സമുദായത്തിനകത്തെ ഒരു വിഭാഗം എതിര്ത്തിട്ടും എന്റെ ഉമ്മ ഉറച്ചു നിന്നു; എല്ലാ ക്രെഡിറ്റും ഉമ്മയ്ക്ക്

അന്തരിച്ച നടി ജമീലി മാലിക് വര്ഷങ്ങള്ക്ക് മുന്പ് ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖം
'ദൈവത്തിന്റെ തിരക്കഥ ചിലപ്പോള് അങ്ങനെയാണ്. ചിലര്ക്ക് ദുരനുഭവങ്ങള് മാത്രമായിരിക്കും ദൈവം നല്കുക. അങ്ങനെയൊരാളാണ് ഞാനും. മംഗല്യപ്പട്ട് എന്ന സീരിയലിന്റെ ലൊക്കേഷന്. ഒരു അമ്മൂമ്മയുടെ വേഷമാണ് ജമീല മാലിക്കിന്. അറുപത് കഴിഞ്ഞ അവര്ക്ക് 'അമ്മൂമ്മ'യാവാന് ഇനി അധികം മേക്കപ്പുകളൊന്നും വേണ്ട. നര കയറിയ മുടി, ചുളിവുകള് വീണ ഉടല്... കാലം അവരെ അത്രമേല് മാറ്റിയിരിക്കുന്നു.
'ടച്ച് അപ്' ചെയ്ത് ഷൂട്ടിങ്ങിന് ഒരുങ്ങുന്നതിനിടയില് ഒരു നിമിത്തമെന്ന പോലെ മൊബൈലില് നിന്ന് ആ ഗാനം: 'ദേവാങ്കണങ്ങള് കൈയൊഴിഞ്ഞ താരകം...'അടുത്ത നിമിഷം അവര് നിശ്ചലയായി. മുഖം ഏതോ ചിന്തകളിലേക്ക് ഊളിയിട്ടതുപോലെ. 'ദൈവമേ, എന്തൊരു യാദൃച്ഛികത! നിങ്ങള് എന്റെ കഥയെഴുതാന് വന്ന അതേ സമയത്തായല്ലോ ഈ പാട്ട്. എന്റെ ജീവിതകഥ മുഴുവന് ഈ ഒറ്റവരിയിലുണ്ട്...വീണുപോയ ഒരു നക്ഷത്രമാണ് ഞാന്...' നെടുവീര്പ്പിന്റെ ചൂടുള്ള വാക്കുകള്...അതില് അതിശയോക്തിയില്ല.
മലയാളമടക്കം അഞ്ചുഭാഷകളില് നായികയായും സഹനടിയായും പ്രതിഭ തെളിയിച്ച താരം. പക്ഷേ, വളരെക്കുറച്ചുകാലമേ പ്രശസ്തിയുടെ ആ വെള്ളിവെളിച്ചം ഉണ്ടായുള്ളൂ. നോക്കിയിരിക്കെ, സിനിമയുടെ ദേവാങ്കണങ്ങള് അവരെ കൈയൊഴിഞ്ഞു. ജീവിതത്തിലെ സൗഭാഗ്യങ്ങളും.
എന്തായിരുന്നു ആ പതനത്തിനുപിന്നില്? പിന്നീട് ഇത്രകാലവും അവര് എവിടെയായിരുന്നു?
