'എങ്ങനെ ഈ ആത്മമിത്രത്തിനെ ഒഴിവാക്കും എന്നതായിരുന്നു പിന്നെ ചിന്ത'; സെല്ലുലോയിഡിലെ മ'ഴ' അലേര്‍ട്ട്

രണ്ടര പതിറ്റാണ്ട് മുമ്പ് കോഴിക്കോട് ചേളന്നൂരിനടുത്ത് പി സി പാലത്തെ നാടക പ്രവര്‍ത്തകന്റെ തറവാട്ടിലേക്ക് മൂന്നു വരി കത്തുവന്നു...
'ഗിരീ...
നിനക്ക് മഴയെ ഇഷ്ടമാണോ...
എനിക്ക് മഴയെ ഇഷ്ടമാണ്....
മഴതന്നെ മഴ..ഴ..ഴ...'
പോസ്റ്റ് കാര്‍ഡിനു പിറകിലെ വിലാസത്തില്‍ ഗിരീഷ് പി.സി പാലം ആ അറിയാആള്‍ക്ക് മറുപടിയെഴുതി...
'കാലപ്പേമാരിയില്‍ ഒഴുകിയെത്തിയ ഭൂതകാലത്തിന്റെ കൂട്ടുകാരാ.. മഴയെ എനിക്കും ഇഷ്ടമാണ്...
മഴതന്നെ മഴ...ഴ...ഴ'
മൊബൈല്‍ ടവറുകള്‍ കൂണുപോല്‍ പൊന്തും മുമ്പ് തൂലികാസൗഹൃദത്തിന്റെ കട്ടുറുമ്പക്ഷരങ്ങള്‍ പോസ്റ്റ് കാര്‍ഡുകളിലേക്ക് വരിവരിയായി നടന്നു വന്നു... കൊല്ലംജില്ലയിലെ ആ മുഖം കാണാത്ത ആളുമായി നാടകത്തിരിക്കിനിടയിലും ഗിരീഷ് കത്തുകളിലൂടെ സംസാരിച്ചു...
മഴവെള്ളത്തില്‍ ഒരു വര്‍ഷം ഒലിച്ചു പോയി...
കര്‍ക്കിടകം തിമിര്‍ക്കുന്ന ഒരു പുലര്‍ച്ചെയാണ് ഗിരീഷിന്റെ തറവാട്ടിലേക്ക് മഴനനഞ്ഞൊരാള്‍ കടന്നു വന്ന് കതകില്‍ തട്ടിയത്...
ഗിരീഷ് വാതില്‍ തുറന്നു...
'ഗിരീ..നിനക്കെന്നെ മനസിലായോ....'
ഇല്ലെന്ന് പരുങ്ങല്‍ മറുപടിയെത്തും മുമ്പേ തന്നെ അപരിചിതന്‍ സംസാരിച്ചു തുടങ്ങി.
'എനിക്കൊരു നാടകം വേണം...നിന്നേക്കൊണ്ടാവില്ലെങ്കില്‍ പറ ഞാന്‍ ഷേക്‌സ്പിയറെ കൊണ്ട് എഴുതിച്ചോളാം...'
സംസാരത്തിലെ വ്യത്യസ്തതകൊണ്ട് തന്റെ തൂലികാസുഹൃത്താണ് മുമ്പിലെന്ന് മനസ്സിലാക്കാന്‍ അധികം വൈകിയില്ല.
രണ്ടു മാസത്തോളം ആ സുഹൃത്ത് ഒപ്പം താമസിച്ചു. അതിനിടെയാണ് ഗിരീഷ് ഞെട്ടിപ്പിക്കുന്ന ആ സത്യം അറിയുന്നത് തന്നെ തേടിയെത്തിയ ആ സുഹൃത്തിന് ബൈപോളാര്‍ ഡിസോര്‍ഡര്‍ ആണെന്ന്.. ഒരു തരം ഭ്രാന്ത്. അതിരറ്റ് സ്‌നേഹിച്ചാലും ദേഷ്യം പിടിപ്പിച്ചാലും ഭ്രാന്ത് വരുന്നൊരവസ്ഥ. ഭ്രാന്ത് വന്നാല്‍ കൊലപാതകം വരെ ചെയ്യുമെന്ന മനോഗതി.. അവന്റെ നാട്ടില്‍ ഒരു പ്രശ്‌നമുണ്ടാക്കിയാണ് തന്നെ തേടി സുഹൃത്ത് വന്നതെന്ന ചിന്ത ഗിരീഷിനെ അങ്കലാപ്പിലാക്കി. അപ്പോഴേക്കും അയാള്‍ ഗിരീഷിന്റെ ഹൃദയത്തില്‍ ചേക്കേറിയിരുന്നു.. എങ്ങനെ ഈ ആത്മമിത്രത്തിനെ ഒഴിവാക്കും എന്ന ചിന്തയിലായി പിന്നീടങ്ങോട്ട് മനസ്സ്...
2001 - കോഴിക്കോട് ചേളന്നൂര്‍ എന്‍.എസ്.എസ് കോളേജ്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി സോണ്‍ നാടക മത്സരം തുടരുന്നു...
ജഡ്ജസ് പ്ലീസ് നോട്ട്.....നെക്‌സ്റ്റ് ചെസ്റ്റ് നമ്പര്‍...
'അര്‍ത്ഥശൂന്യതയുടെ അങ്കലാപ്പില്‍ പെട്ട മനുഷ്യനുമുന്നില്‍ രണ്ടേ രണ്ട് പോംവഴികളേ ഉള്ളൂ... ആത്മഹത്യയും കൊലപാതകവും...' നാടകം ആരംഭിക്കുന്നു.. മഴ തന്നെ മഴ...ഴ..ഴ..
കാലപ്പേമാരിയില്‍ ഒഴുകിയെത്തിയ ആ കൂട്ടുകാരന്‍ നല്‍കിയ രണ്ടുമാസത്തെ തീവ്രാനുഭവങ്ങള്‍ നാടകകൃത്തും സംവിധായകനുമായ ഗിരീഷ് പിസി പാലം അപ്പോഴേക്കും നാടകമാക്കി കഴിഞ്ഞിരുന്നു. ക്രിസ്റ്റി, ഹരി എന്നീ രണ്ടു കഥാപാത്രങ്ങള്‍ മാത്രമുള്ള നാടകം അവതരിപ്പിച്ച കോഴിക്കോട് ആര്‍ട്‌സ് കോളേജ് ബി. സോണ്‍, ഇന്റര്‍ സോണ്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. അമെച്വര്‍ നാടക രംഗത്തെ പുത്തന്‍ പരീക്ഷണം എന്ന് മഴ വാഴ്തപ്പെട്ടു. ഐടി ഐ കലോത്സവം, കേരളോത്സവം എന്നിവയില്‍ സംസ്ഥാന പുരസ്‌കാരവും മഴ നേടി.
സെല്ലുലോയിഡിലെ മഴ...
അരങ്ങില്‍ പെയ്തുതോരാതെ മഴ സെല്ലുലോയിഡിലേക്കും ചാഞ്ഞുപെയ്തിരിക്കുകയാണിപ്പോള്‍, ഴ എന്ന പേരില്‍ സിനിമ പുറത്തിറങ്ങി. അതിനു കാരണമായതാവട്ടെ കോവിഡ് കാലവും ആ കാലത്ത് പരിചയപ്പെട്ട നിര്‍മ്മാതാവും സംഗീത സംവിധായകനുമായ രാജേഷ് ബാബു ശൂരനാടും. ഗിരീഷ് പറഞ്ഞ സ്വാനുഭവും മഴ എന്ന നാടകവും അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. നാടകത്തിലെ സിനിമയെ തിരിച്ചറിഞ്ഞ രാജേഷ് ബാബു അത് സിനിമയാക്കാന്‍ മുന്നിട്ടിറങ്ങി. സബിത ശങ്കര്‍, വി. പ്രമോദ്, സുധി എന്നിവര്‍ സഹ നിര്‍മ്മാതാക്കളായി. ഗിരീഷ് ഡയറക്ടറായി. കലാമൂല്യമുള്ള കുട്ടികളുടെ സിനിമ പള്ളിക്കൂടം സംവിധാനം ചെയ്തത് ഗിരീഷിന് മുതല്‍ക്കൂട്ടായി. ക്രിസ്റ്റി എന്ന സുഹൃത്തായി മണികണ്ഠന്‍ ആചാരി വേഷമിടുന്നു. നാടകപ്രവര്‍ത്തകന്‍ ഹരിയായി യുവനടന്‍ നന്ദു ആനന്ദ് എത്തുന്നു. സന്തോഷ് കീഴാറ്റൂര്‍, കാതല്‍ സുധി, ലക്ഷ്മി പ്രിയ, നയ്‌റ നിഹാര്‍, വിജയന്‍ കാരന്തൂര്‍, രാജേഷ് ശര്‍മ, ദേവരാജന്‍, വിനോദ് നിസരി എന്നിവരുള്‍പ്പെടെ കോഴിക്കോട്ടെ മുപ്പതോളം നാടക പ്രവര്‍ത്തകരും ചെറുതും വലുതുമായുള്ള വേഷങ്ങളില്‍ എത്തുന്നുണ്ട്. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ -ഓര്‍മ്മയിലെ ഓണം- എന്ന കവിത കഥാഗതിക്ക് അവസരോചിതമായി സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്.
Content Highlights: director gireesh pc palam movie zha