തുറന്ന് പറയാന്‍ മടിയില്ല, പണ്ടും ഇപ്പോഴും ചാന്‍സ് ചോദിക്കാറുണ്ട് - അജു വര്‍ഗീസ്

അജു വര്‍ഗീസ്‌
അജു വര്‍ഗീസ്‌

ജഗതി ശ്രീകുമാറിന്റെ കാല്‍ തൊട്ട് വന്ദിച്ചാണ് അജു വര്‍ഗീസ് സിനിമയിലേയ്ക്ക് വന്നത്. രാശി പിഴച്ചില്ല. പുതിയ മലയാള സിനിമയെ പഴയ ജഗതി കാലത്തെ ഹാസ്യത്തിന്റെ കരുത്ത് പകര്‍ന്ന് മുന്നോട്ടു കൊണ്ടുപോകുന്നതില്‍ നിര്‍ണായകമാണ് ഇന്ന് അജുവിന്റെ പങ്ക്. ഹാസ്യവേഷങ്ങള്‍ മാത്രമല്ല നായക, ഉപനായക വേഷങ്ങള്‍ ഭദ്രമാണ് അജുവിന്റെ കൈകളിലെന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. അതിനിടെ നിര്‍മാതാവിന്റെയും വിതരണക്കാരന്റെയും വേഷങ്ങളിലും അജു തിളങ്ങി.  2022 ലേക്ക് പ്രവേശിക്കുമ്പോള്‍ നൂറ്റിപ്പത്തിലേറെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് ജൈത്രയാത്ര തുടരുകയാണ് അജു. സമീപകാലത്ത് പുറത്തിറങ്ങിയ മിന്നല്‍ മുരളിയിലും, ഒരു താത്വിക അവലോകനത്തിലും മികച്ച പ്രകടനമാണ് അജു കാഴ്ചവച്ചത്. ഇനി പുറത്തിറങ്ങാനിരിക്കുന്ന മേപ്പടിയാനില്‍ ഇതുവരെ ചെയ്തവയില്‍ നിന്നും ഏറെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് അജു അവതരിപ്പിച്ചിരിക്കുന്നത്. തന്റെ അഭിനയജീവിതം പതിനൊന്ന് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും അവസരങ്ങള്‍ ചോദിച്ചുവാങ്ങുന്നതിന് താന്‍ മടി കാണിക്കാറില്ലെന്ന് അജു പറയുന്നു. 

''ചാന്‍സ് ചോദിക്കുക എന്നത് ഒരു മോശം കാര്യമല്ല. തുറന്ന് പറയാന്‍ മടിയില്ല. മലര്‍വാടി കഴിഞ്ഞ സമയത്ത് നിവിന്റെ വിവാഹത്തിന്റെ അന്ന് ആദ്യമായി ഞാന്‍ ചാന്‍സ് ചോദിക്കുന്നത് ജോഷി സാറിനോടാണ്. അന്ന് അദ്ദേഹം ഭാഗ്യത്തിന് ചാന്‍സ് നല്‍കി. മുതിര്‍ന്ന സംവിധായകരെന്നോ പുതുമുഖ സംവിധായകരെന്നോ വ്യത്യാസമില്ല. ഒരു സിനിമ പ്രഖ്യാപിക്കുമ്പോള്‍ തന്നെ നമുക്കതില്‍ പ്രതീക്ഷതോന്നുന്നുവെങ്കില്‍ നമുക്ക് പറ്റിയ കഥാപാത്രമുണ്ടോ എന്ന് തിരക്കുന്നതില്‍ എന്താണ് കുഴപ്പം. അവസരങ്ങള്‍ എല്ലായ്പ്പോഴും തേടി വരണമെന്നില്ല. അതിനെ തേടിപ്പിടിക്കാനും ശ്രമിക്കണം.''

മിന്നല്‍ മുരളി വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നു, അജുവിന്റെ പോലീസ് വേഷവും ശ്രദ്ധനേടി. പ്രേക്ഷകരുടെ പ്രതികരണങ്ങളെ എങ്ങിനെ നോക്കികാണുന്നു?

