'ആ അനുകരണ പാടവം കണ്ടാല്‍ ജനാര്‍ദ്ദനന്‍ ചേട്ടന്‍ ഓട്ടോയെടുത്തുവന്ന് രണ്ടെണ്ണം കൊടുക്കും'

By: ജയരാജ് വാര്യർ
രു നീണ്ട പകല്‍ മുഴുവന്‍ തീവണ്ടിയില്‍ യാത്ര ചെയ്യുന്നത് വലിയൊരു അനുഭവമാണ്. കാലത്ത് ഏഴുമണിക്ക് ആരംഭിച്ച് വൈകിട്ട് ആറിന് ലക്ഷ്യസ്ഥാനത്തെത്തുന്ന കേരള യാത്ര. തൃശ്ശൂരില്‍നിന്ന് തിരുവനന്തപുരത്തേക്കാണ് യാത്ര.യാത്രാക്ഷീണം ഒഴിവാക്കാനും വല്ലതും വായിക്കാനും വേണ്ടി 'ചെയര്‍കാര്‍' എന്ന ശീതീകരിച്ച ബോഗിയിലാണ് ഞാന്‍ കയറിയിരിക്കുന്നത്. ചെയര്‍കാറിന്റെ അകം നിറയെ തണുപ്പാണ്. കശ്മീരിനെ അനുസ്മരിപ്പിക്കുന്ന കൊടും തണുപ്പ്. സഹയാത്രികര്‍ ബന്ദികളാക്കപ്പെട്ടവരെപ്പോലെയാണ്.
സ്വകാര്യതയുടെ ഇടമാണ് ചെയര്‍കാര്‍. ആരും ആരോടും ഒന്നും സംസാരിക്കില്ല. ആലുവാ മണപ്പുറത്തുവെച്ചു കണ്ട പരിചയംപോലും ആരും കാണിക്കില്ല. നിശ്ശബ്ദതയും തണുപ്പും ഭേദിച്ച് കാപ്പീ... കാപ്പീ... എന്ന മന്ത്രം ഇടയ്ക്കിടെ മുഴങ്ങിക്കേള്‍ക്കാം.ബ്രേയ്ക്ക്ഫാസ്റ്റ്..., ബിസ്‌കറ്റേ... എന്നീ ശരണം വിളികളും ഇടയ്ക്കിടെ നമ്മെ ഉണര്‍ത്തുന്ന വായ്ത്താരികളായി കേട്ടുകൊണ്ടിരിക്കും. ഇംഗ്ലീഷ് പത്രങ്ങളുടെ മൊത്തവ്യാപാര ഏജന്‍സിയാണ് ചെയര്‍കാറിനകത്ത് കൂടുതലും ഉണ്ടാവുക.എന്നെ കണ്ടാലുടന്‍ ചിലര്‍ മുഖം വെട്ടിച്ച് ജനലിലൂടെ വിദൂര ദര്‍ശനം നടത്തും. ചിലര്‍ ഇംഗ്ലീഷ് പത്രങ്ങളെക്കൊണ്ട് മുഖംമറച്ച് ഇരിക്കും. ചിലര്‍ രമേഷ് പിഷാരടിയാണോ എന്ന സംശയം പ്രകടിപ്പിച്ച്, മുഖം ചുളിച്ച് ആലോചിച്ച് സ്വയം ഒരു തീരുമാനത്തിലെത്തും.പലരുടെയും ഫോണുകളില്‍നിന്ന് പലതരം പാട്ടുകള്‍ പല ശ്രുതിയില്‍ റിങ് ടോണായി കേള്‍ക്കാം. അതിന്റെ 'ഗാനമേള'യും ഉണ്ടാകും. മലയാള പാട്ടുകളെ പടിയടച്ച് പിണ്ഡംവെച്ചവരാണ് പലരും. കാതടപ്പന്‍ ഹിന്ദി, ഇംഗ്ലീഷ് ഗാനങ്ങളെ ഹൃദയപൂര്‍വം താലോലിച്ച് ഫോണിലാക്കിയവര്‍.
കൂര്‍ക്കം വലിയുടെ ശ്രുതിലയങ്ങളെ ഭേദിച്ച് റിങ് ടോണുകളാല്‍ ഉറക്കം നഷ്ടപ്പെടുന്നവരുടെ ഭാവാവിഷ്‌കാരങ്ങളും അരങ്ങ് തകര്‍ക്കും. സ്ത്രീകളായ യാത്രക്കാര്‍ എന്നെ കാണുമ്പോള്‍ പരിചിതഭാവം കാണിക്കുമ്പോള്‍ ഭര്‍ത്താക്കന്മാര്‍ മുഖത്തെ ഗൗരവം വര്‍ധിപ്പിക്കും. മഴക്കാറ് വരും.
'സഗൗരവം' എന്ന വാക്ക് കേട്ടത് ഇപ്പോള്‍ ഭരിക്കുന്ന മന്ത്രിസഭയുടെ സത്യപ്രതിജ്ഞാച്ചടങ്ങിലാണ്. അന്ന് ഞാന്‍ ഓര്‍ത്തത് ട്രെയിന്‍ യാത്രയെയാണ്. എന്തൊരു സഗൗരവം!
എന്റെ സീറ്റിനടുത്ത് ഇരുന്നയാള്‍ ഇംഗ്ലീഷ് നോവലാണ് വായിച്ചിരുന്നത്. 'സഗൗരവം' അയാള്‍ എന്നെ നോക്കി. ചുണ്ടിന്റെ കോണ് ഒന്ന് ചെറുതായി തുറന്നു. അയാള്‍ ചോദിച്ചു: 'കോമഡി സ്റ്റാര്‍' അല്ലേ?ചിലപ്പോള്‍ 'ട്രാജഡി'യും ചെയ്യാറുണ്ടെന്ന് ഞാന്‍ പറഞ്ഞു. ഞാനിപ്പോള്‍ ഒരു ട്രാജഡി നോവല്‍ വായിക്കുകയാണ്-അയാള്‍ പ്രതികരിച്ചു. അടുത്ത സ്റ്റേഷനില്‍ ആ മഹാന്‍ ഇറങ്ങിപ്പോയി. എനിക്ക് അഭിമുഖമായി കാണുന്ന മൂന്ന് സീറ്റുകളില്‍ ആ സ്റ്റേഷനില്‍നിന്നു കയറിയ ഒരു കുടുംബം വന്നിരുന്നു.അണുകുടുംബമാണ്. അച്ഛനും അമ്മയും ചെറിയ ഒരു കുട്ടിയും. മകനാണ്. കരച്ചില്‍ എന്നോ 'കീറല്‍' എന്നോ പറയാനാകാത്ത ഒരു സംഗീതക്കച്ചേരിയുമായാണ് മകന്റെ വരവ്. ചെയര്‍കാറിലെ കൃത്രിമമായ നിശ്ശബ്ദതയെ തകര്‍ത്തുകൊണ്ടാണ് അരങ്ങേറ്റവും ആലാപനവും. മഹാവികൃതിയായ അവന്റെ വായിലേക്ക് ബിസ്‌കറ്റുകളും മിഠായികളും തള്ളിക്കയറ്റാന്‍ പാടുപെടുന്ന അമ്മ എന്നെ ഇടയ്ക്കിടെ നോക്കുന്നുമുണ്ട്. അച്ഛന്‍ 'സഗൗരവം' ഇതെല്ലാം വീക്ഷിച്ച് എന്നെ ശ്രദ്ധിക്കാതെ ഇരിക്കുകയാണ്. മകന്‍ കരച്ചിലടക്കി വികൃതിയുടെ ഒരു 'രംഗം' സൃഷ്ടിക്കാന്‍ തുടങ്ങി.
