കോടീശ്വരനായ ജെഫ് ബേയ്‌സോസ് അത്ര ഉദാരശാലിയല്ല

By: മന്‍സൂര്‍ അഹമ്മദ്‌
സ്വത്തുണ്ടാക്കുക... അതിന്റെ സിംഹഭാഗവും മനുഷ്യനന്മയ്ക്കു വേണ്ടി ദാനം ചെയ്യുക... ഇതാണ് ബിൽഗേറ്റ്സും മാർക്ക് സക്കർബർഗും വാറൻ ബഫറ്റും ബ്ലൂംബെർഗും ഒക്കെ ചെയ്തത്. കോടീശ്വരന്മാർക്ക് ദാനംചെയ്യാൻ ഇപ്പോൾ മടിയുണ്ടെങ്കിൽ അതിനും വഴിയുണ്ട്. ഭാവിയിൽ സ്വത്ത് മനുഷ്യനന്മയ്ക്കു വേണ്ടി ദാനം ചെയ്യും എന്ന്‌ പ്രതിജ്ഞ ചെയ്യാം.രാഷ്ട്രീയക്കാർ, ബിസിനസുകാർ, സിനിമാക്കാർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ ഇങ്ങനെ പണം നൽകുകയോ നൽകാമെന്ന്‌ വാഗ്ദാനം ചെയ്യുകയോ ചെയ്തവരാണ്. അവരിൽ ഒന്നുംപെടാതെ നടക്കുന്ന ഒരാൾ ആണ് ജെഫ് ബേയ്സോസ്.
ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഒരു ഹെഡ്ജ് ഫണ്ട് കമ്പനിയായ ഡി.എഫ്. ഷാ ആൻഡ് കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു ജെഫ്. പക്ഷേ, ജെഫ് ധാരാളം മോഹങ്ങളുള്ള ആളായിരുന്നു. അതിലൊന്ന്, എന്നെങ്കിലും ബഹിരാകാശത്ത് സാധാരണക്കാരന് എപ്പോൾ വേണമെങ്കിലും പോയിവരാനുള്ള ഒരു വാഹനവ്യൂഹം ഉണ്ടാക്കുക എന്നുള്ളതാണ്. മറ്റൊരു താത്‌പര്യം കംപ്യൂട്ടർ നെറ്റ്‌വർക്കിങ് രംഗത്ത് കേമൻ ആകുക എന്നുള്ളതായിരുന്നു. രണ്ടാമത്തെ താത്‌പര്യം മുൻനിർത്തിയായിരുന്നു പഠനവും. അതുമായി ബന്ധപ്പെട്ട ചില സ്ഥാപനങ്ങളിൽ ചെറിയ ജോലികൾ ചെയ്തിട്ടുമുണ്ട്. 1994 ജെഫ്, കമ്പനിയിൽ നിന്ന് രാജിവച്ചു. ന്യൂയോർക്കിൽ നിന്ന് സിയാറ്റിലിലേക്കുള്ള യാത്രയ്ക്ക് തൊട്ടുമുൻപ് ജെഫ് കേട്ട വാർത്തയാണ് ജെഫിലെ ബിസിനസുകാരനെ ഉണർത്തിയത്. നേരിട്ട് ഓഫീസ് ഇല്ലാത്ത സ്ഥലങ്ങളിലെ ടാക്സ് ഡിപ്പാർട്ട്മെന്റ് മെയിൽ ഓർഡർ കമ്പനികളിൽ നിന്നും നികുതി ഈടാക്കരുത് എന്നൊരു വിധി യു.എസ്. സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നു. ഈ വാർത്ത കേട്ടിട്ടാണ് ജെഫ് യാത്ര പുറപ്പെട്ടത്. ഈ വിധിയെ എങ്ങിനെ തനിക്ക്‌ പ്രയോജനപ്പെടുത്താം എന്നതായി ജെഫിന്റെ ചിന്ത. യാത്രയിലുടനീളം ജെഫിന്റെ മനസ്സിൽ ഈ ചിന്ത മാത്രം. സിയാറ്റിലിൽ എത്തിയപ്പോഴേക്കും ജെഫിന്റെ മനസ്സിൽ ഭാവിയിൽ ഇന്റർനെറ്റിലെ ഏറ്റവും വലിയ സെയിൽസ് കമ്പനി ജനിച്ചുകഴിഞ്ഞിരുന്നു. ജെഫ് അതിന്‌ 'ആമസോൺ ഡോട്ട് കോം (amazon.com)' എന്ന ഡൊമെയ്ൻ നെയിമും കണ്ടെത്തി.
