മലയാളി സംരംഭത്തിന് 192 കോടി

മലയാളിയായ സാം സന്തോഷിന്റെ നേതൃത്വത്തിലുള്ള ജെനോമിക്‌സ് റിസർച്ച് സ്റ്റാർട്ട്അപ്പായ 'മെഡ്‌ജെനോം ലാബ്‌സി'ന് 192 കോടി രൂപയുടെ മൂലധന നിക്ഷേപം ലഭിച്ചു. കമ്പനിക്ക് ലഭിക്കുന്ന മൂന്നാം റൗണ്ട് നിക്ഷേപമാണ് ഇത്.
സെക്വയ, സോഫിന എന്നീ നിക്ഷേപക സ്ഥാപനങ്ങളിൽ നിന്നടക്കമാണ് ഫണ്ട് ലഭിച്ചത്. ഇൻഫോസിസ് സഹ-സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനും കമ്പനിയിൽ മുതൽമുടക്കി. സോഡിയസ് ക്യാപ്പിറ്റൽ, കോഗ്നിസന്റ്‌ മുൻ സി.ഇ.ഒ. ലക്ഷ്മി നാരായണൻ എന്നിവരും മുതൽമുടക്കിയിട്ടുണ്ട്.
'കാൽസോഫ്റ്റ്' എന്ന പേരിലുള്ള സ്വന്തം ഐ.ടി. കമ്പനി 2009-ൽ വിറ്റൊഴിഞ്ഞ ശേഷമാണ് സാം സന്തോഷ് ജെനോമിക്‌സ് രംഗത്തേക്ക് ചുവടുവച്ചത്. 'സൈജെനോം ലാബ്‌സ്' എന്ന പേരിൽ കൊച്ചി ആസ്ഥാനമായാണ് ആദ്യ കമ്പനി തുടങ്ങിയത്. ഇതിന് കീഴിൽ മനുഷ്യ ജീനുകളുടെ ഗവേഷണ വിഭാഗമായ മെഡ്‌ജെനോമും ആരംഭിച്ചു. ഇത് പിന്നീട് പ്രത്യേക കമ്പനിയാക്കി മാറ്റുകയായിരുന്നു.


VIEW ON mathrubhumi.com