ഒരുപാടു കണ്ട ഒരു ജ്ഞാനിയുടെ ഭാവത്തിലാണ് ജമീല ഈ ചോദ്യങ്ങള്ക്കുള്ള മറുപടി പറഞ്ഞത്: 'ദൈവത്തിന്റെ തിരക്കഥ ചിലപ്പോള് അങ്ങനെയാണ്. ചിലര്ക്ക് ദുരനുഭവങ്ങള് മാത്രമായിരിക്കും ദൈവം നല്കുക. അങ്ങനെയൊരാളാണ് ഞാനും. പക്ഷേ, എനിക്കതില് ദുഃഖമില്ല. അതുനമുക്ക് കൂടുതല് ഉള്ക്കാഴ്ച്ചകള് നല്കും. കരുത്ത് നല്കും, എന്തിനെയും നേരിടാന് കഴിയുന്ന ഒരു രണ്ടാം ജന്മമുണ്ടാകും.' കരുത്തുനേടിയ ഈ രണ്ടാം ജന്മത്തിലിരുന്ന് സ്വന്തം ജീവിതത്തിന്റെ തിരക്കഥ ഓര്ത്തെടുക്കുകയാണ് അവര്:
രംഗം ഒന്ന്
എല്ലാ കഥകളിലും ഒരു ഫ്ളാഷ്ബാക്ക് ഉണ്ടല്ലോ- ഓര്മകളിലേക്ക് സഞ്ചരിച്ചില്ലെങ്കില് കഥയില്ല. അത് ഇന്നത്തെ കാഴ്ചയില് നിന്നുതന്നെ തുടങ്ങണം. ഒരുനിമിഷം തിരുവനന്തപുരത്തെ ബീമാപ്പള്ളിക്കടുത്തുള്ള വാടകവീട്ടിലേക്ക് ക്യാമറ തിരിക്കുക. അവിടെയാണ് നിങ്ങള് തേടുന്ന കഥാനായിക-'ഞാന് ജീവിതസായാഹ്നം ചെലവഴിക്കുന്നത്. ഒരുതുണ്ടുഭൂമിയില്ലാതെ, വീടിന്റെയും ഉറ്റവരുടെയും അഭയമില്ലാതെ...
പക്ഷേ, വിശേഷണങ്ങള്ക്കും ബഹുമതികള്ക്കും കുറവില്ല. കേരളത്തില് നിന്ന് പൂണെ ഫിലിം ഇന്സ്റ്റിറ്റ്യൂട്ടില് ചേര്ന്ന ആദ്യത്തെ വനിത, മലയാളിയായ ആദ്യത്തെ ഹിന്ദി ഡബ്ബിങ് ആര്ട്ടിസ്റ്റ്, നാടകകൃത്ത്... മേല്വിലാസങ്ങള് പലതുണ്ടെങ്കിലും അവയൊന്നും എനിക്ക് അന്നം തരുന്നില്ല, അഭയം തരുന്നില്ല. അന്നത്തിനും അഭയത്തിനുംവേണ്ടിയാണ് ഞാനിന്ന് ഈ വീടിന്റെ ഉമ്മറത്തിരുന്ന് കുഞ്ഞുങ്ങള്ക്ക് ട്യൂഷനെടുക്കുന്നത്, ഹോസ്റ്റലില് മേട്രന്റെ ജോലി ചെയ്യുന്നത്.'
രംഗം രണ്ട്
കുഞ്ഞായിരിക്കുമ്പോള് തികച്ചും രാജകീയമായിട്ടായിരുന്നു എന്റെ ജീവിതം. ഉപ്പ ജോനകപ്പുറത്ത് മാലിക് മുഹമ്മദ് കൊല്ലത്ത് കൗണ്സിലറായിരുന്നു. സാമ്പത്തികമായി ഭേദപ്പെട്ട കുടുംബം. ഉമ്മ തങ്കമ്മ മാലിക്കും കൗണ്സിലറായിട്ടുണ്ട്. ആ 'കണ്സെഷനി'ല് കൊല്ലത്തെ തീയേറ്ററുകളില് ടിക്കറ്റെടുക്കാതെ ഞങ്ങള്ക്ക് സിനിമ കാണാമായിരുന്നു. അങ്ങനെ ധാരാളം സിനിമകള് കണ്ടു. നാടകങ്ങളും. അതൊക്കെ കണ്ട ആവേശത്തില് ഞാന് സ്വയം നാടകമെഴുതി. സഹോദരങ്ങള്ക്കും ചങ്ങാതിമാര്ക്കുമൊപ്പം അത് വീട്ടുമുറ്റത്ത് അവതരിപ്പിക്കുകയും ചെയ്തു.
