മധുവില്‍ നിന്ന് നമുക്ക് ഒരുപാട് പഠിക്കാനുണ്ട്: ഈ നായികമാര്‍ പറയുന്നു

By: ഭാനുപ്രകാശ്‌
ചിത്രങ്ങള്‍: മാതൃഭൂമി ആര്‍ക്കൈവ്‌സ്‌
സിനിമയുടെ മാസ്റ്ററാണ് മധുസാര്‍- ശാരദ​
നാല്പതു വര്‍ഷത്തിലേറെ നീണ്ട ഞങ്ങളുടെ സൗഹൃദത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയ മധുസാര്‍ ഒരുപാടൊരുപാട് സവിശേഷതകളുള്ള വ്യക്തിത്വമാണ്. മലയാള സിനിമയുടെ വലിയൊരു ചരിത്രമെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. സത്യനും പ്രേംനസീറിനും മധുവിനും ഒപ്പം അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചുവെന്നത് എന്റെ പുണ്യമാണ്. മധുസാറിനൊപ്പം അഭിനയിക്കുന്നതിനു മുമ്പുതന്നെ ഞാനദ്ദേഹത്തെക്കുറിച്ച് അറിഞ്ഞിരുന്നു. ആഭിജാത്യത്തിലൂടെയാണ് ഞങ്ങളൊരുമിക്കുന്നത് എന്നാണ് എന്റെ ഓര്‍മ്മ. മധു-ശാരദ ജോഡിയുടെ തുടക്കവും അവിടെയാവും. അതിനുശേഷം നിരവധി ചിത്രങ്ങളില്‍ അദ്ദേഹത്തിനോടൊപ്പം അഭിനയിക്കാനുള്ള അവസരമുണ്ടായി. എത്രയോ ഹിറ്റ് ചിത്രങ്ങള്‍ അതിലുണ്ടായിരുന്നു. എങ്കിലും എനിക്ക് ദേശീയ അവാര്‍ഡ് നേടിത്തന്ന 'സ്വയംവര'ത്തിലേയും 'തുലാഭാര'ത്തിലേയും നായകന്‍ മധുസാറായിരുന്നു. ഒരു ആക്ടര്‍ എന്ന നിലയില്‍ ഞാനറിഞ്ഞ മധു ഏതു കഥാപാത്രമായാലും നന്നായി പഠിച്ചേ അവതരപ്പിക്കൂ എന്നതാണ്. ഇന്നും അദ്ദേഹം ഒരു വിദ്യാര്‍ത്ഥിയാണെന്ന് തോന്നും. അത്രമാത്രം ഡെഡിക്കേഷനോടെയാണ് മധുസാര്‍ സിനിമയെ സമീപിക്കുന്നത്. അദ്ദേഹം നിര്‍മ്മിച്ച ചിത്രങ്ങളില്‍ എനിക്കും ഞാന്‍ നിര്‍മ്മിച്ച ചിത്രങ്ങളില്‍ മധുസാറിനും അഭിനയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അതും ഒരപൂര്‍വ്വതയാണ്.
