കാന്തശക്തിയുള്ള ശബ്ദം: കനപ്പെടുത്തിയാൽ ക്ലാസിക്കൽ, കിന്നരിയിട്ടാൽ കാല്പനികം; എന്തൊരു വൈവിധ്യം

#ഹരിലാൽ രാജഗോപാൽ
ആശാ ഭോസ്ലെ| ഫോട്ടോ: PTI
ആശാ ഭോസ്ലെ| ഫോട്ടോ: PTI

വൈവിധ്യത്തിെന്റെ ആ സ്വരമാധുരിക്ക് എന്നും മധുരപ്പതിനേഴായിരുന്നു പ്രായം. ഏഴുപതിറ്റാണ്ടിന്റെ കാലയളവിൽ സംഗീതത്തിന്റെ മാറിമറഞ്ഞ അഭിരുചികളെ അനായാസം കൈക്കൊണ്ട ഗായിക. ഒരുപക്ഷേ, ലതാ മങ്കേഷ്‌കർക്കു പോലും അവകാശപ്പെടാൻ പറ്റാത്ത സംഗീതസഞ്ചാരം. രവീന്ദ്രസംഗീതംമുതൽ റീമിക്സുകൾവരെ വഴങ്ങുന്ന, ആശയ്ക്കുമാത്രം സാധ്യമായ അനായാസ ആലാപനവൈദഗ്ധ്യം. അതിനാൽത്തന്നെ ലോകത്തിൽ ഏറ്റവുമധികം റെക്കോഡു ചെയ്യപ്പെട്ട സ്വരം.

ഹൃദയത്തെ വെണ്ണയാക്കുന്ന ലതയുടെ സ്വർഗീയ ഗാനാലാപനശൈലിയിൽനിന്ന് മനഃപൂർവമുള്ള വ്യതിയാനമാണ് ആശയുടെ അസ്തിത്വം, കാന്തശക്തിയുള്ള ശബ്ദം. അനുനാസികയിൽ തിളങ്ങുന്നത് മാദകത്വവും കൃസൃതിയും. കനപ്പെടുത്തിയാൽ ക്ലാസിക്കൽ, കിന്നരിയിട്ടാൽ കാല്പനികം. എന്തൊരു വൈവിധ്യം.

സംഗീതസാമ്രാജ്യത്തിലേക്കുള്ള പ്രയാണം എളുപ്പമായിരുന്നില്ല എന്ന് ആശാജി പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. ജ്യേഷ്ഠസഹോദരിയായ ലതാ മങ്കേഷ്‌കറുടെ പ്രഭാവത്തിൽനിന്ന് കുതറിമാറി പുതിയ തട്ടകംതീർക്കുക അചിന്തനീയമായിരുന്നു. ലതയും ഷംസാദ് ബീഗവും ഗീതാദത്തും നിറഞ്ഞുനിന്ന ഹിന്ദി ചലച്ചിത്രലോകത്ത് ബാക്കിവന്ന പാട്ടുകൾപാടി വളർന്ന തുടക്കം. നാലുവയസ്സിനിളപ്പമുള്ള അനുജത്തിയെ സഹായിക്കാൻ ലത കാര്യമായി ഒന്നുംചെയ്തുമില്ല. ആഭിജാത്യം കുറഞ്ഞ കാബറെ ഗാനങ്ങൾ പാടിയാണ് ആശ പിടിച്ചുനിന്നത്. അതാകട്ടെ എക്കാലത്തെയും ജനപ്രിയ ഗാനങ്ങളായി തീരുകയുംചെയ്തു എന്നത് വൈരുധ്യം. സെക്സിനമ്പറുകളോട് ഒരിക്കലും ആശ അനിഷ്ടം പ്രകടിപ്പിച്ചില്ല.

‘പിയാ തൂ’യിൽ തുടങ്ങി. ‘തൻ ഹാ തൻഹാ’ വരെ നീണ്ടു കിടക്കുന്ന, ക്ഷണിക്കുന്ന വശ്യതകൾ.

‘ഈന മീന’ പോലുള്ള റോക്ക് ആൻഡ് റോൾ സംഗതികൾ അവരെ ഇന്ത്യൻ പോപ്പ് സംഗീതത്തിന്റെ റാണിയാക്കി. ചെറുപ്പത്തിൽ എപ്പോഴോ കണ്ട ചലച്ചിത്രത്തിലെ ഗായികയും നർത്തകിയുമായ കാർമൻ മിറാൻഡയുടെ ശൈലിതന്നെ ഏറെ സ്വാധീനിച്ചതായി ആശയോർക്കുന്നുണ്ട്. ‘ആയിയെ മെഹർബാനിലും’, ‘പർ ദെമെ രഹനെ ദോ’യിലും പതഞ്ഞുയരുന്ന ‘നോട്ടിനെസ്സ്’ തീർച്ചയായും മിറാൻഡയുടെ സ്വാധീനമാണ്. അതിന്റെ മോഹമുഗ്‌ധമാക്കുന്ന മാന്ത്രികതയിൽ അനുവാചകർ സ്‌ക്രീനിലെ നായകർക്കൊപ്പം വിവശരായി.

ലതയുമായി പിണങ്ങിയ ഒ.പി. നയ്യാരാണ് ആശയെ മുഖ്യധാരാ ഗായികയാക്കിയത്. ‘ജായിയെ ആപ് കഹാ ജാ യേംഗാ’, ‘ആവോ ഹുസൂർ തുംകോ’ തുടങ്ങിയ ഗാനങ്ങളിൽ തുളുമ്പിയ വിഷാദച്ഛവി ആശയുടെ ആഴമേറിയ ശബ്ദത്തിന് മറ്റൊരു മാനം നൽകി. ‘പക്കീസയിലും’ ‘മുഗൾ ഇ അസത്തിലും’ ലത അനശ്വരമാക്കിയ മെഹ്ഫിൽ, തവായിഫ് ഗാനങ്ങളുടെ റേഞ്ചിലേക്ക് ആശയ്ക്ക് എത്താനാവില്ല എന്ന മുൻധാരണകളെ മാറ്റിമറിച്ചത് ഖയ്യാം എന്ന സംവിധായകനാണ്. ഉംറാവോ ജാനിൽ ‘ഇൻ ആംഖൊ കി മസ്തി കെ’, ‘ദിൽ ചീസ് ക്യാ ഹെ’ എന്നീ ഗാനങ്ങൾ ആശയെ ആകാശത്തോളമുയർത്തി. വിരഹവും കാല്പനികതയും അഭിലാഷവും കടഞ്ഞെടുത്ത ആ ഖയാലുകളുടെ ആലാപനം, പെപ്പി സംഗീതത്തിൽ ഒതുക്കി നിർത്താൻ ശ്രമിച്ചവർക്കുള്ള മറു പടിയായിരുന്നു. ‘പിയാ ബാവരി’, ‘കോനോഠഗ് വാ നഗരി യാ’, ‘ഭീനി ഭീനി ഭീനി ഭോർ’ എന്നീ ഉജ്ജ്വലഗാനങ്ങളിലൂടെ ശുദ്ധശാസ്ത്രീയ സംഗതികളും തനിക്ക് എളുപ്പത്തിൽ വഴങ്ങുമെന്ന് അവർ തെളിയിച്ചു. ആശയുടെ ശബ്ദസാധ്യതകളെ മികച്ചരീതിയിൽ പ്രയോജനപ്പെടുത്തിയത് അവരുടെ ഭർത്താവായ ആർ.ഡി. ബർമ നായിരുന്നു. ‘പിയ ബാവ് രി’ എന്ന ക്ലാസിക്കൽ ഗാനംമുതൽ ‘ദം മാരോ ദം’ എ ന്ന സെൻസ്വൽ നമ്പറും ‘ചുരാലിയാ ഹെ തുംനെ ജൊ ദിൽ കൊ’ എന്ന റോമാൻറിക് ഗാനവും ആശയ്ക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത ‘മേ രെ കുച്ഛ് സാമാൻ’ എന്ന വിഷാദഗീതവുംവരെ നീളുന്ന അവിസ്മരണീയമായ കൂട്ടുകെട്ട്. ആർ. ഡി.യുടെ മരണശേഷം ആശയെ വീണ്ടെടു ത്തത് എ.ആർ. റഹ്‌മാനാണ്. ‘രംഗീലാ’, ‘തൻഹാ തൻഹാ’, ‘മുഝെ രംഗ് ദെ’, ‘രാധാ കൈ സെ ന ജലെ’ തുടങ്ങി ഒട്ടേറെ ഹിറ്റുകൾ.

ആദ്യത്തെ പാട്ടിന് ലഭിച്ച പ്രതിഫലമായ നൂറുരൂപയുമായി മുംബൈ തെരുവിലെ ബടാപാവ് തിന്നാൻ ഓടിയിറങ്ങിയ പ്രസരിപ്പാണ് മനസ്സിലിപ്പോഴും സൂക്ഷിക്കുന്നതെന്ന് അവർ നവതി പൂർത്തിയായപ്പോൾ പറഞ്ഞിരുന്നു. പ്രസരിപ്പായിരുന്നു ആ പാട്ടുകളുടെയും ഗായികയുടെയും മുഖമുദ്ര; മരിക്കാത്ത ഒാർമ്മകളുടെയും.

Content Highlights: Asha Bhosle's unique ability to transition between classical, romantic, and pop genres. Her journey from overcoming sibling rivalry to becoming a world record holder for most recordings. The influence of OP Nayyar, Khayyam, and RD Burman in shaping her diverse musical career. Her enduring legacy that remains relevant and celebrated. The distinctive 'naughty' and versatile texture of her voice that defined generations