അങ്ങനെ മധുവും കൃഷ്ണനായി, ആരും കാണാത്ത മീശവെച്ച ശ്രീകൃഷ്ണൻ

By: രവി മേനോൻ
മീശവെച്ച ശ്രീകൃഷ്ണന്മാര്‍ നമ്മുടെ സിനിമയില്‍ അത്യപൂര്‍വമായേ അവതരിച്ചിട്ടുള്ളൂ. 'ആഭിജാത്യ'ത്തിലെ മധു ഉദാഹരണം. നിലാവുപെയ്യുന്ന രാത്രിയില്‍ സഖിമാര്‍ക്കൊപ്പം നൃത്തംചെയ്യുന്ന രാധയെ നോക്കി മരത്തണലില്‍ മറഞ്ഞുനിന്ന് 'രാസലീലയ്ക്ക് വൈകിയതെന്തു നീ രാജീവലോചനേ രാധികേ' എന്ന് പ്രണയപൂര്‍വം മൂളുന്ന ആ മുകില്‍വര്‍ണനെ എങ്ങനെ മറക്കാന്‍? ''ഇന്നോര്‍ക്കുമ്പോള്‍ ചിരി വരും. എങ്കിലും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ആ ഗാനരംഗം മനോഹരമായി ചിത്രീകരിച്ച വിന്‍സന്റ്മാസ്റ്ററെ നമിച്ചേപറ്റൂ...'' -മധുവിന്റെ വാക്കുകള്‍. ശിഷ്യയും ആരാധികയുമായ ശാരദയെ പാട്ടുപഠിപ്പിക്കുകയാണ് മധു. ഗാനം ആസ്വദിക്കുന്നതിനിടെ മനസ്സുകൊണ്ട് രാധയായി മാറുന്നു ശാരദയുടെ കഥാപാത്രം. ഗുരുവായ മധു സങ്കല്പത്തിലെ കൃഷ്ണനും. ''സ്വപ്നരംഗമാണെങ്കിലും ശ്രീകൃഷ്ണന്റെ റോള്‍ എന്റെ ശരീരപ്രകൃതിക്ക് ഒട്ടും ചേരില്ലെന്നറിയാം. മീശവടിച്ച് അഭിനയിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനേവയ്യ. മാത്രമല്ല അതേസമയത്ത് വേറൊരു സിനിമയില്‍ മീശവെച്ച് അഭിനയിച്ചുകൊണ്ടിരിക്കുകയുമാണ്. എന്റെ നിസ്സഹായാവസ്ഥ കണ്ട് മനസ്സലിഞ്ഞാവണം, സംവിധായകന്‍ വിന്‍സന്റ്മാസ്റ്റര്‍ പറഞ്ഞു: സാരമില്ല; മീശയ്ക്ക് പൊടിപോലും പോറല്‍ ഏല്ക്കാതെ ഞാന്‍ നോക്കിക്കൊള്ളാം. എന്റെ മുഖത്തിന്റെ താഴത്തെ പകുതി ക്യാമറയില്‍നിന്ന് മറച്ചുപിടിച്ചുകൊണ്ട് മാസ്റ്റര്‍ ആ രംഗം ഷൂട്ട്ചെയ്തുതീര്‍ത്തുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ക്ലോസപ്പില്‍ കണ്ണും നെറ്റിയും കിരീടവും മാത്രം. ലോങ് ഷോട്ടില്‍ മുഖം മരച്ചില്ലകള്‍കൊണ്ട് മറച്ചും നിഴല്‍ വീഴ്ത്തിയും കാത്തു അദ്ദേഹം. ഭാഗ്യത്തിന് മീശ ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല...''-മധു ചിരിക്കുന്നു.വെള്ളിത്തിരയില്‍ പാട്ടിനൊത്ത് ചുണ്ടനക്കാനും നായികയുടെ പിറകെ മരം ചുറ്റി ഓടാനും പണ്ടേ താത്പര്യമില്ല മധുവിന്. ചെറുപ്പംമുതലേ ഉള്ളിലുള്ള 'റിയലിസ്റ്റിക്' സിനിമാസങ്കല്പങ്ങളുമായി പൊരുത്തപ്പെടുന്നവയല്ലല്ലോ അത്തരം ഏര്‍പ്പാടുകളൊന്നും. എന്നിട്ടും വിധി മധുവിനെ സിനിമയിലെ പ്രിയകാമുകനാക്കി. ഒപ്പം, എണ്ണമറ്റ സുന്ദരഗാനങ്ങള്‍ പാടി അഭിനയിക്കാനുള്ള നിയോഗവും നല്‍കി. മാണിക്യവീണയുമായെന്‍, മാനസമൈനേ വരൂ, ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നും തോണി, ഏഴിലംപാല പൂത്തു, സുറുമയെഴുതിയ മിഴികളേ, സ്വര്‍ണഗോപുര നര്‍ത്തകീശില്പം, കര്‍പ്പൂരദീപത്തിന്‍ കാന്തിയില്‍, പാര്‍വണേന്ദുവിന്‍ ദേഹമടക്കി, മലമൂട്ടില്‍നിന്നൊരു മാപ്പിള, ഓമലാളെ കണ്ടു ഞാന്‍, പൊന്നില്‍ കുളിച്ച രാത്രി, അനുരാഗഗാനംപോലെ, വൃശ്ചികരാത്രിതന്‍, ചെമ്പകപ്പൂങ്കാവനത്തിലെ, ആറ്റിനക്കരെ അക്കരെ ആരാരോ, പാതിരാവായില്ല, സാമ്യമകന്നൊരുദ്യാനമേ, അമ്പലപ്പുഴ വേല കണ്ടു ഞാന്‍, പൊന്‍വളയില്ലെങ്കിലും, അപാരസുന്ദര നീലാകാശം, അനുവദിക്കൂ ദേവീ, പുഷ്പമംഗലയാം ഭൂമിക്ക്, കൃഷ്ണപക്ഷ കിളി ചിലച്ചു, പ്രിയമുള്ളവളേ നിനക്കു വേണ്ടി, മംഗളം നേരുന്നു ഞാന്‍, എന്റെ രാജകൊട്ടാരത്തിന്... എല്ലാം മധു പാടി അഭിനയിച്ച് അനശ്വരമാക്കിയ ഗാനങ്ങള്‍.
''പാട്ടുരംഗങ്ങള്‍ പലതും ഇന്നു കാണുമ്പോള്‍ ബോറായി തോന്നും. ചിലതൊക്കെ കൊള്ളാമല്ലോ എന്നും.''-മധു പറയുന്നു. അഭിനയജീവിതത്തില്‍ മധുവിനെ ഏറ്റവുമധികം വലച്ചുകളഞ്ഞ പാട്ട് ഭാര്‍ഗവീനിലയത്തിലെ 'ഏകാന്തതയുടെ അപാരതീരം'തന്നെ. തലശ്ശേരിയിലെ തലായി കടപ്പുറത്ത് ചിത്രീകരിച്ച പാട്ടാണ്... ''സാധാരണഗതിയില്‍ പല്ലവി തുടങ്ങുംമുന്‍പ് ആമുഖമായി ചെറിയൊരു ഓര്‍ക്കസ്ട്ര ബിറ്റ് ഉണ്ടാകും. ഈ പാട്ടില്‍ അതില്ല. നേരിട്ട് പാട്ടിന്റെ വരികളിലേക്ക് പ്രവേശിക്കുകയാണ്. തുടക്കത്തില്‍ ബി.ജി.എം. ഉണ്ടെങ്കില്‍ പാട്ടിനൊത്ത് ചുണ്ടനക്കാന്‍ സാവകാശം കിട്ടും. തയ്യാറെടുക്കാം നമുക്ക്. ഇവിടെ അതിന് സ്‌കോപ്പില്ല. ഏകാന്തതയിലെ 'ഏ' എന്ന അക്ഷരം ഞാന്‍ പാടിത്തുടങ്ങുമ്പോഴേക്കും പാട്ട് അതിന്റെ പാട്ടിന് പോയിക്കഴിഞ്ഞിരിക്കും. എത്ര ശ്രമിച്ചിട്ടും ലിപ് സിങ്കിങ് ശരിയാവുന്നില്ല. കടപ്പുറമായതുകൊണ്ട് ആയിരക്കണക്കിന് ആളുകളുണ്ട് ഷൂട്ടിങ് കാണാന്‍. അവര്‍ വായില്‍ തോന്നിയ അഭിപ്രായങ്ങള്‍ വിളിച്ചുപറയുന്നു. ടേക്കുകള്‍ ആവര്‍ത്തിക്കപ്പെട്ടതോടെ ഞാന്‍ നെര്‍വസ് ആയി. പാടാനുള്ള വിദ്യ പറഞ്ഞുതരാന്‍ സംഗീതബോധമുള്ള ആരും സ്ഥലത്തില്ലതാനും. ഒടുവില്‍, ദീര്‍ഘനേരത്തെ ശ്രമത്തിനുശേഷമാണ് പാട്ടും എന്റെ ചുണ്ടനക്കവും ഒത്തുവന്നത്. ശരിക്കും ആശ്വാസം തോന്നി. ഷോട്ട് ഓക്കെ ആകാന്‍ അത്രയും നേരം ക്ഷമയോടെ കാത്തിരിക്കാന്‍ വിന്‍സന്റ്മാസ്റ്റര്‍ തയ്യാറായി എന്നതാണ് പ്രധാനം. മറ്റേതെങ്കിലും സംവിധായകനായിരുന്നെങ്കില്‍ സ്ഥിതി മാറിയേനെ.''
ഷൂട്ട് ചെയ്യാന്‍പോകുന്ന രംഗത്തെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടും പ്ലാനിങ്ങും ഉള്ള ആളാണ് വിന്‍സന്റ്. താന്‍ ആഗ്രഹിക്കുന്ന ചലനങ്ങളും ഭാവങ്ങളും നടീനടന്മാരില്‍നിന്ന് എങ്ങനെ ചോര്‍ത്തിയെടുക്കണം എന്നറിയാം അദ്ദേഹത്തിന്. അക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും മാസ്റ്ററില്‍നിന്നു പ്രതീക്ഷിക്കേണ്ട. തുലാഭാരത്തിലെ 'തൊട്ടു തൊട്ടില്ല' (വയലാര്‍-ദേവരാജന്‍, യേശുദാസ് ) എന്ന ഗാനത്തിന്റെ ചിത്രീകരണം ഉദാഹരണമായി എടുത്തുപറയുന്നു മധു. എറണാകുളത്തെ സുഭാഷ് പാര്‍ക്കാണ് ലൊക്കേഷന്‍. കാമുകിയെ പിന്തുടര്‍ന്ന് കോളേജ് കുമാരനായ മധു പാട്ടുപാടി പാര്‍ക്കിലൂടെ നടക്കണം. ''റിഹേഴ്‌സല്‍സമയത്ത് ശ്രദ്ധിക്കാത്തതുകൊണ്ട് ഒരബദ്ധം പറ്റി. പാടിനടക്കുന്നതിനിടെ കാല്‍ അറിയാതെ മുന്നിലെ കുഴിയില്‍ പെട്ടു. വീണുപോയെങ്കിലും പെട്ടെന്ന് ബാലന്‍സ് വീണ്ടെടുത്ത് ഞാന്‍ പാട്ട് തുടര്‍ന്നു. ടേക്ക് എടുക്കുന്ന സമയത്ത് കുഴിയില്‍ ചെന്ന് കാല്‍ കുടുങ്ങാതെ ഒഴിഞ്ഞുമാറി നടന്നാണ് പാടിയത്. പക്ഷേ, വിന്‍സന്റ്മാസ്റ്റര്‍ കട്ട് പറഞ്ഞു. നേരത്തേ ഇട്ട ആ ആക്ഷന്‍ ഇപ്പോള്‍ കണ്ടില്ലല്ലോ. എന്താത്? -ഗൗരവത്തോടെ അദ്ദേഹത്തിന്റെ ചോദ്യം. അയ്യോ, അതൊരു അബദ്ധമായിരുന്നു എന്ന് പറഞ്ഞുനോക്കി ഞാന്‍. എന്നാല്‍ ഈ സീനില്‍ എനിക്കാ അബദ്ധം ഒന്നുകൂടി വേണമെന്ന് മാസ്റ്റര്‍. അതിനൊരു സ്വാഭാവികത ഉണ്ടായിരുന്നു. പിന്നെന്തു പറയാന്‍? കുഴിയില്‍ വീണുകൊണ്ടുതന്നെ ഞാന്‍ ആ രംഗം അഭിനയിച്ചുതീര്‍ത്തു.''
യേശുദാസാണ് മധുവിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ പാടിയത്. സിനിമയില്‍ ആദ്യമായി ചുണ്ടനക്കിയതുതന്നെ യേശുദാസിന്റെ പാട്ടിനൊത്തായിരുന്നു -'മൂടുപട' (1963) ത്തിലെ 'അയലത്തെ സുന്ദരീ അറിയാതെ വലയ്ക്കല്ലേ' എന്ന യുഗ്മഗാനം. ഒപ്പം അഭിനയിക്കുന്നത് ഷീല. തുടക്കക്കാരന്റെ പരിഭ്രമം ഉണ്ടായിരുന്നെങ്കിലും ആ പാട്ട് അത്ര വലിയ പ്രശ്‌നം ഉണ്ടാക്കിയില്ല എന്ന് മധു. തൃശ്ശൂരിനടുത്ത് ഏതോ ഒരു തെങ്ങിന്‍തോപ്പിലായിരുന്നു ചിത്രീകരണം. ''അങ്ങേയറ്റം ലളിതമായ ഈണവും വരികളും. ഏറെക്കുറെ ഗദ്യംപോലുള്ള അവതരണം. അധികം ടേക്കുകള്‍ ഒന്നും വേണ്ടിവന്നില്ല ആ ഗാനരംഗം ഓക്കെ ആക്കാന്‍.'' എല്ലാ പാട്ടുകളുടെയും സ്ഥിതി ഇതല്ല. പാട്ട് അഭിനയിച്ചുതളര്‍ന്നുപോയ സന്ദര്‍ഭങ്ങളുമുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ നാട്ടിക കടപ്പുറത്ത് ചെമ്മീനിലെ 'മാനസമൈനേ' മാര്‍ക്കസ് ബര്‍ട്ലി ക്യാമറയിലാക്കുമ്പോള്‍ സമയം നട്ടുച്ച. ''പൊള്ളുന്ന മണല്‍പ്പരപ്പില്‍ തോണിപ്പുറത്തിരുന്ന് വികാരതീവ്രമായ ഗാനം പാടി അഭിനയിക്കുന്നത് അത്ര സുഖമുള്ള ഏര്‍പ്പാടല്ല. എത്രയും പെട്ടെന്ന് ഗാനചിത്രീകരണം തീര്‍ന്നുകിട്ടണേ എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന. പക്ഷേ, പിന്നീടത് സിനിമയില്‍ കണ്ടപ്പോള്‍ അന്തംവിട്ടുപോയി. എത്ര ഹൃദയസ്പര്‍ശിയായാണ് ആ രംഗത്തിന് ഡേ ഫോര്‍ നൈറ്റ് എന്ന സങ്കേതമുപയോഗിച്ച് കാര്യാട്ടും ബര്‍ട്​ലിയും ചേര്‍ന്ന് നിലാവിന്റെ സൗന്ദര്യം പകര്‍ന്നിരിക്കുന്നത്!''
