മൂലധനനേട്ട നികുതി ഒഴിവാക്കാൻ നിർദേശിച്ച് സെബി; മ്യൂച്വൽ ഫണ്ടുകൾ സ്വിച്ച് ചെയ്യുമ്പോഴുള്ള നികുതിയും നീക്കിയേക്കും

ഓഹരി വിപണിയിൽനിന്ന് വിദേശ നിക്ഷേപം വൻതോതിൽ പിൻവലിക്കുന്ന സാഹചര്യത്തിൽ നിർണായക നികുതി പരിഷ്കാര നിർദേശം മുന്നോട്ടുവെച്ച് സെബി. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർക്ക് ദീർഘകാല മൂലധനനേട്ട നികുതി (LTCG) ഒഴിവാക്കാനും, ആഭ്യന്തര മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് പദ്ധതികൾ മറ്റൊന്നിലേക്ക് മാറ്റുമ്പോൾ (Switching) നികുതിബാധ്യത ഒഴിവാക്കാനും ശുപാർശ ചെയ്തു. ഈ നിർദേശങ്ങൾ വരാനിരിക്കുന്ന ബജറ്റിൽ കേന്ദ്ര ധനമന്ത്രാലയം പരിഗണിച്ചേക്കും.
കമ്പനികളുടെ പ്രവർത്തനഫലങ്ങളിലെ മന്ദഗതി, ഓഹരികളുടെ ഉയർന്ന മൂല്യം, രൂപയുടെ മൂല്യമിടിവ് എന്നിവ മൂലം വിദേശ നിക്ഷേപകർ കൂട്ടത്തോടെ നിക്ഷേപം പിൻവലിക്കുന്നതിൽനിന്ന് പിന്മാറുന്നതിനാണ് ഉത്തേജന നീക്കവുമായി സെബി മുന്നോട്ടുവന്നത്.
നിലവിലെ ഉയർന്ന നികുതിനിരക്ക് ഏഷ്യയിലെ മറ്റ് വിപണികളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ വിപണിയുടെ ആകർഷകത്വം കുറയ്ക്കുന്നു എന്ന വിലയിരുത്തലിലാണ് സെബിയുടെ പുതിയ ഇടപെടൽ. നിലവിലെ നികുതിനിയമമനുസരിച്ച്, ഒരു സാമ്പത്തികവർഷം ലിസ്റ്റ് ചെയ്ത ഓഹരികളിൽനിന്നോ ഈക്വിറ്റി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിൽനിന്നോ ലഭിക്കുന്ന 1.25 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ദീർഘകാല മൂലധനനേട്ടത്തിന് (LTCG) 12.5 ശതമാനം നിരക്കിലാണ് നികുതി ഈടാക്കുന്നത്. എന്നാൽ സിംഗപ്പൂർ, ഹോങ് കോങ് തുടങ്ങിയ മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ മൂലധനനേട്ട നികുതി ചുമത്തുന്നില്ല.
വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ കഴിഞ്ഞ സാമ്പത്തികവർഷം 8,714 കോടി രൂപയാണ് എൽ.ടി.സി.ജി. നികുതിയായി നൽകിയത്. ഈയിനത്തിൽ സർക്കാരിന് ലഭിക്കുന്ന മൊത്തം നികുതിയുടെ 10 ശതമാനം വരെ മാത്രമാണിത്. അതിനാൽത്തന്നെ, വിദേശ നിക്ഷേപകർക്കുള്ള ഈ നികുതിഭാരം ഒഴിവാക്കുന്നതുവഴി സർക്കാരിന് വലിയ വരുമാനനഷ്ടമുണ്ടാകില്ലെങ്കിലും അന്താരാഷ്ട്രതലത്തിൽ മത്സരിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
Content Highlights: SEBI recommends removing long-term capital gains (LTCG) tax for foreign portfolio investors (FPIs)., Proposal to eliminate tax liability when switching between domestic mutual fund schemes., Aimed at curbing foreign fund outflows and boosting the competitiveness of the Indian stock market against Asian peers., Expected to be considered by the Union Ministry of Finance in the upcoming budget.