വിദേശ കമ്പനികളെ ഉന്നംവെച്ച് ഇന്ത്യയിലെ ഐടി സ്ഥാപനങ്ങൾ; മുടക്കുന്നത് 2,000 കോടി

ഡാറ്റ അനലിറ്റിക്സ്, എഐ മേഖലകൾ കൂടുതൽ ശക്തമാക്കാൻ ഇന്ത്യയിലെ ഐടി കമ്പനികൾ വിദേശ സ്ഥാപനങ്ങളെ ഏറ്റെടുക്കുന്നു. യുഎസ്, യുകെ, യൂറോപ്പ് എന്നിവിടങ്ങളിലെ 6 കോടി ഡോളർ വരെ വരുമാനമുള്ള കമ്പനികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. 20 കോടി ഡോളർ (2,000 കോടി രൂപ) വരെ മൂല്യമുള്ളവയാണ് പല ഇടപാടുകളും.
പ്രതീക്ഷിച്ചപോലെ വളർച്ചയുണ്ടാകാതിരുന്നതും സാമ്പത്തിക അനിശ്ചിതത്വങ്ങളും എഐ മൂലമുണ്ടായ മാറ്റങ്ങളുമാണ് ഐടി കമ്പനികളെ തന്ത്രപരമായ മാറ്റത്തിന് പ്രേരിപ്പിക്കുന്നത്. വൻകിട ഉപഭോക്താക്കളെ നേടാനും ഡാറ്റ എൻജിനീയറിങ്, അനലിറ്റിക്സ്, കൺസൾട്ടിങ് മേഖലകളിൽ വൈദഗ്ധ്യം കൈവരിക്കാനുമാണ് ഏറ്റെടുക്കലിലൂടെ ശ്രമിക്കുന്നത്.
കമ്പനി | ആസ്ഥാനം/ മേഖല | ധാരണയായത് / പ്രതീക്ഷിക്കുന്ന മൂല്യം | വിവരങ്ങൾ |
|---|---|---|---|
ഡാറ്റാടോണിക് | ലണ്ടൻ (Cloud Data & AI Consultancy) | തുക വ്യക്തമാക്കിയിട്ടില്ല (മൈനോറിറ്റി/ മെജോറിറ്റി ഓഹരി വിൽപന) | മുൻനിര ഇന്ത്യൻ ഐടി കമ്പനികൾ ഉൾപ്പെടെയുള്ളവ താത്പര്യം പ്രകടിപ്പിച്ചു. ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണ്. |
മിസ്റ്റിഫ്ലൈ | സിംഗപ്പൂർ (Platform-as-a- Service) | $100 മില്യണിലധികം | വിദേശ സ്ഥാപനങ്ങളും ആഭ്യന്തര ടെക് കമ്പനികളും താത്പര്യംപ്രകടിപ്പിച്ചു. |
കോസ്റ്റൽ ക്ലൗഡ് | യു.എസ് (തത്സമയ സേവനങ്ങൾ) | $700 മില്യൺ | ടിസിഎസ് നടത്തിയ ഏറ്റവും വലിയ ഏറ്റെടുക്കൽ. |
ഓപ്റ്റിമം ഹെൽത്ത്കെയർ ഐടി | യു.എസ് (ഹെൽത്ത്കെയർ ഐടി) | $465 മില്യൺ വരെ | ഇൻഫോസിസ് മേയിൽ ഏറ്റെടുക്കൽ പൂർത്തിയാക്കി. |
ജീവനക്കാരുടെ എണ്ണം അടിസ്ഥാനമാക്കിയുള്ള പ്രവർത്തനരീതിയിൽനിന്ന് മാറി വൻകിട ഡിജിറ്റൽ പരിവർത്തന പദ്ധതികളിൽ മികച്ച പങ്കാളിത്തം ഉറപ്പാക്കാൻ ഏറ്റെടുക്കലുകൾ ഉപകരിക്കുമെന്നാണ് കണക്കാക്കുന്നത്.
കമ്പനികളുടെ ഇടപാടുകളേക്കാൾ മറ്റ് സ്ഥാപനങ്ങളുമായുള്ള ബന്ധം, വളർച്ച നേടാൻ സാധ്യതയുള്ള ബിസിനസ് മോഡലുകൾ എന്നിവ വിലയിരുത്തിയാണ് ഏറ്റെടുക്കൽ നടക്കുന്നത്. ഹെൽത്ത്കെയർ, ബാങ്കിങ്, ധനകാര്യ സേവനം, സൈബർസെക്യൂരിറ്റി എന്നീ മേഖലകളിലെ കമ്പനികൾക്ക് ഉയർന്ന മൂല്യസാധ്യതയാണ് കൽപ്പിച്ചിട്ടുള്ളത്.
Content Highlights: Indian IT firms are investing up to ₹2,000 crore to acquire foreign companies., Focus is on strengthening AI, data analytics, and consulting capabilities., Targeting firms in the US, UK, and Europe with revenues up to $60 million., Strategic shift driven by economic uncertainties and the rise of artificial intelligence., High value placed on sectors like healthcare, banking, financial services, and cybersecurity.