2017 തുടങ്ങുമ്പോൾ ജെഫ് ലോകത്തിലെ നാലാമത്തെ കോടീശ്വരനായിരുന്നു. 2017 ജൂലായ്‌ 27 ന് സ്വത്ത് 90.9 ബില്യൺ ഡോളറായി. അതോടെ, ജെഫ് ലോകത്തിലെ ഒന്നാമത്തെ കോടീശ്വരനായ ബിൽഗേറ്റ്സിനെ മറികടന്നു. എങ്കിലും അന്നേ ദിവസം ആമസോണിന്റെ ഷെയറിന്റെ വില താഴ്ന്നതു കാരണം ബിൽഗേറ്റ്സ് വീണ്ടും ഒന്നാമനായി.എന്താണ് ജെഫിന്റെ വരുമാനമാർഗം? പ്രധാനമായും ആമസോണിൽ ജെഫിനുള്ള പതിനേഴ് ശതമാനം ഓഹരി തന്നെ. എന്നാൽ, കൃത്യമായ സമയങ്ങളിൽ നല്ല കമ്പനികളിൽ ജെഫ് പണം നിക്ഷേപിച്ചിരുന്നു. ഏറ്റവും വലിയ ഉദാഹരണം ഗൂഗിൾ തന്നെ. 1998-ൽ രണ്ടര ലക്ഷം ഡോളർ മുടക്കി ജെഫ് ഷെയർ വാങ്ങി. ഇന്നതിന്റെ വില 3.1 ബില്യൺ യു.എസ്. ഡോളറാണ്. നഷ്ടം കാരണം പൂട്ടേണ്ടിവരുമെന്ന് ഭയന്നിരുന്ന 'വാഷിങ്‌ടൺ പോസ്റ്റി'നെ 2013-ൽ ജെഫ് 250 ദശലക്ഷം ഡോളർ നൽകി വാങ്ങി. 'എയർ ബി.എൻ.ബി.' മറ്റൊരു ഉദാഹരണമാണ്. ജെഫ് പണം മുടക്കിയ കമ്പനികളുടെ ലിസ്റ്റ് വളരെ നീണ്ടതാണ്. അത്തരം നിക്ഷേപങ്ങൾക്ക് പറ്റിയ കമ്പനികൾ കണ്ടെത്തുന്നതിനും അവ നോക്കിനടത്തുന്നതിനും മാത്രമായി ജെഫിന്‌ ബേയ്സോസ് എക്സ്പഡീഷൻസ് എന്ന പേരിൽ ഒരു സ്ഥാപനമുണ്ട്.
ഇതൊക്കെ ആണെങ്കിലും പരോപകാരത്തിന്റെ കാര്യത്തിൽ ജെഫ് അത്ര മുന്നിലല്ല. ദയയുടെ കാര്യത്തിൽ പോലും ജെഫ് മോശമാണെന്നാണ് പിരിഞ്ഞുപോയ ജോലിക്കാർ പറയുന്നത്. ഒരാളെ പിരിച്ചുവിടാൻ ജെഫിന്‌ വലിയ കാരണമൊന്നും വേണ്ട. പണം ചെലവഴിക്കുന്ന കാര്യത്തിൽ അത്ര ധാരാളിയുമല്ല. രാഷ്ട്രീയക്കാർക്ക് പിരിവ് നൽകുന്ന കാര്യത്തിൽ പോലും ജെഫ് പിന്നിലാണ്. ആകെ എടുത്തുപറയാവുന്ന രാഷ്ട്രീയ സംഭാവനകൾ രണ്ടെണ്ണം മാത്രം. ഡെമോക്രാറ്റ് സെനറ്റർ പാറ്റി മുറേയുടെ ചില കാമ്പെയ്‌നുകൾക്ക് പണം നൽകിയിരുന്നു. (അതിനൊരു കാരണമുണ്ട്. ആമസോണിനായിരുന്നു ആ കാമ്പയിനുകൾ കൊണ്ട് ഏറ്റവും വലിയ പ്രയോജനം). മറ്റൊന്ന് 2015-ൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ജേസൺ ഷാഫെറ്റ്സിന്‌ നൽകിയ സംഭാവനയാണ്. കാരണം ലളിതം, എതിർ സ്ഥാനാർഥി സ്റ്റീഫൻ ട്രയോൺ ജെഫിന്റെ കണ്ണിലെ കരടായ എതിരാളി 'ഓവർസ്റ്റോക്ക്.കോം' എന്ന കമ്പനിയുടെ പ്രധാനിയായിരുന്നു.
മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി റിപ്പോർട്ടർമാരുടെ കമ്മിറ്റി രൂപീകരിച്ചപ്പോൾ ജെഫ് അതിലേക്ക്‌ ഒരു മില്യൺ ഡോളർ നൽകി. അതിൽ ആരും അത്ഭുതപ്പെട്ടില്ല. കാരണം, ജെഫ് ഒരു പത്ര മുതലാളിയാണല്ലോ. പക്ഷേ, എല്ലാവരേയും ഞെട്ടിച്ച ഒരു സംഭാവനയുണ്ട്, 2012-ൽ ആയിരുന്നു അത്. സ്വവർഗ ദമ്പതിമാർക്ക് നിയമപരമായി വിവാഹം കഴിക്കാനുള്ള അവകാശത്തിനു വേണ്ടി പോരാടുന്ന സംഘടനയാണ് 'വാഷിങ്‌ടൺ യുണൈറ്റഡ് ഫോർ മാര്യേജ്'. അവർക്ക് ജെഫ് രണ്ടര ദശലക്ഷം ഡോളർ നൽകി. മറ്റൊന്ന് താൻ പഠിച്ചിരുന്ന സ്ഥാപനത്തിന് നൽകിയ പതിനഞ്ച് ദശലക്ഷം ഡോളർ ആണ്.ജെഫിന്റെ സമകാലികർ ആയ സക്കർബർഗും ബിൽ ഗേറ്റ്സുമൊക്കെ ബില്യൺ കണക്കിന് ദാനം കൊടുക്കുമ്പോൾ, ജെഫിന്റെ ദാനമൊരിക്കലും മില്യൺ കടന്നിട്ടില്ലെന്നു ചുരുക്കം. എങ്കിലും ജെഫ് കൂടി അംഗമായ ബേയ്സോസ് ഫാമിലി ഫൗണ്ടേഷൻ വഴി കാൻസർ രംഗം ഉൾപ്പെടെ മെഡിക്കൽ രംഗത്ത് ചില ഗവേഷണങ്ങൾക്ക് ഫണ്ടുകൾ നൽകുന്നുണ്ട്.എന്നാൽ, അത് മൊത്തം ജെഫിന്റെ എന്നു പറയാൻ കഴിയുകയില്ല. കാരണം, അതിലുള്ള എല്ലാ അംഗങ്ങളും ആമസോണിന്റെ ഓഹരി ഉടമകൾ ആണ്. അമ്പത്തിനാല് ദശലക്ഷം ഡോളർ മൂല്യമുള്ള ആ കമ്പനി ഇരുപത് ദശലക്ഷം ഡോളർ ഇതുവരെ വൈദ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും ചെലവഴിച്ചിട്ടുണ്ട്. കാൻസർ രംഗത്തെ ഗവേഷണത്തിനായി ജെഫ് നേരിട്ടും പത്ത് ദശലക്ഷം ഡോളർ നൽകിയിട്ടുണ്ട്.
ബഹിരാകാശ സ്വപ്നം ജെഫ് ഇന്നും മുറുകെ പിടിക്കുന്നു. അതിനായി ഒരു കമ്പനി ഉണ്ട് ജെഫിന്. 2000-ൽ ആരംഭിച്ച 'ബ്ലൂ ഒറിജിൻ' എന്ന ആ കമ്പനിയിൽ ജെഫ് കണ്ണുമടച്ചാണ്‌ പണം നിക്ഷേപിക്കുന്നത്. ഈ വർഷം മുതൽ വരുന്ന ഓരോ വർഷവും ആമസോണിൽ തന്റെ ഷെയറിൽ നിന്നും ഒരു ബില്യൺ ഡോളർ വിലയുള്ള ഷെയറുകൾ വിറ്റിട്ട് ആ തുക ബ്ലൂ ഒറിജിനിൽ മുടക്കാൻ ജെഫ് തീരുമാനിച്ചുകഴിഞ്ഞു. മാത്രമല്ല, 'വിർജിൻ ഗലാറ്റിക്‌' പോലെയുള്ള കമ്പനികളുടെ മേധാവികളുമായി സഹകരിക്കാനും ജെഫ് തീരുമാനിച്ചിട്ടുണ്ട്.ബഹിരാകാശത്ത് ഒരു കോളനി. വൻകിട കമ്പനികൾ ഒക്കെ അവിടെ പ്രവർത്തിക്കട്ടെ എന്നാണ് ജെഫ് പറയുന്നത്. ഭാവിയിൽ ഭൂമിക്ക്‌ ആവശ്യമായ ഇന്ധനം വരെ ബഹിരാകാശത്ത് ഉണ്ടാക്കാമെന്നും ഭൂമിയെ അങ്ങിനെ മലിനീകരണത്തിൽ നിന്നും രക്ഷിക്കാമെന്നും ജെഫ് കരുതുന്നു. 'ഭൂമി ഒരു പാർക്ക് ആയിരിക്കും... മനുഷ്യന് വിശ്രമത്തിന്‌ വരാവുന്ന സുന്ദരവും ശാന്തവുമായ ഒരു പാർക്ക്'-ജെഫിന്റെ മോഹങ്ങൾ അറിയാവുന്ന സുഹൃത്തുക്കൾ പറയുന്നു.