സത്യന്‍മാഷേക്കാളും നസീര്‍സാറിനേക്കാളും മലയാള സിനിമക്ക് കോണ്‍ട്രിബ്യൂഷന്‍ മധുസാറില്‍നിന്നാണ് ഉണ്ടായത്. സിനിമയില്‍ നിന്നും നേടിയതെന്താണോ അതെല്ലാം സിനിമയ്ക്കുവേണ്ടിതന്നെ വിനിയോഗിക്കുകയായിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ആര്‍ട്ടിസ്റ്റുകളെ സംബന്ധിച്ചിടത്തോളം അഭിനയിക്കുക എന്നതിനപ്പുറം സിനിമയുടെ മറ്റു മേഖലകളിലേക്ക് ഏറെപ്പേരും കടന്നുചെല്ലാറില്ല. പക്ഷേ, മധുസാര്‍ സിനിമയുടെ വിഭിന്ന മേഖലകളില്‍ തന്റെ സാന്നിദ്ധ്യം അടയാളപ്പെടുത്തിയ കലാകാരനാണ്. ഒന്നിലും അദ്ദേഹം പരാജയപ്പെട്ടിട്ടില്ല. മധുസാറിന്റെ എണ്‍പതാം പിറന്നാള്‍വേളയിലെങ്കിലും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ച് വിലയിരുത്താനും പഠിക്കാനും നമുക്കു കഴിയണം. അര്‍ഹതയ്ക്കുള്ള അംഗീകാരങ്ങള്‍ കിട്ടേണ്ടസമയത്തുതന്നെ കിട്ടണം. വൈകി ലഭിക്കുന്ന ഒരംഗീകാരവും ഒരു കലാകാരന് സന്തോഷം പകരുമെന്ന് തോന്നുന്നില്ല. എങ്കിലും മധുസാറിന് നല്‌കേണ്ട ബഹുമതികള്‍ ഈ വേളയിലെങ്കിലും ഗവണ്‍മെന്റിന് നല്‍കാന്‍ കഴിയേണ്ടതാണ്. തന്റെ സഹപ്രവര്‍ത്തകര്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കുമ്പോള്‍ തുറന്ന മനസ്സോടുകൂടി അവരെ അഭിനന്ദിക്കാന്‍ മധുസാര്‍ ഒരു മടിയും കാണിക്കില്ല. എനിക്കു ദേശീയാംഗീകാരങ്ങള്‍ ലഭിച്ചപ്പോഴൊക്കെ ആ സ്‌നേഹവാക്കുകള്‍ എന്നെ തേടിയെത്തിയതാണ്. അതേ ഹൃദയ വികാരത്തോടെ അദ്ദേഹത്തിന്റെ എണ്‍പത്തിനാലാം പിറന്നാളിന് ഞാന്‍ ആശംസകള്‍ നേരുന്നു.
പരീക്കുട്ടിയുടെ കറുത്തമ്മ- ഷീല
സിനിമയിലേക്കുള്ള എന്റെ രണ്ടാം വരവില്‍, സത്യന്‍ അന്തിക്കാടിന്റെ 'മനസ്സിനക്കരെ'-യുടെ ലൊക്കേഷനിലേക്ക് കടന്നുചെല്ലുമ്പോഴാണ് ആ ശബ്ദം വീണ്ടും എന്റെ കാതുകളിലേക്ക് ഒഴുകിയെത്തിയത്. 'കറുത്തമ്മാ... കറുത്തമ്മയ്ക്ക് എന്നെ വിട്ടുപോകാന്‍ കഴിയുമോ?' ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ഷൂട്ടിംഗ് കാണാനെത്തിയ പയ്യന്‍മാരില്‍ ഒരാളാണ് ആ ഡയലോഗ് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നുത്. അത് വലിയൊരു കോംപ്ലിമെന്റാണ്. കഥാപാത്രങ്ങളിലൂടെ നടനെ ഓര്‍ക്കുക എന്നത്. മധുസാറിന് ലഭിക്കുന്ന ഒരംഗീകാരമായി ഞാനതിനെ കാണുന്നു. പല സംഭാഷണത്തിനിടക്കും ചെമ്മീനിലെ പരീക്കുട്ടിയെക്കുറിച്ച് സാര്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ആ അഡ്രസ്സ് ഒന്നുകൊണ്ടുമാത്രമാണ് താന്‍ ഇന്നും സിനിമാ ഫീല്‍ഡില്‍ നില്‍ക്കുന്നതെന്നൊക്കെ തമാശയായി മധുസാര്‍ പറയാറുണ്ട്.
