ഹ്രസ്വകാലയളവിൽ മികച്ചനേട്ടം: നിക്ഷേപിക്കാം ഷോർട് ടേം ഫണ്ടുകളിൽ

സാമ്പത്തിക സുരക്ഷിതത്വത്തിനും അടിയന്തര ആവശ്യങ്ങൾക്കും സേവിംഗ്സ് അക്കൗണ്ടുകൾ പ്രധാന പങ്കുവഹിക്കുന്നുണ്ടെങ്കിലും അതിൽ അധിക തുക ദീർഘകാലത്തേക്ക് സൂക്ഷിക്കുന്നത് ലാഭകരമായ സാമ്പത്തിക തീരുമാനമല്ല. നിലവിൽ മിക്ക ബാങ്കുകളിലും സേവിംഗ്സ് അക്കൗണ്ട് പലിശനിരക്ക് 2.5 ശതമാനം മുതൽ 3.5 ശതമാനംവരെ മാത്രമാണ്. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ഇതിനേക്കാൾ ഉയർന്നതായതിനാൽ, സേവിംഗ്സ് അക്കൗണ്ടിൽ കിടക്കുന്ന പണത്തിന്റെ യഥാർത്ഥ മൂല്യം കാലക്രമേണ കുറയുന്നു.
ഈ പരിമിതി പരിഹരിക്കുന്നതിനും, പണത്തിന്റെ സുരക്ഷിതത്വവും ലിക്വിഡിറ്റിയും (ആവശ്യാനുസരണം പിൻവലിക്കാനുള്ള സൗകര്യം) ഉറപ്പാക്കിക്കൊണ്ട് കൂടുതൽ വരുമാനം നേടുന്നതിനും അനുയോജ്യമായ ബദലാണ് മ്യൂച്വൽ ഫണ്ട് ഡെറ്റ് ഫണ്ടുകൾ. വിപണി സാഹചര്യങ്ങൾക്കനുസരിച്ച് ആറ് മുതൽ ഏഴര ശതമാനംവരെ വരുമാനം നൽകാൻ ശേഷിയുള്ള ഇത്തരം ഫണ്ടുകൾ, ഹ്രസ്വകാല നിക്ഷേപകർക്ക് അനുയോജ്യമാണ്.
ഡെറ്റ് ഫണ്ടുകൾ
നിശ്ചിത പലിശ നൽകുന്ന സാമ്പത്തിക ഉപകരണങ്ങളിൽ (Fixed Return Instruments) നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ട് പദ്ധതികളാണ് ഡെറ്റ് ഫണ്ടുകൾ. വിദഗ്ധരായ ഫണ്ട് മാനേജർമാർ സെബി നിയന്ത്രണങ്ങൾക്ക് വിധേയമായി ഉയർന്ന ക്രെഡിറ്റ് റേറ്റിംഗുള്ള സുരക്ഷിത മേഖലകളിലാണ് ഈ പണം നിക്ഷേപിക്കുന്നത്.
നിക്ഷേപം ഇപ്രകാരം
ഗവൺമെന്റ് സെക്യൂരിറ്റികളും ട്രഷറി ബില്ലുകളും: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിക്കുന്ന ഏറ്റവും സുരക്ഷിതമായ കടപ്പത്രങ്ങൾ.
കോർപ്പറേറ്റ് ബോണ്ടുകൾ: പൊതുമേഖലാ-സ്വകാര്യ കമ്പനികൾ പുറത്തിറക്കുന്ന ബോണ്ടുകൾ.
സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റും (CD) കൊമേഴ്സ്യൽ പേപ്പറും (CP): ബാങ്കുകളും വൻകിട കോർപ്പറേറ്റുകളും ഹ്രസ്വകാലത്തേക്ക് പണം സമാഹരിക്കാൻ ഉപയോഗിക്കുന്ന സാമ്പത്തിക ഉപകരണങ്ങൾ.
സുരക്ഷിതത്വം: മൂന്ന് വർഷംവരെ തുക ആവശ്യമില്ലാത്തതും കൂടുതൽ റിസ്ക് എടുക്കാൻ താല്പര്യമില്ലാത്തതുമായ, കുറഞ്ഞ റിസ്കിൽ മികച്ച റിട്ടേൺ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ഡെറ്റ് ഫണ്ടുകൾ അനുയോജ്യമാണ്.
ബാങ്ക് സ്ഥിരനിക്ഷേപങ്ങൾ (FD) കാലാവധി പൂർത്തിയാകുന്നതിന് മുൻപ് പിൻവലിച്ചാൽ പിഴ നൽകേണ്ടിവരും, എന്നാൽ ലിക്വിഡ് ഫണ്ടുകളിൽ ആവശ്യമുള്ളപ്പോൾ പിഴയില്ലാതെ തുക പിൻവലിക്കാമെന്ന സൗകര്യവുമുണ്ട്.
ഡെറ്റിൽ വ്യത്യസ്ത ഫണ്ടുകൾ
ഓവർനൈറ്റ് ഫണ്ട്
- കാലാവധി: 1 ദിവസം.
- പ്രത്യേകത: ഏറ്റവും സുരക്ഷിതമായ ഫണ്ടുകൾ. അടിയന്തര ആവശ്യങ്ങൾക്കുള്ള പണം സൂക്ഷിക്കാൻ ഏറ്റവും അനുയോജ്യം.
ലിക്വിഡ് ഫണ്ട്
- കാലാവധി: 91 ദിവസം വരെയുള്ള ഹ്രസ്വകാല ഉപകരണങ്ങളിൽ നിക്ഷേപിക്കുന്നു.
- പ്രത്യേകത: സേവിംഗ്സ് അക്കൗണ്ടിന് പകരം വെക്കാവുന്ന മികച്ച ബദൽ.
