പ്രീമിയം ഭവന പദ്ധതികൾ കൂടി, വിൽപ്പന കുറഞ്ഞു: ചെലവ് കുറഞ്ഞ പദ്ധതികളിൽ ഡിമാൻഡ്

വിൽക്കാതെ കിടക്കുന്ന ആഡംബര ഭവനങ്ങളുടെ എണ്ണത്തിൽ വൻ വർധനവെന്ന് റിപ്പോർട്ട്. സാധാരണക്കാർക്കുള്ള ചെലവ് കുറഞ്ഞ ഭവന പദ്ധതികളിൽനിന്ന് മാറി കൂടുതൽ ലാഭം ലക്ഷ്യമാക്കി പ്രീമിയം വിഭാഗത്തിൽ ഡെവലപ്പർമാർ വൻതോതിൽ പദ്ധതികൾ അവതരിപ്പിച്ചതാണ് കാരണം. നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ പുതിയ റിപ്പോർട്ട് പ്രകാരം വിപണിയിൽ വിൽപ്പനയ്ക്കുള്ള യൂണിറ്റുകളുടെ എണ്ണം 5.25 ലക്ഷമായി വർധിച്ചു.
ഉയർന്ന വരുമാനക്കാർ കൂടിയതും ആഡംബര വീടുകളോടുള്ള താത്പര്യം വർധിച്ചതും കണക്കിലെടുത്തായിരുന്നു കൂടുതൽ പദ്ധതികൾ അവതരിപ്പിച്ചത്. രണ്ടു കോടി മുതൽ അഞ്ചു കോടി രൂപവരെയുള്ള പ്രീമിയം വിഭാഗത്തിലാണ് വിൽക്കാനുള്ള വീടുകളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായിട്ടുള്ളത്. 20 മുതൽ 50 കോടി രൂപവരെ വിലയുള്ള അൾട്രാ-ലക്ഷ്വറി വിഭാഗത്തിൽ 52 ശതമാനമാണ് വർധന. 50 ലക്ഷത്തിൽ താഴെയുള്ള ചെലവ് കുറഞ്ഞ വീടുകളുടെ എണ്ണത്തിൽ ഏഴു ശതമാനത്തിന്റെ കുറവാണുള്ളത്. ഡെവലപ്പർമാർ ചെലവ് കുറഞ്ഞ വീടുകളുടെ നിർമാണത്തിൽനിന്ന് പൂർണമായും പിന്മാറുന്നതിന്റെ സൂചനയാണിത്.
വില വിഭാഗം | മാറ്റം (YoY) | നിലവിലെ അവസ്ഥ (Status) |
|---|---|---|
₹50 ലക്ഷത്തിൽ താഴെ | -7% | കുറയുന്നു (1,71,363 യൂണിറ്റുകൾ) |
₹50 ലക്ഷം – ₹1 കോടി | -3% | നേരിയ കുറവ് (1,34,841 യൂണിറ്റുകൾ) |
₹1 – 2 കോടി | +12% | വർധന |
₹2 – 5 കോടി | +43% | വർധന (65,671 യൂണിറ്റുകൾ) |
₹5 – 10 കോടി | +23% | വർധന |
₹20 – 50 കോടി | +52% | വർധന |
വിൽപ്പനയും ക്യു.ടി.എസ്. സൂചികയും
വിപണിയിലെ വീടുകൾ വിറ്റഴിയാൻ എത്ര സമയം എടുക്കും എന്ന് കണക്കാക്കുന്ന സൂചികയാണ് 'ക്വാർട്ടേഴ്സ് ടു സെൽ'. പ്രീമിയം വിഭാഗത്തിൽ (2-5 കോടി) വിറ്റഴിയാത്ത വീടുകൾ 43% വർധിച്ചെങ്കിലും, ഈ വിഭാഗത്തിലെ ക്യു.ടി.എസ്. 4.4 എന്ന മികച്ച നിലവാരത്തിൽ തുടരുകയാണ്.
അതായത്, ഏകദേശം 13 മാസത്തിനുള്ളിൽ നിലവിലുള്ള വീടുകൾ വിറ്റഴിക്കാൻ സാധിക്കും. ഇത് സൂചിപ്പിക്കുന്നത് വിതരണം കൂടുന്നതിനൊപ്പം തന്നെ ആവശ്യക്കാരും വിപണിയിലുണ്ട് എന്നതാണ്. അതുകൊണ്ടുതന്നെ കാര്യമായ വിലക്കിഴിവ് നൽകാനിടയില്ല. എന്നാൽ 50 കോടി രൂപയ്ക്ക് മുകളിലുള്ള അൾട്രാ-പ്രീമിയം വിഭാഗത്തിൽ ക്യു.ടി.എസ്. 9.7 ആണ്. അതുകൊണ്ടുതന്നെ വിൽപ്പന മന്ദഗതിയിലാകാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു.
എണ്ണം കൂടുന്നുണ്ടെങ്കിലും വിപണിയിൽ വിൽക്കാൻ വേണ്ടിവരുന്ന കാലയളവിൽ കുറവുണ്ടായിട്ടുണ്ട്. പുതിയ ഭവന പദ്ധതികളോടും നിർമാണം പൂർത്തിയാകാത്തവയോടും ഉപഭോക്താക്കൾ കൂടുതൽ താത്പര്യം പ്രകടിപ്പിക്കുന്നതിന്റെ സൂചനയായി ഇതിനെ വിലയിരുത്തുന്നു. പഴയതും വിൽക്കാതെ കിടക്കുന്നവയോടും താത്പര്യം കുറയുന്നുവെന്നതിന്റെ സൂചനയുമാണിത്.
Content Highlights: Unsold luxury and ultra-luxury housing inventory has surged significantly., Developers shifted focus from affordable housing to high-margin premium projects., Homes priced under 50 lakhs saw a 7% decrease in inventory., Quarter-to-Sell (QTS) index indicates steady demand despite rising supply in the 2-5 crore bracket.