പ്രതികരണങ്ങളെല്ലാം സോഷ്യല്‍ മീഡിയ വഴിയാണ് ഞാന്‍ അറിയാറുള്ളത്. മലയാള സിനിമ അതിര്‍ത്തികള്‍ കടന്ന് ചര്‍ച്ചയാകുന്നത് എല്ലായ്പ്പോഴും അഭിമാനമുള്ള കാര്യമാണ്. ദൃശ്യം 2 ഒടിടി റിലീസിനെത്തിയപ്പോഴും വലിയ ചര്‍ച്ചയായിരുന്നു. അതേ സ്പേസില്‍ മിന്നല്‍ മുരളിയും എത്തിയതില്‍ ഏറെ സന്തോഷം തോന്നുന്നു. ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, സോഫിയ പോള്‍ എന്നിവരുടെ നിശ്ചയദാര്‍ഢ്യവും ക്ഷമയും മറ്റെല്ലാ അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും പ്രയത്നഫലമായാണ് ഈ വിജയം ലഭിച്ചിരിക്കുന്നത്. മലയാള സിനിമയിലെ ആഗോളതലത്തില്‍ ചര്‍ച്ചയാക്കാന്‍ കഴിയുന്ന നല്ല സിനിമകള്‍ ഇനിയും വരട്ടെ.

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളിലും അജു വേഷമിട്ടു. ഒരു സംവിധായകന്‍ എന്ന നിലയില്‍ ബേസിലിന്റെ വളര്‍ച്ചയെ എങ്ങിനെ കാണുന്നു?

സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമെന്ന് തോന്നിയിരുന്നു. എല്ലാവരുടെയും ആത്മാര്‍ഥമായ പ്രയ്തമാണ് ഇത്രയും വലിയ വിജയമാക്കി തീര്‍ത്തത്. സംവിധായകന്‍ എന്ന നിലയില്‍ ബേസിലിനെ വിലയിരുത്താന്‍ ഞാന്‍ ആളല്ല. അദ്ദേഹത്തിന്റെ ക്രാഫ്റ്റിന്റെ ആരാധകനാണ് ഞാന്‍. ബേസില്‍ ചെയ്ത മൂന്ന് ചിത്രങ്ങളെയും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത് ഒരു സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹം മികവ് തെളിയിച്ചതുകൊണ്ടാണ്.

സിനിമയില്‍ 11 വര്‍ഷങ്ങള്‍ പിന്നിടുന്നു, നൂറിലേറെ സിനിമകള്‍ ചെയ്തു. ഒരു നടനെന്ന നിലയില്‍ അജുവിനുണ്ടായ മാറ്റങ്ങള്‍ എന്തെല്ലാമാണ്?

പതിനൊന്ന് വര്‍ഷം എന്ന് പറയുമ്പോള്‍ മാത്രമാണ് അതെക്കുറിച്ച് ചിന്തിക്കുന്നത്. ആദ്യമായി സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു സിനിമയെങ്കിലും ചെയ്യുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. എന്നാല്‍ പിന്നീട് ഓരോ വര്‍ഷങ്ങളായി കടന്നുപോയപ്പോള്‍ ഒരുപാട് നല്ല സിനിമകള്‍ തേടിയെത്തി. എന്നെ സംബന്ധിച്ച് അതില്‍ ഭാഗ്യത്തിന്റെ കണികയുമുണ്ട്. ഒരു സിനിമ നന്നായി ഓടിയാല്‍ മാത്രമല്ല, അതില്‍ നമ്മുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടുവെങ്കില്‍ മാത്രമേ അടുത്ത അവസരം തേടിയെത്തുകയുള്ളൂ. നല്ല സിനിമകള്‍ ചെയ്യാനും കാലത്തിന്റെ മാറ്റത്തിനനുസരിച്ച് സ്വയം പരിഷ്‌കരിക്കാന്‍ തയ്യാറാകുക. എല്ലായ്പ്പോഴും പുതിയ കാര്യങ്ങള്‍ അറിയാനും പഠിക്കാനും ശ്രമിക്കുക. നല്ല വിമര്‍ശനങ്ങളെ സ്വീകരിക്കുക. തിരുത്തേണ്ടതാണെങ്കില്‍ തിരുത്താനുള്ള മനസ്സുകാണിക്കുക. ഒരു കഥാപാത്രത്തെ എഴുത്തുകാരന്റെയും സംവിധായകന്റെയും കാഴ്ചപ്പാടില്‍ നിന്ന് കാണാന്‍ ശ്രമിക്കുക. ഇതൊക്കെയാണ് ഞാന്‍ ചെയ്യാറു

മറ്റൊരു കാര്യം എന്താണെന്നുവച്ചാല്‍ സിനിമയില്‍ വന്ന സമയം മുതല്‍ എനിക്ക് വര്‍ക്ക് ചെയ്യാന്‍ സാധിച്ച അഭിനേതാക്കളും സാങ്കേതികപ്രവര്‍ത്തകരുമെല്ലാം വളരെ സ്നേഹത്തോടെയേ പെരുമാറിയിട്ടുള്ളൂ. ഏത് തലമുറയില്‍പ്പെട്ടവരാകട്ടെ, അവരില്‍ നിന്നും നമുക്ക് പഠിക്കാനുണ്ടാകും. മലര്‍വാടി ആര്‍ട്ട്സ് ക്ലബ് എന്ന സിനിമയിലൂടെയായിരുന്നു സിനിമയിലെ എന്റെ തുടക്കം. ഒരു കൂട്ടം യുവാക്കളുടെ കഥയാണെങ്കിലും നെടുമുടി വേണു ചേട്ടനെപ്പോലുള്ള മികച്ച അഭിനേതാക്കള്‍ സിനിമയുടെ ഭാഗമായുണ്ടായിരുന്നു. അതുപോലെ ജനാര്‍ദ്ദനന്‍ സാര്‍, ജഗതി സാര്‍ എന്നിവര്‍ക്കൊപ്പവും അഭിനയിച്ചു. അവസാനം ചെയ്ത ചിത്രത്തില്‍ ഇന്ദ്രന്‍സ് ചേട്ടനെപ്പോലുള്ളവര്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചു. എനിക്കൊപ്പം ഇതുവരെ പ്രവര്‍ത്തിച്ച എല്ലാവരും നല്‍കിയ അകമഴിഞ്ഞ പിന്തുണയാണ് എന്റെ യാത്രയുടെ ഊര്‍ജ്ജവും കരുത്തും. 

ഇനി വരാനുള്ള പ്രൊജക്ടുകള്‍?

ഒരു താത്വിക അവലോകനമാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. ഒരു രാഷ്ട്രയ ആക്ഷേപ ചിത്രമാണത്. മറ്റൊന്ന് ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന്‍, വിനീത് ശ്രീനിവാസന്റെ ഹൃദയം, പ്രകാശന്‍ പറക്കട്ടെ എന്നീ ചിത്രങ്ങളാണ്. മേപ്പടിയാനില്‍ ഏറെ വ്യത്യസ്തമായ വേഷമാണ് ചെയ്യുന്നത്. ഹാസ്യകഥാപാത്രമല്ല. തടത്തില്‍ സേവിയര്‍ എന്ന രാഷ്ട്രീയ നേതാവിന്റെ വേഷമാണ്. ഏറെ പ്രതീക്ഷകളുള്ള പ്രൊജക്ടാണ് മേപ്പടിയാന്‍. ഉണ്ണിമുകുന്ദന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രംകൂടിയാണത്.

Content Highlights: Actor Aju Varghese interview, Minnal Murali, Oru thathvika avalokanam, Movie Meppadiyan, 

Content Highlights: