ഒക്‌ടോബറിലെ നഷ്ടവും നവംബറിലെ നേട്ടവും: എസ്.ഐ.പി. നിർത്തിയ നിക്ഷേപകർക്കുള്ള പാഠം

#ഡോ.ആന്റണി|antony@mpp.co.in
Photo: Gettyimages
Photo: Gettyimages

രണ്ടുവർഷമായി നിക്ഷേപം തുടർന്ന ലാർജ് ക്യാപ് ഫണ്ടിൽ കാര്യമായ റിട്ടേൺ ലഭിക്കാത്തതിൽ നിരാശനായ വിനോദ് എസ്.ഐ.പി. താത്കാലികമായി നിർത്താൻ തീരുമാനിച്ചു. വിപണി തിരിച്ചുകയറുമ്പോൾ വീണ്ടും ആരംഭിക്കാമെന്നായിരുന്നു തീരുമാനം. രണ്ടുവർഷമായി വിപണിയിൽനിന്ന് നേട്ടമൊന്നും ലഭിക്കാത്തതിനാൽ വിനോദിനെപ്പോലെ ആയിരക്കണക്കിനുപേർ എസ്.ഐ.പി. നിർത്തി. ഇതേത്തുടർന്ന് മ്യൂച്വൽ ഫണ്ടുകളിലെ എസ്.ഐ.പി. നിർത്തൽ അനുപാതം (സ്റ്റോപ്പേജ് റേഷ്യോ) 115.7 ശതമാനമായി. അതായത്, ഒക്ടോബറിൽ 51 ലക്ഷം പുതിയ എസ്.ഐ.പി.കൾ രജിസ്റ്റർ ചെയ്തപ്പോൾ 59 ലക്ഷം എസ്.ഐ.പി.കൾ കാലാവധി തികയുംമുമ്പ് നിർത്തി.

തിടുക്കത്തിൽ തീരുമാനമെടുക്കുന്നവർക്ക് വിപണി എന്നും പാഠമാണ്. പരിഭ്രാന്തരായി ഒക്ടോബറിൽ എസ്.ഐ.പി. നിർത്തിയ നിക്ഷേപകരെ ഞെട്ടിച്ചുകൊണ്ട് നവംബറിൽ മാത്രം നിഫ്റ്റി ഉയർന്നത് 10.1 ശതമാനമാണ്. വിപണി മുന്നേറുമ്പോൾ തിരികെവരാമെന്ന് കരുതിയ നിക്ഷേപകർക്ക് ഉയർന്ന മൂല്യത്തിൽ നിക്ഷേപം നടത്തേണ്ടിവന്നു.

വിപണിയിലെ താത്കാലിക പരിഭ്രാന്തികൾക്കും അനുമാനങ്ങൾക്കും അപ്പുറം ചിന്തിക്കുമ്പോഴാണ് ദീർഘകാല നിക്ഷേപത്തിന്റെ ശക്തി വെളിപ്പെടുന്നത്. 2005 ഏപ്രിൽ മുതൽ 2026 ഒക്ടോബർ വരെയുള്ള 21 വർഷം നീണ്ട കാലയളവ് അടിസ്ഥാനമാക്കി മോട്ടിലാൽ ഓസ്‌വാൾ നടത്തിയ പഠനം ശ്രദ്ധേയമാണ്.

2008-09-ലെ ആഗോള സാമ്പത്തിക പ്രതിസന്ധി, 2013-ലെ വിപണി മാന്ദ്യം, കോവിഡ്-19 മഹാമാരി തുടങ്ങിയ അനിശ്ചിതത്വം നിറഞ്ഞ ഘട്ടങ്ങളെല്ലാം ഈ കാലയളവിൽ ഉൾപ്പെടുന്നു. ഓഹരി വിപണിയിലെ പ്രധാനപ്പെട്ട നാലു സൂചികകളിലെ വ്യത്യസ്ത സമയക്രമങ്ങളിലെ പ്രതിമാസ റോളിങ് എസ്.ഐ.പി.കൾ അപഗ്രഥിച്ച പഠനം വ്യക്തമാക്കുന്നത്, നിക്ഷേപ കാലാവധി ദീർഘിപ്പിക്കുന്നതിനനുസരിച്ച് നെഗറ്റീവ് റിട്ടേൺ ലഭിക്കാനുള്ള സാധ്യത പൂർണമായും ഇല്ലാതാകുന്നു എന്നാണ്.

വ്യത്യസ്ത സൂചികകളിലെ അഞ്ചുവർഷത്തെയും പത്തുവർഷത്തെയും എസ്.ഐ.പി. നിക്ഷേപങ്ങളിലെ നെഗറ്റീവ് റിട്ടേൺ സാധ്യത താഴെ നൽകിയിരിക്കുന്ന പട്ടികയിൽ കാണാം:

സൂചിക

5 വർഷ 

എസ്‌ഐപിയിലെ

നെഗറ്റീവ് റിട്ടേൺ

സാധ്യത

10 വർഷ

 എസ്‌ഐപിയിലെ

നെഗറ്റീവ് റിട്ടേൺ

സാധ്യത

നിഫ്റ്റി 100

1%

0%

നിഫ്റ്റി മിഡ്‌ക്യാപ് 150

2%

0%

നിഫ്റ്റി സ്മോൾക്യാപ് 250

10.5%

0.7%

നിഫ്റ്റി 500

2%

0%

അഞ്ചുവർഷത്തെ നിക്ഷേപത്തിൽ ഇടിവ് സംഭവിക്കാൻ സാധ്യതയുള്ളപ്പോൾത്തന്നെ പത്തുവർഷത്തെ കാലാവധിയിലേക്ക് എത്തുമ്പോൾ നിഫ്റ്റി 100, നിഫ്റ്റി മിഡ്ക്യാപ് 150, നിഫ്റ്റി 500 എന്നീ സൂചികകളിൽ നഷ്ടമുണ്ടാകാനുള്ള സാധ്യത പൂർണമായും ഇല്ലാതാകുന്നു. സ്മോൾക്യാപിൽ ഇത് വെറും 0.7 ശതമാനം മാത്രമാണ്.

അതായത്, ദീർഘകാല എസ്.ഐ.പി. നിക്ഷേപം എന്നത് വിപണിയിലെ തകർച്ചകളിൽനിന്ന് നിക്ഷേപകന് സംരക്ഷണം നൽകുന്ന 'ഡൗൺസൈഡ് പ്രൊട്ടക്‌ഷൻ' സംവിധാനമായി പ്രവർത്തിക്കുന്നു. ഈ കണ്ടെത്തലുകൾ നിക്ഷേപകർ വിപണിയിൽ തുടരേണ്ടതിന്റെ അനിവാര്യത മുന്നോട്ടുവെയ്ക്കുന്നു.

വിപണിയിലെ ഇടിവുകളും അപ്രതീക്ഷിത കുതിപ്പുകളും നിക്ഷേപകന്റെ സമ്പത്ത് സൃഷ്ടിയിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. വിപണി താഴുമ്പോൾ നിക്ഷേപം നിർത്തിവെയ്ക്കാതെ തുടരുമ്പോഴാണ് 'റുപ്പീ കോസ്റ്റ് ആവറേജിങ്' എന്ന സാമ്പത്തിക തത്ത്വം അനുകൂലമാകുന്നത്.

വിപണി ഇടിയുമ്പോൾ എസ്.ഐ.പി. വഴി നിക്ഷേപം തുടരുന്നത് കൂടുതൽ യൂണിറ്റുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനും അതിലൂടെ ശരാശരി വാങ്ങൽ ചെലവ് കാര്യമായി കുറയ്ക്കാനും സഹായിക്കുന്നു. വിപണി തിരികെ കയറുമ്പോൾ പോർട്ട്‌ഫോളിയോയുടെ റിട്ടേൺ ഉയർന്ന നിരക്കിലേക്ക് എത്താൻ വഴിയൊരുക്കുന്നു. എന്നാൽ, തളർച്ചയുടെ ഘട്ടത്തിൽ എസ്.ഐ.പി. നിർത്തുന്ന നിക്ഷേപകർക്ക് പിന്നീട് വിപണി ഉയർന്ന നിലവാരത്തിൽ എത്തുമ്പോൾ മാത്രമേ നിക്ഷേപം പുനരാരംഭിക്കാൻ സാധിക്കൂ.

അതുകൊണ്ടുതന്നെ ഏഴുവർഷത്തേക്ക് ആവശ്യമില്ലാത്ത പണം മാത്രം ഇക്വിറ്റി വിപണിയിൽ നിക്ഷേപിക്കുക എന്നതാണ് ബുദ്ധിപരമായ നീക്കം. ഏഴുവർഷത്തെ നിക്ഷേപ സങ്കല്പം പിന്തുടരുന്നതിലൂടെ വിപണിയിലെ താത്കാലിക ഇടിവുകളിൽ ഭയപ്പെടാതെ, ഉറച്ച അച്ചടക്കത്തോടെ മുന്നോട്ടുപോകാൻ നിക്ഷേപകർക്ക് സാധിക്കും.

എസ്.ഐ.പി. തുടരുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുമ്പോൾത്തന്നെ, ഏതെല്ലാം സാഹചര്യങ്ങളിലാണ് അത് നിർത്തലാക്കേണ്ടത് എന്ന ചോദ്യവും ഉയർന്നുവരാം.

ലക്ഷ്യങ്ങൾ കൈയെത്തും ദൂരത്തെത്തുമ്പോൾ: സാമ്പത്തിക ലക്ഷ്യത്തിന് (ഉദാഹരണത്തിന്: കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വീടുപണി) ഒന്നുമുതൽ രണ്ടുവർഷം മാത്രം ബാക്കിയുള്ളപ്പോൾ ഇക്വിറ്റി ഫണ്ടുകളിലെ എസ്.ഐ.പി. നിർത്താം. വിപണിയിലെ തകർച്ചയിൽനിന്ന് ഇതുവരെ നേടിയ ലാഭം സംരക്ഷിക്കാനും സാമ്പത്തിക ലക്ഷ്യം പൂർത്തീകരിക്കാനും ഇതിലൂടെ കഴിയും.

വ്യക്തിഗത സാഹചര്യം: ജോലി നഷ്ടപ്പെടുകയോ കുടുംബത്തിൽ അടിയന്തര ആവശ്യങ്ങൾ ഉണ്ടാകുകയോ ചെയ്യുമ്പോൾ എസ്.ഐ.പി. താത്കാലികമായി നിർത്തുകയോ തുക കുറയ്ക്കുകയോ ചെയ്യാം.

പോർട്ട്‌ഫോളിയോ പുനഃക്രമീകരണം: മുൻനിശ്ചയിച്ച ആസ്തി വിഭജനത്തിൽ വ്യത്യാസം വരുന്ന തരത്തിൽ ഇക്വിറ്റി നിക്ഷേപം വളരുകയാണെങ്കിൽ എസ്.ഐ.പി. നിർത്തിവെയ്ക്കുകയോ തുക ക്രമീകരിക്കുകയോ ചെയ്യാം.

വിനോദിന്റെ അനുഭവം എല്ലാ നിക്ഷേപകർക്കും പാഠമാണ്. ഒക്ടോബറിൽ ക്ഷമകെട്ട് എസ്.ഐ.പി. നിർത്തി, നവംബറിലെ 10.1 ശതമാനത്തിന്റെ അപ്രതീക്ഷിത കുതിച്ചുചാട്ടം നിസ്സഹായനായി നോക്കിനിൽക്കേണ്ടിവന്ന അദ്ദേഹത്തിന്റെ അവസ്ഥ വിപണിയിലെ യോജിച്ച സമയത്തിനായി ശ്രമിച്ച് പരാജയപ്പെട്ട നിക്ഷേപകരുടെ അവസ്ഥയ്ക്ക് ഉദാഹരണമാണ്. വിപണിയിലെ ഇടിവുകളിൽ പരിഭ്രാന്തരാകാതെ ലക്ഷ്യബോധത്തോടെ ദീർഘകാല അച്ചടക്കം പാലിക്കുന്നതാണ് സമ്പത്ത് സൃഷ്ടിക്കാനുള്ള ഒരേയൊരു മാർഗം.

Content Highlights: Stopping SIP during market downturns leads to missing out on rapid market recoveries, such as the 10.1% Nifty surge in November., A 21-year study by Motilal Oswal (2005-2026) proves that increasing the investment horizon minimizes or eliminates negative returns., Rupee cost averaging ensures more units are bought at lower prices during market dips, enhancing future portfolio returns., SIPs should only be stopped when financial goals are near, during personal emergencies, or for portfolio rebalancing.