'അടച്ചിടല്‍ നീണ്ടാലും ഒന്നരവര്‍ഷത്തേയ്ക്കാവശ്യമുള്ള ഭക്ഷ്യധാന്യങ്ങള്‍ രാജ്യത്തുണ്ട്'

#Money Desk

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് ഒന്നരവര്‍ഷം ജീവിക്കാനാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ കരുതലായുണ്ടെന്ന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഡി.വി പ്രസാദ്.

ലോകത്തിലെതന്നെ ഏറ്റവും മികച്ച ഭക്ഷ്യവിതരണ ശൃംഖലയാണ് ഇന്ത്യയ്ക്കുള്ളതെന്നും ബ്ലൂംബര്‍ഗിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

കോവിഡ് വ്യാപനത്തെതുടര്‍ന്ന് കൂടുതല്‍കാലം രാജ്യം അടച്ചിടേണ്ടിവരുമെന്നുകരുതി ജനങ്ങള്‍ കൂട്ടത്തോടെ ഭക്ഷ്യധാന്യങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയാല്‍ വിലക്കയറ്റമുണ്ടായേക്കാമെന്നും അദ്ദേഹം സൂചന നല്‍കി. 

രാജ്യത്തെ വിവിധ ഗോഡൗണുകളിലായി ഏപ്രില്‍ അവസാനത്തോടെ 100 മില്യണ്‍ ടണ്‍ ഭക്ഷ്യധാന്യശേഖരമുണ്ടാകും. ഒരുവര്‍ഷത്തേയ്ക്ക് രാജ്യത്തിന് ആവശ്യമുള്ളത് 50 മില്യണ്‍ ടണ്‍ മുതല്‍ 60 മില്യണ്‍ ടണ്‍വരെ ഭക്ഷ്യധാന്യങ്ങളാണ്. 2019-20 വര്‍ഷത്തില്‍ റെക്കോഡ് ശേഖരമാണ് വിവധി ഗോഡൗണുകളിലുള്ളത്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ അടച്ചിട്ടതോടെ 130 കോടി ജനങ്ങളാണ് വിവിധ നിയന്ത്രണങ്ങളില്‍പ്പെട്ടത്. ആറുമാസത്തെ ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: