പർപ്പിൾ ആർമിക്കുള്ള ‘റെഡ് സർക്കിൾ മാജിക്’ വരുന്നു; BTS-ന്റെ പുതിയ ആൽബം മാർച്ചിൽ, ഫാൻ തിയറികൾ ഇങ്ങനെ

#ബെറിൽ തെരേസ ബാബു

ലോകം മുഴുവൻ ഒന്നിച്ച് വലിയൊരു റെഡ് സർക്കിൾ മാജികിനായുള്ള കൗണ്ട് ഡൗൺ തുടങ്ങി കഴിഞ്ഞു. ഒരു കൊറിയൻ മ്യൂസിക് ബാൻഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ലോകം മുഴുവൻ ദിവസങ്ങൾ എണ്ണി കാത്തിരിപ്പാണ്. പറഞ്ഞുവരുന്നത് ബിടിഎസിനെ കുറിച്ച് തന്നെ. സൗത്ത് കൊറിയൻ മ്യൂസിക് ബാൻഡായ ബിടിഎസിന്‍റെ പുതിയ ആൽബത്തിനായുള്ള (ബാങ് താൻ ബോയ്സ്) കാത്തിരിപ്പിലാണ് പർപ്പിൾ ആർമി.

ബിടിഎസ് ആർമിയുടെ (ഫാൻ ഗ്രൂപ്പ്) മൂന്ന് വർഷത്തെയും ഒൻപത് മാസത്തെയും കാത്തിരിപ്പിന് ശേഷം ബിടിഎസിന്‍റെ അഞ്ചാമത് ആൽബവും വേൾഡ് ടൂറും എത്തുന്നു. ഈ വർഷം മാർച്ച് 20 - ന് ഒരു മണിയ്ക്കാണ് പുതിയ ആൽബം പുറത്തിറങ്ങുമെന്ന് അറിയിച്ചിരിക്കുന്നത്. ജനുവരി 16-ന് രാവിലെ 11 മുതൽ പ്രീ ഓർഡർ സംവിധാനവും തുറക്കും . 14 ട്രാക്കുകളാണ് ആൽബത്തിനുണ്ടാകുക.

പുതുയുഗം പിറക്കുന്നോ?

പുതിയ ആൽബത്തിൻ്റെ അനൗൺസ്മെൻ്റ് വളരെ വൈകാരികമായാണ് ബിടിഎസ് അറിയിച്ചത്. ആർമിയുടെ ഗോൾഡൺ മെമ്പേഴ്സിന് കത്ത് അയച്ചു കൊണ്ടായിരുന്നു തിരിച്ചു വരവ് അറിയിച്ചത്. ഒരു പുതിയ ലോഗോയും തീയ്യതിയും ഏഴ് അംഗങ്ങളുടെയും കൊറിയൻ കൈപ്പടയോടുകൂടിയ മെസേജും ഇതിൽ ഉണ്ടായിരുന്നു. പുതുവർഷാശംസളും മെസേജിൽ ഉണ്ടായിരുന്നു. കാത്തിരിപ്പിന് ആരാധകരോട് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഗോൾഡൻ മെംബെഴ്സിനയച്ച കത്ത്

ഇതോടൊപ്പം 2026bts.com എന്ന ഔദ്യോഗിക വെബ്സൈറ്റിൽ പുതിയ ആൽബത്തിനായുള്ള കൗണ്ട് ഡൗണും തുടങ്ങി. എല്ലാ ബിടിഎസ് അംഗങ്ങളും അവരുടെ സാമൂഹിക മാധ്യമങ്ങളിലൂടെ പുതിയ ആൽബം അനൗൺസ്മെൻ്റും നടത്തിയിട്ടുണ്ട്. പുതിയ ആൽബത്തിൻ്റെ വരവറിയിച്ചതോടെ ബാൻഡിൻ്റെ സാമൂഹിക മാധ്യമങ്ങളിലെ പഴയ പോസ്റ്റുകൾ എല്ലാം പോസ്റ്റുകളും നീക്കം ചെയ്തിട്ടുണ്ട്. ഇത് പുതിയൊരു യുഗത്തെയാണ് ഉദ്ദേശിക്കുന്നതെന്നാണ് ഫാൻസ് പറയുന്നത്.

ലോഗോ തിയറി

പുതിയ ലോഗോയ്ക്ക് പുറകെയാണ് ബിടിഎസ് ആർമി (ഫാൻ ഗ്രൂപ്പ്). മൂന്ന് ചുവപ്പ് വൃത്തങ്ങൾ, അതിന് താഴെ 2026.03.20 എന്നെഴുതിയിട്ടുണ്ട്. ചിഹ്നങ്ങൾ ഒളിപ്പിച്ചിരിക്കുന്ന മൂന്ന് ചുവപ്പ് വൃത്തങ്ങളുടെ അർഥം അന്വേഷിക്കുകയാണ് സോഷ്യൽ മീഡിയ.

പ്രധാന ഫാൻ തിയറികൾ

  • ലോഗോ ബിടിഎസിന്റെ പുതിയ ആൽബത്തിൻ്റെ പേരാണ് സൂചിപ്പിക്കുന്നത്. ലോഗോ ലംബമായി എഴുതിയാൽ ( വെർട്ടിക്കൽ) ഹലോ ( Hlo) എന്ന് വായിക്കാനാകും. പുതിയ ആൽബത്തിൻ്റെ പേരാകാം ഇത്
  • സൗത്ത് കൊറിയൻ പതാകയുമായി സാമ്യമുണ്ടെന്നാണ് മറ്റൊരു തിയറി
  • കൊറിയൻ സീസണൽ കലണ്ടർ അനുസരിച്ച് മാർച്ച് 20 വസന്തകാലത്തിന്‍റെ തുടക്കം കൂടെയാണ്. മാർച്ച് 20-ലെ ജനന പുഷ്പം (ബർത്ത് ഫ്ലവർ) പർപ്പിൾ ടുളിപ്പ് ആണ്

പർപ്പിൾ മാജിക്ക്

2020-ലെ മാപ്പ് ഓഫ് സോൾ:7 എന്ന ആൽബത്തിന് ശേഷം ബിടിഎസിലെ അംഗങ്ങൾ മിലിറ്ററി സേവനത്തിന് പോയിരിക്കുന്നു. 2025 ജൂണിലാണ് അവർ എല്ലാവരും മിലിറ്ററി സേവനം കഴിഞ്ഞ് തിരിച്ചു വന്നത്. അതിനുശേഷം ബിടിഎസ് അംഗങ്ങൾ എല്ലാവരും ഒന്നിക്കുന്ന അഞ്ചാമത്തെ സ്റ്റുഡിയോ ആൽബമാണ് പുതിയതായി അനൗൺസ് ചെയ്തിരിക്കുന്നത്.

2018 -ലെ ലൗവ് യുവർസെൽഫ് ടിയർ, 2016-ലെ വിങ്സ്, 2014-ലെ ഡാർക്ക് ആൻഡ് വൈൽഡ് എന്നിവയാണ് മറ്റ് സ്റ്റുഡിയോ ആൽബങ്ങൾ. ബട്ടർ, ഡയനമൈറ്റ്, ഐഡോൽ എന്നിവയാണ് മറ്റ് പ്രധാന സോങുകൾ. 2013-ൽ ബിഗ് ഹിറ്റ് എൻ്റർടെയ്ൻമെൻ്റ് ( ഇപ്പോൾ ഹൈബ്) എന്ന സൗത്ത് കൊറിയൻ എൻ്റർടെയ്ൻമെൻ്റ് കമ്പനിയ്ക്ക് കീഴിൽ ലാണ് ബിടിഎസ് ( ബാങ് ടാങ് സോണിയോഡൻ, ബാങ് ടാങ് ബോയ്സ്) അരങ്ങേറ്റം കുറിക്കുന്നത്. ആർഎം, ജിൻ, സുഗ, ജെ- ഹോപ്, ജിമിൻ, വി, ജങ്കൂങ് എന്നി അംഗങ്ങളാണുള്ളത്.

Content Highlights: BTS has officially announced its long-awaited new studio album set for release in March, sparking massive excitement among the global ARMY fandom. The mysterious red circle logo and countdown have triggered multiple fan theories, pointing to a new era for the group.