സ്വർണാഭരണം വാങ്ങാൻ എത്ര ചെലവുവരും: വില കണക്കാക്കാൻ ഈ ഫോർമുല ഉപയോഗിക്കാം

#Wealth Desk
Photo: Gettyimages
Photo: Gettyimages

വിവാഹം പോലുള്ള വിശേഷ അവസരങ്ങളിലും ആഘോഷവേളകളിലും മലയാളികൾക്ക് ഒഴിവാക്കാനാവാത്തതാണ് സ്വർണം. എത്ര വിലകൂടിയാലും സ്വർണത്തിന്റെ ആഭരണമൂല്യം കുറയുന്നില്ല. എന്നാൽ സ്വർണം വാങ്ങാൻ ജുവല്ലറിയിൽ പോകുമ്പോൾ അന്നത്തെ സ്വർണവിലയെ ആഭരണത്തിന്റെ തൂക്കംകൊണ്ട് ഗുണിച്ചാൽ കിട്ടുന്ന തുക നൽകിയാൽ മതിയാകില്ല. അതിനോടൊപ്പം പണിക്കൂലിയും ജി.എസ്.ടിയും ഉൾപ്പെടെയുള്ളവ നൽകേണ്ടിവരും. ഒരേ തൂക്കമുള്ള ആഭരണത്തിന് ജുവല്ലറികളിൽ വ്യത്യസ്ത വില വരുന്നത് പണിക്കൂലിയിലെ വ്യതിയാനം മൂലമാണ്. ഗ്രാമിന് ഇത്ര തുക കൂലിയെന്ന നിലയിലല്ല, സ്വർണത്തിന്റെ മൂല്യത്തിന്റെ നിശ്ചിത ശതമാനമായാണ് പണിക്കൂലി ഈടാക്കുന്നത്.

ഈ ഫോർമുല നോക്കാം

ആകെ തുക = [(ആഭരണത്തിന്റെ തൂക്കം x അന്നത്തെ നിരക്ക് x പരിശുദ്ധി) + പണികൂലി + വേസ്റ്റേജ്] x 1.03 + ഹാൾമാർക്കിംഗ് ഫീസ്

കാരറ്റ് അടിസ്ഥാനമാക്കിയാണ് സ്വർണത്തിന്റെ ശുദ്ധി കണക്കാക്കുന്നത്. 22 കാരറ്റ് സ്വർണത്തിന് 0.916 എന്നും 18 കാരറ്റിന് 0.75 എന്നുമാണ് ശുദ്ധി കണക്കാക്കുന്നതിന് ഉപയോഗിക്കുന്നത്. സ്വർണത്തിന്റെ ശുദ്ധിക്കനുസരിച്ച് ഗ്രാമിന്റെ യഥാർഥ മൂല്യം കണ്ടെത്താനാണ് ഈ കണക്ക് ഉപയോഗിക്കുന്നത്.

നെറ്റ് വെയ്റ്റ്

ആഭരണത്തിന്റെ മൊത്തം തൂക്കവും സ്വർണത്തിന്റെ മാത്രം തൂക്കവും തമ്മിൽ വ്യത്യാസമുണ്ടാകാം. ആഭരണത്തിൽ പതിപ്പിച്ചിട്ടുള്ള കല്ലുകൾ, രത്നങ്ങൾ തുടങ്ങിയവയുടെ തൂക്കം കുറച്ചശേഷമുള്ള തൂക്കമാണ് നെറ്റ് വെയ്റ്റ്. സ്വർണമല്ലാത്തവയ്ക്ക് സ്വർണത്തിന്റെ വില നൽകരുതെന്ന് ചുരുക്കം.

പണിക്കൂലിയും ജി.എസ്.ടിയും

സ്വർണാഭരണം നിർമിക്കാനുള്ള അധ്വാനത്തിനും ഡിസൈനുമായി നൽകുന്ന തുകയാണ് പണിക്കൂലി. സ്വർണവിലയുടെ നിശ്ചിത ശതമാനമായാണ് ഈ തുക ഈടാക്കാറുള്ളത്. അതായത് 42,000 രൂപ വില പവന് ഉണ്ടായിരുന്നപ്പോഴും ഒരു ലക്ഷത്തിന് മുകളിൽ വില വന്നപ്പോഴും അതിന്റെ ശതമാനക്കണക്കിൽ വില നൽകേണ്ടിവരുന്നു.

ഇതോടൊപ്പം ജി.എസ്.ടിയും ഹാൾമാർക്കിങ് നിരക്കും ഉൾപ്പെടുന്നു. ഇതുപ്രകാരം സ്വർണാഭരണത്തിന്റെ വില ഇപ്രകാരം കണക്കാക്കാം:

  • സ്വർണത്തിന്റെ മാത്രം മൂല്യം: 1,10,000 രൂപ (10g x Rs 11,000).
  • പണിക്കൂലി: 10,000 രൂപ.
  • മൊത്തം: 1,20,000 രൂപ.
  • ഇതിൽ 3% ജി.എസ്.ടി (Rs 1,20,000 x 1.03) ചേർക്കുമ്പോൾ 1,23,600 രൂപ ആകുന്നു (ഹാൾമാർക്കിംഗ് ഫീസ് ചേർക്കുന്നതിന് മുൻപ്).

വജ്രാഭരണങ്ങൾ

സ്വർണാഭരണങ്ങളിൽനിന്ന് വ്യത്യസ്തമായാണ് വജ്രാഭരണങ്ങളുടെ വില കണക്കാക്കുന്നത്. സ്വർണത്തെപ്പോലെ വജ്രങ്ങൾക്ക് ദിനംപ്രതി മാറുന്ന വിപണിനിരക്കില്ല. അതിനാൽ വജ്രങ്ങളുടെ വിലയിൽ വലിയ വ്യതിയാനങ്ങൾ വരാം. 4C-കൾ (Carat weight, Cut, Colour, Clarity) അടിസ്ഥാനമാക്കിയാണ് വജ്രങ്ങളുടെ മൂല്യം നിശ്ചയിക്കുന്നത്.

വജ്രാഭരണങ്ങൾ നിർമിക്കാൻ സാധാരണയായി 18 കാരറ്റ് (0.75 പരിശുദ്ധി) സ്വർണമാണ് ഉപയോഗിക്കുന്നത്. ഇതിൽ വജ്രങ്ങളുടെ ഭാരവും സ്വർണത്തിന്റെ ഭാരവും വെവ്വേറെയാണ് കണക്കാക്കുന്നത്. സൊളിറ്റയറുകൾക്ക് (Solitaires) GIA അല്ലെങ്കിൽ IGI പോലെയുള്ള അന്താരാഷ്ട്ര അംഗീകൃത ലബോറട്ടറികളുടെ ഗ്രേഡിങ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കും. ദൈനംദിന ഉപയോഗത്തിനുള്ള ആഭരണങ്ങളിലെ ചെറിയ വജ്രങ്ങൾക്ക് പീസ് കണക്കിനോ കാരറ്റ് കണക്കിനോ ആണ് വില ഈടാക്കുന്നത്. സ്വർണത്തിന്റെ മൂല്യം, വജ്രത്തിന്റെ മൂല്യം, സെറ്റിങ്/നിർമാണച്ചെലവുകൾ എന്നിവ ബില്ലിൽ വെവ്വേറെ കാണിക്കുന്നത് തുക കൃത്യമായി താരതമ്യം ചെയ്യാൻ സഹായിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • സ്വർണത്തിന്റെ തൂക്കവും ശുദ്ധിയും അടിസ്ഥാനമാക്കിയുള്ള മൂല്യം, വജ്രം/കല്ലുകളുടെ വില, പണിക്കൂലി, വേസ്റ്റേജ്, ഹാൾമാർക്കിങ് ഫീസ്, ജി.എസ്.ടി എന്നിവ ഓരോ വരിയായി ബില്ലിൽ ചേർത്തിട്ടുണ്ടാകും.
  • സ്വർണാഭരണത്തിന് കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക BIS ഹാൾമാർക്കിങ്ങും 6 അക്ക യൂണിക് HUID (Hallmark Unique Identification) നമ്പറും ജി.എസ്.ടി ഇൻവോയ്സും ഉണ്ടെന്ന് ഉറപ്പാക്കുക.
  • ആഭരണങ്ങൾ തിരികെ നൽകമ്പോഴോ (Buyback) മാറ്റിവാങ്ങുമ്പോഴോ (Exchange) ലഭിക്കുന്ന നിരക്കുകൾ നിശ്ചയിക്കുന്നത് എങ്ങനെയെന്ന് മുൻകൂട്ടി മനസ്സിലാക്കുക. അഡ്വാൻസ് സ്വർണ സ്കീമുകളിലെ റേറ്റ്-ലോക്ക് (Rate-lock) നിബന്ധനകളും റെഡീം ചെയ്യാനുള്ള വ്യവസ്ഥകളും വായിച്ചു മനസ്സിലാക്കുക.
  • അംഗീകൃതവും വിശ്വസനീയവുമായ വിൽപ്പനക്കാരിൽനിന്ന് മാത്രം സ്വർണവും വജ്രവും വാങ്ങുക. ഉൽപ്പന്നത്തിന്റെ പാക്കേജിങ്ങും ഡയമണ്ട് സർട്ടിഫിക്കറ്റുകളും കേടുകൂടാതെ സുരക്ഷിതമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

സ്വർണം വാങ്ങുന്നത് പാരമ്പര്യത്തിന്റെയും ആഘോഷങ്ങളുടെയും ഭാഗമാണെങ്കിലും വലിയൊരു സാമ്പത്തിക ഇടപാടുകൂടിയാണ്. അതുകൊണ്ടുതന്നെ വിപണിസാധ്യതകളും മറ്റ് ചെലവുകളും വിലയിരുത്തി യഥാർഥമൂല്യം ഉറപ്പുവരുത്തുക.

Content Highlights: Understand the formula to calculate actual gold value based on purity and weight., Learn how making charges (panikooli) and GST are applied to jewellery., Discover how diamond jewellery prices are determined using the 4Cs., Essential tips on BIS hallmark, HUID numbers, and buyback policies.