ഇനിയുമുണ്ട് ജഫിന്റെ വിശേഷങ്ങൾ. ആ കഠിനഹൃദയനിലും ഒരു കലാകാരൻ ഉണ്ട്. 'സ്റ്റാർ ട്രെക്‌ ബിയോണ്ട്' എന്ന ചിത്രത്തിൽ ജെഫ് അഭിനയിച്ചിട്ടുണ്ട്. സമയം ഉണ്ടായിരുന്നുവെങ്കിൽ കൂടുതൽ അഭിനയിച്ചേനെ എന്ന് പറഞ്ഞിട്ടുണ്ട് ജെഫ്.'ജെഫ് ഒരു പിശുക്കനാണല്ലേ' എന്ന് നമുക്ക് തോന്നാം. പക്ഷേ, അല്ലെന്ന്‌ പറയുന്നു ജെഫിന്റെ വീട്. ഒരു മ്യൂസിയം വിലയ്ക്ക് വാങ്ങി വീടാക്കിയാണ് ജെഫ് താമസിക്കുന്നത്. ആ ഭാഗത്തെ ഏറ്റവും വിലയുള്ള ആ വീടിന്റെ വലിപ്പം 27,000 ചതുരശ്ര അടിയാണ്, വാങ്ങിയത് ഇരുപത്തിമൂന്ന്‌ ദശലക്ഷം ഡോളറിനും. (എന്നാൽ ഇതല്ല ജെഫിന്റെ ഏറ്റവും വിലയുള്ള വീട്. കാലിഫോർണിയയിലെ ബെവേർലി ഹിൽസിലെ രണ്ടേക്കർ ഭൂമിയിലുള്ള വീടിന്റെ വില 25 ദശലക്ഷം ഡോളർ ആണ്). അയൽക്കാർ രണ്ടു പേരും ചില്ലറക്കാരല്ല. ഒരു വശത്ത് ബറാക്‌ ഒബാമയാണ് താമസക്കാരൻ. മറ്റൊരു അയൽക്കാരി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപ്. ഇതു മാത്രമല്ല ജെഫിന് ഉള്ള വീട്, അമേരിക്കയിലെ പലയിടങ്ങളിലും വീടുള്ള ജെഫിന് പരമ്പരാഗതമായി കിട്ടിയ ഒരു ഫാംഹൗസും ഉണ്ട്. 25,000 ഏക്കർ ഭൂമിയാണ് അതിനു ചുറ്റുമുള്ളത്. ടെക്സാസിലെ ഏറ്റവും വലിയ ഭൂവുടമ ജെഫ് ആണ്.
ജെഫ് സഞ്ചരിക്കുന്നതാകട്ടെ അറുപത്തിയഞ്ച് ദശലക്ഷം ഡോളർ വിലയുള്ള 'ഗൾഫ്സ്ട്രീം ജി-650 ഇ.ആർ.' എന്ന വിലകൂടിയ ജെറ്റ് വിമാനത്തിലാണ്. ഇതൊക്കെയാണെങ്കിലും കോടീശ്വരൻ ആയതിനു ശേഷവും തന്റെ 'ഹോണ്ട അക്കോർഡ്' കാറിൽ ഓഫീസിൽ കൊണ്ടുചെന്ന് വിടാൻ ഭാര്യതന്നെ വേണമെന്ന് നിർബന്ധമുണ്ടായിരുന്നു ജെഫിന്. (ആ കാറിന്റെ പത്തിരട്ടി വിലയുള്ള കാറുകളും സ്വന്തം ഡ്രൈവർമാരുമുള്ള ധാരാളം ജോലിക്കാർ ആ കാലത്ത് ജെഫ് ബേയ്സോസിനുണ്ടായിരുന്നു).
കാത്തിരിക്കാം നമുക്ക്... ഒരുപക്ഷേ, അന്തരീക്ഷ മലിനീകരണത്തിൽ നിന്നും ഭൂമിയെ രക്ഷിക്കാൻ വേണ്ടി നടത്തുന്ന യത്നങ്ങൾ ആകുമോ മനുഷ്യ രാശിക്ക്‌ ജെഫ് നൽകുന്ന ഏറ്റവും വലിയ സംഭാവന. എങ്കിൽ, ഭൂമിയിലെ ഏതൊരു കോടീശ്വരൻ നൽകുന്ന ഏറ്റവും വലിയ സമ്പത്തിനേക്കാളും വലുതായിരിക്കും അത്... ഭൂമിയിലെ എല്ലാ സൃഷ്ടികൾക്കുമായി ഒരു മനുഷ്യൻ നൽകുന്ന വലിയ സംഭാവന.


VIEW ON mathrubhumi.com