രത്തന്‍ ടാറ്റയുടെ സാമ്രാജ്യത്തില്‍ ഭിന്നത രൂക്ഷം; ബാധിക്കുക 26 കമ്പനികളെ

രത്തൻ ടാറ്റ (ഫോട്ടോ: PTI)
രത്തൻ ടാറ്റ (ഫോട്ടോ: PTI)

ടാറ്റ സണ്‍സിന്റെ ഭൂരിഭാഗം ഓഹരികളും കൈവശമുള്ള ടാറ്റ ട്രസ്റ്റില്‍ ഭിന്നത രൂക്ഷമെന്ന് റിപ്പോര്‍ട്ട്. ചെയര്‍മാന്‍ നോയല്‍ ടാറ്റയുടെ അധികാര പരിധി, ടാറ്റ സണ്‍സിന്റെ ഭരണത്തില്‍ ട്രസ്റ്റുകളുടെ ഇടപെടല്‍, ടാറ്റ സണ്‍സിന്റെ ലിസ്റ്റിങ് എന്നിവ സംബന്ധിച്ചാണ് അഭിപ്രായവ്യത്യാസം. ഒരുവിഭാഗം ട്രസ്റ്റിമാരെ ഒഴിവാക്കി ചെയര്‍മാന്‍ ഉള്‍പ്പടെയുള്ളവര്‍ പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നുവെന്നും ആരോപണമുണ്ട്. ഒക്ടോബര്‍ 10ന് ചേരുന്ന ട്രസ്റ്റ് ബോര്‍ഡ് യോഗം ഈ വിഷയങ്ങളില്‍ നിര്‍ണായക തീരുമാനങ്ങളെടുത്തേക്കുമെന്നാണ് സൂചന.

വര്‍ഷങ്ങളോളം ട്രസ്റ്റുകള്‍ക്ക് നേതൃത്വം നല്‍കിയ രത്തന്‍ ടാറ്റക്ക് നിര്‍ണായകമായ അധികാരമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിപരമായ സ്വാധീനത്താല്‍ എല്ലാവരെയും ഒന്നിപ്പിച്ച് നിര്‍ത്താന്‍ കഴിഞ്ഞിരുന്നു. ട്രസറ്റിമാരോ നോമിനി ഡയറക്ടര്‍മാരോ അദ്ദേഹത്തിന്റെ തീരുമാനങ്ങളെ അപൂര്‍വമായി മാത്രമേ ചോദ്യം ചെയ്തിരുന്നുള്ളൂ.

കഴിഞ്ഞ വര്‍ഷം രത്തന്‍ ടാറ്റയുടെ മരണത്തെ തുടര്‍ന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും നോയല്‍ ടാറ്റയ്ക്ക് സമാനമായ രീതിയില്‍ നിയന്ത്രണം നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. മറ്റ് ട്രസ്റ്റിമാരുടെകൂടി നിലപാട് നിര്‍ണായകമായിരുന്നു. നോയല്‍ ടാറ്റ നേരിട്ട് തീരുമാനമെടുക്കുന്നത് ചില ട്രസ്റ്റിമാര്‍ക്കിടയില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ടാറ്റ സണ്‍സില്‍ 18.37 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഷാപൂര്‍ജി പല്ലോന്‍ജി കുടുംബവുമായി ബന്ധമുള്ള ട്രസ്റ്റി മെഹ്‌ലി മിസ്ത്രി ചിലകാര്യങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായി പറയുന്നു. പ്രധാന വിഷയങ്ങള്‍ വരുമ്പോള്‍ മാറ്റിനിര്‍ത്തുന്നു എന്നാണ് പറയുന്നത്.