ഫോട്ടോ കടപ്പാട്: indiarailinfo.com
കുട്ടിയെ അച്ചടക്കം പഠിപ്പിക്കാന്‍ കിട്ടിയ സ്ഥലമായി ചെയര്‍കാര്‍ ഒരുങ്ങിക്കഴിഞ്ഞു. അമ്മയുടെ 'ശാസന' അവന്‍ പുല്ലുപോലെ അവഗണിച്ചു. സീറ്റില്‍ നില്‍ക്കുക, ചാടിക്കളിക്കുക, ജനല്‍സീറ്റ് വേണമെന്ന് വാശിപിടിക്കുക, മൊബൈല്‍ ഫോണ്‍ വലിച്ചെറിയുക (ആ 'കളിപ്പാട്ടം' വേണ്ടെന്നു പറയുന്ന ആദ്യത്തെ 'കുട്ടി'യായി അവനെ ദേശീയ അവാര്‍ഡിന് പരിഗണിക്കാം. വേണമെങ്കില്‍ 'പത്മശ്രീ'യും നല്‍കാം) വികൃതി വിലസുകയാണ്. അച്ഛന്റെ 'കര്‍ശന'മായ ഇടപെടല്‍ അവന്‍ ചെറുത്തു തോല്പിക്കുന്നുമുണ്ട്. ചെറുപ്പക്കാരായ അച്ഛനമ്മമാര്‍ അസ്വസ്ഥരായി. അച്ഛന്‍ അവസാനത്തെ ആയുധം പ്രയോഗിച്ചു. ചെവിയില്‍ പിടിച്ച് 'പൂരം' കാണിക്കുക എന്നു പറയുംപോലെ ഒന്ന് തിരിച്ചു. അവന്‍ വേദനയില്‍ പുളഞ്ഞ് അച്ഛനെതിരേ പ്രയോഗിച്ച വാക്ക് നന്ദിയുള്ള ഒരു വളര്‍ത്തുമൃഗത്തിന്റേതായിരുന്നു.ഒന്നല്ല... രണ്ടല്ല... മൂന്നുതവണ അവന്‍ അച്ഛനെ അനുസരണയുള്ള ആ മൃഗത്തിന്റെ പേരുവിളിച്ചു. ഞാനൊന്ന് ഇടപെട്ടാലോ? വേണ്ട. രാവിലെതന്നെ ഒരു കൊച്ചുകുട്ടിയില്‍ നിന്നും 'ആ' വിളി കേള്‍ക്കാനുള്ള ഭാഗ്യംകൂടി എനിക്ക് ലഭിക്കുമെന്നുകരുതി ഞാന്‍ എണീറ്റു. (പ്രശ്‌നത്തില്‍ ഇടപെട്ടാല്‍ ചിലപ്പോള്‍ അതിനേക്കാള്‍ ഭീകരമായ അലങ്കാരം എനിക്കും കിട്ടുമെന്ന് ഉറപ്പാണ്.) അണുകുടുംബത്തിന്റെ ആഭ്യന്തരപ്രശ്‌നം അവസാനിക്കട്ടെ എന്നിട്ടു തിരിച്ചെത്താം എന്നുകരുതി ചില്ലുവാതില്‍ തുറന്ന് കൊടുംചൂടുള്ള യാഥാര്‍ഥ്യത്തിലേക്ക് ഞാന്‍ പുറത്തുകടന്നു. വെറുതെ നടക്കാം. ട്രെയിനുകളുടെ കംപാര്‍ട്ടുമെന്റുകളെ ബന്ധിപ്പിക്കുന്ന ഇടനാഴിയിലൂടെ ഞാന്‍ ഒരു ചെറുയാത്ര തുടങ്ങി. രണ്ടാംക്ലാസ് യാത്രക്കാര്‍ യാത്രചെയ്യുന്ന ബോഗിയിലെത്തി. എന്നെ കണ്ടതും പലരും അടുത്തുവന്നു. ഓടുന്ന തീവണ്ടിയില്‍ വിറയ്ക്കുന്ന 'സെല്‍ഫി'കള്‍ക്ക് നിന്നുകൊടുത്തു.ഒരാള്‍ ചോദിച്ചു.ജയരാജേട്ടന്‍... 'ആ' പക്ഷത്തോ?അതോ 'ഇ' പക്ഷത്തോ?കാര്യം മനസ്സിലായ ഞാന്‍ 'ദൈവ'ത്തിന്റെ പക്ഷത്താണെന്നുപറഞ്ഞ് തലയൂരി. ഇപ്പോള്‍ ഞാന്‍ നേരിടുന്ന ഏറ്റവും വലിയ ചോദ്യം ഇതു മാത്രമാണ്. ബഹുജനം പലവിധമാണല്ലോ. 'കാലം' മാറുമ്പോള്‍ പുതിയ 'ലോകം' ഉണരുകയാണ്. എല്ലാവരും വിധികര്‍ത്താക്കളാവുന്ന കാലമാണിത്. ഒപ്പം... എല്ലാവരും കലാകാരന്മാരായി മാറിയിരിക്കുന്നു.ഞാനൊരു പാട്ടുകാരനാണ്. ടി.വിയില്‍ ചാന്‍സ് കിട്ടുമോ? ഒരാള്‍ ചോദിച്ചു. ഞാനൊരു മിമിക്രി ആര്‍ട്ടിസ്റ്റാണ് ചേട്ടാ. എന്തൊക്കെ അവതരിപ്പിക്കും എന്ന ചോദ്യത്തിന് അയാള്‍ പറഞ്ഞു. ജനാര്‍ദ്ദനനെയും കൊച്ചിന്‍ ഹനീഫയെയും സ്റ്റാര്‍ ചെയ്യും (അനുകരിക്കും എന്നര്‍ഥം). അവന്‍ പരിപാടി തുടങ്ങി.സത്യം പറയാമല്ലോ. അവന്റെ അനുകരണ പാടവം കണ്ടാല്‍ ജനാര്‍ദ്ദനന്‍ ചേട്ടന്‍ ഓട്ടോയെടുത്തുവന്ന് രണ്ടെണ്ണം കൊടുക്കും. മറ്റൊരു കലാകാരന്‍ ഇങ്ങനെ മൊഴിഞ്ഞു. ഞാന്‍ ഒരുപാട് ഷോര്‍ട്ട് ഫിലിംസ് സംവിധാനം ചെയ്തിട്ടുണ്ട്. 'പടമാണ്' ലക്ഷ്യം. കാണിക്കട്ടെ എന്നുപറഞ്ഞ് ഫോണില്‍ ഞെക്കാന്‍ തുടങ്ങി.സ്‌നേപൂര്‍വം എല്ലാം നിരസിച്ച് പിന്നീടാവാം എന്നു ഞാന്‍ പറഞ്ഞു. ഫേസ് ബുക്കിലൂടെയും വാട്ട്‌സാപ്പിലൂടെയും സ്വന്തം സര്‍ഗാത്മകത പ്രദര്‍ശിപ്പിച്ചും പ്രകടിപ്പിച്ചും ആത്മനിര്‍വൃതിനേടുന്ന അനേകരുടെ പ്രതിനിധികളാണ് ഈ തീവണ്ടിയാത്രയില്‍ എന്നോട് സംസാരിക്കുന്നത്.എല്ലാത്തിനും ഒരു 'കാലം' വരും. കാത്തിരിക്കൂ എന്ന് ആശ്വസിപ്പിച്ച് ഞാന്‍ ചെയര്‍കാറിലേക്ക് മടങ്ങി.


VIEW ON mathrubhumi.com