കോന്നിയിലെ ഒരു ക്രിസ്ത്യന് കുടുംബാംഗമായിരുന്നു ഉമ്മ. സംഭവബഹുലമായ ജീവിതമായിരുന്നു അവരുടേത്. പതിനാലാംവയസ്സില് ഗാന്ധിജിക്ക് അവര് ഒരു കത്തെഴുതി, വാര്ധയിലെ ആശ്രമത്തില് ചേര്ന്ന് ഹിന്ദിപഠിക്കാനുള്ള താല്പര്യമറിയിച്ചുകൊണ്ട്. ഗാന്ധിജിയില് നിന്ന് വൈകാതെ അനുകൂലമായ മറുപടി വന്നു (ആ കത്ത് അടുത്ത കാലം വരെയും എന്റെ കൈയിലുണ്ടായിരുന്നു. വീടുമാറ്റത്തിനിടെ നഷ്ടപ്പെട്ടുപോയി). ഉമ്മ വാര്ധയില് പോയി പഠനം തുടങ്ങി. പിന്നെ ഗാന്ധിജിയുടെ നിര്ദേശമനുസരിച്ച് പ്രയാഗ് മഹിളാ വിദ്യാപീഠത്തില് ചേര്ന്ന് സരസ്വതി ബിരുദം നേടി. നാട്ടില് തിരിച്ചെത്തിയ ഉമ്മ, ബാപ്പ പത്രാധിപരായിരുന്ന 'മിത്രം' പത്രത്തില് ലേഖനങ്ങള് എഴുതാന് തുടങ്ങി. ആ അടുപ്പം വളര്ന്ന് അവര് ജീവിതത്തില് ഒരുമിക്കുകയായിരുന്നു.
ഞാന് ചെറുതായിരിക്കുമ്പോഴേ ബാപ്പ മരിച്ചുപോയി. പിന്നെ എല്ലാം ഉമ്മ തന്നെ. ബഹുമുഖപ്രതിഭയായിരുന്നു ഉമ്മ. പത്രപ്രവര്ത്തകയായതിനാല് ഉമ്മയ്ക്ക് മധു, തിക്കുറിശ്ശി തുടങ്ങി അന്ന് സിനിമയില് മുന്നിരയിലുണ്ടായിരുന്ന പലരുമായും സൗഹൃദമുണ്ടാക്കാന് കഴിഞ്ഞു. ഇന്ദിരാഗാന്ധി കേരളത്തില് പ്രസംഗിക്കാനെത്തുമ്പോള് ഉമ്മയാണത് പരിഭാഷപ്പെടുത്തിയിരുന്നത്.
കോട്ടണ്ഹില് സ്കൂളില് ഒമ്പതാംക്ലാസ്സില് പഠിക്കുമ്പോള് ഒരു സംഭവമുണ്ടായി. അതിരാവിലെ മധുസാര് ആളെവിട്ട് ഉമ്മയെയും എന്നെയും വിളിപ്പിച്ചു. തൃശ്ശൂര്പൂരത്തിന് അന്നുരാത്രി കളിക്കാനുള്ള നാടകത്തില് നിന്ന് നായിക പിന്മാറിയിരിക്കുന്നു. ആ റോള് ഞാന് ചെയ്യണം-അതായിരുന്നു ആവശ്യം.
അതിനുമുമ്പ് അദ്ദേഹം പറഞ്ഞുതന്നെ തൃഷ്ണ എന്നൊരു നാടകത്തില് ഞാന് ചെറിയൊരു വേഷം ചെയ്തിരുന്നു. ഇതുപക്ഷേ, നായികയുടെ വേഷമാണ്. റിഹേഴ്സലിന് ആകെയുള്ളത് ഒരു പകല്. ഞാനത് രണ്ടും കല്പിച്ച് ഏറ്റു. വാഹനത്തില് വെച്ചും പിന്നീട് ഉത്സവസ്ഥലത്തെത്തിയശേഷവുമായി ആകെ പന്ത്രണ്ട് മണിക്കൂര്. തിക്കുറിശ്ശി മാമനും മധുസാറും ആ സമയമത്രയും എന്നെ പരിശീലിപ്പിക്കുകയായിരുന്നു. 'പിശുക്കന്റെ കല്ല്യാണം' എന്നുപേരിട്ട നാടകത്തില് മധുസാറിന്റെ നായികയായിരുന്നു ഞാന്. തിക്കുറിശ്ശിമാമന്റെ മകളും.
