അജ്ഞാതന്റെ മരണം

By: ടി. സുരേഷ് ബാബു
ലോകസിനിമാ രംഗത്ത് ഒരിടമുണ്ടാക്കാന്‍ ശ്രമിക്കുന്ന ബംഗ്ലാദേശ് 2016 ല്‍ ഓസ്‌കര്‍ അവാര്‍ഡിനയച്ച ചിത്രമാണ് ' ദ അണ്‍നെയിംഡ്'.വിദേശത്ത് ഒരപകടത്തില്‍ മരിച്ച ചെറുപ്പക്കാരന്റെ സ്വത്വ പ്രതിസന്ധിയിലൂടെ ഒരു രാജ്യത്തിന്റെ പരിതാപകരമായ അവസ്ഥയെ കാണിച്ചുതരുന്നു ഈ സിനിമ.
ലോകസിനിമാ ഭൂപടത്തില്‍ ബംഗ്ലാദേശിന് ചെറിയൊരു ഇടം പോലുമില്ല. എങ്കിലും, അവിടെ സന്തോഷകരമായ ചില ചലനങ്ങള്‍ ഉണ്ടാകുന്നുണ്ട്. സാമൂഹിക പ്രസക്തിയുള്ള ചില സിനിമകളെങ്കിലും അവിടെ രൂപം കൊള്ളുന്നു. 2002 മുതല്‍ ബംഗ്ലാദേശ് മികച്ച വിദേശ സിനിമക്കുള്ള ഓസ്‌കര്‍ അവാര്‍ഡിന് ചിത്രങ്ങള്‍ അയക്കുന്നുണ്ട്. ഇതുവരെ ഒരു ചിത്രത്തിനും മത്സരത്തില്‍ പങ്കെടുക്കാനുള്ള നോമിനേഷന്‍ കിട്ടിയിട്ടില്ലെങ്കിലും ഈ രാജ്യം ശ്രമം തുടരുകയാണ്.
1970ല്‍ ബംഗ്ലാദേശില്‍ റിലീസായ സിനിമകള്‍ 41 ആണ്. 71ല്‍ ബംഗ്ലാദേശ് വിമോചനയുദ്ധം. സിനിമക്ക് അത് വിശ്രമകാലം. അക്കൊല്ലം ആകെ നിര്‍മിച്ച സിനിമകള്‍ എട്ട്. 72 മുതല്‍ അവസ്ഥക്ക് മാറ്റം വന്നുതുടങ്ങി. അക്കൊല്ലം 29 സിനിമകള്‍ പുറത്തിറങ്ങി. 73 ല്‍ എണ്ണം മുപ്പതായി. 1989 ല്‍ 77 ആയി ഉയര്‍ന്നു. 2005 ല്‍ മാത്രമാണ് സിനിമകളുടെ എണ്ണം നൂറ് കടന്നത്. അക്കൊല്ലം 103 സിനിമകള്‍ ഇറങ്ങി. പിന്നീടങ്ങോട്ട് ഈ ആവേശം നിലനിര്‍ത്താന്‍ ചലച്ചിത്ര വ്യവസായത്തിനായില്ല. 2015 ല്‍ 66 സിനിമകള്‍ മാത്രം. 2016 ലാകട്ടെ ഇത് 58 ആയി കുറഞ്ഞു. എങ്കിലും, കഴിവുള്ള ചില ചലച്ചിത്രകാരന്മാര്‍ ബംഗ്ലാദേശ് സിനിമകളെ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ അടയാളപ്പെടുത്തുന്നുണ്ട്. റുബൈയാത് ഹുസൈന്‍ എന്ന വനിത സംവിധാനം ചെയ്ത ' അണ്ടര്‍ കണ്‍സ്ട്രക്ഷന്‍' (2016) കോഴിക്കോട്ടെ അന്താരാഷ്ട്ര വനിതാ ഫിലിം ഫെസ്റ്റിവലില്‍ ഉള്‍പ്പെടെ ഒട്ടേറെ മേളകളില്‍ പങ്കെടുത്തു. പുതുക്കിപ്പണിയേണ്ട സാമൂഹികാവസ്ഥയെയും സ്ത്രീ, പുരുഷ ബന്ധത്തെയും കുറിച്ചാണ് ഈ സിനിമ സംസാരിക്കുന്നത്.
