ഐ.ഡി.ബി.ഐ. ബാങ്ക് ഏറ്റെടുക്കൽ: സി.എസ്.ബി. ബാങ്കിനെ ലയിപ്പിക്കൽ എളുപ്പമാവില്ല

#Money Desk
Representative image|photo:CANVA
Representative image|photo:CANVA

ഐ.ഡി.ബി.ഐ. ബാങ്കിനെ ഏറ്റെടുക്കുമ്പോൾ ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിങ്സിന് സി.എസ്.ബി. ബാങ്കിനെ ഒഴിവാക്കേണ്ടിവരുമോ? 40 ശതമാനം ഓഹരി പങ്കാളിത്തമുള്ള സി.എസ്.ബി. ബാങ്കിനെ ലയിപ്പിക്കുകയോ ഓഹരികൾ ഒഴിവാക്കുകയോ ചെയ്യേണ്ടിവരും. 52,878 കോടി രൂപ മുടക്കി ഐ.ഡി.ബി.ഐ. ബാങ്കിന്റെ 61 ശതമാനം ഓഹരികളാണ് പ്രേം വത്സയുടെ ഫെയർഫാക്സ് ഏറ്റെടുക്കുന്നത്.

ലയനം നേട്ടമുണ്ടാക്കുമെങ്കിലും ഇരുബാങ്കുകളും വ്യത്യസ്ത സാങ്കേതികപ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിനാൽ സംയോജനം സങ്കീർണ്ണമാകുമെന്നാണ് വിലയിരുത്തൽ. ഐ.ഡി.ബി.ഐ. ബാങ്ക് ഇൻഫോസിസ് ഫിനാക്കിൾ ഉപയോഗിക്കുമ്പോൾ സി.എസ്.ബി. ബാങ്ക് ഓറക്കിൾ ഫ്ലെക്സ്ക്യൂബ് പ്ലാറ്റ്‌ഫോമിലാണ് പ്രവർത്തിക്കുന്നത്. ഈ സംവിധാനങ്ങൾക്ക് ചില സമാനതകൾ ഉണ്ടെങ്കിലും ഡാറ്റാഘടന, ഉത്പന്നങ്ങൾ, ആപ്ലിക്കേഷനുകൾ എന്നിവ സംയോജിപ്പിക്കുന്നതിന് വൻതുക ചെലവഴിക്കേണ്ടിവരും.

താരതമ്യം

ഐഡിബിഐ

ബാങ്ക് 

സിഎസ്ബി

ബാങ്ക് 

വിപണി മൂല്യം

₹90,266

കോടി

₹5,568

കോടി

അറ്റാദായം

₹9,513

കോടി

₹633

കോടി

മൊത്തം വായ്പ

₹2,58,968

കോടി

₹40,309

കോടി

നിക്ഷേപം

₹3,25,757

കോടി

₹45,415

കോടി

മൂലധന പര്യാപ്തതാ

അനുപാതം (CAR)

26.92%

19.96%

എൻപിഎ

(Gross NPA %)

2.30%

1.75%

നെറ്റ് എൻപിഎ

(Net NPA %)

0.16%

0.39%

ശാഖകളുടെ എണ്ണം 

2,243

862

ജീവനക്കാരുടെ എണ്ണം 

20,123

8,187

അതേസമയം, സി.എസ്.ബി. ബാങ്കിന്റെ റീട്ടെയ്ൽ ബാങ്കിങ് പങ്കാളിത്തവും റീട്ടെയ്ൽ-കോർപ്പറേറ്റ് വായ്പാമേഖലകളിലെ ഐ.ഡി.ബി.ഐ. ബാങ്കിന്റെ സാന്നിധ്യവും കണക്കിലെടുക്കുമ്പോൾ ലയനം ബിസിനസ് വളർച്ചയ്ക്ക് സഹായകമാകുമെന്നാണ് വിലയിരുത്തൽ.

ഇരുബാങ്കുകളെയും ലയിപ്പിക്കുന്നതിനോ സി.എസ്.ബി. ബാങ്കിന്റെ ഓഹരികൾ വിറ്റൊഴിയുകയോ ചെയ്യാൻ ഫെയർഫാക്സിന് രണ്ടുവർഷത്തെ സമയപരിധിയാണ് നിശ്ചയിച്ചിട്ടുള്ളത്. ഐ.ഡി.ബി.ഐ. ബാങ്കിലെ 30.48 ശതമാനം ഓഹരി സർക്കാരും 30.24 ശതമാനം ഓഹരി എൽ.ഐ.സി.യുമാണ് വിറ്റൊഴിയുന്നത്. അതോടെ സർക്കാരിനും എൽ.ഐ.സി.ക്കും യഥാക്രമം 15 ശതമാനവും 19 ശതമാനവും ഓഹരികൾ മാത്രമാകും ഉണ്ടാകുക.

Content Highlights: Fairfax Financial acquires a 61 percent stake in IDBI Bank for 52,878 crore rupees., Fairfax must either merge CSB Bank or divest its 40 percent stake within a two-year timeframe., Integration is complex due to different technology platforms (Infosys Finacle vs. Oracle Flexcube)., Government and LIC will reduce their stakes in IDBI Bank to 15% and 19% respectively.