വൈക്കം മുഹമ്മദ് ബഷീര്, കാമ്പിശ്ശേരി കരുണാകരന് തുടങ്ങി ഒട്ടേറെ സാഹിത്യകാരന്മാരുമായും ഞങ്ങളുടെ കുടുംബത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. ബഷീര് ഓരോ പുതിയ പുസ്തകം ഇറക്കുമ്പോഴും അത് ഞങ്ങള്ക്ക് അയച്ചുതരും. അങ്ങനെ ആ പുസ്തകങ്ങളെല്ലാം വായിക്കാന് കഴിഞ്ഞു. ബഷീറുമായി കൂടിയാലോചിച്ചിട്ടാണ് ഉമ്മ എന്നെ പൂണെയിലെ ഫിലിം ഇന്സ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കുന്നത്. എന്റെ ഇഷ്ടവും കഴിവും അഭിനയത്തിലാണെന്ന് ഉമ്മ മനസ്സിലാക്കിയിരുന്നു.
രംഗം മൂന്ന്
വിപ്ലവകരമായ ആ തീരുമാനത്തിന്റെ ക്രെഡിറ്റ് ഉമ്മയ്ക്കുതന്നെയാണ്. പെണ്കുട്ടികള് പുറത്തുപോയി പഠിക്കുക, അതും സിനിമാഭിനയം! സമുദായത്തിനകത്തെ വലിയൊരു വിഭാഗം എതിര്ത്തിട്ടും ഉമ്മ അതില് ഉറച്ചുനിന്നു. പത്താംക്ലാസ്സ് കഴിഞ്ഞയുടനെ പൂണെയിലെ ഫിലിം ഇന്സ്റ്റിറ്റ്യൂട്ടില് ചേര്ന്ന് പഠിക്കാനായത് ആ ദൃഢനിശ്ചയംകൊണ്ടുമാത്രമാണ്. പൂണെയിലെ രാപകലുകള്, അവിടുത്തെ ഓരോ നിമിഷങ്ങളും കാലമെത്ര കഴിഞ്ഞാലും മറക്കാനാവില്ല. എന്റെ സീനിയറായിരുന്നു ജയാ ഭാദ്രി (ജയാബച്ചന്). ജയ എന്റെ അടുത്ത സുഹൃത്തുമായിരുന്നു. അവര് ബച്ചനൊപ്പം അഭിനയിച്ചുതുടങ്ങിയ കാലം. ജയ ഇടയ്ക്കിടയ്ക്ക് ബച്ചനെക്കൂട്ടി കാമ്പസ്സില് വരുമായിരുന്നു. അങ്ങനെ ബിഗ്ബിയുമായും നല്ല പരിചയമായി.
അന്ന് ഇന്സ്റ്റിറ്റ്യൂട്ടില് ഉണ്ടായിരുന്ന കെ.ജി ജോര്ജിന്റെ ഡിപ്ലോമ സിനിമയില് ഞാന് അഭിനയിച്ചു. സീനിയറായ രവിമേനോന്റെ കൂടെ ക്യാമ്പസ് ചിത്രത്തില് അഭിനയിച്ചതാണ് മറ്റൊരു ഓര്മ. 70-71 കാലയളവിലാണ് പൂണെയിലെ പഠനം കഴിഞ്ഞ് ഞാന് മടങ്ങിയത്.
