ഇൗടില്ലാതെ വായ്പ ലഭിക്കുവാൻ ‘ക്രെഡിറ്റ്‌ ഗാരന്റി’

By: കെ.ആർ. മോഹനചന്ദ്രൻ
ചെറുകിട സംരംഭകർക്ക്‌ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന്‌ സമാന്തര സെക്യൂരിറ്റിയോ ആൾജാമ്യമോ ഇല്ലാതെ വായ്പകൾ ലഭ്യമാക്കുന്നതിന്‌ കേന്ദ്രസർക്കാർ ആവിഷ്കരിച്ചു നടപ്പാക്കി വരുന്ന പദ്ധതിയാണ്‌ 'ക്രെഡിറ്റ്‌ ഗാരന്റി സ്കീം'. സർക്കാരും ചെറുകിട വ്യവസായ വികസന ബാങ്കും (സിഡ്‌ബി) ചേർന്നു രൂപവത്‌കരിച്ചിട്ടുള്ള ക്രെഡിറ്റ്‌ ഗാരന്റി ട്രസ്റ്റ്‌ ഫോർ മൈക്രോ ആൻഡ്‌ സ്മോൾ എന്റർപ്രൈസസ്‌ (സി.ജി.ടി.എം.എസ്‌.ഇ.) ആണ്‌ ഈ പദ്ധതി നടപ്പിലാക്കുന്നത്‌.
വായ്പാത്തുകയാൽ സൃഷ്ടിക്കപ്പെടുന്ന വസ്തുക്കൾ മാത്രം ഈടായി സ്വീകരിച്ചുകൊണ്ട്‌ ധനകാര്യ സ്ഥാപനങ്ങൾ വായ്പ നൽകുമ്പോൾ, അവയ്ക്ക്‌ സി.ജി.ടി.എം.എസ്‌.ഇ. ഗാരന്റി ലഭ്യമാക്കുന്നു.
നിലവിലുള്ളതോ അല്ലെങ്കിൽ പുതുതായി തുടങ്ങുവാൻ ഉദ്ദേശിക്കുന്നതോ ആയ ചെറുകിട സംരംഭത്തിന്റെ സ്വഭാവവും പ്രാധാന്യവും പ്രവർത്തനശേഷിയും കണക്കിലെടുത്തു തന്നെയാണ്‌ വായ്പ ലഭ്യമാക്കുന്നത്‌. ഇത്തരം വായ്പകളുടെ തിരിച്ചടവിൽ പിഴവുണ്ടായാൽ ട്രസ്റ്റ്‌ നിശ്ചിത ശതമാനത്തിൽ, ധനകാര്യ സ്ഥാപനത്തിന്‌ ഗാരന്റി തുക നൽകുന്നതാണ്‌. ചെറുകിട ഉദ്യമങ്ങൾക്ക്‌ ബാങ്കുകളും തിരഞ്ഞെടുക്കപ്പെട്ട ബാങ്ക്‌ ഇതര സ്ഥാപനങ്ങളും നൽകുന്ന രണ്ടുകോടി രൂപയിൽ കവിയാത്ത വായ്പകൾക്കാണ്‌ പ്രസ്തുത ഗാരന്റി ബാധകമായിട്ടുള്ളത്‌. വായ്പ തുകയുടെ പിഴവു വരുന്ന ഭാഗത്തിന്റെ 50 മുതൽ 85 ശതമാനം വരെയാണ്‌ ഈ ട്രസ്റ്റ്‌ ധനകാര്യ സ്ഥാപനങ്ങൾക്ക്‌ പദ്ധതി പ്രകാരമുള്ള ഗാരന്റി ലഭ്യമാക്കുന്നത്‌.
ഈ പദ്ധതിയിൽപ്പെടുത്തി നൽകുന്ന വായ്പകൾ അനുവദിച്ചാലുടൻ തന്നെ ബാങ്കുകൾ നിശ്ചിതഫീസ്‌ അടച്ച്‌ ട്രസ്റ്റിന്റെ ഗാരന്റിയിൽപ്പെടുത്തേണ്ടതാണ്‌. വായ്പാ തുകയുടെ വലിപ്പവും വായ്പയുടെ പ്രകൃതവുമനുസരിച്ച്‌ 0.75 മുതൽ 1.00 ശതമാനം വരെ അടിസ്ഥാന ഫീസും അതതു ധനകാര്യ സ്ഥാപനത്തിന്‌ ട്രസ്റ്റ്‌ ബാധകമാക്കിയിട്ടുള്ള റിസ്‌ക്ക്‌ പ്രീമിയവും ചേർന്നതാണ്‌ ഗാരന്റി ഫീസ്‌. വായ്പ എടുത്തവരിൽ നിന്നാണ്‌ ധനകാര്യ സ്ഥാപനങ്ങൾ ഈ ഫീസ്‌ ഈടാക്കുന്നത്‌.
ഈ ഗാരന്റി പദ്ധതിപ്രകാരം നൽകുന്ന വായ്പകൾക്ക്‌ സമാന്തര സെക്യൂരിറ്റിയോ വ്യക്തിജാമ്യമോ ധനകാര്യ സ്ഥാപനങ്ങൾ ആവശ്യപ്പെടുവാനോ സ്വീകരിക്കുവാനോ പാടുള്ളതല്ല. പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ബാങ്കുകൾക്കും, തിരഞ്ഞെടുക്കപ്പെട്ട ബാങ്ക്‌ ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും ഈ പദ്ധതി പ്രകാരമുള്ള വായ്പകൾ അപേക്ഷകർക്ക്‌ ലഭ്യമാക്കാവുന്നതാണ്‌.തീരെ ചെറിയ സംരംഭങ്ങൾക്കു നൽകുന്ന അഞ്ച്‌ ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക്‌ 85 ശതമാനവും അഞ്ച്‌ ലക്ഷത്തിനുമേൽ 50 ലക്ഷം വരെയുള്ള വായ്പകൾക്ക്‌ 75 ശതമാനവും 50 ലക്ഷത്തിനുമേൽ രണ്ടുകോടി വരെയുള്ള വായ്പകൾക്ക്‌ 50 ശതമാനവുമാണ്‌ പരമാവധി ഗാരന്റി ലഭ്യമാകുന്നത്‌.
വനിതാ സംരംഭകർക്കുള്ള വായ്പയുടെ 80 ശതമാനത്തിന്‌ (പരമാവധി 40 ലക്ഷം രൂപ) ഗാരന്റി പരിരക്ഷ ലഭ്യമാണ്‌. ബാങ്കുകൾ 14 ശതമാനത്തിലധികം (ഗാരന്റി ഫീസടക്കം) പലിശ ഈടാക്കാത്ത വായ്പകളാണ്‌ സ്കീമിന്റെ പരിധിയിൽ വരിക. വ്യാപാരം, വിദ്യാഭ്യാസം, കൃഷി, സ്വയം സഹായ സംഘങ്ങൾ, ട്രെയിനിങ്‌ എന്നിവയ്ക്കു നൽകുന്ന വായ്പകൾ ഈ പദ്ധതിയിൽ ഉൾപ്പെടുന്നില്ല.
ബാങ്ക്‌ ഇതര ധനകാര്യ സ്ഥാപനങ്ങൾ നൽകുന്ന 10 ലക്ഷം മുതൽ രണ്ടുകോടി വരെയുള്ള വായ്പകളാണ്‌ പദ്ധതിയിൽ ഉൾപ്പെടുത്താനാകുക. പ്രസ്തുത സ്ഥാപനങ്ങൾ 18 ശതമാനത്തിലധികം (ഗാരന്റി ഫീസടക്കം) പലിശ ഈടാക്കുന്ന വായ്പകൾക്ക്‌ ട്രസ്റ്റിന്റെ ഗാരന്റി ലഭ്യമാകില്ല.
എന്താണ്‌ സമാന്തര ഈടും മൂന്നാംകക്ഷി ജാമ്യവും ?ധനകാര്യ സ്ഥാപനങ്ങൾക്ക്‌ ട്രസ്റ്റിന്റെ ക്രെഡിറ്റ്‌ ഗാരന്റി ലഭ്യമാകണമെങ്കിൽ അവർ, വായ്പ എടുത്തവരിൽ നിന്നും സമാന്തര ഈടോ മൂന്നാം കക്ഷി ജാമ്യമോ സ്വീകരിക്കുവാൻ പാടുള്ളതല്ല. പ്രാഥമിക ഈട്‌ (സെക്യൂരിറ്റി) എന്നത്‌ വായ്പാതുകകൊണ്ട്‌ നിർമിക്കപ്പെടുകയോ സമാഹരിക്കുകയോ ചെയ്യുന്ന ആസ്തികളാണ്‌.വായ്പ ലഭിക്കുന്നതിന്‌ സെക്യൂരിറ്റി ആയി നൽകുന്ന മറ്റ്‌ ആസ്തികളെയാണ്‌ 'സമാന്തര ഈട്‌' എന്നു വിശേഷിപ്പിക്കുന്നത്‌. വസ്തുവകകളും കെട്ടിടങ്ങളും മറ്റും ഈ വിഭാഗത്തിൽപ്പെടും. വായ്പ എടുക്കുന്ന വ്യക്തിയുടെ സ്വന്തം ജാമ്യം കൂടാതെ വായ്പ ലഭിക്കുന്നതിനായി നൽകുന്ന മറ്റൊരാളുടെ ജാമ്യത്തിനെയാണ്‌ മൂന്നാംകക്ഷി ജാമ്യം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.വായ്പ കൊടുക്കുന്ന ധനകാര്യസ്ഥാപനം ഒന്നാംകക്ഷിയും വായ്പ എടുക്കുന്നയാൾ രണ്ടാം കക്ഷിയുമാണ്‌. സ്ഥാപനത്തിന്റെ പ്രൊപ്രൈറ്റർ, പാർട്ട്‌ണർ എന്നീ നിലയ്ക്കു നൽകുന്ന വ്യക്തിജാമ്യത്തെ മൂന്നാം കക്ഷി ജാമ്യമെന്നു പറയില്ല. സമാന്തര ഈടോ മൂന്നാം കക്ഷി ജാമ്യമോ കൂടാതെ തന്നെ ചെറുകിട സംരംഭകർക്ക്‌ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന്‌ വായ്പകൾ ഈ പദ്ധതി പ്രകാരം ലഭിക്കുന്നതിന്‌ അപേക്ഷിക്കാവുന്നതാണ്‌. എല്ലാ ബാങ്കുകളും തിരഞ്ഞെടുക്കപ്പെട്ട മറ്റ്‌ ധനകാര്യ സ്ഥാപനങ്ങളും ഇത്തരത്തിലുള്ള വായ്പകൾ നിബന്ധനകൾക്കനുസൃതമായി ലഭ്യമാക്കുന്നതാണ്‌. സഹകരണ ബാങ്കുകൾ നൽകി വരുന്ന വായ്പകൾ ഈ പദ്ധതിയിൽ ഉൾപ്പെടുന്നില്ല. വെബ്‌സൈറ്റ്‌: www.cgtmse.in
(ബാങ്കിങ്‌ മേഖലയിൽ ദീർഘകാല പ്രവർത്തന പരിചയമുള്ള ലേഖകൻ ഇപ്പോൾ ആലുവ ഭാരതമാതാ സ്കൂൾ ഓഫ്‌ ലീഗൽ സ്റ്റഡീസിൽ ഇക്കണോമിക്സ്‌, ബാങ്കിങ്‌ വിഭാഗം അധ്യാപകനാണ്‌) ഇമെയിൽ: mohanachandrankr@gmail.com


VIEW ON mathrubhumi.com