ജോസഫ് അലക്‌സാണ്ടര്‍, നിരഞ്ജന്‍, നരേന്ദ്രന്‍.. ചില വിരുന്നുകാർ സ്പെഷ്യലാണ്, കഥ മാറ്റുന്നവരാണ്

ജയറാം ടൈറ്റില്‍ കഥാപാത്രമായ മിഥുന്‍ മാനുവല്‍ തോമസിന്റെ പുതിയ സിനിമയായ എബ്രഹാം ഓസ്‌ലറിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് മമ്മൂട്ടി അവതരിപ്പിക്കുന്ന ഡോ. ജോസഫ് അലക്‌സാണ്ടര്‍ എന്ന അതിഥി കഥാപാത്രമാണ്. അഞ്ചാം പാതിരയ്ക്കു ശേഷമുള്ള മിഥുന്‍ മാനുവലിന്റെ ത്രില്ലര്‍, ജയറാമിന്റേ മേക്ക് ഓവര്‍ കഥാപാത്രം എന്നിവയ്‌ക്കൊപ്പം ഈ സിനിമയിലേക്ക് പ്രേക്ഷകരെ അടുപ്പിക്കുന്ന സുപ്രധാന ഘടകങ്ങളിലൊന്നാകാന്‍ സിനിമയുടെ രണ്ടാം പകുതിയില്‍ വരുന്ന മമ്മൂട്ടിയുടെ ഈ അതിഥി വേഷത്തിനാകുന്നു. ഇത് സിനിമയുടെ ആകെ കാഴ്ചയെ തന്നെ മറ്റൊരു വിതാനത്തിലെത്തിക്കുകയും ചെയ്യുന്നുണ്ട്.
സിനിമയിലെ 'കാമിയോ അപ്പിയറന്‍സുകള്‍' കേവലം വന്നുപോകുന്നവരും കേന്ദ്രപ്രമേയത്തില്‍ നിര്‍ണായക സാന്നിധ്യമായി മാറുന്നവരുമുണ്ട്. രണ്ടും ഒരു സിനിമയുടെ കേവലാസ്വാദനത്തിനപ്പുറത്തേക്ക് പ്രേക്ഷകന് അധിക ആസ്വാദനതലം നല്‍കാന്‍ പോന്നവയാണ്. സിനിമകള്‍ ഇങ്ങനെ സര്‍പ്രൈസ് കാമിയോകളെ അവതരിപ്പിക്കുന്നത് മിക്കവാറും അതത് ഇന്‍ഡസ്ട്രിയിലെ ഫാന്‍ബേസ് ഉള്ള താരങ്ങളുടെ ജനപ്രിയത മുന്നില്‍ കണ്ടുകൊണ്ടാണ്. 1980-കളുടെ തുടക്കത്തില്‍ ശങ്കര്‍ താരപദവിയില്‍ വിരാജിക്കവേ മറ്റ് താരങ്ങളുടെ ചിത്രങ്ങളില്‍ ഇത്തരത്തിലുള്ള സര്‍പ്രൈസ് കാമിയോ വേഷത്തില്‍ രക്ഷകനായും മറ്റും പ്രത്യക്ഷപ്പെട്ടിട്ടുള്ളതായി കാണാം. പിന്നീട് നാല് പതിറ്റാണ്ടായി താരപദവിയില്‍ തുടരുന്ന മമ്മൂട്ടിയും മോഹന്‍ലാലുമാണ് ഈ മാതൃകയില്‍ പോപ്പുലര്‍ കാമിയോ വേഷങ്ങളില്‍ ഏറ്റവുമധികം തിളങ്ങിയിട്ടുള്ളത്. കരിയറിന്റെ തുടക്കകാലത്ത് ഒട്ടേറെ സിനിമകളില്‍ ഒരുമിച്ചഭിനയിച്ച ഇരുവരും സൂപ്പര്‍ സ്റ്റാര്‍ഡത്തില്‍ എത്തിയതിനു ശേഷം കാമിയോ വേഷങ്ങളിലാണ് അധികവും വെള്ളിത്തിരയില്‍ ഒരുമിച്ച് കാണുന്നത്. സൂപ്പര്‍താരങ്ങളെ ഒരുമിച്ച് സ്‌ക്രീനില്‍ കാണുന്നത് ആരാധകരില്‍ ഉളവാക്കുന്ന ആവേശം കണക്കിലെടുത്താണ് ഇത്തരം സീക്വന്‍സുകള്‍ സിനിമയില്‍ ഉള്‍പ്പെടുത്തുന്നത്.
Content Highlights: Abraham Ozler, Summer in Bethlehem, Innale, showreel, mammootty, mohanlal, suresh gopi