2016 ല്‍ മികച്ച വിദേശ സിനിമക്കുള്ള ഓസ്‌കര്‍ നോമിനേഷനുവേണ്ടി ബംഗ്ലാദേശ് അയച്ചത്' ദ അണ്‍നെയിംഡ്' ( The Unnamed) എന്ന ചിത്രമാണ്. 'അണ്ടര്‍ കണ്‍സ്ട്രക്ഷന്‍' പോലെത്തന്നെ ബംഗ്ലാദേശ് സിനിമയുടെ മാറ്റത്തിന്റെ മുഖമാണ് 'അണ്‍നെയിംഡ്'. സാമൂഹിക പ്രസക്തിയുള്ള വിഷയം, വിശ്വാസ്യത നിലനിര്‍ത്തിയുള്ള ആഖ്യാനശൈലി, ഒരു നാടിന്റെ പിന്നാക്കാവസ്ഥയുടെ അകൃത്രിമമായ ചിത്രീകരണം എന്നിവ' പേരില്ലാത്തവനെ' ശ്രദ്ധേയമാക്കുന്നു. ദാരിദ്ര്യവും അജ്ഞതയും അധികാരഗര്‍വും അഴിമതിയും മനുഷ്യക്കടത്തും കരുണയില്ലായ്മയും സ്വത്വപ്രതിസന്ധിയും മനുഷ്യന്റെ നിസ്സഹായതയുമെല്ലാം കൂടിച്ചേര്‍ന്നുള്ള ഒരു ലോകമാണ് നമ്മുടെ മുന്നില്‍ അനാവൃതമാകുന്നത്. വാസ്തു ശില്‍പ്പിയും നടനും തിരക്കഥാകൃത്തുമായ തൗഖിര്‍ അഹമ്മദ് എന്ന അമ്പത്തിരണ്ടുകാരനാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. തൗഖിറിന്റെ നാലാമത്തെ ഫീച്ചര്‍ സിനിമയാണിത്. 2016 ലെ കൊസോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ അവാര്‍ഡുകള്‍ തൗഖിറിന് നേടിക്കൊടുത്തത്' അണ്‍നെയിംഡ്' ആണ്. കൊസോവയിലേതടക്കം ഇതുവരെ അഞ്ച് അന്താരാഷ്ട്ര അവാര്‍ഡുകള്‍ നേടിയിട്ടുണ്ട് ഈ സിനിമ.
16 കോടിയാണ് ബംഗ്ലാദേശിലെ ജനസംഖ്യ. ഇതില്‍ 31 ശതമാനം പേര്‍ ദാരിദ്ര്യരേഖക്കു താഴെ. അഴിമതിയുടെ കാര്യത്തില്‍ ലോകരാജ്യങ്ങളില്‍ പതിമൂന്നാം സ്ഥാനത്താണ് ബംഗ്ലാദേശ്. ദക്ഷിണേഷ്യയില്‍ രണ്ടാം സ്ഥാനത്തും. രാജ്യത്തെ ഏതാണ്ട് ഒരു കോടി ആളുകള്‍ വിദേശത്താണ്. ഭൂരിഭാഗത്തിനും മെച്ചപ്പെട്ട ജോലിയൊന്നുമല്ല. വലിയ സംഖ്യ ഇടനിലക്കാര്‍ക്ക് കൊടുത്താണ് അവര്‍ വിസ തരപ്പെടുത്തുന്നത്. അവരുടെ അജ്ഞതയെ എല്ലാവരും മുതലെടുക്കുന്നു. പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാണിച്ചാണ് ഇടനിലക്കാര്‍ പലരെയും കയറ്റിവിടുന്നത്. സമൂഹത്തില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മാനവികതയാണ് താനീ ചിത്രത്തിലൂടെ ഉയര്‍ത്തിക്കാട്ടുന്നതെന്ന് തൗഖിര്‍ അഹമ്മദ് പറയുന്നു. നല്ലൊരു ജീവിതം കൊതിച്ച് വിദേശത്തേക്ക് ജോലിക്കു പോകുന്ന തന്റെ നാട്ടുകാര്‍ അനുഭവിക്കുന്ന അവഗണനയും പരിഹാസവും ചൂഷണവും സ്വന്തം സര്‍ക്കാറിനെയും പുറംലോകത്തെയും ബോധ്യപ്പെടുത്താനുള്ള സോദ്ദേശ്യ സിനിമയാണിതെന്ന് തൗഖിര്‍ അടിവരയിടുന്നു. സ്വന്തം പേരുപോലും ഉപേക്ഷിച്ച് മറ്റൊരു മനുഷ്യനായാണ് പലരും ഭാഗ്യാന്വേഷണത്തിനായി പുറത്തേക്ക് പോകുന്നത്. അവരുടെ ഗതികേടിനെക്കുറിച്ചാണ് ഈ സിനിമ. ഇത്തരമൊരു ഗതികേടില്‍ അവരെയെത്തിച്ച ഭരണകൂടത്തെയും തൗഖിര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. ഒരു യഥാര്‍ഥ സംഭവമാണ് ഈ സിനിമക്കാധാരം.ആദ്യം നാടകമാക്കി കുറെ സ്റ്റേജുകളില്‍ അവതരിപ്പിച്ചു. പിന്നെയത് സിനിമയാക്കി.
