കുതിച്ച് യു.എസ്. കടപ്പത്ര ആദായം: 2002-ന് ശേഷമുള്ള റെക്കോഡ് ഉയരത്തിൽ; വിപണിയെ എങ്ങനെ ബാധിക്കും?

#Money Desk
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആഗോള കടപ്പത്ര വിപണിയിൽ വിൽപ്പനസമ്മർദം തുടരുന്നതിനിടെ യു.എസ്. ട്രഷറി ആദായം റെക്കോഡ് ഉയരത്തിലെത്തി. 30 വർഷ കാലാവധിയുള്ള കടപ്പത്ര ആദായം 5.61 ശതമാനമെന്ന നിർണായകപരിധി പിന്നിട്ടു. 2002-നുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. 2008-ലെ ആഗോള സാസാമ്പത്തികപ്രതിസന്ധിക്കും കോവിഡ് മഹാമാരിക്കും ശേഷമുണ്ടായ 'കുറഞ്ഞ പലിശനിരക്കിന്റെ കാലഘട്ടം' അവസാനിക്കുന്നതിന്റെ സൂചനയായി ഇതിനെ കാണാം. 32 ലക്ഷം കോടി ഡോളർ മൂല്യമുള്ള അമേരിക്കൻ ട്രഷറി വിപണിയിൽ മാസങ്ങളായി തുടരുന്ന തകർച്ച, ആഗോള ധനകാര്യക്രമത്തിൽ മാറ്റങ്ങൾക്കിടയാക്കുകയാണ്. വരുംമാസങ്ങളിലും പലിശനിരക്ക് ഉയർന്നനിലവാരത്തിൽ തുടരുമെന്ന നിഗമനമാണ് വിപണിയെ അസ്ഥിരതയിലേക്ക് നയിക്കുന്നത്.

ആദായം വർധിക്കുന്നതിന്റെ കാരണങ്ങൾ

ആഗോള സാമ്പത്തികസാഹചര്യമാണ് കടപ്പത്രങ്ങളുടെ വിലവർധനയ്ക്കും ഇടിവിനും കാരണമാകുന്നത്. ഇന്ധനവിലവർധന ആഗോളതലത്തിൽ വിലക്കയറ്റഭീഷണി രൂക്ഷമാക്കുന്നു. കഴിഞ്ഞവർഷം ഏപ്രിലിൽ ട്രംപ് ഏർപ്പെടുത്തിയ താരിഫ് നിയന്ത്രണങ്ങൾക്കുശേഷമുള്ള രൂക്ഷമായ വിൽപ്പനസമ്മർദത്തിനാണ് ട്രഷറി വിപണി ഇപ്പോൾ സാക്ഷ്യംവഹിക്കുന്നത്. യു.എസ്.-ഇറാൻ യുദ്ധസാഹചര്യങ്ങൾ വിതരണശൃംഖലയെ ബാധിക്കുമെന്ന ആശങ്കയും ഫെഡറൽ റിസർവ് പലിശനിരക്കുകൾ ഇനിയും ഉയർത്തുമെന്ന പ്രതീക്ഷയും വിപണിയെ സ്വാധീനിക്കുന്നു.

യു.എസിലെ ബിസിനസ് പ്രവർത്തനങ്ങൾ മികച്ചതായി തുടരുന്നത് സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാസൂചനയായി വിലയിരുത്താം. എന്നാൽ, തൊഴിലവസരക്കുറവും ഉപഭോക്തൃ ആത്മവിശ്വാസത്തിലെ ഇടിവും സാമ്പത്തികമാന്ദ്യത്തിന്റെ ആശങ്കകൾ നിലനിർത്തുന്നു. ഗവൺമെന്റ് കടപ്പത്രങ്ങളുടെ വർധനയെക്കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്ക വിൽപ്പനസമ്മർദം വർധിപ്പിക്കുന്നു.

കോർപ്പറേറ്റ് കടപ്പത്രങ്ങളും വിപണി സമ്മർദവും

വൻകിട കമ്പനികൾ നടത്തുന്ന ബോണ്ട് വിൽപ്പന വിപണിയിലെ പണലഭ്യതയെ ബാധിക്കുന്നുണ്ട്. പാരാമൗണ്ട് സ്‌കൈഡാൻസ് കോർപ്പറേഷൻ നടത്തിയ നിക്ഷേപസൗഹൃദ ബോണ്ട് വിൽപ്പനയാണ് ഇതിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്.

പാരാമൗണ്ട് ധനസമാഹരണ ഇടപാട്

  • സാമ്പത്തിക പാക്കേജ്: 52 ബില്യൺ ഡോളർ
  • ബോണ്ട് വിൽപ്പനയിലൂടെ സമാഹരിക്കുന്നത്: 32 ബില്യൺ ഡോളർ
  • ലക്ഷ്യം: വാർണർ ബ്രദേഴ്‌സ് ഡിസ്‌കവറി ഏറ്റെടുക്കൽ

ചരിത്രത്തിലെതന്നെ ഏറ്റവും വലിയ അഞ്ചാമത്തെ കോർപ്പറേറ്റ് ബോണ്ട് ഇടപാടാണിത്. വിപണിയിൽ പുതിയ ബോണ്ടുകൾ വാങ്ങാൻ നിക്ഷേപകർ തയ്യാറാകാത്ത അവസ്ഥയുണ്ടായിരിക്കുന്നു. പലിശകുറഞ്ഞ ജാപ്പനീസ് യെൻ ഉപയോഗിച്ച് ഉയർന്ന വരുമാനം നൽകുന്ന ആസ്തികളിൽ നിക്ഷേപം നടത്തുന്ന 'യെൻ-ഫണ്ടഡ് ക്യാരി ട്രേഡ്' പിൻവലിക്കപ്പെടുന്നതും വിപണിയിലെ സമ്മർദം ഇരട്ടിയാക്കി.

നിലവിൽ 10 വർഷത്തെ ബോണ്ട് ആദായം 2007-നുശേഷമുള്ള ഉയർന്ന നിരക്കായ 5.28 ശതമാനത്തിലാണ്. അതേസമയം, രണ്ടു വർഷത്തെ യീൽഡ് 4.93 ശതമാനത്തിൽ തുടരുന്നു. യു.എസ്.-ഇറാൻ യുദ്ധം, സാമ്പത്തിക ആശങ്കകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) മേഖലയിലെ വൻകിട മൂലധനാവശ്യം (Capex demand) എന്നിവ വിപണിയിലെ അസ്ഥിരത നിലനിർത്താൻ കാരണമായേക്കും.

Content Highlights: 30-year US Treasury yield surpassed 5.61%, reaching the highest level since 2002., Global bond market is facing severe sell-off driven by inflation, geopolitical tensions, and expected high interest rates., Paramount Skydance raised $32 billion through bonds as part of a $52 billion financial package to acquire Warner Bros. Discovery., Unwinding of the yen-funded carry trade and AI capital expenditure demands are adding to market instability.