ഇ-കൊമേഴ്‌സ് സെയിൽ: ആദ്യ രണ്ടു ദിവസങ്ങളിൽ വിറ്റത് 24,000 കോടി രൂപയുടെ ഉത്പന്നങ്ങൾ

പ്രതീകാത്മകചിത്രം | Photo : Canva.com
പ്രതീകാത്മകചിത്രം | Photo : Canva.com

ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുടെ ഉത്സവകാല വില്പനയുടെ ആദ്യ രണ്ടു ദിവസത്തിനുള്ളിൽ വിറ്റുപോയത് 24,000 കോടി രൂപയുടെ ഉത്പന്നങ്ങൾ. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കിയാൽ മൊബൈൽ ഫോണാണ് മുന്നിൽ. മൊത്തം വില്പനമൂല്യത്തിന്റെ 40 ശതമാനത്തോളം വരുമിത്.

ടയർ 2 നഗരങ്ങളിൽനിന്നും ഗ്രാമീണ മേഖലകളിൽനിന്നുമുള്ള ഉപഭോക്തൃ പങ്കാളിത്തം, വിലകുറഞ്ഞ ഫാഷൻ ഉല്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്‌സ് എന്നിവയോടുള്ള വർധിച്ച താല്പര്യം എന്നിവയാണ് വില്പന വർധനവിന് കാരണമായി വിലയിരുത്തുന്നത്. ആറരക്കോടി പേർ ആദ്യ രണ്ടു ദിവസങ്ങളിലെ ഷോപ്പിങ്ങിൽ പങ്കെടുത്തു. ഓൺലൈൻ ഷോപ്പിങ് നടത്തുന്നവരുടെ എണ്ണം മുൻവർഷത്തേക്കാൾ ഇരട്ടിയായി വർധിച്ചതായും റെഡ്‌സീർ കൺസൾട്ടൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.

  • ആദ്യ രണ്ടു ദിവസങ്ങളിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴി 24,000 കോടി രൂപയുടെ വില്പന നടന്നു.
  • ഈ ദിവസങ്ങളിലെ മൊത്തം വില്പനമൂല്യം പ്രതിദിന ശരാശരിയേക്കാൾ ആറുമടങ്ങ് കൂടുതലാണ്.
  • ആമസോൺ, ഫ്‌ളിപ്കാർട്ട്, മീഷോ, അജിയോ തുടങ്ങിയ പ്രധാന പ്ലാറ്റ്‌ഫോമുകളിലായി ഉപഭോക്താക്കൾ എട്ടു മുതൽ ഒൻപതു കോടി വരെ ഓർഡറുകൾ നൽകി.
  • ആമസോൺ, ഫ്‌ളിപ്കാർട്ട് തുടങ്ങിയ കമ്പനികൾ ക്വിക്ക് കോമേഴ്‌സ് സേവനങ്ങളെ വില്പനയ്ക്കായി ഫലപ്രദമായി പ്രയോജനപ്പെടുത്തി. ഇത് സാധാരണ ദിവസങ്ങളിലെ ശരാശരിയേക്കാൾ അഞ്ചിരട്ടിവരെ വ്‌ൽപന നേടാൻ അവരെ സഹായിച്ചു.
  • വില്പനയുടെ ആദ്യദിനത്തിലെ ഉപഭോക്താക്കളിൽ മൂന്നിലൊരു ഭാഗവും ജെൻ സീ തലമുറയിൽപ്പെട്ടവരായിരുന്നു.

മൊബൈൽ ഫോണുകൾ

  • മൊത്തം വില്പനമൂല്യത്തിന്റെ 38 മുതൽ 40 ശതമാനം വരെ വിഹിതം മൊബൈൽ ഫോണുകളിൽനിന്നാണ്.
  • ഇതിലൂടെ ലഭിച്ച തുക ഏകദേശം 9,100 കോടി രൂപയ്ക്കും 9,600 കോടി രൂപയ്ക്കും ഇടയിലാണ്.

കൺസ്യൂമർ ഇലക്ട്രോണിക്‌സും ഗൃഹോപകരണങ്ങളും

  • മൊത്തം വില്പനമൂല്യത്തിന്റെ 27 ശതമാനം വരെ വിഹിതം (ഏകദേശം 6,000 - 6,500 കോടി രൂപ) കൺസ്യൂമർ ഇലക്ട്രോണിക്‌സ്, വലിയ ഗൃഹോപകരണങ്ങൾ എന്നിവയിൽനിന്നാണ് ലഭിച്ചത്.
  • ലാപ്ടോപ്പുകളും ഐഒടി ഉപകരണങ്ങളും മുന്നിൽനിന്നതോടെ ഇലക്ട്രോണിക്‌സ് വിഭാഗത്തിലെ ഓർഡറുകൾ സാധാരണ ദിവസങ്ങളേക്കാൾ 14 മടങ്ങ് കൂടി.
  • വൻകിട ഗൃഹോപകരണ വില്പനയുടെ മൂന്നിൽ രണ്ടു ഭാഗവും ടിവികൾ, റഫ്രിജറേറ്ററുകൾ, എസി എന്നിവയായിരുന്നു.
  • 55 ഇഞ്ച് ടിവി മോഡലുകൾക്ക് ഉയർന്ന ആവശ്യകതയുണ്ടായിരുന്നു. ടിസിഎൽ, എൽജി, സാംസങ്, ഷവോമി എന്നീ ബ്രാൻഡുകളുടെ 55 ഇഞ്ച് സ്‌ക്രീൻ മോഡലുകളാണ് കൂടുതൽ വിറ്റത്.

ഫാഷൻ ഉല്പന്നങ്ങൾ

  • ഫാഷൻ വിഭാഗം മൊത്തം വില്പനമൂല്യത്തിന്റെ 15 മുതൽ 18 ശതമാനം വരെ (3,630 - 4,350 കോടി രൂപ) വിഹിതം നേടി.
  • മുൻവർഷത്തെ അപേക്ഷിച്ച് 25 ശതമാനം വരെ വാർഷികവളർച്ച കാണിക്കുന്നു.
  • സാധാരണ ദിവസങ്ങളിലേതിനേക്കാൾ അഞ്ചിരട്ടിവരെ വർധനവാണ് ഈ വിഭാഗത്തിൽ രേഖപ്പെടുത്തിയത്.
  • ടയർ 2 നഗരങ്ങളിൽനിന്നും ചെറിയ പട്ടണങ്ങളിൽനിന്നുമുള്ള ഉപഭോക്താക്കൾ മിതമായ നിരക്കിൽ ഉത്സവ വസ്ത്രങ്ങൾ വാങ്ങിയതോടെ 'വാല്യൂ ഫാഷൻ' വിഭാഗത്തിന് കാര്യമായ സ്വീകാര്യത ലഭിച്ചു.

11 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവകാല വില്പനയുടെ ആദ്യഘട്ടത്തിൽ ആകെ 10 കോടി ഉപഭോക്താക്കൾ ഷോപ്പിങ് നടത്തുമെന്നാണ് റെഡ്‌സീറിന്റെ വിലയിരുത്തൽ.

Content Highlights: Rs 24,000 crore worth of products sold in the first two days of the e-commerce festive sale., Mobile phones accounted for nearly 40% of the total sales value., Strong participation from Tier 2 cities and rural areas, boosting fashion and electronics., Quick commerce services helped platforms achieve up to 5x higher sales than average days.