ഒരുപാട് കഥാപാത്രങ്ങളെ മനോഹരമായി എനിക്ക് അവതരിപ്പിക്കാന്‍ കഴിഞ്ഞത് സത്യന്‍മാഷിന്റേയും നസീര്‍സാറിന്റെയും മധുസാറിന്റെയുമൊക്കെ സപ്പോര്‍ട്ടിംഗ് ഒന്നുകൊണ്ടുമാത്രമാണ്. മധുസാറിനെ ഓര്‍ക്കുമ്പോള്‍ പരീക്കുട്ടിയും ഷീലയെ ഓര്‍ക്കുമ്പോള്‍ കറുത്തമ്മയും പ്രേക്ഷകന്റെ മനസ്സില്‍ തെളിയുന്നത് ആ കഥാപാത്രങ്ങളുടെ ശക്തികൊണ്ടുതന്നെയാണ്. പ്രണയവും വിരഹവും ദുരന്തവും നിറഞ്ഞ കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും ജീവിതം മധുസാറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് എന്റെ ചലച്ചിത്ര ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. നിരവധി ചിത്രങ്ങളില്‍ മധുസാറിന്റെ നായികയാവാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും 'മാന്യശ്രീ വിശ്വാമിത്രനി'-ലൂടെയാണ് മധു എന്ന സംവിധായകന്റെ കഴിവ് ഞാന്‍ ശരിക്കും അറിയുന്നത്. ഞാന്‍ ആദ്യം സംവിധാനം ചെയ്ത 'യക്ഷഗാന'-ത്തില്‍ മധുസാറിനും അഭിനയിക്കാന്‍ കഴിഞ്ഞിരുന്നു.
ജീവിതത്തെക്കുറിച്ച് വളരെ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്ന ആളാണ് മധുസാര്‍. സഹപ്രവര്‍ത്തകരുടെ സന്തോഷത്തിലും വേദനയിലും എപ്പോഴും അദ്ദേഹമുണ്ടാവും. വാക്കുകൊണ്ടുപോലും സൗഹൃദങ്ങളില്‍ ഒരകല്‍ച്ച അദ്ദേഹം സൃഷ്ടിക്കില്ല. നാല്പതിലേറെ വര്‍ഷമായി തുടരുന്ന ഞങ്ങളുടെ സൗഹൃദം ഇന്നും തുടരുന്നു. അമ്പതു വര്‍ഷമായി അഭിനയരംഗത്ത് നിലനില്‍ക്കുന്ന ആ മഹാനടന് ഈ എണ്‍പത്തിനാലാം പിറന്നാളില്‍ ഒരുപാട് നന്മകള്‍ നേരുന്നു. ഇനിയുമേറെക്കാലം കഥാപാത്രങ്ങളായി അദ്ദേഹം സിനിമയിലുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
മധുസാര്‍ എന്ന പാഠപുസ്തകം- വിധുബാല
കഴിവും ഭാഗ്യവും ഒന്നിച്ചു കിട്ടിയ നടനാണ് മധുസാര്‍. സത്യന്‍മാഷും നസീര്‍സാറും ജ്വലിച്ചുനിന്നിരുന്ന കാലത്താണ് മധുസാറിന്റെ വരവ്. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍നിന്നും പരിശീലനം നേടി സിനിമയിലെത്തിയ ആദ്യത്തെ നടന്‍ എന്നദ്ദേഹത്തെ വിശേഷിപ്പിക്കാം. രണ്ടു പ്രതിഭകളുടെ നടുവില്‍നിന്ന് ഒരുപാട് ക്യാരക്ടര്‍ വേഷങ്ങള്‍ ചെയ്യാന്‍ മധുസാറിന് അവസരമുണ്ടായി. പരുക്കനായിട്ടുള്ള സത്യന്‍സാറിനും കൂളായിട്ടുള്ള നസീര്‍ സാറിനും ഇടയില്‍ വേറിട്ട ഒരു അഭിനയശൈലിയായിരുന്നു അദ്ദേഹം കാഴ്ചവെച്ചത്. റോമാന്റിക് വേഷങ്ങളും പരുക്കന്‍ വേഷങ്ങളും ക്യാരക്ടര്‍ റോളുകളും ഒരുപോലെ കൈകാര്യം ചെയ്യാന്‍ മധുസാറിന് കഴിഞ്ഞിരുന്നു. അദ്ദേഹം സെറ്റില്‍ വന്നാല്‍ തമാശ ഒഴിഞ്ഞ നേരമില്ല. ഏതു പ്രായത്തിലുള്ളവരുമായും തമാശകള്‍ പറഞ്ഞ് സെറ്റില്‍ ചിരി പരത്താന്‍ മധുസാറിന് വലിയ മിടുക്കാണ്. ആ ചിരി തന്നെയാണ് അദ്ദേഹത്തിന്റെ ആരോഗ്യത്തിന്റെ രഹസ്യവും എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കോംപിനേഷന്‍ സീനില്‍ സീരിയസ്സായുള്ള അഭിനയമാണെങ്കില്‍ മധുസാര്‍ പല തമാശകളും കാട്ടിക്കൂട്ടും. ആ തമാശകള്‍ കണ്ട് പലപ്പോഴും അഭിനയിക്കാന്‍ പോലും ഞാന്‍ മറന്നുപോയിട്ടുണ്ട്.
