എം ബി എസ് പറഞ്ഞു: എനിക്ക് ദീര്‍ഘങ്ങള്‍ തരൂ

പി ചന്ദ്രകുമാറിന്റെ അത്ര ശ്രദ്ധിക്കപ്പെടാതെ പോയ പടമാണ് ആരതി (1981). പക്ഷെ സത്യന് അന്തിക്കാടിന്റെ ഗാനരചനാ ജീവിതത്തില്‍ മറക്കാനാവാത്ത ചിത്രമായിരുന്നു അത്. എം ബി ശ്രീനിവാസന് എന്ന ജീനിയസ്സിന് ഒപ്പം പ്രവര്‍ത്തിക്കാന്‍ ആ പടം അവസരമൊരുക്കി എന്നതാണ് കാരണം. ജോണ്‍പോള്‍ ആയിരുന്നു തിരക്കഥ. ചന്ദ്രകുമാറിന്റെ പതിവ് ചിത്രങ്ങളില്‍ നിന്ന് വേറിട്ടു നിന്ന സംരംഭമായിരുന്നതു കൊണ്ടാണ് എം ബി എസ്സിനെ പോലൊരാളെ സംഗീതത്തിന്റെ ചുമതല ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്.
വന്നയുടന്‍ എം ബി എസ് പറഞ്ഞു:`` വരികള്‍ എഴുതിത്തന്നാല്‍ മതി. ട്യൂണിട്ടുകൊള്ളാം. അതാണെന്റെ രീതി.'' ആദ്യം എഴുതിക്കൊടുത്തത് നിറമാര്‍ന്ന ചിറകുമായ് മോഹങ്ങളണയും എന്നൊരു പാട്ട്. പക്ഷെ വരികള്‍ വായിച്ചു കേട്ടപ്പോള്‍ എം ബി എസ് പറഞ്ഞു: ``ഇതില്‍ ചരണത്തിന്റെ തുടക്കത്തിലെ രണ്ടു വരികള്‍ എനിക്ക് പല്ലവിയായി വേണം-കൗമാര സ്വപ്നങ്ങള്‍ പീലി വിടര്‍ത്തിയ മാനസ തീരങ്ങളില്‍... '' അതിനനുസരിച്ച് പാട്ടിന്റെ വരികള്‍ മാറ്റിയെഴുതേണ്ടി വന്നു സത്യന്. എന്തുകൊണ്ട് അങ്ങനെ ആവശ്യപ്പെട്ടു എന്നതിന് എം ബി എസ് നല്കിയ വിശദീകരണമായിരുന്നു രസകരം: ``പല്ലവിയില്‍ ധാരാളം ദീര്‍ഘങ്ങള്‍ വേണം എനിക്ക്. എന്റെ ശൈലിക്ക് ഇണങ്ങുന്ന ട്യൂണ്‍ ഉണ്ടാക്കാന്‍ അത് സഹായിക്കും.'' പിന്നീട് പാട്ട് ഈണമിട്ടു കേട്ടപ്പോഴാണ് ദീര്ഘങ്ങളോടുള്ള എം ബി എസ്സിന്റെ ആഭിമുഖ്യത്തിന്റെ പൊരുള്‍ സത്യന് മനസ്സിലായത്. ``കൗമാര''ത്തിലെ `കൗമാ'യില്‍ നിന്ന് ``ര''യിലേക്കുള്ള സഞ്ചാരപഥത്തില്‍ എസ് ജാനകിയുടെ ശബ്ദം എത്ര മധുരതരമായാണ് ലയിച്ചുചേരുന്നതെന്ന് ഓര്‍ക്കുക.
`കൗമാരസ്വപ്നങ്ങ'ളുടെ റെക്കോര്ഡിംഗിനുമുണ്ട് സവിശേഷത. റെക്കോഡിങ് സാങ്കേതിക വിദ്യ ഇത്രയും പുരോഗതി പ്രാപിചിട്ടില്ലാത്ത ആ കാലത്ത് പാട്ടിന്റെ വ്യത്യസ്തതക്കു വേണ്ടി എം ബി എസ് ഒരു പരീക്ഷണം നടത്തി. ജാനകിയെ കൊണ്ട് മൂന്നു സ്ഥായിയില്‍, മൂന്നു താളത്തില്‍, മൂന്നു തവണ പാടിച്ച് റെക്കോര്‍ഡ് ചെയ്തു അദ്ദേഹം-. ചെറിയൊരു ``ഡിലേ'' കൊടുത്ത് മൂന്നു വേര്‍ഷനും ഒരുമിച്ചു പ്ലേ ചെയ്തപ്പോള്‍ അതുവരെ കേള്‍ക്കാത്ത ഒരു ഇഫക്റ്റ് ആണ് പാട്ടിനു ലഭിച്ചത്. ഡിജിറ്റല്‍ റെക്കോര്‍ഡിംഗിന്റെ സുവര്‍ണ്ണ കാലത്തും അത്ഭുതമായി തോന്നും മൂന്നര പതിറ്റാണ്ട് മുന്‍പത്തെ ആ എം ബി എസ് ഇന്ദ്രജാലം. (രണ്ടു വേര്‍ഷന്‍ ഉണ്ട് ഈ പാട്ടിന്).
(അനന്തരം സംഗീതമുണ്ടായി)
Content Highlights : MB Sreenivasan 32nd death anniversary, Pattuvazhiyorathu, ravi menon
Content Highlights: