'പുതിയ അവതാരമാണ്, ആ സിനിമ കാണണം,' പിന്നെ കേട്ടത് സോമന്റെ മരണവാർത്തയാണ്, ആ സിനിമ ത്യാഗരാജൻ കണ്ടില്ല

ഇരുപത്തിയെട്ടുവര്‍ഷം മുന്‍പുള്ള നവംബറിലെ മഴ നനഞ്ഞ ഒരു രാത്രി ത്യാഗരാജന്‍ ഇന്നും മറന്നിട്ടില്ല. പുലര്‍ച്ചെ ഷൂട്ടിംഗിന് പോകാനായി നേരത്തേ ഭക്ഷണംകഴിച്ച് കിടക്കാനുള്ള ഒരുക്കത്തിനിടയിലാണ് ഫോണ്‍ റിങ്ങ്‌ചെയ്തത്. സിനിമയുമായി ബന്ധപ്പെട്ടവരുടെ ഫോണ്‍വിളികള്‍ പാതിരാത്രിയിലും
ആ വീട്ടില്‍ പതിവാണ്. സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളിലാരെങ്കിലുമാകുമെന്ന് കരുതിയാണ് ത്യാഗരാജന്‍ ഫോണെടുത്തത്. 'മാസ്റ്റര്‍... ഇത് ഞാനാണ്, സോമന്‍.'
'ഏത് സോമന്‍?' എന്ന് ചോദിക്കാതെതന്നെ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞു. പതിവായി കേട്ടുകൊണ്ടിരുന്ന ശബ്ദം ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഫോണിലൂടെ ഒഴുകിയെത്തിയപ്പോള്‍ അത്ഭുതമല്ല ത്യാഗരാജന് തോന്നിയത്. കറുപ്പിലും വെളുപ്പിലും ഈസ്റ്റ്മാന്‍ കളറിലും നിറഞ്ഞ ഒരു സിനിമാക്കാലം കണ്ണില്‍ മിന്നിമറിയുന്നപോലെ. പൗരുഷഭാവത്തിന്റെ പലമുഖങ്ങള്‍ മുന്നില്‍ വന്നുനില്‍ക്കുന്നതുപോലെ. സോമന്‍!
വ്യോമസേനയിലെ ജോലി ഉപേക്ഷിച്ച് സിനിമയില്‍ വന്നകാലം മുതല്‍ എംജി സോമശേഖരന്‍ നായര്‍ എന്ന സോമനെ ത്യാഗരാജനറിയാം. നൂറിലേറേ സിനിമകളില്‍ ഒരുമിച്ച് ജോലിചെയ്ത അനുഭവത്തിനപ്പുറം ത്യാഗരാജനുള്‍പ്പെടെ ഒട്ടുമിക്ക ചലച്ചിത്രപ്രവര്‍ത്തകരുടെയും ആത്മമിത്രമായിരുന്നു അയാള്‍. പുതിയ താരോദയങ്ങള്‍ക്കിടയില്‍ നായകനിരയില്‍ നിന്നും നിഷ്പ്രഭനായെങ്കിലും അച്ഛനും ജ്യേഷ്ഠനും മുത്തശ്ശനുമൊക്കെയായി പലവിധ വേഷങ്ങളിലേക്ക് സോമനും മാറിത്തുടങ്ങി. അതോടെ ത്യാഗരാജനുമായുള്ള കൂടിക്കാഴ്ചകളും കുറഞ്ഞുവന്നു. പിന്നെപ്പിന്നെ പലരാത്രികളിലും വിശേഷങ്ങള്‍ പങ്കുവെച്ചുള്ള സോമന്റെ ഫോണ്‍വിളികളും ഇല്ലാതായി. വര്‍ഷങ്ങള്‍ക്കുശേഷം ആ ശബ്ദം വീണ്ടും ചെവിയില്‍ മുഴങ്ങിയപ്പോള്‍ ത്യാഗരാജന്‍ ചോദിച്ചു: 'ഇത്രയും കാലം എവിടെ ഒളിച്ചിരിക്കുകയായിരുന്നു?'
'സിനിമ വിട്ട് ഞാനെവിടെപ്പോവാനാണ് മാസ്റ്റര്‍. ഇവിടെത്തന്നെയുണ്ട്, ആനക്കാട്ടില്‍ ഈപ്പച്ചനായി ഇപ്പോള്‍ നിങ്ങളുടെ മുന്‍പിലുണ്ട്.'
'ഈപ്പച്ചന്‍... അതാരാ?'
'എന്റെ പുതിയ അവതാരമാണ്. മാസ്റ്റര്‍
ലേലം സിനിമ കാണണം. മറക്കരുത്.'
ജീവിതത്തില്‍ ആദ്യമായിട്ടാണ് താന്‍ അഭിനയിച്ച ഒരു ചിത്രം കാണണമെന്ന് സോമന്‍ ത്യാഗരാജനോട് പറയുന്നത്. അധികമൊന്നും സംസാരിക്കാതെ, ഫോണ്‍വെക്കും മുന്‍പ് സോമന്‍ വീണ്ടും ഓര്‍മിപ്പിച്ചു.'ഞാന്‍ വിളിക്കും, മാസ്റ്റര്‍ ലേലം കാണണം.'
ഷൂട്ടിംഗിന്റെ തിരക്കുകള്‍ക്കിടയില്‍ ലേലം കാണാന്‍ ത്യാഗരാജന് കഴിഞ്ഞില്ല. പിന്നീടൊരിക്കലും വടപളനിയിലെ വീട്ടിലേക്ക് ത്യാഗരാജനെ അന്വേഷിച്ച് സോമന്റെ ഫോണ്‍വന്നതുമില്ല. ഒരുമാസം കഴിഞ്ഞ്, ടിവി ന്യൂസ് കണ്ടുകൊണ്ടിരിക്കെ ത്യാഗരാജനെ ഞെട്ടിച്ചുകൊണ്ട് ആ വാര്‍ത്ത സ്‌ക്രീനില്‍ തെളിഞ്ഞു. 'ചലച്ചിത്ര നടന്‍ സോമന്‍ അന്തരിച്ചു.' ഉറക്കം നഷ്ടപ്പെട്ട ആ രാത്രിയില്‍ ഒരുപാട് ഓര്‍മ്മകള്‍ ത്യാഗരാജനെ വന്നുപൊതിഞ്ഞു. വര്‍ഷങ്ങളുടെ അടുപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ വിയോഗത്തിനൊപ്പം ഒരപേക്ഷപോലെ സോമന്‍ ഒടുവില്‍ പറഞ്ഞ കാര്യവും മനസ്സിനെ നോവിച്ചുകൊണ്ടിരുന്നു.'ലേലം കാണണം. മറക്കരുത്.'
പക്ഷേ, പിന്നീടൊരിക്കലും തീയേറ്ററില്‍ പോയി ആ സിനിമ കാണാന്‍ ത്യാഗരാജന് തോന്നിയില്ല.
Content Highlights: A poignant story of friendship and loss, recounting the life and career of Malayalam actor Soman