ടാറ്റാ സണ്‍സിന്റെ ബോര്‍ഡ് യോഗങ്ങളില്‍ നിന്നുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ വേണ്ടരീതിയില്‍ പങ്കുവെക്കുന്നില്ല എന്നും ആരോപണമുണ്ട്. സെപ്റ്റംബര്‍ 11-ന് നടന്ന ട്രസ്റ്റ് യോഗത്തില്‍ നോമിനി ഡയറക്ടറായ വിജയ് സിംഗിന്റെ പുനര്‍നിയമനത്തെ നാല് ട്രസ്റ്റിമാര്‍ എതിര്‍ത്തിരുന്നു. മറ്റൊരു നോമിനിയായ വേണു ശ്രീനിവാസന്റെ പുനര്‍നിയമനവും പരിഗണനയിലാണ്. ഭിന്നത രൂക്ഷമായതോടെ ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ ഈയിടെ മുംബൈയില്‍ വെച്ച് ട്രസ്റ്റിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ടാറ്റാ സണ്‍സിന്റെ ലിസ്റ്റിംഗ് ആണ് തര്‍ക്കങ്ങളിലെ മറ്റൊരു പ്രധാന വിഷയം. റിസര്‍വ് ബാങ്കിന്റെ വ്യവസ്ഥകള്‍ പ്രകാരം കമ്പനി ലിസ്റ്റ് ചെയ്യേണ്ടതുണ്ട്.

ഷാപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കോടിക്കണക്കിന് ഡോളറിന്റെ കടം ഇവര്‍ക്കുണ്ട്. ടാറ്റ സണ്‍സിലെ ഓഹരികളെല്ലാം പണയംവെച്ചിരിക്കുകയുമാണ്. പണംതിരികെ നല്‍കാന്‍ ഓഹരികള്‍ വില്‍ക്കാന്‍ തയ്യാറെടുക്കുകയാണ് ഗ്രൂപ്പ്. ഇതിനായി ടാറ്റാ സണ്‍സ് ലിസ്റ്റ് ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെടുന്നുണ്ട്. ഓഹരികളുടെ യഥാര്‍ത്ഥ മൂല്യം കണ്ടെത്താനും സുതാര്യമായ വിപണി വില ഉറപ്പാക്കാനും ലിസ്റ്റിങ് സഹായിക്കുമെന്നാണ് അവരുടെ വാദം.

ടാറ്റാ സണ്‍സ് ബോര്‍ഡിലേക്ക് പുതിയ ഡയറക്ടര്‍മാരെ നാമനിര്‍ദ്ദേശം ചെയ്യുന്നതിലും തര്‍ക്കമുണ്ട്. നോയല്‍ ടാറ്റ മുന്നോട്ടുവെച്ച ഉദയ് കൊട്ടക്, ബെഹ്റാം വക്കീല്‍, ടിവി നരേന്ദ്രന്‍ തുടങ്ങിയവരെ മറുപക്ഷം അംഗീകരിക്കുന്നുണ്ടോ എന്നതില്‍ വ്യക്തതയില്ല. ഈ നിയമനങ്ങള്‍ ഗ്രൂപ്പിന്റെ ഭാവി തന്ത്രങ്ങളെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമാകുമെന്നാണ് വിലയിരുത്തല്‍.

ടാറ്റാ ട്രസ്റ്റുകളുടെ കെട്ടുറപ്പാണ് ടാറ്റാ ഗ്രൂപ്പിന്റെ സ്ഥിരതയുടെ അടിത്തറ. അതുകൊണ്ടുതന്നെ ഭിന്നതകള്‍ ഗ്രൂപ്പിലെ 26 ലിസ്റ്റഡ് കമ്പനികളെയും പ്രതികൂലമായി ബാധിച്ചേക്കാം. ഭരണം, സുതാര്യത, ലിസ്റ്റിംഗ് തുടങ്ങിയ വിഷയങ്ങളില്‍ ഒക്ടോബര്‍ 10-ന് ചേരുന്ന ബോര്‍ഡ് യോഗം നിര്‍ണ്ണായക തീരുമാനങ്ങളെടുത്തേക്കാം. റെഗുലേറ്ററി നിര്‍ദേശങ്ങള്‍, ഗ്രൂപ്പിന്റെ തന്ത്രങ്ങള്‍, കുടുംബബന്ധങ്ങള്‍ എന്നിവയോടൊപ്പം ട്രസ്റ്റിമാരെ ഒരുമിച്ച് കൊണ്ടുപോകാന്‍ നോയല്‍ ടാറ്റക്ക് കഴിയുമോ എന്നാണ് കോര്‍പറേറ്റ് ലോകം ഉറ്റുനോക്കുന്നത്.

Content Highlights: Deep divisions within Tata Trusts loom, impacting 26 listed companies. A crucial board meeting on Oct 10 will decide the fate of Tata Sons` governance, listing, and future strategy. Key leadership clashes emerge.