ഉച്ചാരണശുദ്ധിയെക്കാള്‍, ആലാപനത്തിലെ ഭാവാംശമാണ് ഏതു ഗാനത്തെയും ശ്രോതാവിന്റെ മനസ്സില്‍ കുടിയിരുത്തുക എന്നതിന്റെ ഏറ്റവും ഉദാത്തമായ ഉദാഹരണമായി മന്നാഡേ പാടിയ 'മാനസമൈനേ' എടുത്തുപറയുന്നു മധു. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പത്തു പാട്ടെടുത്താല്‍ അതില്‍ രണ്ടാംസ്ഥാനത്തോ മൂന്നാംസ്ഥാനത്തോ ഇടംനേടും ആ പാട്ട്. മധുവിനൊപ്പം നിരവധി ഗാനരംഗങ്ങളില്‍ അഭിനയിച്ച വിധുബാലയുടെ ഓര്‍മയില്‍ രസകരമായ ഒരനുഭവമുണ്ട്. 'ഭൂമിദേവി പുഷ്പിണിയായി' എന്ന ചിത്രത്തിലെ 'പാതിരാത്തണുപ്പ് വീണു' എന്ന ഗാനത്തിന്റെ ചിത്രീകരണവേള. ഗൗരവക്കാരനായ മധുവിന്റെ കഥാപാത്രത്തെ ഭാര്യയായ വിധുബാല പാട്ടുപാടി വശീകരിക്കാന്‍ ശ്രമിക്കുന്നതാണ് രംഗം. ''പാടിക്കൊണ്ട് അദ്ദേഹത്തിന്റെ മടിയിലേക്ക് വീഴുമ്പോള്‍ ക്യാമറ എന്റെ മുഖത്താണ്. പുറംതിരിഞ്ഞുനില്‍ക്കുന്ന മധുസാറിനെ പ്രേക്ഷകര്‍ കാണുന്നില്ല. അതറിഞ്ഞുകൊണ്ടുതന്നെ അദ്ദേഹം വികാരലോലയായി പാടുന്ന എന്റെ മുഖത്ത് നോക്കി ഗോഷ്ഠികള്‍ കാണിക്കും. അറിയാതെ ചിരിപൊട്ടിപ്പോകും എനിക്ക്. ടേക്കുകള്‍ ആവര്‍ത്തിച്ചപ്പോള്‍ സംവിധായകന്‍ ഹരിഹരന്‍സാര്‍ ഇടപെട്ടു. മധുസാറിനെ സ്‌നേഹപൂര്‍വം ശാസിച്ചു. ഒടുവില്‍ ചിരി അടക്കിക്കൊണ്ട് എങ്ങനെയൊക്കെയോ ആ ഗാനരംഗം അഭിനയിച്ചുതീര്‍ക്കുകയായിരുന്നു ഞാന്‍...''
ഏറ്റവും ഇഷ്ടപ്പെട്ട ഗാനചിത്രീകരണം ഏതാണ്? ശതാഭിഷിക്തനാകുന്ന മധുവിനോടൊരു ചോദ്യം. ''പെട്ടെന്ന് ഓര്‍മയില്‍വരുന്നത് തോപ്പില്‍ ഭാസി സംവിധാനംചെയ്ത 'യുദ്ധകാണ്ഡം' എന്ന സിനിമയിലെ ശ്യാമസുന്ദരപുഷ്പമേ എന്ന പാട്ടാണ്. ഒ.എന്‍.വി.യുടെ കാവ്യാത്മകമായ വരികള്‍. അഷ്ടമുടിക്കായലിന്റെ പരിസരത്ത് സാമ്പ്രാണിക്കടവ് എന്ന സ്ഥലത്തുവെച്ചായിരുന്നു ഷൂട്ടിങ്. ഗാനസന്ദര്‍ഭവുമായി പ്രകൃതി ഇത്രത്തോളം താദാത്മ്യംപ്രാപിച്ച സന്ദര്‍ഭങ്ങള്‍ അപൂര്‍വമായേ എന്റെ അഭിനയജീവിതത്തിലുണ്ടായിട്ടുള്ളൂ. ഷൂട്ടിങ് തുടങ്ങുമ്പോള്‍തന്നെ മേഘങ്ങള്‍ വന്ന് ആകാശം മൂടി. എല്ലാ അര്‍ഥത്തിലും ശ്യാമസുന്ദരമായ അന്തരീക്ഷം. പാട്ടിലേക്ക് ഒ.എന്‍.വി.യും രാഘവന്‍മാസ്റ്ററും യേശുദാസും ചേര്‍ന്ന് ആവാഹിച്ച വിഷാദമാധുര്യം മുഴുവന്‍ പ്രകൃതി നമ്മെ അതേപടി അനുഭവിപ്പിക്കുകയാണ്. ജീവിതവും സിനിമയും ഒന്നാകുന്ന അപൂര്‍വ മുഹൂര്‍ത്തം. ഇന്നും ആ ഗാനം കേള്‍ക്കുമ്പോള്‍ ആ നിമിഷങ്ങള്‍ ഓര്‍മവരും. സിനിമ നമുക്ക് കനിഞ്ഞുനല്‍കുന്ന സൗഭാഗ്യങ്ങളാണ് അതൊക്കെ...''


VIEW ON mathrubhumi.com