മരണം വന്ന വഴി
ദാരിദ്ര്യത്തിലമര്‍ന്ന ഒരു ബംഗ്ലാദേശ് ഗ്രാമത്തില്‍ നിന്നാണ് കഥ തുടങ്ങുന്നത്. ഷുബ്ഗച്ച എന്നു പേരായ ആ ഗ്രാമത്തില്‍ ആണും പെണ്ണും വിദേശത്തേക്ക് കണ്ണും നട്ടിരിപ്പാണ്. നാടുവിട്ടാലേ കുടുംബത്തെ രക്ഷിക്കാനാവൂ എന്ന ചിന്താഗതിയാണ് എല്ലാവര്‍ക്കും. ജോലിക്കുവേണ്ടി തെണ്ടുന്നവരെ കാശ് പിടുങ്ങി എങ്ങനെയെങ്കിലും ചവിട്ടിക്കേറ്റാന്‍ തയ്യാറായ തട്ടിപ്പുകാരും ഗ്രാമത്തിലുണ്ട്. അത്തരക്കാര്‍ കള്ള പാസ്‌പോര്‍ട്ടിലാണ് പലരെയും വിദേശത്തേക്കു വിടുന്നത്. മരണസാന്നിധ്യം സൂചിപ്പിച്ചാണ് സിനിമയുടെ തുടക്കം. കെഫായത്തുദ്ദീന്‍ പരമാണിക്ക് എന്ന വൃദ്ധന്റെ മകന്‍ അസിറുദ്ദീന്‍ അജ്മാനിലാണ്. ഒരാഴ്ചയായി കെഫായത്തുദ്ദീന്‍ അവനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുകയാണ്. പക്ഷേ, കിട്ടുന്നില്ല. അങ്ങോട്ടേക്കുള്ള ഫോണ്‍ലൈനുകളെല്ലാം ചത്തുകിടപ്പാണ്.
പിറ്റേന്ന് ഷുബ്ഗച്ച ഗ്രാമത്തിലേക്ക് പോലീസ് എത്തുന്നു. പ്രവാസി മന്ത്രാലയത്തില്‍ നിന്ന് വിളി വന്നിരിക്കുകയാണ്. ഗ്രാമത്തിലെ പണക്കാരനായ ഷെയ്ഖ് അബ്ദുള്‍ ഹക്കീമിന്റെ മകന്‍ ഷെയ്ഖ് അബ്ദുള്‍ വഹാബ് മൂന്നു ദിവസം മുമ്പ് വിദേശത്ത് അപകടത്തില്‍ മരിച്ചിരിക്കുന്നു. മൃതദേഹം അടുത്ത ദിവസം ധാക്ക വിമാനത്താവളത്തിലെത്തും. അവിടെപ്പോയി ഏറ്റുവാങ്ങണം. പക്ഷേ, താന്‍ കഴിഞ്ഞ ദിവസം രാത്രിയും മകനോട് സംസാരിച്ചതാണല്ലോ എന്നായി അബ്ദുള്‍ ഹക്കീം. മാത്രവുമല്ല, ഹക്കീമിന്റെ മകനിപ്പോള്‍ റോമിലാണ്. താനെന്തിന് അന്യന്റെ മൃതദേഹം ഏറ്റുവാങ്ങണം എന്നായി ഹക്കീം. പോലീസിനു മുന്നില്‍ത്തന്നെ ഹക്കീം മകനുമായി വീണ്ടും ഫോണില്‍ സംസാരിച്ചു. അപ്പോള്‍ ഒരു സംശയം. അജ്മാനില്‍ മരിച്ചയാളുടെ പക്കല്‍ വഹാബിന്റെ പാസ്‌പോര്‍ട്ട് എങ്ങനെ വന്നു?. അവിടെയാണ് വിദേശത്തേക്ക് ആള്‍ക്കാരെ ചവിട്ടിക്കയറ്റുന്ന റൊംസാന്‍ അലി എന്ന വിസ ഏജന്റ് രംഗത്തെത്തുന്നത്. വഹാബിനെ ഇറ്റലിക്കയച്ചത് അയാളാണ്. പക്ഷേ, ആര് ആരുടെ പാസ്‌പോര്‍ട്ടാണ് കൊണ്ടുപോകുന്നത് എന്നൊന്നും റൊംസാന്‍ നോക്കാറില്ല. താന്‍ പാവങ്ങളെ സഹായിക്കുന്നവനാണ് എന്നാണ് റൊംസാന്റെ വാദം. പോലീസ് ചോദ്യം കടുപ്പിച്ചപ്പോള്‍ അയാള്‍ സത്യം പറയുന്നു. വഹാബിന്റെ പഴയ പാസ്‌പോര്‍ട്ട് അയാള്‍ കെഫായത്തുദ്ദീന്റെ മകന്‍ അസിറുദ്ദീനു വിറ്റു. ഫോട്ടോ മാറ്റി ഒട്ടിച്ച് അസിറിനെ അജ്മാനിലെത്തിച്ചു. മകന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ കെഫായത്തുദ്ദീന്‍ തയാറാവുന്നു. പക്ഷേ, കൈയില്‍ പണമില്ല. വീട് നില്‍ക്കുന്ന സ്ഥലം വിറ്റാണ് അസിറിനെ ഗള്‍ഫിലേക്കയച്ചത്. ട്രക്ക് വിളിച്ച് ധാക്കയിലെത്താനും ശവം സംസ്‌കരിക്കാനും കുറെ പണം വേണം. വീട് പണയംവെച്ച് പണമുണ്ടാക്കാം എന്ന് അയാള്‍ സമാധാനിക്കുന്നു. പോലീസിന്റെ വിരട്ടല്‍ ഭയന്ന് വിസ ഏജന്റ് റൊംസാനും അസിറിന്റെ പിതാവിനും അനന്തരവനുമൊപ്പം ധാക്കയിലേക്ക് പോകുന്നു. അബ്്ദുള്‍ ഹക്കീമിന്റെ മകന്‍ അബ്ദുള്‍ വഹാബ് എന്ന പേരിലാണ് മൃതദേഹം കൊണ്ടുവരുന്നത്. മൃതദേഹം കൈമാറുന്ന കസ്റ്റംസുകാര്‍ക്ക് ഒരു സംശയവും തോന്നാത്ത മട്ടില്‍ പെരുമാറണമെന്ന് പോലീസും റൊംസാനും അസിറിന്റെ പിതാവിനോട് പറയുന്നു. കൂടുതല്‍ വിശദീകരണങ്ങള്‍ക്കൊന്നും നില്‍ക്കരുത്. മൃതദേഹം ഏറ്റുവാങ്ങുക , തിരിച്ചുപോരുക. കെഫായത്തുദ്ദീന്‍ വേദനയില്‍ നീറുകയാണ്. അസിറിനു മുമ്പ് മൂന്നു ആണ്‍കുട്ടികള്‍ ജനിച്ചതാണ്. അവരൊന്നും ജീവിച്ചില്ല. സ്വന്തം മകന്റെ പേരല്ലാതെ മറ്റൊരു പേരും കെഫായത്തുദ്ദീന്റെ മനസ്സിലേക്ക് കടക്കുന്നില്ല. ശവപ്പെട്ടി കണ്ടതോടെ അയാളുടെ നിയന്ത്രണം വിട്ടു. അസിറിന്റെ ദുര്‍വിധിയോര്‍ത്ത് അവന്റെ പേരു വിളിച്ച് ആ പിതാവ് പൊട്ടിക്കരയുന്നു. അയാളുടെ പെരുമാറ്റത്തില്‍ കസ്റ്റംസുകാര്‍ സംശയാലുക്കളായെങ്കിലും കൈമടക്ക് കിട്ടിയപ്പോള്‍ അവര്‍ നിശ്ശബ്ദരായി.
