ഇന്ത്യ-യു.കെ. വ്യാപാരക്കരാർ: സ്കോച്ച് വിസ്കിയുടെ വില കുറയും; ഇന്ത്യൻ ബ്രാൻഡുകളുമായി മത്സരം കടുക്കും

#Money Desk

ഇന്ത്യ-യു.കെ. സ്വതന്ത്രവ്യാപാരക്കരാർ യാഥാർഥ്യമായതോടെ രാജ്യത്ത് സ്‌കോച്ച് വിസ്‌കിയുടെ വില 15 ശതമാനംവരെ കുറഞ്ഞു. ഡിയാജിയോ, പെർനോഡ് റിക്കാർഡ് തുടങ്ങിയ പ്രമുഖ കമ്പനികൾ പ്രീമിയം ബ്രാൻഡുകളുടെ വില കുറച്ചതോടെ ഇന്ത്യൻനിർമിത വിസ്‌കികൾക്ക് കടുത്ത മത്സരം നേരിടേണ്ടിവരും. നിലവിൽ 150 ശതമാനത്തിൽനിന്ന് 75 ശതമാനമായി കുറച്ച ഇറക്കുമതിത്തീരുവ അടുത്ത പത്തുവർഷത്തിനുള്ളിൽ 40 ശതമാനമാക്കാനാണ് ലക്ഷ്യമിടുന്നത്.

ബ്രാൻഡ്

മുൻപത്തെ

വില

പുതിയ

വില 

ജോണി വാക്കർ

ബ്ലാക്ക് ലേബൽ

₹4,250

₹3,800

J&B

₹2,300

₹1,700

മറ്റു പ്രമുഖ ബ്രാൻഡുകളായ ഷിവാസ്, ബാലന്റൈൻസ്, ദ ഗ്ലെൻലിവറ്റ് എന്നിവയുടെ വിലയും ഉടൻ കുറയും. ഇതിനായി പെർനോഡ് റിക്കാർഡ് സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ട്.

ഇന്ത്യൻ കമ്പനികൾക്ക് തിരിച്ചടി

വിലക്കുറവ് ഇന്ത്യയിലെ പ്രീമിയം വിസ്‌കി വിപണിയിൽ വൻ മാറ്റങ്ങൾക്ക് കാരണമാകും. മഹാരാഷ്ട്ര, രാജസ്ഥാൻ, ഗോവ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഇതിനോടകം വിലക്കുറവ് ദൃശ്യമായിട്ടുണ്ട്. ഹരിയാണയും സ്‌കോച്ച് വിസ്‌കിയുടെ പ്രധാന വിപണികളിലൊന്നാണ്.

ഇറക്കുമതി ചെയ്യുന്ന സ്‌കോച്ച് വിസ്‌കികളുടെ വില കുറയുന്നത് അമൃത്, പോൾ ജോൺ, രാംപൂർ തുടങ്ങിയ ഇന്ത്യൻ സിംഗിൾ മാൾട്ട് ബ്രാൻഡുകളുമായുള്ള വിലവ്യത്യാസം കുറയ്ക്കുന്നു. പ്രാദേശിക ബ്രാൻഡുകൾ അതോടെ കടുത്ത മത്സരം നേരിടേണ്ടിവരും.

2025-ൽ ഇന്ത്യയിലെ സ്‌കോച്ച് വിപണി അഞ്ചുശതമാനം വളർച്ച രേഖപ്പെടുത്തി. മുൻവർഷമിത് ആറുശതമാനമായിരുന്നു.

പ്രായോഗിക തടസ്സങ്ങൾ

തീരുവ പകുതിയായി കുറഞ്ഞെങ്കിലും ചില്ലറവില്പനവിലയിൽ അത്രതന്നെ കുറവുണ്ടായില്ല.

വില നിശ്ചയിക്കുന്ന ഘടകങ്ങൾ: ഇറക്കുമതിത്തീരുവ എന്നത് അന്തിമവിലയുടെ ഒരുഭാഗം മാത്രമാണ്. സംസ്ഥാന എക്‌സൈസ് ഡ്യൂട്ടികൾ, നികുതികൾ, വിതരണച്ചെലവുകൾ, ലാഭവിഹിതം എന്നിവയും വിലയെ സ്വാധീനിക്കുന്നു.

അംഗീകാരനടപടികൾ: പുതുക്കിയ വില പ്രാബല്യത്തിൽവരുന്നതിനുമുമ്പ് വിസ്‌കികൾ യു.കെ.യിൽ ഉത്പാദിപ്പിച്ചതാണെന്ന തെളിവുസഹിതം കമ്പനികൾ സംസ്ഥാന എക്‌സൈസ് അധികൃതർക്ക് അപേക്ഷ നൽകേണ്ടതുണ്ട്.

ഇന്ത്യ-യു.കെ. വ്യാപാരക്കരാർ രാജ്യത്തെ സ്‌കോച്ച് വിസ്‌കി വിപണിയിൽ പുതിയ മത്സരത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. വിലക്കുറവ് സ്‌കോച്ച് വിസ്‌കിയെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുമെങ്കിലും ഉത്സവസീസണിനുശേഷമേ വിപണിയിലെ യഥാർഥ ചിത്രം വ്യക്തമാകൂ. വരുംവർഷങ്ങളിൽ തീരുവ ഇനിയും കുറയുന്നതോടെ വിപണിയിലെ മത്സരം കൂടുതൽ ശക്തമാകാനാണ് സാധ്യത.