ഭവനവിപണിയിൽ പ്രതിസന്ധി: അത്യാഡംബരവീടുകൾ വാങ്ങാൻ ആളില്ല

രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ അത്യാഡംബരവീടുകളുടെ വിൽപ്പനയിൽ ഇടിവ്. പുതിയ പദ്ധതികൾ അവതരിപ്പിക്കുകയും അതേസമയം, അതിനനുസരിച്ച് ആവശ്യക്കാർ ഇല്ലാതിരിക്കുകയും ചെയ്തതാണ് കാരണം. റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസിയായ നൈറ്റ് ഫ്രാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ പ്രധാന എട്ട് നഗരങ്ങളിലായി വിറ്റഴിക്കപ്പെടാത്ത ആഡംബരഭവനങ്ങളുടെ എണ്ണത്തിൽ ഒരു വർഷത്തിനിടെ 65 ശതമാനം വർധനവുണ്ടായി. ഈ വീടുകൾ വിറ്റഴിക്കക്കാൻ മൂന്നര വർഷമെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
വിറ്റൊഴിയാത്ത വീടുകൾ
എട്ട് നഗരങ്ങളിൽ 20-50 കോടി രൂപ വിലവരുന്ന വിറ്റൊഴിയാത്ത വീടുകളുടെ എണ്ണം 2024 മൂന്നാം പാദത്തിലെ 857 യൂണിറ്റുകളിൽനിന്ന് 2026 മൂന്നാം പാദമായപ്പോഴേക്കും 1,593 യൂണിറ്റുകളായി. 86 ശതമാനമാണ് വർധന. ഒരു വർഷത്തിനുള്ളിൽ മാത്രം വിൽക്കപ്പെടാത്ത വീടുകളുടെ എണ്ണം 65 ശതമാനം കൂടി.
മുംബൈ: 2025 മൂന്നാം പാദത്തിൽ 639 യൂണിറ്റുകൾ ഉണ്ടായിരുന്ന വിൽക്കപ്പെടാത്ത വീടുകൾ, 2026 മൂന്നാം പാദമായപ്പോഴേക്കും 1,079 യൂണിറ്റുകളായി ഉയർന്നു. 70 ശതമാനമാണ് വർധന.
ഡൽഹി: എൻ.സി.ആർ. മേഖലയിൽ കാര്യമായ വർധന രേഖപ്പെടുത്തി. 2025-ൽ 12 യൂണിറ്റുകൾ മാത്രമാണുണ്ടായിരുന്നത്. 2026 ആയപ്പോഴേക്കും 192 യൂണിറ്റുകളായി. 16 മടങ്ങ് വർധന.
മറ്റു നഗരങ്ങൾ: ബെംഗളൂരു ഉൾപ്പെടെയുള്ള മറ്റു പ്രധാന വിപണികളിലും വിൽക്കാത്ത വീടുകൾ സമാനമായ രീതിയിൽ കുന്നുകൂടുന്നുണ്ട്.
പുതിയ നിർമാണം
ഈ വർഷം ഇതുവരെ 20-50 കോടി നിരക്കിലുള്ള ഭവനങ്ങളുടെ ലോഞ്ചുകളിൽ വാർഷികാടിസ്ഥാനത്തിൽ 196 ശതമാനം വർധന രേഖപ്പെടുത്തി. ഈ കാലയളവിൽ 981 പുതിയ യൂണിറ്റുകളാണ് വിപണിയിലെത്തിയത്.
Content Highlights: Sales of luxury homes in India's top cities have dropped significantly due to oversupply., Unsold luxury properties priced between 20-50 crore rupees surged by 65% in a single year., It is estimated to take at least three and a half years to clear the current unsold inventory., Mumbai and Delhi NCR witnessed massive spikes in unsold luxury housing units by 2026.