പണമിടപാടുകള്‍ക്കായി ബദല്‍ സംവിധാനംതേടി റഷ്യയും ഇന്ത്യയും

ഉഭയകക്ഷി പണമിടപാടുകള്‍ക്കായി റഷ്യന്‍ കേന്ദ്ര ബാങ്ക് വികസിപ്പിച്ച സംവിധാനം പ്രയോജനപ്പെടുത്താന്‍ ഇന്ത്യ. ആഗോളതലത്തിലെ പണമിടപാടിനുള്ള മേസേജിങ് സംവിധാനമായ സ്വിഫ്റ്റിന് പകരം റഷ്യയുടെ എസ്പിഎഫ്എസ് ഉപയോഗിച്ച് രൂപ-റൂബിള്‍ ഇടപാട് നടത്താനാണ് ഉദ്ദേശിക്കുന്നത്.
അതേസമയം, ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് വ്യാഴാഴ്ച ഇന്ത്യയിലെത്തും. അപ്പോള്‍ വിഷയം ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് സൂചന.
കുറഞ്ഞവിലയില്‍ റഷ്യയില്‍നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുകയെന്ന ലക്ഷ്യമാണ് പ്രധാനമായും ഇന്ത്യക്കുള്ളത്. ചൈനയെ പ്രതിരോധിക്കാന്‍ രാജ്യത്തിന് റഷ്യയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങേണ്ടതുണ്ടെന്ന വാദം മുന്‍നിര്‍ത്തി മോദി സര്‍ക്കാര്‍ പാശ്ചാത്യ രാജ്യങ്ങളുടെ സമ്മര്‍ദത്തെ പ്രതിരോധിക്കുകയാണ്.
വിസ, മാസ്റ്റര്‍ കാര്‍ഡ് ഇടപാടുകള്‍ നടക്കാത്തതിനാല്‍ ഇന്ത്യയിലെയും റഷ്യയിലെയും ബാങ്കുകള്‍ നല്‍കുന്ന കാര്‍ഡുകള്‍ തടസ്സമില്ലാതെ ഉപയോഗിക്കുന്നതിന് ഏകീകൃത പേയ്മന്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
ബെല്‍ജിയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള പണമിടപാട് സംവിധാനമായ സ്വിഫ്റ്റില്‍നിന്ന് റഷ്യന്‍ ബാങ്കുകള്‍ക്ക് വിലക്കുവീണതോടെ ഇടപാടുകള്‍ക്ക് ബദല്‍ സംവിധാനംതേടുകയാണ റഷ്യ.
Content Highlights: Russia proposes SWIFT alternative to India for Ruble payments