രംഗം നാല്
ഇന്സ്റ്റിറ്റ്യൂട്ടില് നിന്ന് വന്നയുടനെ അമ്മ വഴി അവസരങ്ങള്ക്ക് ശ്രമിച്ചു. ലൈന്ബസ്സ്, ഏണിപ്പടികള്, സതി തുടങ്ങിയ ചില ചിത്രങ്ങളില് ചില ചെറിയ വേഷങ്ങള് കിട്ടി.1973-ല് പുറത്തിറങ്ങിയ എന്. എന്. പിഷാരടിയുടെ റാഗിങ് ആയിരുന്നു ആദ്യത്തെ ശ്രദ്ധേയമായ ചിത്രം. അതില് വിന്സെന്റിന്റെ നായികയായിരുന്നു ഞാന്. പി.ജെ. ആന്റണിയും അഭിനയിച്ചിരുന്നു.
റാഗിങ് തരക്കേടില്ലാതെ ഓടിയതുകൊണ്ട് എനിക്ക് വേറെയും ചിത്രങ്ങള് വന്നു. ലക്ഷ്മി, അതിശയരാഗം(തമിഴ്), ലഹരി, പാണ്ഡവപുരം എന്നീ ചിത്രങ്ങളില് നായികയുടെ റോള് തന്നെ കിട്ടി. തെലുങ്കിലും നായികയായി രണ്ടുചിത്രങ്ങള്. മധു സംവിധാനം ചെയ്ത നീലക്കണ്ണുകളിലും നല്ല വേഷമായിരുന്നു. വെള്ളിരഥത്തില് കെ. ആര്. വിജയയുടെ കൂടെ സെക്കന്റ് റോളില്. ആ കഥയെ മുന്നോട്ടുകൊണ്ടുപോകുന്നത് ഞാന് ചെയ്ത കണ്ണമ്മ എന്ന കഥാപാത്രമാണ്. എം.ജി.ആറും പന്തലുവും അവരുടെ പുതിയ സിനിമയിലേക്ക് എന്നെ തിരഞ്ഞെടുത്തെങ്കിലും ആ രണ്ടുചിത്രങ്ങളും നടന്നില്ല.
പക്ഷേ, അതൊരു വലിയ അംഗീകാരമല്ലേ?
ജയലളിതയുടെ അവസാനചിത്രമായ 'നദിയെ തേടിവന്ത കടലില്' അവര്ക്കൊപ്പം പ്രാധാന്യമുള്ള സെക്രട്ടറിയുടെ റോള്. 'ഓടയില് നിന്ന്' ഹിന്ദിയിലേക്ക് മാറ്റിയപ്പോള് സെക്കന്റ് ഹീറോയിനായി. ദൂരദര്ശന്റെ ആദ്യകാല സീരിയലുകളില് എത്രയോ വേഷങ്ങള്... കുറേ ഹിന്ദി ചിത്രങ്ങള്ക്ക് ഡബ്ബ് ചെയ്തു.
അഭിനയം പോലെ ഞാന് ആസ്വദിച്ച് ചെയ്യുന്ന ഒന്നാണ് നാടകരചനയും. ആകാശവാണിക്കുവേണ്ടി പന്ത്രണ്ടോളം നാടകങ്ങള് എഴുതി. ദാസ്താന് എ റൂഹ്, കരിനിഴല്, തൗബ...പേരുകളൊന്നും മുഴുവനായി ഓര്ക്കാന് പറ്റു ന്നില്ല..
രംഗം അഞ്ച്
വിവാഹം എന്റെ ജീവിതത്തില് ശരിക്കും ഒരു വഴിത്തിരിവായി. മദിരാശിയില് നിന്നായിരുന്നു വരന്. ബന്ധുക്കള് ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു. പക്ഷേ, ആ ബന്ധം എന്റെ സ്വപ്നങ്ങള്ക്ക് ചിറകുകള് തന്നില്ല. അയാളുമൊത്തുള്ള ജീവിതം ഒരു വര്ഷം കൊണ്ട് അവസാനിച്ചു. അതിനിടയില് ഒരു മകന് പിറന്നു. അന്സാര് മാലിക്. വേര്പിരിയലിന് ശേഷം ഞാന് കേരളത്തിലേക്ക് താമസം മാറ്റി. മകനോടൊപ്പം ഓരോരോ വാടകവീടുകളില്. അപ്പോഴെനിക്ക് സിനിമയില്ല, ആണ്തുണയില്ല, വരുമാനമാര്ഗങ്ങളുമില്ല. ഉമ്മയും വിട്ടുപിരിഞ്ഞതോടെ ഒരു ആശ്രയസ്ഥാനവുമില്ലാതായി.
ഇക്കാലത്താണ് കുട്ടികള്ക്ക് ട്യൂഷനെടുക്കാന് തുടങ്ങിയത്. ഒപ്പം സ്വയംപഠനവും ആരംഭിച്ചു. ഹിന്ദി പ്രചാരസഭയില് നിന്ന് സാഹിത്യാചാര്യ, സാഹിത്യരത്നം തുടങ്ങിയ ബിരുദങ്ങള് നേടി. മുപ്പത്തഞ്ചുവയസ്സിനുശേഷമായിരുന്നു ഇതെല്ലാം. പിന്നെ പല സ്വകാര്യസ്കൂളുകളിലും ടീച്ചറായി ജോലിചെയ്തു.
അങ്ങനെ സിനിമയില്ലാതെ മുപ്പതുവര്ഷങ്ങള് കടന്നുപോയി. കല, അതിനുവേണ്ടി ജീവിതം സമര്പ്പിച്ചവരെ കൈവിടില്ലെന്നാണ് എന്റെ വിശ്വാസം. അതുകൊണ്ടായിരിക്കാം ഇപ്പോള് സീരിയലിന്റെ രൂപത്തില് അവസരം വീണ്ടും എന്നെത്തേടിയെത്തിയത്,
ഫൈസല് അടിമാലിയുടെ 'മംഗല്യപ്പട്ടി'ലൂടെ...
പല ഭാഷകളില് അമ്പതോളം ചിത്രങ്ങള്... പ്രശസ്തരുമൊത്തുള്ള സൗഹൃദങ്ങള്...നഷ്ടബോധം വേട്ടയാടുന്നുണ്ടോ?
ഹേയ്, ആ സൗഹൃദങ്ങളൊന്നും ഞാന് എന്റെ ഏണിപ്പടിയാക്കിയിട്ടില്ല. അവരില് പലരും എന്നോട് അനുഭാവം കാണിച്ചിട്ടുണ്ട്. ഇത്രയും സമ്പന്നമായ ഒരു ഭൂതകാലം എനിക്ക് ഉണ്ടാക്കിയെടുക്കാന് കഴിഞ്ഞില്ലേ, അതുകൊണ്ട് നഷ്ടബോധമില്ല. പിന്നെ സാഹചര്യങ്ങളോട് 'സ്ട്രഗിള് 'ചെയ്ത് ജീവിക്കാന് ഞാന് പഠിച്ചിട്ടുണ്ട്. ഒഴുക്കിനെതിരെ നീന്താനാണ് എനിക്കിഷ്ടം.
ജീവിതത്തില് ഒരുപാട് കരഞ്ഞിട്ടുണ്ടാവും, അല്ലേ?
ഉണ്ട്. പക്ഷേ, ഇപ്പോള് അഭിനയിക്കാന് വേണ്ടി മാത്രമേ ഞാന് കരയൂ. അതാണ് ദുരനുഭവങ്ങള് നല്കിയ കരുത്ത്. നാം ആഗ്രഹിച്ചതുപോലെ എല്ലാം സംഭവിച്ചാല് ജീവിതത്തില് കഥയില്ലല്ലോ.
അപ്പോള് ആഗ്രഹങ്ങളൊന്നും വേണ്ടെന്നാണോ?