വീട്ടിലെത്തിച്ച മൃതദേഹം കുളിപ്പിക്കാനൊരുങ്ങിയപ്പോള്‍ പ്രശ്‌നം. മരിച്ചയാള്‍ക്ക് സുന്നത്ത് കര്‍മം നടത്തിയിട്ടില്ല. കാര്യങ്ങള്‍ കുഴഞ്ഞുമറിയുന്നു. അപ്പോള്‍ ആരുടേതാണീ മൃതദേഹം എന്ന ചോദ്യമുയര്‍ന്നു. ശരീരം കണ്ട കെഫായത്തുദ്ദീന്‍ അത് തന്റെ മകന്റേതല്ല എന്നുറപ്പിച്ചു പറയുന്നു. മരിച്ചയാളെ കണ്ടിട്ട് ദക്ഷിണേന്ത്യക്കാരനാണെന്നു തോന്നുന്നതായി ഒരാള്‍ സംശയം പ്രകടിപ്പിക്കുന്നു. കറുത്തിട്ടാണ്. കേരളീയനോ ശ്രീലങ്കക്കാരനോ ആകാമെന്ന് വേറൊരാള്‍. എന്തായാലും ആള്‍ അമുസ്‌ലിം ആണ്. പോലീസിന്റെ നിര്‍ദേശമനുസരിച്ച് അവര്‍ മൃതദേഹവുമായി വീണ്ടും ധാക്കയിലേക്ക് പുറപ്പെടുന്നു. പ്രവാസ മന്ത്രാലയത്തിനേ എന്തെങ്കിലും ചെയ്യാന്‍ പറ്റൂ എന്നാണ് പോലീസിന്റെ നിലപാട്. അവിടെയെത്തിയപ്പോള്‍ പ്രവാസ മന്ത്രാലയം കൈയൊഴിയുന്നു. മരിച്ചത് വിദേശിയായതിനാല്‍ വിദേശ മന്ത്രാലയത്തെ സമീപിക്കാനാണ് അവിടെ നിന്ന് കിട്ടിയ നിര്‍ദേശം. അന്താരാഷ്ട്ര ബന്ധം, വ്യാപാരം, സാംസ്‌കാരിക വിനിമയം എന്നിവക്കുവേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും മരിച്ചവരെ കൈകാര്യം ചെയ്യാനാവില്ലെന്നും വിദേശ മന്ത്രാലയം ഉദ്യോഗസ്ഥന്‍ പറയുന്നു. ആഭ്യന്തര വകുപ്പാണ് പ്രശ്‌നത്തിന് പരിഹാരം കാണേണ്ടത് എന്നായി വിദേശ മന്ത്രാലയത്തിന്റെ നിലപാട്. ശവപ്പെട്ടിയുമായി അവര്‍ അങ്ങോട്ട് നീങ്ങുന്നു. ആരാണ് നിങ്ങളെ ഇങ്ങോട്ടയച്ചത് എന്നായി ആഭ്യന്തര വകുപ്പുദ്യോഗസ്ഥന്‍. ക്രമസമാധാനപാലനമാണ് തങ്ങളുടെ മന്ത്രാലയം കൈകാര്യം ചെയ്യുന്നത്. മരിച്ചവരെ കൈകാര്യം ചെയ്യാറില്ല. ആരോഗ്യമന്ത്രാലയത്തില്‍ ചെല്ലൂ എന്ന നിര്‍ദേശം നല്‍കി അവിടെനിന്നും അവരെ ഒഴിവാക്കി. രാജ്യത്തിന്റെ ആരോഗ്യനില മെച്ചപ്പെടുത്തുകയാണ് തങ്ങളുടെ ചുമതല എന്ന് ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥന്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു. ശിശുമരണം എങ്ങനെ കുറയ്ക്കാം, ആയുസ് എങ്ങനെ കൂട്ടാം തുടങ്ങിയ കാര്യങ്ങളിലാണ് തങ്ങളുടെ ശ്രദ്ധ. മരിച്ചവരെക്കുറിച്ച് തങ്ങള്‍ക്ക് പ്രതീക്ഷയില്ല. മെഡിക്കല്‍ കോളേജില്‍ പോയി ശരീരം മോര്‍ച്ചറിയില്‍ കൊടുത്തേക്കൂ എന്നൊരു ഉപദേശവും അവിടെനിന്നു കിട്ടി. മോര്‍ച്ചറിയിലെത്തിയപ്പോള്‍ അവിടെയുള്ളവര്‍ക്കും സഹായിക്കാനുള്ള വകുപ്പില്ല. വിദേശത്തുണ്ടായ അസ്വാഭാവിക മരണം. മരണ സര്‍ട്ടിഫിക്കറ്റില്‍ അബ്ദുള്‍ വഹാബ്. കണ്ടാല്‍ ആഫ്രിക്കക്കാരനെപ്പോലെ. അതുകൊണ്ട് സഹായിക്കാനാവില്ല എന്ന് മോര്‍ച്ചറിയുടെ ചുമതലക്കാരന്‍. അയാളും ഒരുപായം പറഞ്ഞു. വേണമെങ്കില്‍ ശരീരം മോര്‍ച്ചറി ഫ്രീസറില്‍ വെച്ചിട്ട് സ്ഥലം വിട്ടോളൂ. പക്്‌ഷേ, അതിനു ചെലവു ചെയ്യേണ്ടിവരും.
മൃതദേഹം കുറേശ്ശെ നാറാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ഡ്രൈവര്‍. ചൂട് കാലമായതിനാല്‍ വേഗം അഴുകും എന്ന് അയാള്‍ ഓര്‍മിപ്പിക്കുന്നു. മൃതദേഹം തങ്ങള്‍ക്ക് കൈമാറിയ എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെത്തന്നെ ശരണം പ്രാപിക്കാന്‍ ആ പാവങ്ങള്‍ തീരുമാനിക്കുന്നു. ചരക്ക് കൈമാറലാണ് തങ്ങളുടെ ചുമതല എന്നു പറഞ്ഞ് കസ്റ്റംസ് ഉദ്യോഗസ്ഥരും കൈ കഴുകുന്നു. പഴം, ഭക്ഷ്യവസ്തുക്കള്‍, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, വൈന്‍, സ്വര്‍ണം, ജീവിച്ചിരിക്കുന്നവര്‍, മരിച്ചവര്‍-എല്ലാവരെയും തങ്ങള്‍ കൈമാറും. പക്ഷേ, ആരെയും ഏറ്റുവാങ്ങി സൂക്ഷിക്കാന്‍ അധികാരമില്ല. നിത്യവും എട്ടോ പത്തോ ശവപ്പെട്ടികള്‍ തങ്ങള്‍ കൈമാറാറുണ്ട്. പക്ഷേ, സൂക്ഷിക്കാറില്ല. മൃതദേഹം കൊണ്ടുവന്ന വിമാനക്കമ്പനിയെ സമീപിക്കാനാണ് അവിടെനിന്ന് കിട്ടിയ ഉപദേശം.
മരിച്ചത് മനുഷ്യന്‍ പുറമേക്ക് മുരടനെന്നു തോന്നിച്ച പോലീസുകാരന് മരിച്ച അസിറിന്റെ പിതാവിനോട് അനുകമ്പ തോന്നിത്തുടങ്ങുന്നു. ഒരു മാസം മുമ്പാണ് താന്‍ മകനുമായി അവസാനമായി ഫോണില്‍ സംസാരിച്ചതെന്ന് പിതാവ് പറയുന്നു. ഒരാഴ്ചയായി അവനെ വിളിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ, കിട്ടുന്നില്ല. മകന്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന യാഥാര്‍ഥ്യത്തിലേക്ക് ആ പാവം എത്തിച്ചേരുന്നു. അതിനിടെ പോലീസുദ്യോഗസ്ഥന്‍ എംബസിയുമായി ബന്ധപ്പെട്ട് അസിറിന്റെ മരണം സ്ഥിരീകരിച്ചിരുന്നു. അജ്മാനില്‍ ബോയ്‌ലര്‍ പൊട്ടിത്തെറിച്ച് ആറു പേരാണ് മരിച്ചത്. ചിലരുടെ മൃതദേഹം തിരിച്ചറിയാന്‍ പറ്റാത്തവിധം വികൃതമായിട്ടുണ്ട്. വ്യാജ പാസ്‌പോര്‍ട്ട് നേടിയ അന്ന് തന്റെ മകന്റെ പേര് നഷ്ടപ്പെട്ടതായി അസിറിന്റെ പിതാവ് വിലപിക്കുന്നു. ഒരര്‍ഥത്തില്‍ അവന്‍ അന്നേ മരിച്ചു. ആരുടെ മൃതദേഹമായാലും മകന്റേതാണെന്നു കരുതി താനിത് സംസ്‌കരിക്കും. ശരീരം അഴുകിയാലും നാറിയാലും ഇത് തന്റെ മകനാണ്. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍. ഇതിലെന്തിരിക്കുന്നു എന്നയാള്‍ ചോദിക്കുന്നു. ഇതൊരു മനുഷ്യനാണ്. അതാണ് പ്രധാനം. അന്തസ്സായ ഒരു ശവസംസ്‌കാരത്തിന് ഈ മനുഷ്യന് അര്‍ഹതയുണ്ട് എന്ന് അയാള്‍ തിരിച്ചറിയുന്നു. ശവപ്പെട്ടിയുമായി എല്ലാവരും നാട്ടിലേക്ക് മടങ്ങുന്നു. ഗ്രാമീണനായ കെഫായത്തുദ്ദീന്റെ പുത്രവാത്സല്യം അയാളെ സ്‌നേഹവും കാരുണ്യവുമുള്ള പൂര്‍ണ മനുഷ്യനാക്കുന്നതാണ് ചിത്രത്തിന്റെ അവസാനത്തില്‍ നമ്മള്‍ കാണുന്നത്.