മറ്റു നടന്മാര്‍ക്കും കിട്ടാത്ത ഒരുപാട് ഭാഗ്യങ്ങള്‍ മധുസാറിനുണ്ടായിട്ടുണ്ട്. സിനിമയില്‍ വന്നകാലം മുതല്‍തന്നെ എത്രയെത്ര വ്യത്യസ്ത വേഷങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്. സത്യന്‍മാഷിന്റെ മരണശേഷം 'ഉമ്മാച്ചു'വിലെ മായന്റെ വേഷം മധുസാറിനെക്കൊണ്ടാണ് ചെയ്യിച്ചത്. മറ്റൊരു നടനെ ആ കഥാപാത്രത്തിനുവേണ്ടി കണ്ടെത്താനാകുമായിരുന്നില്ല. ഒരു ലജന്‍ട്രി ക്യാരക്ടറായിരുന്നു അത്. ആ സിനിമയില്‍ ചീനമുളകു ചിന്നമ്മു എന്ന വേഷം ഞാനാണ് അഭിനയിച്ചത്. 'ഭൂമി ദേവി പുഷ്പിണിയായി', 'സിന്ധു', 'ശാന്ത ഒരു ദേവത', 'തീക്കനല്‍', 'പ്രതീക്ഷ' തുടങ്ങി നിരവധി ചിത്രങ്ങളില്‍ മധുസാറിനൊപ്പം അഭിനയിക്കാന്‍ എനിക്കു ഭാഗ്യമുണ്ടായി.
മധുസാറില്‍നിന്നും ഒരുപാട് കാര്യങ്ങള്‍ പുതിയ തലമുറക്ക് പഠിക്കാനുണ്ട്. ഇത്രയേറെ അനുഭവസമ്പത്തുള്ള മറ്റൊരാള്‍ മലയാള സിനിമയിലില്ല. സ്‌നേഹം, വിനയം, ആര്‍ദ്രത... ചെറുപ്പക്കാര്‍ മുഴുവന്‍ കണ്ടു പഠിക്കേണ്ട ഒരു പാഠമാണത്. എക്കാലത്തേയും വലിയൊരു പാഠപുസ്തകവും. അതാണ് മധുസാര്‍.