അൾട്രാ ഷോർട്ട് & മണി മാർക്കറ്റ് ഫണ്ടുകൾ
- കാലാവധി: 3 മാസം മുതൽ 1 വർഷംവരെ.
- പ്രത്യേകത: ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കായി പണം മാറ്റിവെക്കാൻ അനുയോജ്യം.
ഷോർട്ട് ടേം / മീഡിയം ടേം ഫണ്ടുകൾ
- കാലാവധി: 1 വർഷം മുതൽ 3 വർഷംവരെ.
- പ്രത്യേകത: മധ്യകാല നിക്ഷേപ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കാം.
ശ്രദ്ധിക്കേണ്ടകാര്യങ്ങൾ:
യീൽഡ് ടു മെച്യൂരിറ്റി: ഒരു ഡെറ്റ് ഫണ്ടിലുള്ള ബോണ്ടുകൾ അവയുടെ കാലാവധി പൂർത്തിയാകുന്നതുവരെ കൈവശം വെച്ചാൽ ലഭിക്കാൻ സാധ്യതയുള്ള ശരാശരി വരുമാന നിരക്കാണിത്.
പലിശ നിരക്കിലെ വ്യതിയാനം: വിപണിയിലെ പലിശ നിരക്കുകളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഡെറ്റ് ഫണ്ടുകളുടെ യൂണിറ്റ് വില (എൻ.എ.വി) യെ സ്വാധീനിക്കാറുണ്ട്. എന്നാൽ ഹ്രസ്വകാല ഫണ്ടുകളിൽ ഇതിന്റെ ആഘാതം വളരെ കുറവായിരിക്കും.
അസറ്റ് അലോക്കേഷൻ തന്ത്രം: അടിയന്തര ആവശ്യങ്ങൾക്കുള്ള തുകമാത്രം സേവിംഗ്സ് അക്കൗണ്ടിൽ നിലനിർത്തുക. ബാക്കി അധിക തുക ലിക്വിഡ്/ഡെറ്റ് ഫണ്ടുകളിലേക്ക് മാറ്റുന്നത് സാമ്പത്തിക ഭദ്രത വർധിപ്പിക്കുകയും സുരക്ഷിതത്വത്തോടെ മെച്ചപ്പെട്ട റിട്ടേൺ നൽകുകയും ചെയ്യും.
സ്കീമിന്റെ പേര് | കാറ്റഗറി | YTM (%) | ശരാശരി മെച്യൂരിറ്റി (വർഷം) | റിട്ടേൺ | റിട്ടേൺ 6 മ ാസം (%) | റിട്ടേൺ 1 വ ർഷം (%) |
|---|---|---|---|---|---|---|
ടാറ്റാ ലിക്വിഡ് ഫണ്ട്- (ഗ്രോത്ത്) | ലിക്വിഡ് | 6.4400 | 0.1452 | 0.4453 | 3.0904 | 6.3554 |
എസ്.ബി.ഐ ലിക്വിഡ് ഫണ്ട്- (ഗ്രോത്ത്) | ലിക്വിഡ് | 6.2700 | 0.1000 | 0.4466 | 3.1027 | 6.3545 |
ആദിത്യ ബിർള എസ്.എൽ മണി മാർക്കറ്റ് ഫണ്ട് (ഗ്രോത്ത്) | മണി മാർക്കറ്റ് | 7.0700 | 0.3800 | 0.4371 | 3.1982 | 6.3238 |
യു.ടി.ഐ മണി മാർക്കറ്റ് ഫണ്ട്- (ഗ്രോത്ത്) | മണി മാർക്കറ്റ് | 6.9800 | 0.3781 | 0.4532 | 3.2027 | 6.3569 |
ബാങ്ക് ഓഫ് ഇന്ത്യ ഓവർനൈറ്റ് ഫണ്ട് (ഗ്രോത്ത്) | ഓവർനൈറ്റ് ഫണ്ട് | 5.1100 | 0.0027 | 0.4232 | 2.7522 | 5.4614 |
ആക്സിസ് ഓവർനൈറ്റ്ഫണ്ട് (ഗ്രോത്ത്) | ഓവർനൈറ്റ് ഫണ്ട് | 5.2100 | 0.0027 | 0.4202 | 2.5635 | 5.2408 |
മിറെ അസറ്റ് അൾട്രാ ഷോർട്ട് ടേം ഫണ്ട് (ഗ്രോത്ത്) | അൾട്രാ ഷോർട്ട് ടേം | 7.5400 | 0.8127 | 0.4490 | 3.1780 | 6.3011 |
എസ്.ബി.ഐ അൾട്രാ ഷോർട്ട് ടേം ഫണ്ട് (ഗ്രോത്ത്) | അൾട്രാ ഷോർട്ട് ടേം | 7.0300 | 0.4800 | 0.4393 | 3.0361 | 6.1568 |
സേവിംഗ്സ് അക്കൗണ്ടിൽ വെറുതെ കിടക്കുന്ന അധിക തുക ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിലേക്ക് മാറ്റുന്നത് കൂടുതൽ ആദായം നേടാൻ സഹായിക്കും. എളുപ്പത്തിൽ പിൻവലിക്കുകയും ചെയ്യാം. വ്യക്തിഗത നിക്ഷേപ കാലാവധിക്ക് അനുയോജ്യമായ ഫണ്ടുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
Content Highlights: Savings accounts offer low interest rates (2.5% to 3.5%) which fail to beat inflation., Debt mutual funds offer higher returns (6% to 7.5%) with high liquidity and safety., Various debt fund options available include overnight funds, liquid funds, and ultra-short term funds., Unlike fixed deposits, liquid funds allow penalty-free withdrawals at any time.