ഗള്‍ഫിലെ ഒരു മരണം. ഈയൊറ്റ സംഭവത്തില്‍ നിന്നാണ് 'അണ്‍നെയിംഡി' ന്റെ ഇതിവൃത്തം വികസിക്കുന്നത്. ദാരിദ്ര്യവും അഴിമതിയും കെടുകാര്യസ്ഥതയും അരങ്ങു തകര്‍ക്കുന്ന ഒരു രാജ്യത്തിന്റെ ദുരവസ്ഥയിലേക്കാണ് സംവിധായകന്‍ ക്യാമറ തുറന്നുവെക്കുന്നത്. കറുത്ത പരിഹാസത്തിലൂടെയാണ് ആ ദുരവസ്ഥ അദ്ദേഹം പകര്‍ത്തുന്നത്. മകന്റെ മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിക്കാനുള്ള ചെലവിന് സ്വന്തം വീടു തന്നെ കെഫായത്തുദ്ദീന് പണയപ്പെടുത്തേണ്ടി വരുന്നു. ആരും അയാളെ സഹായിക്കാനെത്തുന്നില്ല. ഓരോ മന്ത്രാലയത്തിലും നിസ്സഹായരായ മനുഷ്യര്‍ ചെന്നുമുട്ടുന്നു. ഹൃദയമില്ലാത്ത ഉദ്യോഗസ്ഥവൃന്ദം നിയമങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് അവരെ വിരട്ടി വിടുന്നു. കിട്ടാവുന്നിടത്തോളം കൈക്കൂലി വാങ്ങി നിയമങ്ങള്‍ക്കുനേരെ ചിലപ്പോള്‍ കണ്ണടയ്ക്കുന്നു.
ഒരു ഗ്രാമം, ഒരു രാജ്യം
ഒരു ഗ്രാമത്തെ പശ്ചാത്തലമാക്കി ഒരു രാജ്യത്തിന്റെ മനുഷ്യത്വരാഹിത്യ നിലപാടുകളിലേക്കാണ് സംവിധായകന്‍ കാണികളെ കൊണ്ടുപോകുന്നത്. അധികാര കേന്ദ്രങ്ങളില്‍ പ്രവേശനം കിട്ടാത്ത ഏതാനും ഗ്രാമീണരുടെ നേരിട്ടുള്ള അനുഭവങ്ങളിലൂടെ ബംഗ്ലാദേശിന്റെ ഇപ്പോഴത്തെ അവസ്ഥയെ വിമര്‍ശനബുദ്ധ്യാ നോക്കിക്കാണുകയാണദ്ദേഹം. കാരുണ്യം തൊട്ടുതീണ്ടാത്ത ഒരു സാമൂഹിക, ഭരണ വ്യവസ്ഥയില്‍ അകപ്പെട്ടുപോകുന്ന മനുഷ്യര്‍ പുറത്തുകടക്കാനാവാതെ നിസ്സഹായരാവുകയാണ്. രക്ഷക്കായി ആ ഗ്രാമീണര്‍ സമീപിക്കുന്ന ഓരോ മന്ത്രാലയവും മനുഷ്യത്വഹീനമായാണ് പെരുമാറുന്നത്. ഗ്രാമീണതയും നാഗരികതയും തമ്മിലുള്ള ഏറ്റുമുട്ടലല്ല ഇവിടെ നടക്കുന്നത്. അധികാരപ്രയോഗവും അതിന്റെ ഹീനമായ വ്യാഖ്യാനങ്ങളുമാണ് ഗ്രാമീണരെ ഭയചകിതരാക്കുന്നത്. പോലീസില്‍പ്പോലും ജോലി നേടുന്നത് കൈക്കൂലി കൊടുത്തിട്ടാണെന്ന് ഒരു കഥാപാത്രം പറയുന്നുണ്ട്. രാജ്യത്തിന്റെ സമസ്ത മേഖലകളിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് സംവിധായകന്‍ ഒറ്റ സംഭവത്തിലൂടെ വെളിപ്പെടുത്തുന്നു.