തലമുറകള്‍ക്കൊപ്പം സഞ്ചരിച്ച പ്രതിഭ'- കെ. ആര്‍. വിജയ
വിവിധ ഭാഷകളിലായി ഒട്ടേറെ നായകന്മാരോടൊപ്പം അഭിനയിക്കാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. മലയാളത്തില്‍ സത്യന്‍മാസ്റ്റര്‍ മുതല്‍ മോഹന്‍ലാല്‍ വരെയുള്ള വലിയനടന്മാരോടൊപ്പമുള്ള അഭിനയാനുഭവങ്ങള്‍; ഓരോ നടന്മാരും അഭിനയത്തിന്റെ വ്യത്യസ്തമായ അനുഭവങ്ങളാണ് പകര്‍ന്നുനല്‍കിയത്. അങ്ങനെ നോക്കുമ്പോള്‍ മധുസാറില്‍ നിന്നും മറക്കാനാവാത്ത ഏറെ മുഹൂര്‍ത്തങ്ങള്‍ സിനിമ എനിക്കു സമ്മാനിച്ചിട്ടുണ്ട്. ആദ്യകിരണങ്ങളാണ് ആദ്യം ഓര്‍മ്മയിലെത്തുന്നത്. മധുസാര്‍ നായകവേഷമണിഞ്ഞ ആദ്യ കാലചിത്രങ്ങൡലാന്നായിരുന്നു ആദ്യകിരണങ്ങള്‍. ഒരു നാട്ടിന്‍പുറത്തെത്തിച്ചേരുന്ന സാമൂഹികസേവികക്ക് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളുമായിരുന്നു ചിത്രത്തിന്റെ കാതല്‍. മധുസാറിന്റെ നായികയായിട്ടാണ് ഞാന്‍ അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ഞങ്ങളൊന്നിച്ചു. അപ്പോഴൊക്കെ എനിക്കു തോന്നിയത് കഥാപാത്രമേതായാലും തന്റേതായ ഒരു ടച്ച് അതിനു നല്‍കാന്‍ മധുസാര്‍ ശ്രമിച്ചിരുന്നു എന്നതാണ്.
അഭിനയം പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെ മനസ്സോടെയായിരുന്നു. ഒരര്‍ത്ഥത്തില്‍ മധുസാര്‍ തന്റെ അഭിനയകലയെ നവീകരിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹത്തിന് ലഭിച്ച വേഷങ്ങളിലൂടെ.'ആയുധം, ജീവിതം, ആധിപത്യം, കോളിളക്കം, ഇത്തിരിപ്പൂവേ ചുവന്നപൂവേ, ചമ്പക്കുളംതച്ചന്‍, സൈമണ്‍ പീറ്റര്‍ നിനക്കുവേണ്ടി തുടങ്ങി നിരവധി ചിത്രങ്ങള്‍ പെട്ടന്ന് ഓര്‍മ്മയിലെത്തുന്നു. സംവിധായകന്‍ പറഞ്ഞുകൊടുക്കുന്ന കാര്യം അതേപടി ക്യാമറക്കുമുന്നില്‍ നിന്ന് നടിക്കുകയായിരുന്നില്ല മധുസാര്‍. കഥാപാത്രത്തിന് തന്റേതായ ഒരു ഡയമെന്‍ഷന്‍ അദ്ദേഹം എപ്പോഴും നല്‍കാറുണ്ട്. നിരവധി സിനിമകള്‍ സംവിധാനം ചെയ്ത അദ്ദേഹത്തിന് സിനിമയുടെ എല്ലാ മേഖലകളെക്കുറിച്ചും നല്ല ധാരണയുണ്ട്. അക്കാദമിക്കലായി അഭിനയം പഠിച്ചെടുത്തതുകൊണ്ടു മാത്രമല്ല മധുസാര്‍ മറ്റുനടന്മാരില്‍നിന്നും വ്യത്യസ്തനാവുന്നത്. എന്നും കാലത്തോടൊപ്പം സഞ്ചരിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നു എന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെ ഈ 84-ാം വയസ്സിലും മധുസാറിനെ മാറ്റിനിര്‍ത്താന്‍ നമുക്കാവുന്നില്ല. എന്നും അദ്ദേഹം നമുക്കൊപ്പം ഉണ്ടാവണമെന്ന് നമ്മളാഗ്രഹിക്കുന്നതുപോലെ കാലവും കൊതിക്കുന്നു. മധു എന്ന പ്രതിഭ എല്ലാ തലമുറകള്‍ക്കൊപ്പവും നിലകൊള്ളണമെന്ന്.


VIEW ON mathrubhumi.com