വസ്ത്രവിപണിയില്‍ ട്രെന്‍ഡിയാണ് ഓണം

By: രേഷ്മ ഭാസ്‌കരന്‍
ഓണക്കാലത്ത് ഏറ്റവുമധികം പുതിയ ട്രെന്‍ഡുകള്‍ ഒരുക്കിയത് വസ്ത്രവിപണിയാണ്. ഓണക്കാലത്ത് മലയാളികളുടെ വസ്ത്രസങ്കല്‍പ്പങ്ങളും മാറുകയാണ്. പരമ്പരാഗത കേരള സാരിയില്‍ ആധുനിക സ്‌റ്റൈലുകളും കോര്‍ത്തിണക്കുന്നതാണ് ഇത്തവണത്തെ ഓണം വസ്ത്രങ്ങള്‍. പുതുമകള്‍ തേടിപ്പോകുന്നവര്‍ക്കായി സാരിയിലും ബ്ലൗസുകളിലും പുത്തന്‍ ഡിസൈനുകളാണ് ഒരുക്കിയിരിക്കുന്നത്.
'കലംകാരി' തന്നെയാണ് ഇത്തവണയും ഓണവിപണിയിലെ താരം. വിവിധ നിറങ്ങളിലാണ് കലംകാരികള്‍ വിപണിയിലുള്ളത്. മുന്‍ വര്‍ഷം സാരികള്‍ക്ക് മാത്രമായിരുന്നു ഡിമാന്‍ഡ്. എന്നാല്‍ ഇത്തവണ സാരികള്‍ മാത്രമല്ല, സ്വന്തം ശൈലികളും പരീക്ഷിക്കുന്നവരുണ്ട്. വിവിധ നിറങ്ങളില്‍ കലംകാരി സാരി ബ്ലൗസുകളും ടോപ്പുകളും യുവതികളുടെ ഇടയില്‍ തരംഗമായി. സെറ്റ് മുണ്ടും കലംകാരി ടോപ്പും കടുംനിറത്തിലുള്ള ഡിസൈനര്‍ ബ്ലൗസും സാരിയും തെളിച്ചമുള്ള പ്രിന്റഡ് ബ്ലൗസും പട്ട് പാവാടയുമെല്ലാം പുതിയ ട്രെന്‍ഡുകളില്‍ ഇടം പിടിക്കുന്നുണ്ട്. കോളേജ് വിദ്യാര്‍ഥികള്‍ക്കിടയിലാണ് പുത്തന്‍ ട്രെന്റുകളുടെ നിരതന്നെയുള്ളത്. ഒരേ രീതിയിലുള്ള വസ്ത്രങ്ങളാണ് കൂടുതല്‍ പേരും തിരഞ്ഞെടുക്കുന്നത്. യുവാക്കളിലും ഈ ട്രെന്‍ഡുണ്ട്. ഒരു ദിവസത്തെ ആവശ്യത്തിനുമാത്രം മുന്‍കൂട്ടി വസ്ത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നവരും ഇവര്‍ക്കിടയിലുണ്ട്. മെറ്റീരിയലുകള്‍ വാങ്ങി സ്വന്തം ഇഷ്ടത്തിനനുസരിച്ച് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന പ്രവണതയും ഈ ഓണത്തിനുണ്ട്. 100 രൂപ മുതല്‍ തുടങ്ങുന്ന മെറ്റീരിയലുകള്‍ വിപണിയിലുണ്ട്. ഒരു ദിവസത്തെ ആവശ്യത്തിനാണെങ്കില്‍ വിലക്കുറവുള്ള മെറ്റീരിയലുകളാണ് കൂടുതല്‍ പേരും തിരഞ്ഞെടുക്കുന്നത്. മീറ്ററിന് 500-1000 രൂപയ്ക്ക് മുകളില്‍ വരെ വിലയുള്ള മെറ്റീരിയലുകളും ലഭ്യമാണ്.സാരി എന്നതില്‍ നിന്നു മാറി, ഒരു ഡിസൈനിങ് ട്രെന്‍ഡാണ് ചിലര്‍ ഓണം വസ്ത്രങ്ങള്‍ക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. കുറഞ്ഞ വിലയില്‍ പുത്തന്‍ സ്‌റ്റൈലുകളാണ് യുവതലമുറകള്‍ പരീക്ഷിക്കുന്നത്. അതിനായി കാഴ്ചയില്‍ ആകര്‍ഷണീയമായ വസ്ത്ര ശൈലികളാണ് മിക്കവരും തിരഞ്ഞെടുക്കുന്നത്. ആഭരണങ്ങളില്‍ ജിമിക്കി കമ്മലുകളാണ് താരം. സിമ്പിള്‍ ഓര്‍ണമെന്റ്സാണ് മിക്കവരും തിരഞ്ഞെടുത്തിട്ടുള്ളത്. പുത്തന്‍ ശൈലികള്‍ മുന്നില്‍ കണ്ടുകൊണ്ട് ഓണത്തിന് നിരവധി കളക്ഷനുകളാണ് വസ്ത്ര ഷോറൂമുകളിലെല്ലാം ഒരുക്കിയിരിക്കുന്നത്. സ്റ്റോക്കുകളെല്ലാം നേരത്തെ തന്നെ ഒരുക്കിയിരുന്നു. കൂടാതെ, നിരവധി ഓഫറുകളും വിലക്കുറവുകളും ഒരുക്കിയിട്ടുണ്ട്. ഓണത്തിന് 20 മുതല്‍ 25 ശതമാനം വരെ വില്‍പ്പന വളര്‍ച്ചായാണ് വസ്ത്രവ്യാപാരികളുടെ പ്രതീക്ഷ.


VIEW ON mathrubhumi.com