സിനിമയുടെ പ്രമേയത്തെക്കുറിച്ചുള്ള സൂചന തുടക്കത്തില്‍ത്തന്നെ കാണാം. കെഫായത്തുദ്ദീന്‍ പേരക്കുട്ടിയോടൊപ്പം വീട്ടിലേക്ക് നടന്നു വരികയാണ്. മകനെ ഫോണില്‍ വിളിക്കാന്‍ പട്ടണത്തില്‍ പോയി നിരാശനായി മടങ്ങുകയാണയാള്‍. വഴിയില്‍ ചത്ത ഒരു പക്ഷി. അതിനെ രണ്ടുപേരും മണ്ണിട്ടുമൂടുന്നു. പക്ഷി എങ്ങനെ ചത്തു എന്ന് പയ്യന്‍ ചോദിക്കുമ്പോള്‍ ' എല്ലാം ദൈവനിശ്ചയം ' എന്നു പറഞ്ഞ് സമാധാനിക്കുകയാണ് കെഫായത്തുദ്ദീന്‍. അപ്പോള്‍, അജ്ഞാതനായി മരിക്കേണ്ടിവന്ന സ്വന്തം മകന്റെ ദുരന്തം അയാള്‍ അറിഞ്ഞിരുന്നില്ല.
കള്ള പാസ്‌പോര്‍ട്ടില്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്ന ഒരു പറ്റം ഗ്രാമീണരുടെ ജീവിതാവസ്ഥയിലൂടെയാണ് സംവിധായകന്‍ സഞ്ചരിക്കുന്നത്. ആറു മാസം മുമ്പ് ഗള്‍ഫിലേക്ക് പോയ ഭര്‍ത്താവ് അസിറുദ്ദീന്റെ അടുത്ത് എത്രയും വേഗം എത്തിപ്പെടാനാണ് ഭാര്യ ഷെഫാലി ആഗ്രഹിക്കുന്നത്. ഗ്രാമത്തിലെ ദുര്‍ന്നടപ്പുകാരി ബ്യൂട്ടി എന്ന യുവതിക്കും വിദേശത്തേക്ക് കടക്കണം. ഭര്‍ത്താവ് മരിച്ചുപോയ അവള്‍ മകനെ സ്വന്തം വീട്ടിലേക്കയച്ച് ഗ്രാമത്തില്‍ ഒറ്റക്ക് കഴിയുകയാണ്. ജാരനായ വിസ ഏജന്റ് റൊംസാന്‍ അലി അവളെ സഹായിക്കാമെന്നേറ്റിട്ടുണ്ട്. അസിറുദ്ദീന്റെ ഭാര്യ എന്ന വ്യാജേന അവിടേക്കു പോകാനാണ് അവള്‍ ശ്രമിക്കുന്നത്. അസിറുദ്ദീന്‍ അതിന് സമ്മതിക്കുകയും ചെയ്തതാണ്. പക്ഷേ, പോലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് കിട്ടാന്‍ വൈകുന്നു. അതിന് ബ്യൂട്ടി മറ്റൊരു ജാരനായ പോലീസുകാരനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ജീവിക്കാനുള്ള നെട്ടോട്ടത്തില്‍ ആര്‍ക്കും ആരെയും കുറ്റപ്പെടുത്താനാവാത്ത സ്ഥിതി. ആരെങ്കിലും രക്ഷപ്പെട്ടോട്ടെ എന്നു കരുതിയാണ് വിസ ഏജന്റ് റൊംസാന്‍ കള്ളത്തരത്തിന് കൂട്ടു നില്‍ക്കുന്നത്. എയര്‍പോര്‍ട്ടില്‍ മൃതദേഹം വിട്ടുകിട്ടാന്‍ കസ്റ്റംസുകാര്‍ക്ക് കൈക്കൂലി കൊടുക്കുമ്പോള്‍ വിസ ഏജന്റിന്റെ പ്രഖ്യാപനം 'ഇനിയൊരു തെണ്ടിയെയും താന്‍ വിദേശത്തയക്കില്ല' എന്നായിരുന്നു. മകന്റെ അപ്രതീക്ഷിതമായ വേര്‍പാടില്‍ സ്തബ്ധനായ കെഫായത്തുദ്ദീന്‍ അധികാരികളുടെ കാരുണ്യത്തിനുവേണ്ടി നിശ്ശബ്ദം കേഴുകയാണ്. ഒടുവില്‍, തനിക്ക് കിട്ടാതെ പോയ കാരുണ്യം മറ്റൊരാള്‍ക്ക് നല്‍കി അയാള്‍ മാനവികതയുടെ പ്രതിരൂപമായി മാറുന്നു. tsureshbabumbi@gmail.com


VIEW ON mathrubhumi.com