കാറും ടിവിയും ചായപ്പൊടിയും പാചക എണ്ണയും: ഉത്സവ സീസണിൽ വില കൂട്ടാൻ കമ്പനികൾ

രാജ്യത്ത് ഉപഭോക്തൃ ഉത്പന്നങ്ങളുടെ വിലയിൽ ഓഗസ്റ്റ് മുതല് എട്ട് ശതമാനംവരെ വർധനവുണ്ടായേക്കും. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് അസംസ്‌കൃത വലിയിലും ചരക്ക് കൂലിയിലും വർധനവുണ്ടായതാണ് കാരണം. ഈ വർഷം മൂന്നാം തവണയാണ് കമ്പനികൾ വിലകൂട്ടുന്നത്. ചായപ്പൊടി, പായ്ക്ക് ചെയ്ത ഉത്പന്നങ്ങൾ, ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ, വസ്ത്രം, വാഹനം എന്നിവ ഉൾപ്പെടെ വിവിധ ഉത്പന്നങ്ങൾക്ക് വില കൂടും.
പ്രധാന കാരണങ്ങൾ
- പശ്ചിമേഷ്യൻ സംഘർഷമൂലമുണ്ടായ അസ്ഥിരത അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും മറ്റ് അസംസ്‌കൃത വസ്തുക്കളുടെയും വർധിക്കാനിടയാക്കി.
- യുദ്ധസാഹചര്യം കാരണം കപ്പൽ ഗതാഗതവും മറ്റും തടസ്സപ്പെടുന്നത് ചരക്ക് നീക്കത്തിനുള്ള ചെലവ് വർധിപ്പിച്ചു.
- വിദേശ നാണയ വിനിമയ നിരക്കിലെ അസ്ഥിരത ഇറക്കുമതി ചെലവ് കൂട്ടി.
- മെമ്മറി ചിപ്പ്, പ്ലാസ്റ്റിക് പാക്കിങ് സാമഗ്രികൾ, പാചക എണ്ണ എന്നിവയുടെ വിലയിലും വർധന പ്രകടമായി.
വിവിധ മേഖലകളിലെ വർധന
കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾക്ക് ആറു ശതമാനംവരെ വില കൂടിയേക്കാം.
ടെലിവിഷൻ: മെമ്മറി ചിപ്പുകളുടെ വില വർധിച്ചതും വിതരണ തടസ്സങ്ങളും കാരണം ഈ വർഷം ഇതിനകം തന്നെ വില 15 ശതമാനത്തിലധികം കൂടി.
റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ: ഇവയുടെ വിലയിൽ 10 ശതമാനത്തിലധികം വർധനവുണ്ടായി.
സ്മാർട്ട്‌ഫോൺ: ഒമ്പത് മാസത്തിനിടെ മെമ്മറി ചിപ്പുകളുടെ വില മൂന്നിരട്ടിയായി വർധിച്ചത് സ്മാർട്ട്‌ഫോൺ വില ഉയരാൻ ഇടയാക്കി.
വാഹന വിപണി
മാരുതി സുസുക്കി: നിർമാണച്ചെലവ് കൂടിയ സാഹചര്യത്തിൽ ഓഗസ്റ്റ് മുതൽ വാഹനങ്ങൾക്ക് 30,000 രൂപ വരെ വില വർധിപ്പിക്കും. നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാമത്തെ വർധനവാണിത്.
മറ്റ് ബ്രാൻഡുകൾ: ഹോണ്ട കാർസ് ഇന്ത്യ ഓഗസ്റ്റ് ഒന്നു മുതൽ വില വർധിപ്പിക്കും. മെഴ്‌സിഡസ് ബെൻസ് അടുത്ത ക്വാർട്ടറിൽ വില കൂട്ടാൻ ആലോചിക്കുന്നു. ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവർ ഈ മാസത്തിന്റെ തുടക്കത്തിൽ തന്നെ വില വർധിപ്പിച്ചിരുന്നു.
എഫ്.എം.സി.ജി (FMCG)
പായ്ക്ക് ചെയ്ത ഉത്പന്നങ്ങൾ: ചായപ്പൊടി, ഹെയർ ഓയിൽ എന്നിവയുടെ വിലയിൽ വർധനവുണ്ടാകും.
പാചക എണ്ണ: പാം ഓയിൽ ഉൾപ്പടെയുള്ളവയുടെ വില കൂടിയേക്കാം. വിളവെടുപ്പ് കാലമായിട്ടും കടുകെണ്ണ, ആൽമണ്ട് ഓയിൽ എന്നിവയുടെ വില ഉയർന്നുനിൽക്കുകയാണ്.
പാക്കിങ് ചെലവ്: പെട്രോളിയം അനുബന്ധ ഉത്പന്നങ്ങളായ ലീനിയർ ലോ-ഡെൻസിറ്റി പോളിയെത്തിലീൻ (LLDPE) പോലുള്ള വസ്തുക്കളുടെ വിലക്കയറ്റം പാക്കിങ് ചെലവ് കൂട്ടി.
വസ്ത്ര വ്യാപാര മേഖല (Apparel)
പഴയ സ്റ്റോക്കുകൾ തീരുന്നതോടെ പുതിയ സീസൺ ഉത്പന്നങ്ങൾക്ക് ഉയർന്ന വില നൽകേണ്ടി വരും. കാൽവിൻ ക്ലൈൻ, ടോമി ഹിൽഫിഗർ തുടങ്ങിയ ബ്രാൻഡുകൾ വിൽക്കുന്ന അരവിന്ദ് ഫാഷൻസ് വില പരിഷ്‌കരണം പരിഗണിക്കുന്നു.
പശ്ചിമേഷ്യൻ സംഘർഷം വിപണിയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും വരാനിരിക്കുന്ന ഉത്സവ സീസൺ കമ്പനികൾ പ്രതീക്ഷയോടെയാണ് കാണുന്നത്. ഓണത്തോടെ ആരംഭിച്ച് നവംബറിലെ ദീപാവലി വരെ നീണ്ടുനിൽക്കുന്ന ഉത്സവകാലത്ത് ഉപഭോഗം വർധിക്കുമെന്നുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ.
Content Highlights: Consumer goods expected to see up to 8% price increase starting August 2026., Geopolitical tensions in West Asia driving up crude oil and freight costs., Electronics, including TVs and smartphones, impacted by rising memory chip costs., Major car manufacturers like Maruti Suzuki and Honda announcing price hikes., FMCG sector facing higher packaging and raw material costs for tea, oil, and toiletries.