ബൈനാൻസിലെ സുരക്ഷാവീഴ്ച: ക്രിപ്‌റ്റോ വിപണിയിൽ ആശങ്ക; നിക്ഷേപം തിരികെ ലഭിക്കുമോ?

#Wealth Desk
Photo: Gettyimages
Photo: Gettyimages

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറൻസി എക്‌സ്ചേഞ്ചായ ബൈനാൻസിൽ ഉണ്ടായ സുരക്ഷാവീഴ്ചയും സൈബർ ആക്രമണവും ആഗോള ക്രിപ്‌റ്റോ വിപണിയെ ആശങ്കയിലാഴ്ത്തി. ഡിജിറ്റൽ ആസ്തികൾ മോഷ്ടിക്കപ്പെടുകയും അനധികൃത പിൻവലിക്കലുകൾ നടക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ, പ്ലാറ്റ്ഫോമുകൾ ഉപഭോക്താക്കളുടെ സാമ്പത്തിക നഷ്ടം എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശങ്കയാണ് നിക്ഷേപകർ പങ്കുവെയ്ക്കുന്നത്.

630 കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കിയ സുരക്ഷാവീഴ്ച ഒക്ടോബർ 30-നാണുണ്ടായത്. നഷ്ടപ്പെട്ട ആസ്തികൾ മരവിപ്പിക്കുന്നതിനായി ബ്ലോക്ക്ചെയിൻ പങ്കാളികളുമായി സഹകരിച്ച് പ്രവർത്തിച്ചതായി പ്ലാറ്റ്ഫോം അറിയിച്ചു. ഇതിനകം 300 കോടി ഡോളർ ഓൺ-ചെയിൻ ആയി മരവിപ്പിക്കാൻ സാധിച്ചതായി എക്‌സ്‌ചേഞ്ച് പറയുന്നു. ഉപയോക്താക്കളുടെ പണം സുരക്ഷിതമാണെന്ന് ഉറപ്പുനൽകിയ ബൈനാൻസ്, കമ്പനിയുടെ സ്വന്തം ഫണ്ടിൽ നിന്നും എസ്എഎഫ്യു (SAFU) ഫണ്ടിൽ നിന്നും നഷ്ടം പൂർണമായി നികത്തുമെന്നും വ്യക്തമാക്കി.

സംഭവത്തെ തുടർന്ന്

ക്രിപ്‌റ്റോ വിപണിയിൽ വൻ വിൽപന സമ്മർദമുണ്ടായി. ഒക്ടോബർ 30-ലെ ആദ്യവ്യാപാരത്തിൽ 80,000 ഡോളർ നിലവാരത്തിലായിരുന്ന ബിറ്റ്‌കോയിൻ പെട്ടെന്ന് ഇടിഞ്ഞ് 76,148 ഡോളറിലേക്ക് കൂപ്പുകുത്തി. പിന്നീട് നേരിയ തോതിൽ കരകയറി രാത്രിയോടെ 76,900 ഡോളറിനടുത്ത് വ്യാപാരം നടന്നെങ്കിലും 24 മണിക്കൂറിനുള്ളിൽ 5.02 ശതമാനത്തിന്റെ ഇടിവാണ് ബിറ്റ്‌കോയിൻ രേഖപ്പെടുത്തിയത്. എസ്എഎഫ്യു ഫണ്ടും കമ്പനി ഫണ്ടും ഉപയോഗിച്ച് നഷ്ടം പരിഹരിക്കുമെന്ന ഉറപ്പും 300 കോടി ഡോളർ മരവിപ്പിച്ചതും പരിഭ്രാന്തി തടയാൻ സഹായിച്ചു. എങ്കിലും ബിറ്റ്‌കോയിനിലുണ്ടായ പെട്ടെന്നുള്ള ഇടിവ് വിപണിയുടെ ദുർബലാവസ്ഥ വ്യക്തമാക്കുന്നു. കേന്ദ്രീകൃത എക്‌സ്ചേഞ്ചുകളിലെ (CEX) വീഴ്ചകൾ ഉണ്ടാക്കുന്ന ആഘാതം മറികടക്കാൻ ഇത്തരം വാഗ്ദാനങ്ങൾക്ക് എത്രത്തോളം കഴിയുമോയെന്നാണ് ചോദ്യം.

നിയമപരിരക്ഷ?

ഇന്ത്യൻ ക്രിപ്‌റ്റോ നിക്ഷേപകർക്ക് വിദേശ പ്ലാറ്റ്ഫോമിലെ സുരക്ഷാവീഴ്ച വലിയ ആശങ്കയാണുണ്ടാക്കുന്നത്. റെഗുലേറ്ററി മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു ബൈനാൻസ് പ്രവർത്തിച്ചിരുന്നത്. ഇന്ത്യയിൽ രജിസ്റ്റർ ചെയ്യുകയും 18.82 കോടി രൂപ പിഴയൊടുക്കുകയും ചെയ്ത ശേഷമാണ് 2024 ഓഗസ്റ്റിൽ ഇന്ത്യയിൽ പ്രവർത്തനം പുനരാരംഭിച്ചത്. എന്നാൽ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ്-ഇന്ത്യ (FIU-IND) രജിസ്ട്രേഷൻ എന്നത് കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും (AML) വിവരങ്ങൾ കൈമാറുന്നതിനുമുള്ള സംവിധാനം മാത്രമാണ്. ഇത് ബൈനാൻസിന് ഇന്ത്യയിൽ കോർപ്പറേറ്റ് രജിസ്ട്രേഷനോ നിയമപരമായ പിന്തുണയോ നൽകുന്നില്ല.

ക്രിപ്‌റ്റോകറൻസികൾ ഇന്ത്യയിൽ നിയന്ത്രണങ്ങൾക്ക് വിധേയമല്ലെന്നും ഉയർന്ന റിസ്‌ക് ഉണ്ടെന്നും നേരത്തെത്തന്നെ റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ബാങ്ക് നിക്ഷേപങ്ങൾ പോലെയുള്ള നിയമപരമായ ഇൻഷുറൻസ് സംരക്ഷണം ഇവയ്ക്കില്ല. അതുകൊണ്ടുതന്നെ നിയമ നടപടികൾക്കുള്ള സാധ്യതയും വിരളമാണ്.

നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രേഖകൾ സൂക്ഷിക്കുക: അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ, ഇടപാട് ചരിത്രങ്ങൾ, കെ.വൈ.സി (KYC) രേഖകൾ, ഇമെയിൽ ആശയവിനിമയങ്ങൾ എന്നിവ സുരക്ഷിതമായി സൂക്ഷിക്കുക.

സപ്പോർട്ട് വഴി പരാതി നൽകുക: ബൈനാൻസിന്റെ ഔദ്യോഗിക സപ്പോർട്ട് ചാനലുകൾ വഴി രേഖാമൂലം പരാതിപ്പെടുക.

സൈബർ ക്രൈം പോർട്ടലിൽ വിവരം അറിയിക്കുക: അനധികൃത ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ cybercrime.gov.in വഴിയോ 1930 എന്ന ഹെൽപ്ലൈൻ നമ്പറിലോ ഉടൻ പരാതി നൽകുക.

ഉപഭോക്തൃ കോടതി: സേവനത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി ഉപഭോക്തൃ സംരക്ഷണ നിയമം (2019) പ്രകാരം പരിഹാരം തേടാവുന്നതാണ്.

എന്നിരുന്നാലും വിദേശ പ്ലാറ്റ്ഫോമുകൾക്കെതിരെ ഇന്ത്യൻ അധികാരപരിധിയിൽ നിന്ന് നിയമനടപടി സ്വീകരിച്ച് ഉടനടി പണം തിരികെ നേടുന്നതിന് പ്രായോഗിക തടസ്സങ്ങളുണ്ടെന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക.

Content Highlights: Binance suffered a $6.3 billion security breach on October 30, freezing $3 billion in on-chain assets., Bitcoin price plummeted over 5% to around $76,900 following the cyberattack., Binance plans to cover losses using company funds and the SAFU fund., Indian investors face regulatory challenges and lack legal insurance for foreign crypto exchanges.