തകര്‍ച്ചയില്‍ നഷ്ടമായത് നിക്ഷേപകരുടെ ആറ് ലക്ഷം കോടി രൂപ

രാജ്യത്തെ ഓഹരി സൂചികകള്‍ മികച്ച ഉയരം കുറിച്ചത് കഴിഞ്ഞ ചൊവാഴ്ചയാണ്. നിഫ്റ്റി 10,178ലും സെന്‍സെക്‌സ് 32,500ലുമെത്തിയാണ് റെക്കോഡിട്ടത്.
വസന്തം അധികകാലം നീണ്ടുനിന്നില്ല. ഏഴുദിവസംകൊണ്ട് സൂചികകള്‍ക്ക് നഷ്ടമായത് നാല് ശതമാനത്തോളമാണ്.
നിക്ഷേപകരുടെ സമ്പത്തില്‍ 6 ലക്ഷം കോടി രൂപയാണ് ഈ ഏഴുദിവസംകൊണ്ട് നഷ്ടമായത്. കനത്ത വില്പന സമ്മര്‍ദത്തില്‍ 1,340 പോയന്റാണ് സെന്‍സെക്‌സിന് നഷ്ടമായത്. നിഫ്റ്റിയാകട്ടെ 443 പോയന്റും കളഞ്ഞുകുളിച്ചു.
ഉത്തര കൊറിയയുടെ ഭീഷണി, രൂപയുടെ മൂല്യതകര്‍ച്ച, രാജ്യത്തെ വളര്‍ച്ചാനിരക്കിലുണ്ടായ ക്ഷീണം, സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ കമ്പനികളുടെ പ്രവര്‍ത്തനഫലങ്ങളിലെ തളര്‍ച്ച തുടങ്ങിയവ നിക്ഷേപകര്‍ക്ക് ഓഹരികള്‍ വിറ്റൊഴിഞ്ഞ് ലാഭമെടുക്കാന്‍ ധാരാളം മതിയായിരുന്നു.
ബിഎസ്ഇ 500 സൂചികയിലെ 20 ഓഹരികള്‍ 30 ശതമാനത്തിലേറെ കൂപ്പുകുത്തി. സൂചികകള്‍ റെക്കോഡ് നേട്ടത്തിലെത്തിയ സെപ്റ്റംബര്‍ എട്ടിന് ശേഷമുള്ള നഷ്ടക്കണക്കാണിത്.
ജെപി അസോസിയേറ്റ്‌സ്, സെന്‍ട്രല്‍ ബാങ്ക്, 8കെ മൈല്‍സ്, ജെറ്റ് എയര്‍വെയ്‌സ്, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, ശ്രീ രേണുക ഷുഗേഴ്‌സ്, ഇന്‍ഫിബീം, വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ്, എച്ച്ഡിഐഎല്‍, ഇന്‍ഡോ കൗണ്ട് ഇന്‍ഡസ്ട്രീസ് തുടങ്ങിയവ അവയില്‍ ചിലതുമാത്രം.
ചെറുകിട-മധ്യനിര ഓഹരികളും 30ശതമാനംവരെ നഷ്ടംനേരിട്ടവയുടെ പട്ടികയില്‍ ഉള്‍പ്പെട്ടു. എസ്ആന്റ്പി സ്‌മോള്‍ക്യാപ് സൂചികയില്‍ ശ്രീ അധികാരി ബ്രദേഴ്‌സ്, വിര്‍ച്വല്‍ ഗ്ലോബല്‍, ജെപി അസോസിയേറ്റ്‌സ്, ശില്‍പി കേബിള്‍, ആന്ധ സിമെന്റ്, ഗമോണ്‍ ഇന്‍ഫ്ര തുടങ്ങിയവ അവയില്‍ ഉള്‍പ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങളാണ് മധ്യനിര-ചെറുകിട ഓഹരികള്‍ കാര്യമായി വിറ്റൊഴിഞ്ഞത്. 17,000 കോടിയോളം രൂപയാണ് ഈ കാലയളവില്‍ അവര്‍ കൊണ്ടുപോയത്.
അതേസമയം, രാജ്യത്തെ നിക്ഷേപ സ്ഥാപനങ്ങള്‍ 14,000 കോടി മൂല്യമുള്ള ഓഹരികള്‍ വാങ്ങുകയാണ് ചെയ്തത്.


VIEW ON mathrubhumi.com