നായിരിക്കും. വിയറ്റ്നാം കോളനിയുടെ ചിത്രീകരണം നടക്കുകയാണ്. മോഹൻലാലിനൊപ്പമുള്ള രംഗം. മോഹൻലാൽ ഒറ്റടേക്കിൽ ഓക്കെയായി. ഇന്ന​െസന്റേട്ടന്റെ പ്രകടനം നാലഞ്ചു ടേക്ക് എടുത്തിട്ടും ശരിയാകുന്നില്ല. മോഹൻലാൽ തമാശയാക്കാൻ തുടങ്ങി:  ‘‘എന്താണ് ചേട്ടാ..., എത്രവണയായി? നമ്മളെയൊക്കെ നോക്ക് ഒറ്റടേക്കുകൊണ്ട് ഓക്കെയാവു
ന്നു...’’ ഉടനെ മറുപടിയെത്തി:
‘‘എടാ..., ലാലേ... നിന്റെ കൈയിൽനിന്നൊക്കെ ഈ ഒരൊറ്റ ഭാവമേ വരൂന്ന് അവർക്കറിയാം... എത്ര എടുത്താലും ഇത്രയോക്കയേ കിട്ടൂ.
എന്റെ കാര്യത്തിലങ്ങനെയല്ല ഓരോ തവണയും പുതിയപുതിയ സാധനങ്ങളാ വന്നുകൊണ്ടിരിക്കുന്നത് അവരതിൽ ​െബസ്റ്റ് നോക്കിയെടുക്കും...’’ സെറ്റിൽ ചിരിപൊട്ടി.

സംവിധാനം ലാൽ & ജൂനിയർ ലാൽ. അത്തരമൊരു തീരുമാനത്തിലേക്കെത്തുന്നത് എങ്ങനെയാണ്

ലാൽ: രണ്ടുപേർചേർന്ന് സംവിധാനംചെയ്യാമെന്ന ലക്ഷ്യത്തിൽ എഴുതിത്തുടങ്ങിയ സിനിമയായിരുന്നില്ല സുനാമി. എഴുത്തിന്റെ ഒരുഘട്ടം കഴിഞ്ഞപ്പോൾ എനിക്ക് തമിഴ് സിനിമയിൽനിന്നുള്ള വിളികളെത്തി. ധനുഷിനൊപ്പവും കാർത്തിയോടൊപ്പവുമെല്ലാമുള്ള സിനിമകൾ. അങ്ങനെവന്നപ്പോൾ ജീനിനെ പ്രോജക്ടിലേക്ക് കൂട്ടുകയായിരുന്നു. പക്ഷേ, സുനാമിയുടെ ചിത്രീകരണസമയമായപ്പോഴേക്കും ഞങ്ങൾ രണ്ടുപേർക്കും തിരക്കൊഴിഞ്ഞു. രണ്ടുപേരുംകൂടി ചേർന്ന് സംവിധാനംചെയ്തേക്കാം എന്നു തീരുമാനിച്ചു.
ജീൻപോൾ: പപ്പ സെറ്റിലുണ്ടാകുമ്പോൾ ഞാൻ വളരെ ഫ്രീയാണ്. ടെൻഷനെല്ലാം പുള്ളി ഏറ്റെടുക്കുമെന്നുറപ്പാണ്. പപ്പ ക്ഷീണിച്ചതായി തോന്നുമ്പോൾമാത്രം ഞാൻ ഇറങ്ങിക്കൊടുക്കും. ഏതാണ്ടൊരു വൈസ് ക്യാപ്റ്റന്റെ റോൾ.

സുനാമിയുടെ ചിത്രീകരണവിശേഷങ്ങൾ 

ജീൻപോൾ: കോവിഡ് ഭീതിയിൽ നിർത്തിവെച്ച ഷൂട്ടിങ്‌ പുനരാരംഭിച്ചപ്പോൾ തീവണ്ടിയിലുള്ള രംഗമാണ് ചിത്രീകരിക്കേണ്ടിയിരുന്നത്. അതിനായി ഹൈദരാബാദിൽ പോകണം. വലിയൊരു ടീമുമായി അവിടെച്ചെന്ന് ഷൂട്ടുചെയ്യുകയെന്നത് പ്രായോഗികമായിരുന്നില്ല. അങ്ങനെവന്നപ്പോൾ കഥയിൽ ചില പൊളിച്ചെഴുത്തുകൾ നടത്തി. തീവണ്ടിക്കുപകരം ആ സീനുകൾ ബസിൽവെച്ച് ചിത്രീകരിക്കാൻ തീരുമാനിച്ചു. സ്വാഭാവികമായി അതിലേക്കൊരു പാട്ടുവന്നു. അത് ടൈറ്റിൽ സോങ്ങാക്കി. ഇപ്രകാരം പ്രശ്‌നങ്ങളെ മറികടക്കാൻ വരുത്തിയ മാറ്റങ്ങളെല്ലാം സിനിമയ്ക്ക് ഗുണംചെയ്തുവെന്നാണ് വിശ്വസിക്കുന്നത്. ബാലു വർഗീസ്, അജു വർഗീസ് എന്നിവരെല്ലാം പ്രധാനവേഷങ്ങലുണ്ട്‌

വലിയൊരു വിഭാഗം പ്രേക്ഷകർ ഇനിയും തിയേറ്ററിലേക്കെത്തിത്തുടങ്ങിയിട്ടില്ല, ഈ അവസരം റിലീസിങ്ങിന് എത്രത്തോളം അനുയോജ്യമാണ്

ലാൽ: വിജയ്‌യുടെ മാസ്റ്റർ തിയേറ്ററുകളിൽ ഇളക്കംതീർത്തിരുന്നു. ചില സിനിമകൾ തിയേറ്ററിൽനിന്നുതന്നെ കാണേണ്ടതാണ്. അത് പ്രേക്ഷകർക്കുമറിയാം. മാസ് പടങ്ങൾപോലെ മുഴുനീള കോമഡി പടങ്ങളും ആൾക്കൂട്ടത്തിനൊപ്പമിരുന്ന് ആസ്വദിക്കാനിഷ്ടപ്പെടുന്ന വലിയൊരു വിഭാഗമുണ്ട്. സുനാമി ഒരുപാട് ചിരിനിമിഷങ്ങൾ സമ്മാനിക്കുന്ന കോമഡി ചിത്രമാണ്. പ്രേക്ഷകരെ തിയേറ്ററിലേക്കെത്തിക്കാൻ ഇത്തരം സിനിമകൾക്ക് കഴിയുമെന്നാണ് വിശ്വാസം.

Content Highlights: Lal Junior Lal Jean Paul Lal Interview Tsunami Movie ramji rao speaking innocent 

Content Highlights: