‘‘ആ ഫിലിംറോളിൽ ഒരു തുണ്ടെങ്കിലും ഉണ്ടായിരുന്നെങ്കിൽ...’’ ഓർമകളിന്നും ഹാരിസിന് നൊമ്പരം

അന്ന് ഫിലിംറോൾ കത്തിക്കുമ്പോൾ വയലറ്റും ചുവപ്പുമായി തെളിഞ്ഞ തീനാളമായിരുന്നു ഹാരിസിന്റെ കൗതുകം. ആ കറുത്തപുകയിലൊടുങ്ങിയ ‘വിഗതകുമാരൻ’ പിന്നീട് ദുഃഖത്തിന്റെ കാർമേഘമായി പെയ്തിറങ്ങി.
ആ സങ്കടപ്പെയ്‌ത്തിൽ, മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേലിന്റെ ജീവിച്ചിരിക്കുന്ന ഏകമകൻ ഹാരിസ് ഡാനിയേൽ തിരുവനന്തപുരത്തെ വീട്ടിലിരുന്നു പറയുന്നു: ‘‘ആ ഫിലിംറോളിൽ ഒരു തുണ്ടെങ്കിലും ഉണ്ടായിരുന്നെങ്കിൽ...’’ അച്ഛന്റെ അധ്വാനവും കണ്ണീരും നിറഞ്ഞ തലസ്ഥാനത്തെ മണ്ണിലേക്കു തമിഴ്‌നാടുവിട്ട് സ്ഥിരതാമസത്തിനെത്തിയ ഹാരിസ് ഇക്കഥ പറയുന്നത് കുറ്റബോധത്തോടെ.
ഹാരിസിന് അന്ന് ഏഴുവയസ്സായിരുന്നു. താമസം മധുരയിലും. പെട്ടിയിലിരുന്ന ഫിലിംറോൾ സഹോദരി ലളിതാജോണിനൊപ്പം എടുത്തപ്പോൾ മക്കളെ ഡാനിയേൽ വിലക്കിയില്ല, ഒന്നുംപറഞ്ഞതുമില്ല. ഫിലിം കത്തിക്കുമ്പോഴത്തെ നിറവും പുകയും കുട്ടികൾ ആസ്വദിച്ചു.
ഗോലികളിക്കുമ്പോൾ നെഗറ്റീവ് കുഴിയിലിടും. ജയിക്കുന്നയാൾക്ക് അതെടുക്കാം. അതായിരുന്നു കളിയുടെ ലഹരി. അച്ഛന്റെ ആദ്യ സിനിമയുടെ റോളുകളങ്ങനെ മക്കൾ കളിച്ചും കത്തിച്ചും തീർത്തു. മലയാളത്തിലെ ആദ്യസിനിമ ‘വിഗതകുമാരൻ’ അങ്ങനെ എന്നേക്കുമായി ഇല്ലാതായി-പ്രതിസന്ധികളോട് പൊരുതിയെടുത്ത സിനിമ കറുത്ത പുകച്ചുരുളുകളായി എരിഞ്ഞടങ്ങി. നഷ്ടങ്ങളുണ്ടാക്കിയ നിർവികാരതയായിരിക്കാം അച്ഛന്റെ മൗനത്തിന് കാരണം.
ജെ.സി. ഡാനിയേലിന്റെ അഞ്ചുമക്കളിൽ ഇളയ ആളാണ് ഹാരിസ്. മലയാളത്തിന്റെയും ഡാനിയേലിന്റെയും ആദ്യസിനിമ നഷ്ടപ്പെട്ടതോടെ മലയാള സിനിമയുടെയും പിതാവ് പുതുക്കോട്ടയിൽ ദന്തഡോക്ടറുടെ വേഷമിട്ട് ജീവിതം തിരിച്ചുപിടിച്ചു. എൽ.ഐ.സി.യിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന ഹാരിസ് സേലത്തെ വീട് വിറ്റിട്ടാണ് ഭാര്യ സുശീലയുമായി ജീവിതത്തിന് തിരുവനന്തപുരം തിരഞ്ഞെടുത്തത്. ഡോക്ടറായ ഏകമകൾ ആദലിൻ ഡാനിയേൽ കുടുംബത്തോടൊപ്പം സേലത്താണ്.
Content Highlights: harris about his father jc daniel and vigathakumaran movie, vigathakumaran film print