റഷ്യന്‍ എണ്ണയുടെ ഇറക്കുമതിയില്‍ വന്‍വര്‍ധന: രൂപയിലുള്ള ഇടപാട് പ്രതിസന്ധിയില്‍

റഷ്യയില്‍നിന്ന് ഇന്ത്യ വന്‍തോതില്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയതോടെ ഇരു രാജ്യങ്ങളുമായുള്ള കറന്‍സി ഇടപാട് പ്രതിസന്ധിയിലായി. ഇറക്കുമതിക്ക് ആനുപാതികമായി കയറ്റുമതിയില്ലാതെ പോയതാണ് രൂപയിലുള്ള ഇടപാടിനെ ബാധിച്ചത്. 2022 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള എട്ട് മാസത്തിനുള്ളില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കയറ്റുമതിയേക്കാള്‍ 16 ഇരട്ടിയാണെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
വന്‍വിലക്കിഴിവില്‍ അസംസ്‌കൃത എണ്ണ വാങ്ങാനുള്ള രാജ്യത്തിന്റെ നീക്കം ഇതോടെ വന്‍ വ്യാപാരകമ്മിയിലേയ്ക്ക് തള്ളിവിടുകയും ചെയ്തു. രൂപയുടെ വരവ് കൂടുമെന്നതിനാല്‍ റഷ്യന്‍ ബാങ്കുകള്‍ പണമിടപാട് ആരംഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
റഷ്യ-യുക്രെയന്‍ യുദ്ധത്തെ തുടര്‍ന്ന് യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് രൂപ-റൂബിള്‍ ഇടപാടിന് ഇരു രാജ്യങ്ങളും തുടക്കമിട്ടത്. ഡോളറിന്റെ ഡിമാന്റ് കുറച്ച് വ്യാപാര കമ്മി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇന്ത്യയുടെ നീക്കം. ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ കറന്റ് അക്കൗണ്ട് കമ്മി റെക്കോഡ് നിലവാരത്തിലെത്തിയതിനെ തുടര്‍ന്നായിരുന്നു ഈ ശ്രമം നടത്തിയത്.
വന്‍വിലക്കിഴിവില്‍ റഷ്യ ക്രൂഡ് ഓയില്‍ വാഗ്ദാനം ചെയ്തതും ഇന്ത്യയെ ഇതിന് പ്രേരിപ്പിച്ചു. ഇറക്കുമതി-കയറ്റുമതി അന്തരം വര്‍ധിച്ചത് രൂപയെ സമ്മര്‍ദത്തിലാക്കുമെന്നാണ് വിലയിരുത്തല്‍. ഡോളറിനെതിരെ കൂടുതല്‍ തിരിച്ചടി നേരിട്ട ഏഷ്യന്‍ കറന്‍സിയെന്ന നിലയില്‍ രൂപയെ ഇത് കൂടുതല്‍ സമ്മര്‍ദത്തിലാക്കിയേക്കും.
റഷ്യയിലേയ്ക്ക് കയറ്റുമതി വര്‍ധിപ്പിക്കാനുള്ള സാധ്യതകള്‍ ചര്‍ച്ചചെയ്യാന്‍ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ കഴിഞ്ഞ മാസം യോഗം ചേര്‍ന്നിരുന്നു. ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ ഇന്ത്യയില്‍നിന്നുള്ള കയറ്റുമിതയാണ് ലക്ഷ്യമിടുന്നത്.
രൂപയിലുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ജൂലായിലാണ് റിസര്‍വ് ബാങ്ക് പ്രാദേശിക കറന്‍സികളിലുള്ള ഇടപാടിന് തുടക്കമിട്ടത്. പ്രതിരോധ ഉപകരണങ്ങളുടെ ഇറക്കുമതിയില്‍ മാത്രമായി സംവിധാനം പരിമിതപ്പെടുന്ന സാഹചര്യമാണ് ഏഴുമാസം പിന്നിടുമ്പോള്‍ കാണാന്‍ കഴിയുന്നത്. കറന്‍സിക്ക് സ്ഥിരമായ വിനിമയ നിരക്ക് ഇല്ലാത്തതിനാല്‍ റൂബിളില്‍ പണമടയ്ക്കുന്നതും വെല്ലുവിളിയായി തുടരുകയാണ്. ഡോളറിന് പകരമായി യുഎഇ ദിര്‍ഹത്തിലാണ് പണം നല്‍കുന്നതെന്ന് രാജ്യത്തെ വന്‍കിട എണ്ണശുദ്ധീകരണ കമ്പനികളിലൊന്നായ ബിപിസിഎല്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഇറാഖിനെയും സൗദിയെയും പിന്തള്ളി രാജ്യത്തേയ്ക്ക് ക്രൂഡ് ഇറക്കുമതി ചെയ്യുന്നതില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍ റഷ്യ. ഡിസംബറില്‍ മാത്രം പ്രതിദിനം 12 ലക്ഷം ബാരല്‍ അസംകൃത എണ്ണയാണ് റഷ്യയില്‍നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഒരുവര്‍ഷം മുമ്പുള്ളതിനേക്കാള്‍ 33 മടങ്ങാണ് വര്‍ധന.
സൂര്യകാന്തി എണ്ണ, രാസവളം എന്നിവയുടെ ഇറക്കുമതിയിലും കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. ഇതോടെ റഷ്യയില്‍നിന്നുഅളള ഇന്ത്യയുടെ ഇറക്കുമതി എട്ടുമാസത്തിനുള്ളില്‍ 400ശതമാനം ഉയര്‍ന്നു. കയറ്റുമതിയിലാകട്ടെ 14 ശതമാനം കുറവുമുണ്ടായി. കയറ്റുമതി മെച്ചപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ വേണ്ടത്ര ഫലപ്രദമായില്ലെന്നാണ് വിലയിരുത്തല്‍.
ഇന്ത്യന്‍ രൂപയില്‍ ഇതുവരെ ഒരു ഇടപാടും നടന്നിട്ടില്ലെന്നാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സപോര്‍ട്ട് ഓര്‍ഗനൈസേഷന്റെ ഡയറക്ടര്‍ ജനറലും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ അജയ് സഹായ് പറയുന്നത്.
Content Highlights: Rupee trade plans with Russia has likely run into trouble