ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അസിം പ്രേംജി ചെലവഴിച്ചത്‌ ദിവസം 22 കോടി രൂപ

Photo: Gettyimages
Photo: Gettyimages

7,904 കോടി രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി വിപ്രോയുടെ സ്ഥാപക ചെയര്‍മാന്‍ അസിം പ്രേംജി മനുഷ്യ സ്‌നേഹികളുടെ പട്ടികയില്‍ ഒന്നാമതെത്തി. 

ഈ കണക്കുപ്രകാരം പ്രതിദിനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം നീക്കിവെച്ചത് 22 കോടി രൂപയാണ്. കോവിഡ് മഹാമാരിയെത്തിയതിനുശേഷം അസിം പ്രേംജി ഫൗണ്ടേഷനും വിപ്രോയും ചെലവഴിച്ചത് 1,125 കോടി രൂപയാണ്. 

വിപ്രോയുടെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കും അസിം പ്രേംജി ഫണ്ടൗണ്ടേഷന്റെ നിലവിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പുറമെയാണ് ഇത്. ഹുറൂണ്‍ ഇന്ത്യ ജീവകാരുണ്യ പട്ടിക 2020ലാണ് ഈവിവരങ്ങളുള്ളത്. 

എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ ശിവ് നാടാരാണ് പട്ടികയില്‍ രണ്ടാംസ്ഥാനത്ത്. 795 കോടി രൂപയാണ് അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി 458 കോടി രൂപ സംഭാവന നല്‍കി മൂന്നാമതെത്തി. 

കോവിഡിനെതിരായ പോരാട്ടങ്ങളെ പിന്തുണയ്ക്കുന്നതിനായി അംബാനി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 500 കോടി നല്‍കി. മഹാരാഷ്ട്ര, ഗുജറാത്ത് മുഖ്യമന്ത്രിമാരുടെ ദിരിതാശ്വാസ നിധിയിലേയ്ക്കായി അഞ്ചുകോടി രൂപവീതവും നല്‍കി. 

കുമാര്‍ മംഗളം ബിര്‍ളയും കുടുംബവും 276 കോടി രൂപയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്. ഇവര്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ്. വേദാന്ത സ്ഥാപകനും ചെയര്‍മാനുമായ അനില്‍ അഗര്‍വാളും കുടുംബവും 215 കോടി നല്‍കി അഞ്ചാമതായി. 

Azim Premji has donated ₹22 crore/day

Content Highlights: