അമ്മയില്‍ നിന്നു ലഭിച്ച വലിയൊരു തിരിച്ചറിവായിരുന്നു അത്, പിന്നെ ആ പതിവ് ത്യാഗരാജൻ തെറ്റിച്ചില്ല

#ഭാനുപ്രകാശ്
ത്യാഗരാജൻ (ഇടത്ത്) ത്യാഗരാജന്റെ അമ്മ (വലത്ത്)
ത്യാഗരാജൻ (ഇടത്ത്) ത്യാഗരാജന്റെ അമ്മ (വലത്ത്)

മുത്തയ്യ മുതലിയാര്‍ എന്ന ജമീന്ദാറിനെക്കുറിച്ചോ അദ്ദേഹത്തിന്റെ ഭാര്യ പാപ്പമ്മാളിനെക്കുറിച്ചോ കേട്ടറിവുള്ളവര്‍ തമിഴ്നാട്ടിലെ റെഡ്ഡിമാങ്കുപ്പത്ത് ഇന്ന് ഏറെയൊന്നുമില്ല. പഴയ നോര്‍ത്ത് ആര്‍ക്കോട് ജില്ലയിലെ ആമ്പൂരില്‍നിന്ന് പതിനൊന്നു കിലോമീറ്റര്‍ അകലെയാണ് റെഡ്ഡിമാങ്കുപ്പം എന്ന ഗ്രാമം. ധാരാളം ഭൂസ്വത്തുക്കളുള്ള മുത്തയ്യ മുതലിയാര്‍ക്ക് രണ്ട് മക്കളായിരുന്നു. ബാലകൃഷ്ണന്‍ മുതലിയാരും രാജഗോപാല്‍ മുതലിയാരും. നൂറുവര്‍ഷങ്ങള്‍ക്കിപ്പുറം ബാലകൃഷ്ണന്‍ മുതലിയാരെ ഓര്‍ക്കുന്ന നിരവധി കുടുംബങ്ങള്‍ ഇന്നും റെഡ്ഡിമാങ്കുപ്പത്തുണ്ട്. കര്‍ഷകന്റെ കണ്ണീരിലും വിയര്‍പ്പിലും വേദനകളിലും ജീവിതം ആഘോഷമാക്കിയ മുത്തയ്യ മുതലിയാരുടെ ചെയ്തികളെ കുട്ടിക്കാലം മുതലേ എതിര്‍ക്കാന്‍ ചങ്കൂറ്റം കാണിച്ചിരുന്നു, മൂത്തമകനായ ബാലകൃഷ്ണന്‍. ധൂര്‍ത്തജീവിതത്തിനേറ്റ ശാപംപോലെയായിരുന്നു മുത്തയ്യ മുതലിയാരുടെ അവസാനകാലം. ഒരുതുള്ളി വെള്ളംപോലും ഇറക്കാനാവാതെ നരകയാതനകളിലൂടെയാണ് ആ ജീവിതം അവസാനിച്ചത്.

അച്ഛന്റേതിന് വിരുദ്ധമായി നന്മയുടെയും സ്നേഹത്തിന്റെയും മറുജീവിതംകൊണ്ടാണ് ബാലകൃഷ്ണന്‍ മുതലിയാര്‍ നാട്ടുകാരുടെ ഹൃദയത്തിലിടം നേടിയത്. മുതലിയാര്‍ കുടുംബത്തിന് നാട്ടില്‍ വലിയ നിലയും വിലയുമുണ്ടായിരുന്ന അക്കാലത്ത് മണ്ണില്‍ പണിയെടുക്കുന്നവരെയും പാവപ്പെട്ടവരെയും സ്നേഹിക്കാനും ഒപ്പം ചേര്‍ത്തുനിര്‍ത്താനുമാണ് ബാലകൃഷ്ണന്‍ ശ്രമിച്ചത്. തന്റെ അധീനതയിലെ അതിരില്ലാത്ത ഭൂമിയില്‍ നെല്ലും കരിമ്പും പയറും കൃഷിചെയ്ത് നാല്‍പ്പതിലേറെ കര്‍ഷകത്തൊഴിലാളികളുടെ കുടുംബത്തിന് തണല്‍വിരിച്ച ഒരു വന്‍വൃക്ഷമായി മാറാന്‍ ബാലകൃഷ്ണന്‍ മുതലിയാര്‍ക്ക് കഴിഞ്ഞു. ഒരിക്കല്‍പ്പോലും ജാതിമത വേര്‍തിരിവുകള്‍ ആ മനസ്സിനെ തീണ്ടിയില്ല. അതികായനെപ്പോലെ നിലകൊണ്ടെങ്കിലും ഒരിക്കലും അയാള്‍ ഒരു അധികാരിയായി മാറാന്‍ ശ്രമിച്ചില്ല. ധരിച്ച വസ്ത്രംപോലെ അത്രമേല്‍ ശുഭ്രമായിരുന്നു ആ മനസ്സെന്ന് പഴമക്കാരില്‍ പലരും ഇന്നുമോര്‍ക്കുന്നു. പാവപ്പെട്ടവര്‍ക്ക് വീട് വെക്കാനും പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചയയ്ക്കാനും തന്റെ സമ്പാദ്യത്തില്‍ നിന്ന് നല്ലൊരു പങ്ക് ബാലകൃഷ്ണന്‍ മാറ്റിവെച്ചു. പാടത്തെ ചളി പുരണ്ട ശരീരവുമായി തന്റെ നാലുകെട്ടിലേക്ക് വരുന്ന കര്‍ഷകര്‍ക്ക് വീട്ടില്‍ കയറിയിരുന്നു വെള്ളവും ഭക്ഷണവും കഴിക്കാനുള്ള സ്വാതന്ത്ര്യവും ബാലകൃഷ്ണന്‍ നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ കര്‍ഷകര്‍ക്ക് അയാള്‍ മുതലാളിയോ ജന്മിയോ ആയിരുന്നില്ല. അന്നം തരുന്ന ദൈവമായിരുന്നു.

Content Highlights: action choreographers thyagarajan, stunt master, malayalam action movies

Continue reading