അല്ല, എനിക്ക് ഇപ്പോഴും നിറയെ ആഗ്രഹങ്ങളുണ്ട്, സ്വപ്നങ്ങളുണ്ട്. എന്നും എല്ലാവരും ഓര്മിക്കുന്ന ഒരു വേഷം ചെയ്യണം. അതാണ് ഏറ്റവും വലിയ ആഗ്രഹം. പിന്നെയൊരു മേല്ക്കൂരയുടെ അഭയം. നാല്പതു വര്ഷമായില്ലേ വാടകവീടുകളില് അഗതികളെക്കണക്ക് ഇങ്ങനെ ജീവിക്കുന്നു. ഒരുതുണ്ട് ഭൂമി വാങ്ങി ഒരു വീട്. 'അമ്മ'യില് നിന്നോ സര്ക്കാരില് നിന്നോ ഒക്കെ സഹായം കിട്ടുമെന്നാണ് പ്രതീക്ഷ. ബിസിനസ് തുടങ്ങി ജീവിതം പച്ചപിടിപ്പിക്കാന് ആഗ്രഹിക്കുന്ന മകനെ സഹായിക്കണം. ഡിഗ്രി വരെ പഠിച്ചിട്ടുണ്ട് അവന്. പാട്ടും ഡാന്സുമൊക്കെ നന്നായി ചെയ്യും. പക്ഷേ, ശരീരത്തിന് വലിയ സുഖം പോരാ. എന്റെ സഹോദരന് ഫസലുല്ഹഖ് ആണ് ഇപ്പോള് ഞങ്ങളുടെ ഒരേയൊരു തണല്. കേരള സര്വകലാശാലയില് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.
നല്ലവനായ ബാലചന്ദ്രമേനോന്
റാഗിങ്ങില് അഭിനയിച്ച കാലത്ത് അമ്മയ്ക്കൊപ്പം ചെന്നൈയിലെ ഒരു വീട്ടിലായിരുന്നു താമസം. ഒരു ദിവസം അപ്രതീക്ഷിതമായി ഒരു ചെറുപ്പക്കാരന് അവിടെയെത്തി: 'ഞാന് ബാലചന്ദ്രമേനോന്. ജേണലിസ്റ്റാണ്, സിനിമയില് നിന്ന് വരുന്നു', അയാള് സ്വയം പരിചയപ്പെടുത്തി. പത്രപ്രവര്ത്തകനെന്ന നിലയില് അദ്ദേഹത്തിന്റെ ആദ്യത്തെ ഇന്റര്വ്യൂ ആയിരുന്നു അത് (നടിയെന്ന നിലയില് എന്റെയും). ആ ഇന്റര്വ്യൂ വളരെ ശ്രദ്ധിക്കപ്പെട്ടു. ധാരാളം പേര് അതുവായിച്ച് അഭിപ്രായം പറഞ്ഞു.
പിന്നീട് വളരെക്കാലങ്ങള്ക്കുശേഷം അമ്മ സംഘടിപ്പിച്ച അഭിനയക്കളരിയില് ക്ലാസ്സെടുക്കാന് പോയി ഞാന്. അന്നവിടെ പ്രസംഗിക്കാനെത്തിയത് സംവിധായകനായി പേരെടുത്ത ബാലചന്ദ്രമേനോനാണ്. അദ്ദേഹം എന്നെക്കണ്ടിട്ട് പരിചയം ഭാവിച്ചേയില്ല. എനിക്ക് വല്ലാത്ത സങ്കടമായി. പക്ഷേ, വീട്ടിലെത്തിയപ്പോള് ഒരു ഫോണ്കോള്:'സോറി ജമീല, അവിടെ ക്ലാസ്സെടുത്തിരുന്നത് നിങ്ങളാണെന്ന് മനസ്സിലായില്ല'. അതാണ് ബാലചന്ദ്രമേനോന്. പഴയതൊന്നും മറക്കാത്ത നല്ല മനുഷ്യന്.
Content Highlights: Actress Jameela Malik, interview, Pune Film Institute, struggle, life, mother, father, movies
Content Highlights: